Follow Us On

17

May

2025

Saturday

പാവങ്ങളുടെ മെത്രാന്‍

പാവങ്ങളുടെ മെത്രാന്‍

ജോര്‍ജ് കൊമ്മറ്റം

ആഗോള കത്തോലിക്കസഭയുടെ 267-ാം മാര്‍പാപ്പയായി കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ലിയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ച് ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനായി. സഭയുടെ ചരിത്രത്തില്‍ സമൂഹികനീതി ഉയര്‍ത്തിപ്പിടിച്ച ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ പേര് സ്വീകരിച്ച് അദ്ദേഹം തന്റെ നയം വ്യക്തമാക്കി. പ്രാര്‍ത്ഥനയോടെ ആഗോള കത്തോലിക്കസഭയും പ്രതീക്ഷയോടെ ലോകമാകെയും കാത്തിരുന്ന ആ വാര്‍ത്ത ലോകത്തെയാകമാനം സന്തോഷത്തിലാഴ്ത്തി. യു.എസിലെ ഷിക്കാഗോയില്‍ ജനിച്ച അദ്ദേഹം യു.എസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ്. സമാധാനം നമ്മോടു കൂടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വാക്കുക ള്‍. ലാളിത്യമുള്ള പുഞ്ചിരിയും ആത്മവിശ്വാസമുള്ള മുഖഭാവവും ഇനി കത്തോലിക്കസഭയ്ക്ക് പുതിയ മുഖം നല്‍കും. ദരിദ്രര്‍ക്കായുള്ള സഭ എന്ന ദര്‍ശനത്തിന്റെ വക്താവും ദൈവശാസ്ത്രത്തിന്റെ വെളിച്ചത്തി ല്‍ സഭ മുന്നോട്ടുപോകണമെന്ന നിലപാടുമുള്ള ദാര്‍ശനികനാണ് പുതിയ ഇടയന്‍. വിശുദ്ധ അഗ്‌സ്തിനോസിന്റെ ആത്മീയപാത പിന്തുടരുന്ന അഗസ്തീനിയന്‍ സഭയുടെ പുത്രനുമാണ് അദ്ദേഹം.

രണ്ടുവര്‍ഷം മുമ്പായിരുന്നു അദ്ദേഹത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളായി വാഴിച്ചത്. യു.എസില്‍ ജനിച്ചെങ്കിലും പെറുവില്‍ മിഷണറിയായിയും വൈദികനായും ബിഷപ്പായും പ്രവര്‍ത്തിച്ച ആടുകളുടെ മണമുള്ള ഇടയനെയാണ് പരിശുദ്ധാത്മാവ് പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
കത്തോലിക്കരുടെ ആത്മീയാചാര്യനാണെങ്കിലും പുതിയ മാര്‍പാപ്പയെ കാത്തിരിക്കുന്നത് ലോകത്തില്‍ രണ്ട് ദൗത്യങ്ങളാണ്. ഒന്ന് ക്രിസ്തുവിന്റെ കുഞ്ഞാടുകളെ ആത്മീയചൈതന്യത്തിലും വിശ്വാസതീക്ഷണതയിലും നിറച്ച് ക്രിസ്തുവിലേക്ക് നയിക്കുക. അതോടൊപ്പം തന്നെ നന്മയെ നന്മയെന്നും തിന്മയെ തിന്മയെന്നും വിളിക്കുന്ന ലോകത്തിന്റെ ധാര്‍മ്മിക കേന്ദ്രവുമാകുക. ഈ രണ്ട് ദൗത്യങ്ങളിലും അനിതരസാധാരണമായ വിധം വ്യക്തിമുദ്ര പതിപ്പിച്ചു കടന്നുപോയ തന്റെ മുന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തൊട്ടടുത്ത പിന്‍ഗാമിയാകുവാനുള്ള അസുലഭ ഭാഗ്യമാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ലഭിച്ചിരിക്കുന്നത്. കത്തോലിക്ക സഭ വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലത്ത് സഭയെ ലക്ഷ്യത്തിലേക്ക് തുഴഞ്ഞടുപ്പിക്കുവാനും ലോകത്തെ ക്രിസ്തുവിന്റെ സുവിശേഷത്തിലേക്ക് കൊണ്ടുവരുവാനും അദ്ദേഹത്തിന് കഴിയുമെന്നതില്‍ സംശയമില്ല.

ഫ്രാന്‍സിസ് മാര്‍പാപ്പയെപ്പോലെ ലളിതജീവിതത്തിനും പാവങ്ങളോടുള്ള കരുതലിനും മുന്‍ഗണന നല്‍കുന്നു പുതിയ പാപ്പയും. 2019 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ വത്തിക്കാനിലെ ഡികാസ്റ്ററി ഫോര്‍ ക്ലെര്‍ജിയുടെ അംഗമായും 2023 ല്‍ ഡികാസ്റ്ററി ഫോര്‍ ബിഷപ്‌സ് -ന്റെ തലവനായും നിയമിച്ചു. ലോകമെങ്ങുമുള്ള ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. മറ്റുള്ളവരെ കേ ള്‍ക്കുവാനും പ്രശ്‌നങ്ങള്‍ക്ക് ഉചിതമായ പരിഹാരങ്ങള്‍ നി ര്‍ദ്ദേശിക്കുവാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു. 2023 ല്‍ അദ്ദേഹത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹം പത്രോസിന്റെ പിന്‍ഗാമിയായും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പെറുവിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച്, ദരിദ്രരായ ഗ്രാമവാസികള്‍ക്കൊപ്പം നടന്ന് അവരോടൊപ്പം ആഹാരം പങ്കിട്ട്, അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയ പെറുവിലെ മെത്രാനെ അന്ന് ജനങ്ങള്‍ വിളിച്ചത് പാവങ്ങളുടെ മെത്രാന്‍ എന്നായിരുന്നു. മിതഭാഷിയായി അറിയപ്പെടുന്ന പുതിയ പാപ്പയക്ക് ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ് എന്നീ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാനറിയാം. സാമൂഹിക നീതി ഉയര്‍ത്തിപ്പിടിച്ച ലിയോ പതിമൂന്നാമന്‍ പാപ്പയുടെ പേര് സ്വീകരിക്കുയും അഗസ്റ്റീയന്‍ കോണ്‍ഗ്രിഗേഷന്റെ ചൈതന്യം ജീവിതത്തില്‍ സ്വീകരിക്കുകയും ചെയ്ത് അദ്ദേഹം പാവങ്ങളുടെയും പീഡിതരുടെയും ഓരംചേര്‍ന്നു നടക്കുമെന്നതില്‍ സംശയമില്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?