Follow Us On

24

November

2024

Sunday

കര്‍ഷകര്‍ക്കുവേണ്ടി വാദിക്കുന്നത് വര്‍ഗീയതയോ?

കര്‍ഷകര്‍ക്കുവേണ്ടി  വാദിക്കുന്നത് വര്‍ഗീയതയോ?

സ്വന്തം ലേഖകന്‍
കണ്ണൂര്‍

കര്‍ഷകര്‍ക്കുവേണ്ടി നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ വര്‍ഗീയതയുടെ പരിവേഷം നല്‍കി യാഥാര്‍ത്ഥ്യങ്ങളെ എത്രകാലം മൂടിവയ്ക്കാന്‍ കഴിയുമെന്ന ചോദ്യമാണ് ഉയരുന്നത്. റബറിന് കിലോയ്ക്ക് 300 രൂപ ഏര്‍പ്പെടുത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മലയോര കര്‍ഷകരുടെ പിന്തുണ വാഗ്ദാനം ചെയ്ത തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍നിന്നും ജനശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ആ പ്രസംഗത്തില്‍തന്നെ മാര്‍ പാംപ്ലാനി ഉയര്‍ത്തിയിരുന്നു.

പക്ഷേ, പ്രസംഗം വിവാദമാക്കാന്‍ ശ്രമിച്ചവര്‍ മനഃപൂര്‍വം അതു കണ്ടില്ലെന്നു നടിച്ചു. കേന്ദ്രമോ സംസ്ഥാനമോ ആരു സഹായിച്ചാലും അവര്‍ക്കൊപ്പം കര്‍ഷകര്‍ നില്ക്കുമെന്നും ഇതു ബിജെപിയും സഭയും തമ്മിലുള്ള ബന്ധമായി ആരും കാണേണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. കര്‍ഷകരുടെ നിസഹായതയും അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളുമാണ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വാക്കുകളില്‍ നിറഞ്ഞുനില്ക്കുന്നത്. കര്‍ഷക സമൂഹത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്ന വിലത്തകര്‍ച്ച ചര്‍ച്ചയാകാതിരിക്കാനാണ് മതവും വര്‍ഗീയതയുമൊക്കെ അതില്‍ കലര്‍ത്തി വിഷയം മാറ്റാന്‍ ശ്രമിക്കുന്നത്.

രാഷ്ട്രീയ നേതൃത്വം ആര്‍ച്ച്ബിഷപ്പിന്റെ പ്രസ്താവനയോടു പ്രതികരിക്കാന്‍ കാണിച്ച ആവേശത്തിന്റെ പകുതി കര്‍ഷകപ്രശ്‌നങ്ങളില്‍ എടുത്തിരുന്നെങ്കില്‍ ഇങ്ങനെയൊരു പ്രസംഗം നടത്തേണ്ട ആവശ്യം പോലും വരില്ലായിരുന്നു. കര്‍ഷകരുടെ ഭാഗത്തുനിന്നാണ് താന്‍ സംസാരിക്കുന്നതെന്നും ഇനി ആരൊക്കെ എന്തുപറഞ്ഞാലും നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്നുകൂടി മാര്‍ പാംപ്ലാനി തുടര്‍ന്നും മൂഡിയാക്യാമറകളുടെ മുമ്പില്‍ കൃത്യമായി പറഞ്ഞു. രാഷ്ട്രീയ നേതൃത്വം കണ്ണുരുട്ടിയാല്‍ നിലപാടു പിന്‍വലിച്ച് ഓടുന്നവരല്ല കേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാര്‍.

മാര്‍ പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് എതിരെ ആഞ്ഞടിക്കുന്നവരുടെ ലക്ഷ്യങ്ങള്‍ പലതാണ്. സാമൂഹിക അംഗീകാരം ഉള്ളവര്‍ കര്‍ഷകരുടെ ശബ്ദമായി മാറുന്നത് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന റബറിന് കിലോക്ക് 250 രൂപയെന്ന പ്രഖ്യാപനം നടപ്പിലാക്കി കേരളം ഭരിക്കുന്ന ഇടതുമുന്നണിക്ക് കര്‍ഷക സ്‌നേഹം തെളിയിക്കാന്‍ ഇപ്പോഴും കഴിയുമല്ലോ. ലോകവ്യാപാര കരാറും ആസിയാന്‍ കരാറുമൊക്കെ നടപ്പിലാക്കിയത് കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ കാലത്താണ്. അന്ന് കര്‍ഷകരെ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുമെന്നു പറഞ്ഞ പ്രഖ്യാപനങ്ങള്‍ വെറും വാഗ്ദാനങ്ങളായി ചുരുങ്ങുകയായിരുന്നു.

വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിലത്തകര്‍ച്ച ഉണ്ടാകുമ്പോള്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമിച്ചുനിന്ന് സമ്മര്‍ദ്ദംചെലുത്തിയാണ് കാര്യങ്ങള്‍ നേടിയെടുക്കുന്നത്. കേരളത്തില്‍ കര്‍ഷകര്‍ക്കുവേണ്ടി അങ്ങനെയുള്ള ഒത്തുകൂടലുകളില്ല എന്നതാണ് ഇവിടുത്തെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി. റബറിന് 300 രൂപ ആക്കിയാല്‍ പിന്തുണ നല്‍കുമെന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ബ്ലാങ്ക് ചെക്കല്ല. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നത് കാണാതിരിക്കുന്നില്ല. അതു മറ്റൊരു വിഷയമാണ്. അതിനെ ആ വിധത്തിലാണ് കാണേണ്ടതും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?