ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍. (എഫേ 4 : 32)
തൂവല്‍പോലെ ഭാരമേതും ഇല്ലാത്ത മനുഷ്യനാണ് ക്രൂശിതന്‍. അതുകൊണ്ടാണ് കുരിശില്‍ അവന്‍ മണിക്കൂറുകളോളം ചോര വാര്‍ത്തങ്ങനെ ഒരു പെലിക്കന്‍ പക്ഷിയെപ്പോലെ നിന്നത്. ഭാവിയുടെ ഭാരമില്ലാത്തവന്‍ എന്ന വിശേഷണം ക്രൂശിതന് നല്ലതുപോലെ ചേരുന്നുണ്ട്.
ഒരപ്പൂപ്പന്‍ താടിപോലെ ജീവിക്കാനും മരിക്കാനും ക്രിസ്തുവിനു കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഒന്നും ഹൃദയത്തില്‍ നൊമ്പരമാക്കി മാറ്റാതിരുന്നതുകൊണ്ടും ഉപേക്ഷയുടെ തത്വശാ സ്ത്രം ജീവിത നിയമമാക്കി ജീവിച്ചതുകൊണ്ടും മാത്രമാണ്. അവന്റെ ഹൃദയം ശുദ്ധമായിരുന്നു. അതിനാല്‍ അവനില്‍ ഭാരമേതും ഉണ്ടായിരുന്നില്ല.
ലാസറിന്റെ കുഴിമാടത്തില്‍ വച്ചത് പോലുള്ള ഒരു കല്ലും ക്രൂശിതന്‍ നെഞ്ചില്‍ കൊണ്ടുനടന്നിരുന്നില്ല.
കഠിന ഹൃദയരാണ് ഭാരം ചുമക്കുന്നവര്‍. മറ്റുള്ളവര്‍ക്ക് ഭാരം നല്‍കുന്നവരും ഇക്കൂട്ടര്‍ തന്നെ. പുറപ്പാട് പുസ്തകത്തില്‍ വായിക്കുന്ന ഫറവോ, ഉള്ളില്‍ ഭാരപ്പെട്ടും ഇസ്രായേലിനെ മുഴുവന്‍ ഭാരപ്പെടുത്തിയുമാണ് ജീവിച്ചതെന്നാണ് തിരു വചനത്തില്‍ നാം വായിക്കുന്നത്. ഇക്കൂട്ടര്‍ക്ക് സ്വസ്ഥമായി നടക്കാനോ കിടക്കാനോ സ്‌നേഹി ക്കാനോ പുഞ്ചിരിക്കാനോ ഒന്നിനും കഴിയുകയില്ല.
ചില ഭാരങ്ങളൊക്കെ ഇറക്കിവയ്ക്കാന്‍ ക്രൂശിതന്‍ നിന്നോടും എന്നോടും സൗമ്യമായി ആവശ്യപ്പെടുന്നുണ്ട്.
ശരീരത്തില്‍ മാത്രമേ ക്രിസ്തുവിന് മുറിവേല്‍ക്കേണ്ടി വന്നിട്ടുള്ളൂ. ഹൃദയത്തില്‍ ഒരു പോറല്‍പോലും സംഭവിച്ചിട്ടില്ല. നമുക്കാ വട്ടെ മറിച്ചാണ്. ശരീരത്തില്‍ മുറിവുകളില്ല. മുറിവേറ്റ തൊക്കെയും ഹൃദയത്തിലാണ്.
ഹൃദയ മുറിവുണക്കാന്‍ ക്രൂശിതനോട് നമുക്ക് പ്രാര്‍ത്ഥിക്കാം. ഹൃദയത്തിന് ഭാരം താങ്ങാന്‍ കഴിയില്ല. എന്നിട്ടുമെന്തിനാണ് ഹൃദയം ഫറവോയെപ്പോലെ കഠിനമാക്കുന്നത്. പലതും ഹൃദയത്തില്‍ നിന്നും ഉപേക്ഷിച്ച് ഹൃദയഭാരങ്ങള്‍ മാറ്റി സന്തോഷത്തോടെ നമുക്ക് ഇനിയെങ്കിലും ജീവിച്ചു തുടങ്ങാം.
ഹൃദയത്തില്‍ ഭാരമില്ലാതെ അപ്പൂപ്പന്‍ താടി പോലെ പറന്ന് സ്വര്‍ഗത്തില്‍ ഇടംകണ്ടെത്തിയ വിശുദ്ധ ദേവസഹായം നമുക്ക് മാതൃകയാണ്. അനാവശ്യ ഭാരങ്ങള്‍ അയാള്‍ ഹൃദയത്തിലേ റ്റിയില്ല. ഹൃദയം കഠിനമാക്കിയതുമില്ല. വേദനിപ്പി ച്ചവരോടുപോലും പൊറുത്തു. ഉടനെ അയാള്‍ അത്ഭുതങ്ങള്‍ ജീവിതത്തില്‍ കണ്ടു തുടങ്ങി. ക്രൂശിതനെ ധ്യാനിച്ചു ഹൃദയം നിര്‍മ്മലമാക്കിയപ്പോഴും അനാവശ്യ ഭാരങ്ങള്‍ ഒഴിവാക്കിയപ്പോഴും പിള്ള, വിശുദ്ധ ദേവസഹായമായി.
പോയിട്ടില്ലെങ്കില്‍ നിശ്ചയമായും കാറ്റാടി മലയില്‍ പോകണം ഈ നോമ്പ് കാലത്ത്. മുട്ടിടിച്ചാം പാറയില്‍ പോയി അത്ഭുതക്കിണര്‍ കാണണം. ഭാരങ്ങളെല്ലാം ഉപേക്ഷിച്ച് ഹൃദയം കൊണ്ട് ജീവിക്കുന്നവര്‍ക്ക് ക്രൂശിതന്‍ കൊടുക്കുന്ന സമ്മാനങ്ങള്‍ വിശുദ്ധ ദേവസഹായം സ്വന്തമാക്കിയത് എങ്ങനെയെന്ന് അവിടുത്തെ അത്ഭുതക്കാഴ്ചകള്‍ നിശ്ചയമായും നമുക്ക് പറഞ്ഞു തരും.
Leave a Comment
Your email address will not be published. Required fields are marked with *