Follow Us On

24

November

2024

Sunday

തൊഴിലഴക്‌

തൊഴിലഴക്‌

ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ്

പള്ളിയില്‍ മുട്ടുകുത്തുന്ന ആ മനുഷ്യന്റെ പാദങ്ങള്‍ പലപ്പോഴും പിന്നിലിരുന്ന് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വെള്ളകള്‍ വിണ്ടുകീറി വികൃതമാണവ. നീണ്ട നഖങ്ങള്‍ക്കിടയില്‍ കഴുകിയിട്ടും ശേഷിക്കുന്ന കട്ടയും മണ്ണും. കാലുകളുടെ പത്തിപ്പുറങ്ങളില്‍ എഴുന്നുനില്‍ക്കുന്ന നാഡീഞരമ്പുകള്‍. പറമ്പില്‍ പകലന്തിയോളം പണിയുന്ന അയാളുടെ അധ്വാനത്തിന്റെ അടയാളങ്ങളാണ് ഇവയെല്ലാം. കാലത്തെഴുന്നേറ്റ് പശുവിനെ കറക്കുന്നതോടെ തുടങ്ങും അയാളുടെ ദിനചര്യകള്‍.

ജോലിത്തിരക്കിനിടയിലും മക്കളെ പള്ളിക്കൂടത്തില്‍ ആക്കാനും പലചരക്കുകടയില്‍ പോകാനും പത്രം വായിക്കാനും കുരിശുവരക്കാനുമൊക്കെ ആ സാധുവിന് സമയമുണ്ടുതാനും. അക്ഷരജ്ഞാനം അധികമില്ലെങ്കിലും അന്തിയില്‍ അരണ്ട വെട്ടത്ത് മുറിയുടെ മുന്നിലിരുന്ന് മൂന്നാം ക്ലാസിലെ മകന് പുസ്തകത്താളുകള്‍ മറിച്ച് എന്തൊക്കെയോ പറഞ്ഞുകൊടുക്കുന്നതും കാണാം. പഠനത്തില്‍ അവന് പ്രചോദനമേകാന്‍ ആ അപ്പന്റെ അടുപ്പം മാത്രം മതിയാകും. വിശ്രമമില്ലാതെ വേല ചെയ്തിട്ടും അരമണിക്കൂര്‍പോലും അസുഖമായിട്ട് അയാള്‍ കിടക്കുന്നത് ആരും കണ്ടിട്ടില്ല. കാരണം അയാളുടെ അസ്ഥികള്‍ക്കു അനായാസതയും ശരീരത്തിന് ശേഷിയും അധ്വാനത്തെ വിലമതിക്കുന്ന ദൈവം വരമേകിയിട്ടുണ്ട്.

തൊഴിലാളികളെ തൊഴാം

മെയ്യും മനവും മറന്ന് വേല ചെയ്യുന്നവരെ വന്ദിക്കാനും നന്ദിയോടെ ഓര്‍ക്കാനും അവരുടെ ആയുരാരോഗ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാനുമുള്ളതാണ് തൊഴിലാളിദിനം. ചുമച്ചുകൊണ്ടും ചുമടെടുക്കുന്നവര്‍, പുകയും ചൂടും സഹിച്ച് പാചകമുറികളില്‍ പലഹാരങ്ങള്‍ പാകപ്പെടുത്തുന്നവര്‍, നിര്‍മാണമേഖലകളില്‍ നിന്നുതിരിയാന്‍പോലും നേരമില്ലാത്തവര്‍, എണ്ണപ്പാടങ്ങളില്‍ എരിഞ്ഞുതീരുന്നവര്‍… ഇങ്ങനെ നീളുന്നു നടുവു നിവര്‍ത്താതെ പണി ചെയ്യുന്നവരുടെ പട്ടിക. തൊഴിലാളികളെ തൊഴാം, പ്രകൃതിയുടെ പച്ചപ്പിനെ പരിപാലിക്കുന്നതും ലോകത്തിന്റെ അഭിവൃദ്ധിക്കു ചുക്കാന്‍ പിടിക്കുന്നതും അവരാണ്. നടുകയും നനയ്ക്കുകയും കിളക്കുകയുമൊക്കെ ചെയ്യുന്ന അവരുടെ വിയര്‍പ്പാണ് വിരുന്നുമേശയില്‍ വിഭവങ്ങളായി നാം വിളമ്പുന്നത്. അവരുടെ വിരല്‍പ്പാടുകള്‍ പതിഞ്ഞ വീടുകളിലാണ് സുരക്ഷിതരായി സുഖമായി നാം കഴിയുന്നത്. അവര്‍ തുന്നിത്തരുന്ന തുണിത്തരങ്ങളാണ് അഭിമാനത്തോടെ നാം അണിഞ്ഞുനടക്കുന്നത്. അവര്‍ കുത്തിക്കെട്ടുന്ന ചെരിപ്പുകളാണ് നമ്മുടെ പാദങ്ങളെ സംരക്ഷിക്കുന്നത്. എന്തിനേറെ, കുടിവെള്ളത്തിലും ശ്വാസവായുവിലുംവരെ വേല ചെയ്യുന്നവരുടെ വിയര്‍പ്പിന്റെ രുചിയും ഗന്ധവുമുണ്ട്.

അധ്വാനത്തിനു പ്രപഞ്ചത്തോളം പ്രായമുണ്ട്. നെറ്റിയിലെ വിയര്‍പ്പുകൊണ്ട് നേടുന്നതിനാല്‍ വിശപ്പടക്കാന്‍ മനുഷ്യര്‍ വിധിക്കപ്പെട്ട നേരംമുതല്‍ (ഉല്‍പത്തി 3:17) നാളിതുവരെ നദീതടങ്ങളും നാട്ടിന്‍പുറങ്ങളും നഗരമുഖങ്ങളും ഒരുപോലെ അവരുടെ വിയര്‍പ്പുകണങ്ങള്‍ വീണു കുതിര്‍ന്നുകൊണ്ടിരിക്കുകയല്ലേ? സമ്പന്നമായ സംസ്‌കാരങ്ങളുടെ സൂര്യോദയങ്ങളില്‍ മുഴങ്ങിയിരുന്നത് വയലുകളെ വരഞ്ഞുകീറിയ കലപ്പകളുടെയും കാലിക്കുളമ്പടികളുടെയും പൊങ്ങിത്താഴ്ന്ന പണിയായുധങ്ങളുടെയുമൊക്കെ സ്വരങ്ങളായിരുന്നു. തൊഴിലാളികള്‍ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ കണ്ടുപിടുത്തമല്ല. അവരുടെ അര്‍ഹമായ അവകാശങ്ങളെ അംഗീകരിക്കാനും വിഹിതമായ വേതനം ഉറപ്പുവരുത്താനും അധികാരത്തില്‍ വരുന്നവര്‍ക്ക് കടമയുണ്ട്.

ദൈവത്തിന്റെ കയ്യൊപ്പുകള്‍

വേലക്കാരുടെ വിശ്വസ്തതയെ വിലമതിക്കുന്ന ഒരു വയലുടമയെ യേശുവിന്റെ ഉപമകളിലൊന്നില്‍ നാം കണ്ടുമുട്ടുന്നുണ്ട്. പുലരി മുതല്‍ പൊരിവെയിലത്ത് പണിതവര്‍ക്കും മൂവന്തിയിലെത്തി മുക്കാല്‍ മണിക്കൂര്‍മാത്രം മുന്തിരിച്ചുവട്ടില്‍ മണ്ണു കിളച്ചവര്‍ക്കും തുല്യവേതനം വീതിക്കുന്നവന്‍! അധ്വാനത്തിലുള്ള അവരുടെ ആത്മാര്‍ത്ഥതയ്ക്കാണ് അയാള്‍ വിലയിടുന്നത്. മനുഷ്യപ്പറ്റുള്ള ആ മുതലാളിയെപ്പോലെ വേലക്കാരോടു വാത്സല്യത്തോടെ വര്‍ത്തിക്കാന്‍ മേലാളന്മാര്‍ക്ക് ബാധ്യതയുണ്ട്. കാര്യസ്ഥന്മാരാകുന്ന കാലംമുതല്‍ കണ്ണില്‍ കണ്ടതിനെല്ലാം പണിക്കാരെ പഴിപറയാനും പിരിച്ചുവിടാനും കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ മാത്രം കറങ്ങിനടക്കുന്നവരുണ്ട്. കയര്‍ക്കാനും കുറ്റം പറയാനുമല്ലാതെ സഹതാപത്തോടെ സംസാരിക്കാനോ സഹോദരങ്ങളെപ്പോലെ അവരെ സ്‌നേഹിക്കാനോ അത്തരക്കാര്‍ക്ക് സാധിക്കില്ല.

ഓര്‍ക്കാം, ആരും ആരുടെയും അടിമകളായി അവതരിക്കുന്നില്ല. ജീവിതസാഹചര്യങ്ങള്‍ ചിലരെ അങ്ങനെ ആക്കുന്നുവെന്നേയുള്ളൂ. അവരെ ദൈവം നമുക്ക് ഭരമേല്‍പിക്കുകയാണ്. അവരും മനുഷ്യരാണ്, ശാരീരിക അസ്വസ്ഥതകളും മാനസികപിരിമുറുക്കങ്ങളും ആകുലതകളും ആശങ്കകളും അവര്‍ക്കുമുണ്ട്. അവരെ ആദരിക്കുന്നവനാകണം മുതലാളി. വേലക്കാരുടെ വിലാപവും മിഴിനീരും മുതലാളിയുടെമേലുള്ള മാറാശാപങ്ങള്‍ തന്നെ. അതുപോലെതന്നെ ചെയ്യുന്ന തൊഴിലിനോട് നീതി പുലര്‍ത്താനും അതിനുള്ള അവസരങ്ങളും പ്രതിഫലവും നല്‍കുന്നവരോട് നന്ദിയുള്ളവരായി ജീവിക്കാനും തൊഴിലാളികള്‍ക്കും പ്രതിബദ്ധതയുണ്ട്.

നസ്രത്തിലെ ഔസേപ്പ് എന്ന തച്ചന്‍ തൊഴിലാളികളുടെ മധ്യസ്ഥന്‍ മാത്രമല്ല, മാതൃകയുമാണ്. കുലമഹിമയ്ക്കല്ല, കൂലിപ്പണിയുടെ മഹിമക്കാണ് അവന്‍ കൂടുതല്‍ മൂല്യം കല്പിച്ചത്. വാസ്തവത്തില്‍ കരകൗശല വിദഗ്ദനും കര്‍മനിരതനുമായ ഒരു ദൈവത്തിന്റെ കഥയോടെയല്ലേ വേദഗ്രന്ഥംപോലും തുടങ്ങുന്നത് (ഉല്‍പത്തി 1:2). തൊഴിലാളികളുടെ വിയര്‍പ്പു തുള്ളികളാണ് മണ്ണിന് ഫലപൂയിഷ്ഠിയേകുന്നത്. ക്രിയാത്മകവും കളങ്കരഹിതവുമായ ഏതൊരു തൊഴിലിനും അതിന്റേതായ അഴകും വിശുദ്ധിയും വൈശിഷ്ട്യവുമുണ്ട്. അധ്വാനം ആരാധനയാണ് എന്ന മഹാത്മജിയുടെ മൊഴികളും ഈ സങ്കല്പത്തെയാണ് സാധൂകരിക്കുന്നത്.
തൊഴിലഴകിനെ പ്രണയിക്കാനാകട്ടെ പുതിയ തലമുറയുടെ അഭിനിവേശം. ഓര്‍ക്കണം, കഠിനാധ്വാനിയുടെ കരങ്ങളില്‍ കര്‍ത്താവിന്റെ കയ്യൊപ്പും കുടുംബത്തില്‍ കെടാത്ത കൃപാദീപവും കണിശമായുണ്ടാകും. സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നവരുടെയും വചനം വിതക്കുന്നവരുടെയും പോലെതന്നെ പവിത്രവും പൂജനീയവുമാണ് വിയര്‍പ്പൊഴുക്കി വേല ചെയ്യുന്നവരുടെയും പൊടിപിടിച്ച പാദങ്ങള്‍. അവര്‍ക്കേവര്‍ക്കും തൊഴിലാളിദിനത്തില്‍ പ്രപഞ്ചത്തിന്റെ പ്രണാമം!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?