രഞ്ജിത് ലോറന്‍സ്
യുഎസ് നീതിന്യായ വ്യവസ്ഥയിലെ ഏറ്റവുമധികം തിരിച്ചറിയപ്പെടുന്ന മുഖങ്ങളിലൊന്നാണ് ജഡ്ജ് ഫ്രാങ്ക് കാപ്രിയോ. തന്റെ വിധികളില്‍ ദയയും അനുകമ്പയും ചേര്‍ത്തതിലൂടെ അനേകര്‍ക്ക് ആശ്വാസം നല്‍കിയ ഫ്രാങ്ക് കാപ്രിയോ ടെലിവിഷനിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അനേകര്‍ക്ക് സുപരിചിതനാണ്.
ഏകദേശം 40 വര്‍ഷക്കാലം, റോഡ് ഐലന്‍ഡിലെ പ്രധാന മുന്‍സിപ്പല്‍ കോടതിയില്‍ ജഡ്ജിയായി സേവനം ചെയ്ത അദ്ദേഹം തന്റെ എല്ലാ വിധികളിലും കരുണയുടെ അംശം കൂട്ടിച്ചേര്‍ത്തുകൊണ്ട് നിത്യവിധിയാളനായ യേശുവിന്റെ പ്രതിരൂപമായി മാറി. നാല് തവണ എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ‘കോട്ട് ഇന്‍ പ്രൊവിഡന്‍സ്’ എന്ന ടെലിവിഷന്‍ ഷോയില്‍ അദ്ദേഹത്തിന്റെ കോടതിയിലെ രംഗങ്ങള്‍ ഫീച്ചര്‍ ചെയ്യപ്പെട്ടു. വൈറലായി മാറിയ അദ്ദേഹത്തിന്റെ വീഡിയോകള്‍ കോടിക്കണക്കിന് ജനങ്ങളാണ് കണ്ടത്.
‘ലോകത്തിലെ ഏറ്റവും ദയയുള്ള ജഡ്ജി’ എന്ന് അറിയപ്പെടുന്ന ഫ്രാങ്ക് കാപ്രിയോയെ ആ വിധം രൂപപ്പെടുത്തിയതില്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലത്തിന് വിശേഷവിധിയായ ഒരു പങ്കുണ്ട്. അദ്ദേഹത്തിന്റെ പിതാവ് അന്റോണിയോ കാപ്രിയോ ഒരു ഇറ്റാലിയന്‍ കുടിയേറ്റക്കാരനായിരുന്നു, ഒരു പാല്‍ക്കാരനായി ജോലി ചെയ്തിരുന്ന അദ്ദേഹത്തോടൊപ്പം ദരിദ്രമായ സാഹചര്യത്തിലാണ് ഫ്രാങ്ക് വളര്‍ന്നുവന്നത്.
‘ചില പ്രഭാതങ്ങളില്‍ അപ്പന്‍ എന്നെയും എന്റെ ജ്യേഷ്ഠനെയും പുലര്‍ച്ചെ 4 മണിക്ക് വിളിച്ചുണര്‍ത്തും. അപ്പനോടൊപ്പം ട്രക്കില്‍ ജോലി ചെയ്യാനാണ് നേരത്തെ വിളിക്കുന്നത്. ട്രക്കില്‍ ജോലി ചെയ്യുന്നതിലൂടെ ഏറ്റവും മൂല്യവത്തായ പാഠങ്ങളിലൊന്ന് ഞാന്‍ പഠിച്ചു: ആളുകളോട് എങ്ങനെ പെരുമാറണമെന്നുള്ളതാണത്. അനുകമ്പയുടെ ആദ്യ പാഠങ്ങള്‍ അവിടെ നിന്നാണ് പഠിച്ചത്.’ ജഡ്ജ് ഫ്രാങ്ക് കാപ്രിയോ പറഞ്ഞു.
പിതാവിന്റെ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, കാപ്രിയോ നിയമം പഠിച്ചു, 1965-ല്‍ പാസായി, 1985-ല്‍ പ്രൊവിഡന്‍സ് മുനിസിപ്പല്‍ കോടതിയില്‍ ജഡ്ജിയായി. അദ്ദേഹം ജഡ്ജിയായിരുന്ന കോടതിയിലെ പല സംഭവങ്ങളും പ്രാദേശിക ടെലിവിഷന്‍ സ്റ്റേഷനില്‍ 20 വര്‍ഷത്തിലേറെ സംപ്രേഷണം ചെയ്തു. നിയമം നടപ്പാക്കുക മാത്രമല്ല തന്റെ മുന്നില്‍ ഹാജരായവരുടെ സാഹചര്യങ്ങള്‍ മനസിലാക്കുക കൂടി തന്റെ ജോലിയുടെ ഭാഗമാണ് എന്ന് ബെഞ്ചിലിരുന്ന ആദ്യ ദിവസം മുതല്‍ ഫ്രാങ്ക് മനസ്സിലാക്കി.
‘എന്റെ മുന്നില്‍ ആദ്യമായി എത്തിയവരില്‍ ഒരാള്‍ നിരവധി പാര്‍ക്കിംഗ് ടിക്കറ്റുകളുള്ള ഒരു സ്ത്രീയായിരുന്നു,’ അദ്ദേഹം പറഞ്ഞു. ‘ആ സ്ത്രീ ഒരു ശാഠ്യക്കാരിയായിരുന്നു, ഒരു വിധത്തിലും എന്റെ ചോദ്യങ്ങളോട് സഹകരിക്കാതിരുന്നതിനാല്‍ മുഴുവന്‍ തുകയും ഈടാക്കാന്‍ ഞാന്‍ ഉത്തരവിട്ടു.’ ഞാന്‍ ആ സ്ത്രീയോട് വളരെ കര്‍ക്കശമായ നിലപാട് സ്വീകരിച്ച കാര്യം കേട്ടപ്പോള്‍ അപ്പന്‍ എന്നോട് പറഞ്ഞു, ‘ആ സ്ത്രീ പേടിച്ചുപോയി കാണും. അവള്‍ക്ക് മൂന്ന് കുട്ടികള്‍ ഇല്ലേ? അവള്‍ അവര്‍ക്ക് എങ്ങനെയാണ് എല്ലാ നേരവും ഭക്ഷണം നല്‍കുക എന്ന് ചിന്തിച്ചോ? ഒരു പക്ഷേ ഇന്ന് രാത്രിയിലെ അവരുടെ അത്താഴത്തിനുള്ള പണമായിരിക്കാം ഈ വിധിയിലൂടെ അവള്‍ക്ക് നഷ്ടപ്പെട്ടത്.’
‘അന്ന് ഞാന്‍ ഒരു വലിയ പാഠം പഠിച്ചു. അധികാരസ്ഥാനത്ത് ഇരിക്കുക എന്നതിനര്‍ത്ഥം അധികാരം ഇല്ലാത്തവര്‍ക്കെതിരെ അത് പ്രയോഗിക്കണം എന്നല്ല.’ തന്റെ കോടതിമുറിയില്‍ വന്നവരില്‍ ഭൂരിഭാഗവും സാധാരണക്കാരും കഠിനാധ്വാനികളുമായ ആളുകളാണെന്ന് അദ്ദേഹം മനസിലാക്കി.
കാലക്രമേണ, കാപ്രിയോ തന്റെ മാനുഷികവും സഹാനുഭൂതി നിറഞ്ഞതുമായ സമീപനത്തിലൂടെ പൊതുജനങ്ങളുടെ ഹൃദയം കീഴടക്കി. ‘ഇത് വളരെ ലളിതമാണ്. ഞാന്‍ എന്നെ അവരുടെ സ്ഥാനത്ത് കാണും. അവര്‍ കടന്നുപോകുന്ന അവസ്ഥയില്‍ എന്നെ സങ്കല്‍പ്പിച്ചുനോക്കും. അപ്പോള്‍ അനുകമ്പ വളരെ സ്വഭാവികമായ പ്രവൃത്തിയായി മാറുന്നു.’ ഫ്രാങ്ക് കാപ്രിയോ പറയുന്നു.
അമിതവേഗതയില്‍ വാഹനമോടിച്ചതിന് 96 വയസുള്ള ഒരാളുടെ കേസാണ് അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ച കേസുകളിലൊന്ന്. ‘അദ്ദേഹം എന്നോട് പറഞ്ഞു, ‘ഞാന്‍ എന്റെ മകന് രക്തദാനം ചെയ്യാന്‍ പോകുകയായിരുന്നു.’ അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ‘നിങ്ങളുടെ മകന് എത്ര വയസ്സായി? ‘അയാള്‍ മറുപടി പറഞ്ഞു, ‘അറുപത്തിമൂന്ന്, അവന് ക്യാന്‍സര്‍ ബാധിച്ചു.’ അത് മറക്കാനാവാത്ത നിമിഷമായിരുന്നു. ഒരു പിതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്‌നേഹവും അര്‍പ്പണബോധവും ഹൃദയസ്പര്‍ശിയായിരുന്നു.
തന്റെ ഇളയ മകളുമായി കോടതിയില്‍ വന്ന അമ്മയെയും അദ്ദേഹം ഓര്‍ക്കുന്നു. ‘അവള്‍ എന്നോട് പറഞ്ഞു, ‘ ഞാന്‍ എന്റെ കഴിവിന്റെ പരമാവധി അധ്വാനിക്കുന്നുണ്ട്. പക്ഷേ ഈ പിഴ അടക്കാനുള്ള പണം എന്റെ കയ്യിലില്ല.’ ആ കൊച്ചു പെണ്‍കുട്ടി എന്നെ ആശങ്കയോടെ നോക്കുന്നത് ഞാന്‍ കണ്ടു. അവളെ സഹായിക്കണമെന്ന് എനിക്കറിയാമായിരുന്നു. അവര്‍ക്ക് ആ പണം ഇളച്ചുകൊടുക്കുന്നതിലൂടെ വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നീതി പുലര്‍ത്തുകയാണ് ഞാന്‍ ചെയ്തത്.
ഇന്ന്, 88-ാം വയസില്‍, റിട്ടയേര്‍ഡ് ജഡ്ജിയും കത്തോലിക്ക വിശ്വാസിയുമായ ഫ്രാങ്ക് കാപ്രിയോ മറ്റൊരു പോരാട്ടത്തിലാണ്. പാന്‍ക്രിയാറ്റിക് കാന്‍സറിനെതിരായ ആ പോരാട്ടത്തില്‍ അദ്ദേഹം എല്ലാവരുടെയും പ്രാര്‍ത്ഥന തേടുന്നു. പക്ഷേ അപ്പോഴും സഹാനുഭൂതിയും സേവനവും കൊണ്ട് അടയാളപ്പെടുത്തിയ അദ്ദേഹത്തിന്റെ കോടതി രംഗങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു. കൂടാതെ ‘കംപാഷന്‍ ഇന്‍ ദ കോര്‍ട്ട്: ലൈഫ് ചേഞ്ചിംഗ് സ്റ്റോറീസ് ഫ്രം അമേരിക്കാസ് നൈസെസ്റ്റ് ജഡ്ജ്’ എന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെ വീഡിയോകള്‍ കണ്ടാസ്വദിക്കുന്നവര്‍ക്ക് അദ്ദേഹത്തിന് ഇന്ന് നല്‍കാനുള്ളത് ഒരു സന്ദേശം മാത്രമാണ് ‘നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാവരും അല്‍പം അനുകമ്പ അര്‍ഹിക്കുന്നു’ എന്നതാണത്. തന്റെ പുസ്തകത്തിലൂടെയും അദ്ദേഹം നല്‍കുന്ന സന്ദേശവും മറ്റൊന്നുമല്ല: ‘മറ്റുള്ളവരോട് ദയ കാണിക്കുക, വിധിക്കുന്നത് നീട്ടി വയ്ക്കുക, എപ്പോഴും കരുണ കാണിക്കുക.’
Leave a Comment
Your email address will not be published. Required fields are marked with *