Follow Us On

23

November

2024

Saturday

നോമ്പ്: എന്ത്; എന്തിന്?

സ്റ്റൈനു പൈകട

ആഗോള സഭ വലിയ നോമ്പിലേക്ക് പ്രവേശിക്കുമ്പോള്‍ അടുത്തറിയാം കത്തോലിക്കാ സഭയിലെ പ്രധാന നോമ്പുകളെക്കുറിച്ച്…

ക്രിസ്തീയ സഭകളില്‍ വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങളുള്ളതുപോലെ നോമ്പ് ആചരിക്കുന്ന കാര്യത്തിലും വ്യത്യസ്തരീതികളും വ്യത്യസ്ത സമയക്രമങ്ങളുമാണുള്ളത്. എല്ലാ സഭകളും എല്ലാവിധ നോമ്പുകളും ആചരിക്കുന്നുമില്ല. ‘ഉപവാസം’ എന്നാല്‍ ഒരുമിച്ചു ജീവിക്കുക (ഉപ=ഒരുമിച്ച്, വാസം = ജീവിക്കുക) എന്നാണ് അര്‍ത്ഥം. അതായത് ദൈവത്തോട് ഒരുമിച്ചു ജീവിക്കുക/ ആയിരിക്കുക. നോമ്പ് എന്ന വാക്ക് പഴയ മലയാളത്തിലെ ‘നോയ് അമ്പ്’ എന്നതില്‍നിന്നാണ് ഉത്ഭവിച്ചത്. ‘സ്‌നേഹത്തോടെയുള്ള സഹനം’ (നോയ് =വേദന, അമ്പ് = സ്‌നേഹം) എന്നാണ് അര്‍ഥം. ദൈവസ്‌നേഹത്തില്‍ നാം സ്വയം കഷ്ടം സഹിക്കുന്നതാണ് നോമ്പ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

മൂന്നുമുതല്‍ 50 ദിനംവരെ

നോമ്പുകളില്‍ സുപ്രധാനം വലിയ നോമ്പാണ്. ഈസ്റ്ററിനു തൊട്ടുമുമ്പുള്ള 50 ദിവസങ്ങളിലാണ് നോമ്പാചരണം. (പാശ്ചാത്യസഭയില്‍ ഇത് 40 നോമ്പാണ്) യേശുവിന്റെ ജനനത്തിരുനാളിന്  മുമ്പ് ഡിസംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 24 വരെയാണ് ചെറിയ നോമ്പ്. പഴയ നിയമ പാരമ്പര്യങ്ങളോടു കണ്ണിചേര്‍ക്കപ്പെട്ടതാണ് മൂന്ന് നോമ്പാചരണം. 50 നോമ്പിനു രണ്ടാഴ്ച മുമ്പുളള തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് മൂന്നു നോമ്പാചരിക്കുന്നത്. മൂന്നു ദിവസം മത്സ്യത്തിന്റെ ഉദരത്തില്‍ കഴിഞ്ഞ യോനാ പ്രവാചകന്‍ നാലാം നാള്‍ നിനെവേയുടെ (പേര്‍ഷ്യ) തീരത്ത് സുരക്ഷിതമായി നിക്ഷേപിക്കപ്പെട്ട സംഭവമാണ് മൂന്ന് നോമ്പില്‍ അനുസ്മരിക്കുന്നത്.

യേശുവിന്റെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ സ്മരണയെ മുന്‍നിര്‍ത്തി സഭയില്‍ ആചരിക്കുന്നതാണ് 15 നോമ്പ്. ഓഗസ്റ്റ് ഒന്നുമുതല്‍ 15വരെയുള്ള ദിനങ്ങളിലാണിത്. ജൂണ്‍ 16മുതല്‍ 29വരെ യേശുവിന്റെ 12 ശിഷ്യന്മാരെ അനുസ്മരിച്ചു നടത്തുന്ന ശ്‌ളീഹാ നോമ്പും പ്രശസ്തമാണ്. പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാളിനോട് അനുബന്ധിച്ചുള്ളതാണ് സെപ്തബര്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള എട്ടുനോമ്പാചരണം. ഇതിനു പുറമെ എല്ലാ ആഴ്ചയിലും ബുധന്‍, വെള്ളി ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നവരുമുണ്ട്.

നോമ്പിനെ ‘വിശുദ്ധം’ എന്നാണ് ആരാധനക്രമ ഗ്രന്ഥങ്ങള്‍ വിശേഷിപ്പിക്കുക. സിറോ മലബാര്‍, അന്ത്യോക്യന്‍ ആരാധനക്രമങ്ങളില്‍ ഈ വിശേഷണങ്ങള്‍ കാണാം. പരിപാവനമായ നോമ്പ്, പരിപാവനമായ ഉപവാസം, വിശുദ്ധ നോമ്പ് തുടങ്ങി ആവര്‍ത്തിച്ചുവരുന്ന പദങ്ങള്‍ ഇതിനു തെളിവുകളാണ്. യേശു  ഉപവസിച്ചതുകൊണ്ടും (മത്തായി 4:2, മര്‍ക്കോസ് 1:13, ലൂക്കാ 4:2). മോശ (പുറ. 24:18, 34:28, നിയ. 9:18) ഏലിയാ (1 രാജാ. 19:89) തുടങ്ങിയവര്‍ നോമ്പ് നോറ്റതുകൊണ്ടുമാകാം നോമ്പിനെ വിശുദ്ധമെന്ന് ശ്ലൈഹിക സഭകള്‍ വിശേഷിപ്പിക്കുന്നത്. കൂടാതെ വിശുദ്ധമായി അനുഷ്ഠിക്കേണ്ട ഒരു കര്‍മമാണ് നോമ്പും ഉപവാസവുമെന്ന് വിശ്വാസികളെ ഉദ്‌ബോധിപ്പിക്കനും ഇതുവഴി സാധിക്കുന്നു.

നോമ്പ് ചരിത്രത്തില്‍

പല രീതിയിലുള്ള ഉപവാസം പഴയ നിയമത്തില്‍ കാണാം. സാവുളിന്റെ മരണശേഷം സഹപ്രവര്‍ത്തകര്‍ ഏഴു ദിവസവും (1സാമു. 31:13) ദാവിദും അനുയായികളും സന്ധ്യവരെയും (2സാമു. 1:12) ഉപവസിച്ചു. ചെയ്ത തെറ്റിന് ശിക്ഷയുണ്ടാകുമെന്ന അറിവ് ലഭിച്ചപ്പോള്‍ ആഹാബ് ചാക്കു വസ്ത്രം ധരിച്ച് ഉപവസിച്ചു (1 രാജ. 21:27). ദൈവതിരുമുമ്പില്‍ തന്നെത്തന്നെ എളിമപ്പെടുത്തിയതിനാല്‍ ആഹാബിനെ ശിക്ഷയില്‍നിന്ന് ദൈവം ഒഴിവാക്കി.
യഹൂദ  ജനത്തിന് ജീവനാശം സംഭവിക്കാന്‍ പോകുന്നുവെന്നറിഞ്ഞ എസ്‌തേര്‍  മൂന്ന് ദിവസത്തെ ഉപവാസത്തിന് ആഹ്വാനം നല്‍കി (എസ്‌തേര്‍ 4:16). ഈ പ്രാര്‍ത്ഥനയ്ക്ക് ദൈവം കരുണയോടെ ഉത്തരം നല്‍കുകയും ചെയ്തു.

ചില പ്രത്യേക അവസരങ്ങളില്‍ സമൂഹം മുഴുവന്‍ ഉപവസിക്കുന്ന മറ്റ് ഉദാഹരണങ്ങളും വിശുദ്ധ ഗ്രന്ഥത്തിലുണ്ട് (ന്യായാ. 20:26, 1 സാമു. 7:6, യോനാ. 3:5, ദാനി. 10:23). ദൈവസാന്നിധ്യാനുഭവത്തില്‍ മോശയും ഏലിയായും 40 ദിവസം ഉപവസിച്ചു.
പൗരാണിക സഭയില്‍ കഠിനമായ വ്രതാനുഷ്ഠാനങ്ങളാണുണ്ടായിരുന്നത്. ഒരു നേരം മാത്രം ഭക്ഷിക്കുക, മത്സ്യ മാംസാദികള്‍ വര്‍ജിക്കുക, ദൈവാലയത്തില്‍ കൂടുതല്‍ സമയം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക തുടങ്ങിയവ അവയില്‍ ചിലതുമാത്രം. നോമ്പ് ലംഘിക്കുന്നത് വലിയ തെറ്റായാണ് കരുതിയിരുന്നത്. നോമ്പു ലംഘകര്‍ക്ക് ‘പള്ളിക്ക് പുറത്താക്കല്‍’ പോലെയുള്ള ശിക്ഷകള്‍ കൊടുത്തതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

കുഞ്ഞുങ്ങള്‍, വൃദ്ധര്‍, രോഗികള്‍ തുടങ്ങിയവര്‍ നോമ്പിന്റെ നിയമത്തിന് വിധേയരായിരുന്നില്ല. നോമ്പ് വീടലിന് എടന (വഴന) ഇല ദൈവാലയങ്ങളില്‍ വിതറിയിരുന്നതായി ചില ഗ്രന്ഥങ്ങളില്‍ കാണുന്നു. ഔഷധ ഗുണവും പ്രത്യേക സുഗന്ധവുമുള്ള എടനയില വിതറല്‍ ഒരുപക്ഷേ നസ്രാണികളുടെ തനതായ അലങ്കാര രീതിയായിരുന്നിരിക്കാം. സീറോ മലബാര്‍  ആരാധനക്രമത്തില്‍ നോമ്പിന്റെ ഫലങ്ങളെക്കുറിച്ച് ദിര്‍ഘമായ പ്രതിപാദനങ്ങള്‍ നോമ്പുകാല യാമ പ്രാര്‍ത്ഥനകളില്‍ കാണാം.

ഉത്തമമായ ഉപവാസം= ഔഷധം

അനുതാപമാണ് ഉപവാസത്തിന്റെ പ്രധാന ചൈതന്യം. ഭക്ഷണ പാനീയങ്ങള്‍ വെടിയുക മാത്രമല്ല, കോപവും അസൂയയും എല്ലാം വെടിഞ്ഞുവേണം ഉപവസിക്കാന്‍. ദുഃഖിതരില്‍ സ്‌നേഹത്തിന്റെ കരം നീട്ടി, അപരനെ സഹായിച്ച്, സഹചരെ സേവിച്ച്, അലസത വെടിഞ്ഞ്, അഗതികളെ കനിവോടെ സ്‌നേഹിച്ചുവേണം നോമ്പ് നോക്കാന്‍. മനസില്‍നിന്നും അനാവശ്യ ചിന്തകള്‍ അകറ്റി നിര്‍മലവും സുന്ദരവുമായ ചിന്തകള്‍ നിറയ്‌ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രാര്‍ത്ഥനയുടെ ചൈതന്യത്തില്‍ എന്തെങ്കിലും കുറവ് വന്നിട്ടുണ്ടെങ്കില്‍ അതും നികത്തി വേണം നോമ്പ് അനുഷ്ഠിക്കാന്‍.

സുറിയാനി, ഗ്രീക്ക്, ലത്തീന്‍ സഭാ പിതാക്കന്മാരില്‍ പലരും നോമ്പിനെയും ഉപവാസത്തെയും കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനയും ഉപവാസവും ഒരുമിച്ച് പോകുന്നതാണെന്നും ഒന്നിനെ മറ്റൊന്നില്‍നിന്ന് വേര്‍പ്പെടുത്താന്‍ സാധ്യമല്ലെന്നും മാര്‍ അപ്രേം സാക്ഷിക്കുന്നു. ആദ്യ പാപം ആദാമിന്റെ ഭക്ഷണ പ്രിയത്തില്‍നിന്ന് വന്നെങ്കില്‍, മിശിഹാ തന്റെ ഉപവാസത്താല്‍ ആദാമിന്റെ പാപം സുഖപ്പെടുത്തി.  അങ്ങിനെ ഉപവാസത്തിന്റെ പ്രാധാന്യവും ശക്തിയും കര്‍ത്താവ് കാണിച്ചു തന്നു. പ്രാര്‍ത്ഥന കേള്‍ക്കുന്നവന്‍ പ്രാര്‍ത്ഥിച്ചും ഉപവാസം സ്വീകരിക്കുന്നവന്‍ ഉപവസിച്ചും മാതൃക കാട്ടി.

ഉത്തമമായ ഉപവാസം ഔഷധം പോലെയാണെന്നും മാര്‍ അപ്രേം ചൂണ്ടിക്കാണിക്കുന്നു. പാപത്തിന്റെ ഫലമായി ആത്മാവില്‍ ഉണ്ടായിട്ടുള്ള രോഗങ്ങള്‍ നോമ്പും ഉപവാസവും വഴി മാറുന്നു. സാത്താനെതിരായ പോരാട്ടത്തില്‍ നോമ്പിനെയും ഉപവാസത്തെയും ശക്തമായ സംരക്ഷണ കവചമായി അപ്രേം മല്പ്പാന്‍ കാണുന്നു. കാരണം ദുഷ്ടനെതിരായ പോരാട്ടത്തില്‍ ഉപവാസം കര്‍ത്താവിന് ശക്തമായ ആയുധമായിരുന്നു (മത്താ. 4:1).

കര്‍ത്താവ് നമുക്ക് നല്‍കിയ ഉപവാസമാകുന്ന ആയുധം ശരിയാംവണ്ണം ഉപയോഗിക്കേണ്ടിയിരിക്കുന്നു. അല്‍പ്പംമാത്രം ഭക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും മാര്‍ അപ്രേം വിവരിക്കുന്നുണ്ട്. ഉപവാസം സത്യവും നീതിയും നിറഞ്ഞതായിരിക്കണമെന്നും നോമ്പിനെ എളിമയോടെ സമീപിക്കണമെന്നും യഥാര്‍ത്ഥ ഉപവാസം വലിയൊരു നിധിയാണെന്നും മാര്‍ അപ്രേം വെളിവാക്കുന്നു. ഇപ്രകാരം നോമ്പിനെയും ഉപവാസത്തെയും കുറിച്ച് ആഴവും പരപ്പുമുള്ള ധാരാളം ഉള്‍ക്കാഴചകള്‍ അപ്രേം പുണ്യവാന്റെ  രചനകളില്‍ കാണാം.

ഊര്‍ജം നേടണം നോമ്പില്‍നിന്ന്

കാല്‍വരിയിലേക്ക് സഞ്ചരിക്കാനുള്ള ഊര്‍ജം നമുക്ക് ഈ വലിയ നോമ്പില്‍നിന്ന് കിട്ടണം. സ്വന്തം കുരിശ് എടുത്തുകൊണ്ട് ഇടറിയ കാലടിയോടെ രക്തം ഒഴുകുന്ന ശരീരത്തില്‍ വീഴുന്ന ചാട്ടവാറടി സഹിച്ച് സഹനത്തിന്റെ കാല്‍വരിയിലേക്ക് നടന്ന രക്ഷകന്റെ പാതകളെ പിന്തുടരാന്‍ കഴിയണം. സഹനം മാത്രമല്ല കാല്‍വരിയില്‍ കാണാന്‍ കഴിയുന്നത്. അവിടെ ക്ഷമയും കരുതലും പ്രത്യാശയും പാപപരിഹാരവുമെല്ലാം നമുക്ക് കാണാന്‍ കഴിയും. കാല്‍വരിയിലേക്കുള്ള യാത്ര എന്നു പറയുന്നത് വളരെ വേദന നിറഞ്ഞതാണ്. പക്ഷേ അപ്പോഴും യേശു പറയുന്നത്, നിങ്ങള്‍ എനിക്കു വേണ്ടിയല്ല നിങ്ങളുടെ മക്കള്‍ക്കുവേണ്ടി കരയാനാണ്.

തന്നെ ദ്രോഹിച്ചവര്‍ക്കുവേണ്ടി പിതാവിനോട് ക്ഷമ ചോദിക്കൂന്ന ക്രിസ്തുവിനെ കാല്‍വരിയില്‍ കാണാം. “ഇന്നു നീ എന്നോടുകൂടെ പറുദീസയിലായിരിക്കുമെന്ന് ഞാന്‍ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞ് കള്ളന് പ്രത്യാശ നല്‍കുന്നുണ്ട്, അമ്മയെ ശിഷ്യനെ ഏല്‍പ്പിക്കുന്ന കരുതലും കാല്‍വരിയില്‍ കാണാന്‍ കഴിയുന്നു. ഈ ജീവിത അനുഭവങ്ങള്‍ ഒക്കെ നമുക്കും ജീവിതത്തില്‍ കൊണ്ടുവരാന്‍ കഴിയണം. കാല്‍വരിയില്‍ മരണമല്ല  ഉയിര്‍പ്പാണ് ക്രിസ്ത്യാനിയുടെ പ്രത്യാശ.

ആ പ്രത്യാശയിലേക്കാണ് ഈ നോമ്പ് നമ്മെ കൊണ്ടുപോകുന്നത്. ദൈവപുത്രനെപ്പോലെ നമുക്ക് ആകാന്‍ സാധിക്കുന്നില്ലെങ്കിലും അതിലെ ഒരംശം എങ്കിലും നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ വലിയ നോമ്പില്‍ കഴിയണം. വലിയ നോമ്പാചരിക്കുന്ന ഈ കാലയളവില്‍ മാത്രമല്ല തുടര്‍ന്നുള്ള ജീവിതത്തിലും അത് തുടരാനാകണം. ഒരു ക്രിസ്ത്യാനിയാണന്ന് വെറുതെ പറയുക മാത്രമല്ല, ക്രിസ്തുവിന്റെ ജീവിത സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍കൂടി കഴിയണം. വിശ്വാസത്തില്‍ ബലപ്പെടാനും രക്ഷയുടെ പ്രത്യാശയിലേക്കു വളരാനും ഈ വലിയ നോമ്പ് സഹായിക്കട്ടെ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?