Follow Us On

24

November

2024

Sunday

അമ്മയുടെ ഞായറാഴ്ച പ്രസംഗങ്ങളും മരണതീരത്തെ പ്രാര്‍ത്ഥനയും

അമ്മയുടെ ഞായറാഴ്ച പ്രസംഗങ്ങളും മരണതീരത്തെ പ്രാര്‍ത്ഥനയും

ജോസഫ് മൈക്കിള്‍

മരണത്തെ മുഖാമുഖം കണ്ട നിമിഷം ഫാ. റെമീജിയോസ് ഇഞ്ചനാനിയില്‍ പരിശുദ്ധ ദൈവമാതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു. ”അമ്മേ, ഞാനുടനെ അവിടേക്കുവരും. എന്നെ കാത്തുകൊള്ളണേ, എന്റെ പാപങ്ങളെല്ലാം പൊറുക്കണേ.” തലകീഴായി മറിഞ്ഞ സ്‌കോര്‍പ്പിയോ ആ സമയം ഹൈവേയിലൂടെ നിരങ്ങിനീങ്ങുകയായിരുന്നു. ചാറ്റല്‍മഴമൂലം റോഡില്‍ വഴുവഴുപ്പും ഉണ്ടായിരുന്നു. താമരശേരിയില്‍നിന്നും എറണാകുളത്തേക്കുള്ള യാത്രയില്‍ പൊന്നാനി കഴിഞ്ഞ് തീരദേശഹൈവേയില്‍ ഏതാനും കിലോമീറ്ററുകള്‍ പിന്നിട്ടപ്പോഴായിരുന്നു അപകടം. 100 കിലോമീറ്ററോളം വേഗതയില്‍ പോയിരുന്ന വാഹനം വളവില്‍ എത്തിയപ്പോള്‍ ഡ്രൈവറുടെ കണക്കുകൂട്ടല്‍ തെറ്റി, റോഡില്‍നിന്നും തെന്നിപുറത്തേക്ക് പോയി. വണ്ടി റോഡിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടയില്‍ തലകുത്തി മറിഞ്ഞു, അവര്‍ അതിനുള്ളില്‍ കുടുങ്ങി. വളരെ ദൂരം തെന്നി നീങ്ങി. എതിര്‍ ദിശയില്‍നിന്നും വരുന്ന വാഹനങ്ങളിലോ റോഡിന്റെ വശങ്ങളിലുള്ള മരങ്ങളിലോ ഇടിക്കുമെന്ന തോന്നിയ സമയത്തായിരുന്നു ഹൃദയം നുറുങ്ങിയ പ്രാര്‍ത്ഥന ഉയര്‍ന്നത്.

റോഡുപണിക്കുവേണ്ടി സൈഡില്‍ കൂട്ടിയിട്ടിരുന്ന പാറപ്പൊടിയുടെ കൂമ്പാരത്തിലേക്ക് കയറി പെട്ടെന്ന് വാഹനം നിന്നു. രാവിലെ ആറു മണി ആകുന്നതെ ഉണ്ടായിരുന്നുള്ളൂ. ആളുകള്‍ ഓടിക്കൂടി. വാഹനം മറിയുന്നതും നിരങ്ങിനീങ്ങുന്നതും കണ്ടവര്‍ വിചാരിച്ചത് വണ്ടിയിലുള്ളവര്‍ മരിച്ചു എന്നായിരുന്നു. എന്നാല്‍, അതില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ക്കും ചെറിയൊരു പോറലുപോലും ഏറ്റില്ല. 2009 നവംബറിലായിരുന്നു ഈ സംഭവം. രണ്ടു മാസം കഴിഞ്ഞ് 2010 ജനുവരി 18ന് ആ വൈദികനെ താമരശേരി രൂപതയുടെ മെത്രാനായി ഉയര്‍ത്തിക്കൊണ്ടുള്ള മാര്‍പാപ്പയുടെ പ്രഖ്യാപനം വന്നു. അത്ഭുകരമായ ദൈവിക പരിപാലന അനുഭവിച്ചറിഞ്ഞ നിമിഷമായിരുന്നു അപകട സമയമെന്ന് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറയുന്നു. എന്തു വന്നാലും ഭയപ്പെടരുത്, ദൈവം കൂടെ ഉണ്ടെന്ന ഉറപ്പാണ് അതിലൂടെ ലഭിച്ചതെന്ന് പിതാവ് കൂട്ടിച്ചേര്‍ക്കുന്നു. ആ ധൈര്യമാണ് പിതാവിനെ ഇന്നും മുമ്പോട്ടു നയിക്കുന്നത്.

 

100 കിലോമീറ്ററോളം വേഗതയില്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പ്പിയോ
റോഡില്‍നിന്നും തെന്നിപുറത്തേക്ക് പോയി. തിരിച്ച് റോഡിലേക്ക് കയറ്റാനുള്ള
ശ്രമത്തിനിടയില്‍ തലകുത്തി മറിഞ്ഞു, വളരെ ദൂരം തെന്നി നീങ്ങി. എതിരെ വരുന്ന വാഹനങ്ങളിലോ മരങ്ങളിലോ ഇടിക്കുമെന്ന തോന്നിയ സമയത്തായിരുന്നു ഹൃദയം നുറുങ്ങിയ പ്രാര്‍ത്ഥന ഉയര്‍ന്നത്.

 

നീതിയുടെ ശബ്ദം

നീതിനിഷേധിക്കപ്പെടുന്ന മലയോര കര്‍ഷകരുടെ ശബ്ദമാണ് മാര്‍ ഇഞ്ചനാനിയില്‍. ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്ക് എതിരെ നടന്ന പ്രതിഷേധങ്ങളിലും ബഫര്‍സോണ്‍ പ്രശ്‌നത്തിലുമൊക്കെ കര്‍ഷകര്‍ക്കൊപ്പം സമരഭൂമിയില്‍ നിലയുറപ്പിച്ച പിതാവിനെ കേരളം കണ്ടതാണ്. കൂടാതെ, ചെറുതും വലുതുമായ നിരവധി പ്രശ്‌നങ്ങളില്‍ കര്‍ഷകര്‍ക്കൊപ്പം റെമീജിയോസ് പിതാവ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യംകൊണ്ടുതന്നെ തീരുമാനമെടുക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുകയും രമ്യമായി പരിഹരിക്കപ്പെടുകയും ചെയ്ത പ്രശ്‌നങ്ങള്‍ നിരവധിയാണ്. പ്രതിഷേധങ്ങളില്‍ പിതാവിന്റെ സാന്നിധ്യം കര്‍ഷകര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ”നീതിയുടെ പക്ഷത്താണെങ്കില്‍ നാം എന്തിനാണ് ഭയക്കുന്നത്? അനീതികള്‍ക്കെതിരെ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഭയപ്പെടേണ്ട ആവശ്യമില്ല. ദൈവം നമ്മോടു കൂടെ ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്.” മാര്‍ ഇഞ്ചനാനിയില്‍ പറയുന്നു.

സംഘടിതരല്ലാത്ത കര്‍ഷകരുടെ ശബ്ദമായി മാറുന്നതിന്റെ പേരില്‍ ചിലപ്പോഴെങ്കിലും ഉയരുന്ന വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തുന്നില്ല. ആളുകള്‍ വിമര്‍ശിക്കുന്നത് തെറ്റിദ്ധാരണമൂലമാണെന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ട്. ഏതുകാര്യം ചെയ്യുമ്പോഴും സുവിശേഷത്തിലെ ഈശോയാണ് റെമീജിയോസ് പിതാവിന്റെ മാതൃക. ”സുവിശേഷത്തിലെ ഈശോ എന്റെ ശക്തികേന്ദ്രവും സുവിശേഷം ജീവിത നിയമവുമാണ്.” ഏതു കാര്യം ചെയ്യുന്നതിനുമുമ്പും ഈശോ ഇങ്ങനെ ചെയ്യുമായിരുന്നോ എന്ന് സ്വയം ചോദിക്കും. ദൈവജനം വിഷമിക്കുമ്പോള്‍ ഇടപെടാതിരിക്കാന്‍ കഴിയില്ലെന്നാണ് റെമീജിയോസ് പിതാവിന്റെ പക്ഷം.

താമരശേരിയില്‍നിന്നൊരു ‘ഫ്ലിപ് കാർട്ട്’

താമരശേരി രൂപത റൂബി ജൂബിലി ആഘോഷിക്കുകയാണ്. ഒരുമിച്ചുനിന്ന് വളര്‍ന്നതിന്റെ കഥകളാണ് രൂപതയ്ക്ക് പറയാനുള്ളത്. ആഴമായ സഭാ സ്‌നേഹമുള്ള ശക്തമായ അല്മായ നേതൃത്വമുണ്ടെന്നത് അഭിമാന നേട്ടമായി റെമീജിയോസ് പിതാവ് വിലയിരുത്തുന്നു. ജൂബിലിയുടെ ഭാഗമായി ആത്മീയ-ഭൗതിക മേഖലകളുടെ വളര്‍ച്ച ലക്ഷ്യമാക്കിയുള്ള 32 പദ്ധതികള്‍ക്ക് രൂപം നല്‍കിക്കഴിഞ്ഞു. യുവജനങ്ങള്‍, കുടുംബങ്ങള്‍, കര്‍ഷകര്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും ഉണര്‍ത്തുപാട്ടായി മാറുന്നവയാണ് പദ്ധതികള്‍. അവയില്‍ പലതും രാജ്യത്തിനുതന്നെ മാതൃകയായി മാറാന്‍ സാധ്യതയുള്ളതാണെന്നതു തീര്‍ച്ച. വിലത്തകര്‍ച്ചമൂലം കടക്കെണിയിലായ കര്‍ഷകരെ അതില്‍നിന്നും പുറത്തുകൊണ്ടുവന്ന് സംരംഭകരാക്കി മാറ്റാന്‍ കഴിയുന്ന പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവിത നിലവാരത്തില്‍ വന്‍കുതിച്ചുചാട്ടമായിരിക്കും വരാന്‍ പോകുന്നത്.

സാധാരണ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വില്ക്കാനും വാങ്ങാനും കഴിയുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് അതില്‍ ഏറെ ശ്രദ്ധേയം. ആമസോണിലോ, ഫഌപ്കാര്‍ട്ടിലോ ഒക്കെ ഓര്‍ഡര്‍ ചെയ്യുന്നതുപോലെ വീട്ടിലിരുന്ന് എന്തും വാങ്ങാന്‍ മാത്രമല്ല, വില്ക്കാനും കഴിയുന്ന പ്ലാറ്റ്‌ഫോമാണ് ഒരുക്കപ്പെടുന്നത്. ആദ്യം രൂപതയുടെ ചില പ്രദേശങ്ങളില്‍ ഈ സൗകര്യമേര്‍പ്പെടുത്തിയിട്ട് തുടര്‍ന്ന് രൂപത മുഴുവനും മറ്റു രൂപതകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. കാര്‍ഷിക ഉത്പന്നങ്ങള്‍ മാത്രമല്ല, എല്ലാ ഉത്പന്നങ്ങള്‍ക്കുമുള്ള വിപണിയാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

സ്വപ്‌നപദ്ധതികള്‍

ഇതൊക്കെ നടക്കുന്നതാണോ എന്നു ചോദിക്കാന്‍ വരട്ടെ. ബ്ലെസഡ് പ്രൊഡ്യൂസേഴ്‌സ് ആന്റ് മാര്‍ക്കറ്റിംഗ് കമ്പനി എന്ന പേരില്‍ അതിനായുള്ള കമ്പനിക്ക് തുടക്കംകുറിച്ചുകഴിഞ്ഞു. കൃഷി കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിനായി ഇഫ എന്നൊരു പ്രൊജക്ടിന് രൂപം നല്‍കിയിട്ടുണ്ട്. വിഷമയമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാനും കൃഷി ലാഭകരമായി നടത്തുന്നതിനുമുള്ള പരിശീലനമാണ് നല്‍കുന്നത്. അതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനും വൈബ്‌സൈറ്റും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. 5 വിഭാഗങ്ങളായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. ഉദാഹരണത്തിന്, കോഴിവെയ്സ്റ്റ് നല്‍കിയാണ് കര്‍ഷകര്‍ പന്നിയെ വളര്‍ത്തുന്നത്. എന്നാല്‍, വിദേശരാജ്യങ്ങളിലേതുപോലെ പന്നിക്കുള്ള ഫീഡ് നല്‍കിയാല്‍ പശുക്കളെ വളര്‍ത്തുന്നതുപോലെ വീടുകളോട് ചേര്‍ന്ന് നാലോ അഞ്ചോ പന്നികളെ വളര്‍ത്താം, ദുര്‍ഗന്ധം ഉണ്ടാവില്ല. 10 സെന്റ് സ്ഥലം ഉള്ളവര്‍ക്കുപോലും അതു കൃത്യമായി പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നതാണ് ഇതിന്റെ പിന്നിലെ കാഴ്ചപ്പാട്.

 

കൗണ്‍സിലര്‍ പറഞ്ഞ 90 കാര്യങ്ങളില്‍ ഒരിക്കലും നടക്കുകയില്ലെന്നു കരുതിയ മൂന്ന് എണ്ണം ഓര്‍മയില്‍നിന്നും മാഞ്ഞുപോയില്ല. എന്നാല്‍, അവ മൂന്നും ആ വൈദിക വിദ്യാര്‍ത്ഥിയെ കുറിച്ചുള്ള ദൈവിക പദ്ധതിയായിരുന്നു എന്ന് മനസിലായത് വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു.

 

10 വയസുകാരന്റെ ഹൃദയത്തില്‍
പതിഞ്ഞ വാക്കുകള്‍

പരേതരായ പോള്‍-റോസ് ദമ്പതികളുടെ എട്ട് മക്കളില്‍ ആറാമനാണ് മാര്‍ ഇഞ്ചനാനിയില്‍. പാലാ, രാമപുരത്തുനിന്നുമാണ് റെമീജിയോസ് പിതാവിന്റെ മാതാപിതാക്കള്‍ താമരശേരി രൂപതയിലെ വെറ്റിലപ്പാറയിലേക്ക് കുടിയേറിയത്. കുടിയേറ്റത്തിന്റെ ആരംഭനാളുകളില്‍ പ്രദേശത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായിരുന്നു മാര്‍ ഇഞ്ചനാനിയിലിന്റെ പിതാവ്. അദ്ദേഹം സൗജന്യമായി നല്‍കിയ 15 സെന്റ് സ്ഥലത്ത് നിര്‍മിച്ച ഷെഡ് ആയിരുന്നു അവിടുത്തെ ആദ്യ ഇടവക ദൈവാലയം. രണ്ടാഴ്ച കൂടുമ്പോഴോ മാസത്തിലൊന്നോ ആയിരുന്നു വൈദികന്‍ വന്നിരുന്നത്. അച്ചന്‍ വരുമ്പോള്‍ ഭക്ഷണം നല്‍കിയിരുന്നത് അവരുടെ വീട്ടില്‍നിന്നായിരുന്നു. മക്കള്‍ക്ക് നല്‍കാത്ത വിഭവങ്ങള്‍പ്പോലും അമ്മ വൈദികര്‍ക്കുവേണ്ടി കരുതിവച്ചിരുന്നു. ദൈവദൂതന്‍ വരുന്നതുപോലെയായിരുന്നു അമ്മ വൈദികരെ കണ്ടിരുന്നത്. പൗരോഹിത്യം ഏറ്റവും വലുതാണെന്ന് അമ്മയുടെ പ്രവൃത്തികളില്‍നിന്നുമാണ് പഠിച്ചതെന്നാണ് റെമീജിയോസ് പിതാവ് പറയുന്നു.

ഞായറാഴ്ച ദൈവാലയത്തില്‍ നിന്നും വന്നാല്‍ അച്ചന്‍ അന്നു പറഞ്ഞ പ്രസംഗത്തിന്റെ സംഗ്രഹം മക്കളെ ചുറ്റുമിരുത്തി പറയുന്നത് അമ്മയുടെ രീതിയായിരുന്നു. ഒരു ഞായറാഴ്ച മലയിലെ പ്രസംഗമായിരുന്നു അച്ചന്‍ വ്യാഖ്യാനിച്ചത്. ‘ഹൃയവിശുദ്ധിയുള്ളവര്‍ ദൈവത്തെ കാണുമെന്ന’ ഭാഗം ദൈവാലയത്തില്‍നിന്നും വരുമ്പോള്‍ അമ്മയുടെ മനസില്‍ നിറഞ്ഞുനിന്നിരുന്നു. നിനക്ക് ഹൃദയവിശുദ്ധിയുണ്ട്, വൈദികനാകാന്‍ പറ്റുമെന്ന് റെമീജിയോസിനോടു അന്ന് അമ്മ പറഞ്ഞു. 10 വയസുകാരന്റെ ഹൃദയത്തിലായിരുന്നു ആ വാക്കുകള്‍ പതിച്ചത്. പാലായില്‍ പഠിച്ചുകൊണ്ടിരുന്ന ചേട്ടന്‍ ഒരു ദിവസം വന്നപ്പോള്‍ വി. ഡോണ്‍ ബോസ്‌കോയുടെ ജീവചരിത്രം കൊണ്ടുവന്നു. വി. ഡോമിനിക് സാവിയോയുടെ ജീവിതവും അതില്‍ ഉണ്ടായിരുന്നു. വി. ഡോമിനിക് സാവിയോയെപ്പോലെ ജീവിക്കണമെന്ന ചിന്ത മനസിലേക്കുവരാന്‍ വായന കാരണമായി. 10 കഴിഞ്ഞപ്പോഴേയ്ക്കും സെമിനാരിയിലേക്ക് എന്ന ചിന്ത മനസില്‍ ഉറച്ചിരുന്നു.

കുടിയേറ്റം താല്ക്കാലിക പ്രതിഭാസം

എല്ലാവരുമായി സ്‌നേഹബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ റെമീജിയോസ് പിതാവിന് പ്രത്യേകമായൊരു കഴിവുണ്ട്. വര്‍ഗീയ ധ്രുവീകരണം വലിയ വെല്ലുവിളിയാണ്. ചര്‍ച്ചകളാണ് പ്രശ്‌നപരിഹാരത്തിനുള്ള ഒരു മാര്‍ഗം. ഒരുമിച്ചുനിന്ന് പ്രവര്‍ത്തിക്കാനുള്ള മേഖലകള്‍ തുറക്കുകയും വര്‍ഗീയത ഉണ്ടാകാനുള്ള സാധ്യതകളെ സംയമനത്തോടെ സമീപിക്കുകയും വേണമെന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. കുടിയേറ്റത്തെ ദൈവം നല്‍കുന്ന അവസരമായിട്ടു കാണണമെന്നാണ് പിതാവ് പറയുന്നത്. 1940 മുതല്‍ 70 വരെ തിരുവിതാംകൂറില്‍നിന്ന് മലബാറിലേക്ക് ഒരു ലക്ഷത്തിനടുത്ത് കുടുംബങ്ങള്‍ കുടിയേറി. അതുകൊണ്ട് അവിടെ കുറവുവന്നില്ല. ഇവിടെയും സമൃദ്ധി ഉണ്ടായി. കുടിയേറ്റം താല്ക്കാലിക പ്രതിഭാസമാണ്, എല്ലാക്കാലത്തും ഒരുപോലെ തുടരില്ല. ഇവിടെ ജീവിക്കാന്‍ സാധ്യതകള്‍ ഉള്ളവര്‍ അതു പ്രയോജനപ്പെടുത്തി, ഇവിടെ ജീവിച്ച് സമൂഹത്തെ ശക്തിപ്പെടുത്തണം. വിവേകത്തോടു തീരുമാനങ്ങളെടുക്കണമെന്നാണ് മാര്‍ ഇഞ്ചനാനിയിലിന്റെ പക്ഷം.

അവിശ്വസിച്ച മൂന്ന് വാഗ്ദാനങ്ങള്‍

പ്രതിസന്ധികളുടെ സമയങ്ങളില്‍ ദൈവം കൈപിടിച്ചു നടത്തിയ നിരവധി അനുഭവങ്ങളുണ്ട്. സെമിനാരി കാലഘട്ടത്തില്‍തന്നെ നവീകരണത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ശാലോമിന്റെ ആത്മീയ പിതാവായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ മോണ്‍. സി.ജെ വര്‍ക്കിയച്ചനുമായുള്ള ബന്ധമാണ് നവീകരണത്തില്‍ ആഴപ്പെടാന്‍ കാരണമായത്. ധ്യാനത്തില്‍ പങ്കെടുക്കുന്ന ആളുകളുടെ ജീവിതത്തില്‍ വന്ന വലിയ മാറ്റങ്ങളാണ് നവീകരണത്തിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് റെമീജിയോസ് പിതാവ് പറയുന്നു. അക്കാലത്തൊരിക്കല്‍ വര്‍ക്കിയച്ചന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് കൗണ്‍സലിംഗിന് പോയി. 22 വയസില്‍ താഴെയാണ് പ്രായം. ഏതാണ്ട് 90 മെസേജുകള്‍ അന്നു പറഞ്ഞിരുന്നു. ഒരിക്കലും നടക്കുകയില്ലെന്നു കരുതിയ മൂന്നു കാര്യങ്ങള്‍ ഓര്‍മയില്‍നിന്നും മാഞ്ഞുപോയില്ല. എന്നാല്‍, അവ മൂന്നും തന്നെ കുറിച്ചുള്ള ദൈവിക പദ്ധതിയായിരുന്നു എന്ന് മനസിലായത് വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു.

ആദ്യത്തേത് വിദേശത്ത് ഉപരിപഠനത്തിന് പോകുമെന്നായിരുന്നു. അക്കാലത്ത് ഉപരിപഠനത്തിന് അങ്ങനെ അയച്ചിരുന്നില്ല. കൂടാതെ, പഠനത്തില്‍ റാങ്ക് ഹോള്‍ഡര്‍ ആയിരുന്നില്ല. അതിനാല്‍ത്തന്നെ അതൊട്ടും വിശ്വാസയോഗ്യമായി തോന്നിയില്ല. എന്നാല്‍ പിന്നീട് റോമില്‍ ഉപരിപഠനം നടത്തി ഡോക്‌ടേറ്റ് എടുക്കാന്‍ അവസരം ലഭിച്ചു. 2, പുസ്തകമെഴുതും- എഴുത്തുകാരനോ, എഴുതാനുള്ള ശൈലിയോ അതുവരെ ഇല്ലായിരുന്നു. എന്നാല്‍, ഇപ്പോള്‍ മൂന്നാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ് മാര്‍ ഇഞ്ചനാനിയില്‍. ബിഷപ്പായതിനുശേഷം തിരക്കുകളുടെ നടുവില്‍നിന്നാണ് രണ്ടു പുസ്തകങ്ങളും എഴുതിയത്. 3, ഉന്നതമായ സ്ഥാനങ്ങള്‍ വഹിക്കുമെന്നായിരുന്നു. അതു കേട്ടപ്പോഴും ഒട്ടും വിശ്വാസം വന്നില്ല. കൂടിവന്നാല്‍ ഒരു ഫൊറോന വികാരി ആകുമെന്നു കരുതി. തന്നെക്കാള്‍ അറിവും കഴിവും ഉള്ള പ്രഗത്ഭരായ വൈദികരുണ്ട്. മേല്‍പ്പട്ട ശുശ്രൂഷയിലേക്ക് ഒരുങ്ങാനുള്ള ദൈവിക നിര്‍ദ്ദേശമായിരുന്നു അതെന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തിരിച്ചറിഞ്ഞത്. ദൈവമാണ് നമ്മെ ഉയര്‍ത്തുന്നതെന്ന് സ്വന്തം അനുഭവങ്ങളുടെ മുകളില്‍നിന്ന് റെമീജിയോസ് പിതാവ് പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?