റാഞ്ചി (ജാര്‍ഖണ്ഡ്): ഘാതകന് ക്ഷമ നല്‍കി മരണത്തെ പുല്‍കിയ ഫാ. ജെയിംസ് കോട്ടായിലിന്റെ രക്തസാക്ഷിത്വത്തിന് 58 വയസ്. ഘാതകന്‍ പിന്നീട് മാനസാന്തരപ്പെട്ടു എന്നത് മറ്റൊരു ചരിത്രം. ഈശോ സഭാംഗമായ ഭാരതത്തില്‍നിന്നുള്ള പ്രഥമ വൈദിക രക്തസാക്ഷി എന്നാണ് ഫാ. ജെയിംസ് കോട്ടായില്‍ അറിയപ്പെടുന്നത്. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിക്കടുത്തുള്ള നവാട്ടാട് ഗ്രാമത്തില്‍വച്ചാണ് 58-ാം വയസില്‍ ഫാ. ജെയിംസ് കോട്ടായില്‍ രക്തസാക്ഷിയായത്. 1967 ജൂലൈ 13-നായിരുന്നു രാജ്യത്തെ നടുക്കിയ ആ ദാരുണ സംഭവം.
ജന്മിമാര്‍ ഭരിച്ചിരുന്ന ഗ്രാമം
വാടക ഗുണ്ടകളുടെ കുത്തേറ്റ് അവസാന 70 മണിക്കൂറുകള്‍ കഠിന വേദനകളുടെ നടുവിലായിരുന്നെങ്കിലും അക്രമികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവര്‍ക്കു മാപ്പുനല്‍കുകയും ചെയ്തതിനുശേഷമാണ് അദ്ദേഹം നിത്യപിതാവിന്റെ സന്നിധിയിലേക്ക് യാത്രയായത്. എത്ര ചോദിച്ചിട്ടും അവരുടെ പേരു വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. അവര്‍ എന്റെ സഹോദരങ്ങളാണ,് അവരോടു ക്ഷമിക്കുന്നു എന്നുമാത്രമായിരുന്നു മറുപടി.
കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്തുള്ള തുരുത്തിപ്പള്ളിയില്‍ 1915 നവംബര്‍ 15ന് കാട്ടാമ്പാക്ക് കോട്ടായില്‍ ചാക്കോയുടെയും മറിയത്തിന്റെയും മകനായിട്ടാണ് ജെയിംസച്ചന്റെ ജനനം. 21-ാം വയസില്‍ റാഞ്ചിയിലെ ജസ്യൂട്ട് പ്രൊവിന്‍സില്‍ ചേര്‍ന്നു. 1948-ല്‍ പൗരോഹിത്യം സ്വീകരിച്ചു. റാഞ്ചിയില്‍നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള നവാട്ടാട് എന്ന അവികസിത പ്രദേശത്തേക്കാണ് ഒടുവില്‍ അദ്ദേഹം നിയോഗിക്കപ്പെട്ടത്. ഗ്രാമത്തിലെ പ്രൈമറി സ്‌കൂള്‍ ഒഴിച്ചാല്‍ വികസനത്തിന്റേതായ യാതൊന്നും അവിടെ ഉണ്ടായിരുന്നില്ല. മനുഷ്യരുടെ ജീവിത സാഹചര്യം മൃഗതുല്യമായിരുന്നു. ജാതിവ്യവസ്ഥയുടെ പിടിയിലായിരുന്നു ഗ്രാമം. ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു അവരുടെ തൊഴിലുകള്‍. പണം പലിശക്കു നല്‍കുന്ന ജന്മിമാരുടെ നിയന്ത്രണത്തിലായിരുന്നു പ്രദേശവാസികള്‍.
ഭീഷണികളെ ഭയപ്പെടാത്ത വൈദികന്‍
കൊള്ളപ്പലിശക്കാരുടെ അടിമത്വത്തില്‍നിന്നും അവരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് അച്ചന്‍ പ്രഥമ പരിഗണന നല്‍കിയത്. കോപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് രൂപം നല്‍കി. അടിയന്തിരമായുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പലിശക്കാരെ സമീപിക്കേണ്ട ഗതികേടിയില്‍നിന്നും ജനങ്ങള്‍ ക്രമേണ വിമുക്തരായി. അതോടെ അച്ചന്‍ ജന്മിമാരുടെ കണ്ണിലെ കരടായി. സാധാരണക്കാരുടെ കുട്ടികള്‍ക്കുവേണ്ടി സ്‌കൂള്‍ സ്ഥാപിച്ചു. മക്കളെ സ്‌കൂളില്‍ അയക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചു. ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഇങ്ങനെ പോയാല്‍ തങ്ങള്‍ അടിമകളാക്കി വച്ചിരിക്കുന്നവര്‍ അതില്‍നിന്നും പുറത്തുകടക്കുമെന്ന് ജന്മികള്‍ തിരിച്ചറിഞ്ഞു. ജന്മികളുടെ ഭാഗത്തുനിന്ന് ഭീഷണികള്‍ ഉയര്‍ന്നെങ്കിലും അതൊന്നും അദ്ദേഹം വകവച്ചില്ല. ജീവന് അപകടം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് മനസിലായെങ്കിലും താന്‍ ഉപേക്ഷിച്ചാല്‍ അവിടുത്തെ പാവപ്പെട്ടവര്‍ വീണ്ടും പഴയ ജീവിതാവസ്ഥയിലേക്ക് പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
വേഷം മാറിയെത്തിയ അക്രമികള്‍
ജന്മിമാര്‍ വാടകകൊലയാളികളെ ഏര്‍പ്പെടുത്തി. ജെയിംസച്ചന്റെ ദീനാനുകമ്പ മുതലെടുത്താണ് വേഷംമാറിയെത്തിയ വാടകകൊലയാളികള്‍ അദ്ദേഹത്തെ അപായപ്പെടുത്തിയത്. രാത്രി 9 മണിയോടടുത്ത് രണ്ടുപേര്‍ ഭക്ഷണവും രാത്രി താമസിക്കാന്‍ ഒരിടവും ചോദിച്ച് എത്തി. ഭക്ഷണം നല്‍കി സ്‌കൂള്‍ കെട്ടിടത്തില്‍ കിടക്കാനുള്ള സൗകര്യവും ഒരുക്കി. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ തിരികെ എത്തി മുറിയുടെ വാതില്ക്കല്‍ തട്ടി. കതക് തുറന്ന ഉടനെ അവര്‍ അച്ചനെ ആക്രമിക്കുകയായിരുന്നു. 13 കുത്തുകളാണ് ഏറ്റത്. ഓടിക്കൂടിയ ആളുകള്‍ അച്ചനെ മാന്‍ഡര്‍ ഹോളി ഫാമിലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റാഞ്ചി അന്ന് ബീഹാറിന്റെ ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ ചുടുനിണം വീണ മണ്ണ് വിശ്വാസത്തിന്റെ ഭൂമിയായി മാറുന്ന കാഴ്ചക്കാണ് പിന്നീട് ദേശം സാക്ഷിയായത്. കോട്ടായിലച്ചന്റെ പ്രവര്‍ത്തനകാലത്ത് വിശ്വാസികളുടെ എണ്ണം വളരെ ചുരുക്കമായിരുന്നെങ്കില്‍ റാഞ്ചി ഇപ്പോള്‍ ക്രൈസ്തവ വിശ്വാസത്തിന് നല്ല വേരോട്ടമുള്ള മണ്ണായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഫാ. ജെയിംസിന്റെ മാതൃ ഇടവകയായ പാലാ രൂപതയിലെ തുരുത്തിപ്പള്ളി സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ദൈവാലയം 2019-ല്‍ ശതാബ്ദി ആഘോഷിച്ചപ്പോള്‍ സ്ഥാപിക്കപ്പെട്ട കല്‍ക്കുരിശ് കോട്ടായിലച്ചന്റെ സ്മരണാര്‍ത്ഥമാണ്.
അച്ചന്‍ രക്തസാക്ഷിത്വം വരിച്ച സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഫാ. ജെയിംസ് കോട്ടായില്‍ മെമ്മോറിയല്‍ സ്ലാബിന്റെ മുമ്പിലും അച്ചനെ സംസ്‌ക്കരിച്ച റാഞ്ചിയിലെ മാണ്ടര്‍ പള്ളിയുടെ കല്ലറയിലും തുരുത്തിപള്ളിയില്‍ അച്ചന്റെ ഛായാചിത്രം പതിച്ച കല്‍കുരിശിലും പ്രാര്‍ത്ഥിച്ചതിലൂടെ അനേകര്‍ക്ക് അച്ചന്റെ മാധ്യസ്ഥതയില്‍ നിരവധി അനുഗ്രഹങ്ങള്‍ ലഭിക്കുന്നുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *