സ്വന്തം ലേഖകന്‍
”മാതാപിതാക്കളുടെ സ്‌നേഹപ്രകടനം നിങ്ങളില്‍ എപ്പോഴെങ്കിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടോ?” കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സെമിനാറിലായിരുന്നു അങ്ങനയൊരു ചോദ്യം ഉയര്‍ന്നത്. സെമിനാര്‍ നയിച്ച പ്രശസ്ത സാഹിത്യകാരന്റേതായിരുന്നു ആ ചോദ്യം. ആരും മറുപടി പറഞ്ഞില്ല. അല്പസമയം നിശബ്ദത പാലിച്ചിട്ട് അദ്ദേഹം പറഞ്ഞു, എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. അതു കേട്ടപ്പോള്‍ പലരുടെയും മുഖങ്ങളില്‍ വിരിഞ്ഞ ചെറുചിരികള്‍ സൂചിപ്പിച്ചത് തന്റെ ചോദ്യത്തിനുള്ള ഉത്തരമാണെന്ന് അദ്ദേഹത്തിന് മനസിലായി. എന്നിട്ട് അദ്ദേഹം സ്വന്തം അനുഭവം പങ്കുവച്ചു.
”എന്റെ പിതാവ് മത്സ്യത്തൊഴിലാളിയായിരുന്നു. ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം രാവിലെ കനത്ത മഴ ആയതിനാല്‍ കൂട്ടുകാര്‍ സ്‌കൂളില്‍ പോകാന്‍ വന്നില്ല. അവര്‍ വരുന്ന സമയം കഴിഞ്ഞപ്പോള്‍ പപ്പ പറഞ്ഞു, ”ഒറ്റയ്ക്ക് പോകണ്ട, ഞാന്‍ കൊണ്ടുവിടാം.” കാലാവസ്ഥ പ്രതികൂലമായതുകൊണ്ട് കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ പപ്പ അന്നു കടലില്‍ പോയിരുന്നില്ല. മീന്‍ വില്ക്കാന്‍ പപ്പയ്ക്ക് പഴയൊരു വാന്‍ ഉണ്ടായിരുന്നു. ആ വാഹനത്തില്‍ കയറാന്‍ എനിക്ക് മടിയായിരുന്നു. കൂട്ടുകാര്‍ കളിയാക്കുമോ എന്നതായിരുന്നു എന്റെ പേടി. സ്‌കൂളിന്റെ ഗെയ്റ്റിനു മുന്‍പില്‍ വാഹനം നിര്‍ത്തി. ഞാനിറങ്ങിയപ്പോള്‍ പപ്പയും ഇറങ്ങി. യാത്ര പറയാന്‍ തുടങ്ങിയപ്പോള്‍ പപ്പ എനിക്കൊരു ഉമ്മ തന്നു. വരാന്തയില്‍ നിന്നിരുന്ന കൂട്ടുകാര്‍ കണ്ടോ എന്ന് ഞാന്‍ ആശങ്കയോടെ ചുറ്റും നോക്കി. അവര്‍ കളിയാക്കുമല്ലോ എന്നതായിരുന്നു എന്റെ മനസില്‍.
എട്ടാം ക്ലാസില്‍ പഠിക്കുന്ന ഞാന്‍ വലിയ കുട്ടിയാണെന്ന കാര്യം എന്താണ് പപ്പ ചിന്തിക്കാത്തതെ ന്ന് ആലോചിച്ചപ്പോള്‍ എനിക്ക് പപ്പയോടും ദേഷ്യം തോന്നി. എങ്കിലും ഒന്നുംപറയാതെ ക്ലാസിലേക്കുപോയി. വൈകുന്നേരം സ്‌കൂള്‍ വിട്ടപ്പോള്‍ പപ്പ വാഹനവുമായി കാത്തുനില്പുണ്ടായിരുന്നു. എന്നെ കണ്ടതിന്റെ സന്തോഷത്തില്‍ പപ്പ ചേര്‍ത്തുപിടിച്ചു. കൈ ബലമായി വിടുവിപ്പിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു: ” ഞാന്‍ ചെറിയ കുട്ടിയൊന്നുമല്ല, ഇനി എന്നെ ഉമ്മവയ്ക്കരുത്, കൂട്ടുകാര്‍ കളിയാക്കും.” ഗൗരവത്തിലായിരുന്നു എന്റെ വാക്കുകള്‍. ആദ്യമായിട്ടായിരുന്നു അങ്ങനെ ഞാന്‍ പപ്പയോട് സംസാരിക്കുന്നത്. അദ്ദേഹം അമ്പരപ്പോടെ എന്റെ മുഖത്തേക്ക് അല്പനേരം നോക്കിയിട്ട് പറഞ്ഞു, ”മോന്‍ വലുതായത് പപ്പ ഓര്‍ത്തില്ല. ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല.” അതു പറയുമ്പോള്‍ പപ്പയുടെ കണ്ണുനിറഞ്ഞതുപോലെ എനിക്കു തോന്നി.
പിറ്റേന്ന് പതിവുപോലെ പപ്പ കടലില്‍പ്പോയി. ആ രാത്രിയില്‍ കനത്ത മഴയും കാറ്റുമായിരുന്നു. കടലില്‍പ്പോയവര്‍ തിരിച്ചെത്താന്‍ വൈകിയപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ അന്വേഷിച്ചുപോയി. ജീവനറ്റ പപ്പയുടെ ശരീരവുമായിട്ടാണ് അവര്‍ തിരികെ എത്തിയത്. രാത്രിയിലുണ്ടായ കൊടുങ്കാറ്റില്‍ ബോട്ട് മറിഞ്ഞ് പപ്പ മരിച്ചു. പപ്പ ഒരിക്കല്‍ക്കൂടി ഒന്നു കെട്ടിപ്പിടിച്ച് ഉമ്മ വച്ചിരുന്നെങ്കില്‍ എന്ന് പിന്നീട് ഒരുപാടു പ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട്. അതു പറഞ്ഞിട്ട് തുവാലയെടുത്ത് അദ്ദേഹം കണ്ണു തുടച്ചു. മുമ്പ് ചിരിച്ച പലരുടെയും കണ്ണുകളില്‍ അപ്പോള്‍ നനവു പടര്‍ന്നിരുന്നു.
മാതാപിതാക്കളുടെ സ്‌നേഹപ്രകടനങ്ങളെ ഇനി ഞങ്ങള്‍ അഭിമാനമായി കാണുമെന്നാണ് അവരുടെ മുഖഭാവങ്ങള്‍ പറയുന്നതെന്ന് അദ്ദേഹത്തിന് തോന്നി.
Leave a Comment
Your email address will not be published. Required fields are marked with *