ലാഹോർ: പാക്കിസ്ഥാനിൽ ഇസ്റ്റാമിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ മകളെ മോചിപ്പിച്ച ക്രൈസ്തവ വിശ്വാസി ബഷാരത് മസിഹ് കൊല്ലപ്പെട്ടു. 12 വയസുള്ള മകളുടെ മോചനത്തിനായി പ്രവർത്തിച്ച മസിഹിനെ തീവ്ര മുസ്ലീം ചിന്താഗതിക്കാരായ ചിലർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബിലെ ഫൈസലാബാദ് കോടതി ഉത്തരവിനെ തുടർന്ന് മാർച്ചിൽ പെൺകുട്ടി മോചിതയായിരുന്നു. ഏപ്രിൽ 24ന് നടന്ന കൊലപാതകം ഇക്കഴിഞ്ഞ ദിവസമാണ് ഇംഗ്ലീഷ് മാധ്യമങ്ങളിൽ വാർത്തയായത്.
ഒരു സംഘം ആളുകൾ ചേർന്ന് ബഷാരത് മസിഹിനെ തെരുവിൽവെച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരി മറിയം ബീബിയാണ് വെളിപ്പെടുത്തിയത്. ‘തന്റെ സഹോദരൻ പ്രാവ് പറത്തൽ മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു. നിലവിളി കേട്ട് തെരുവിലേക്ക് ഓടിയെത്തിയപ്പോൾ ഒരു സംഘം ആളുകൾ ബഷാരത്തിനെ ആക്രമിക്കുന്നതാണ് കണ്ടത്. തുടർന്ന് അദ്ദേഹം മരണപ്പെട്ടു.’ നിഷാതാബാദ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ മറിയം ബീബി സാക്ഷ്യപ്പെടുത്തി.
കച്ചവടസ്ഥാനം നടത്തുന്ന മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഉസ്മാൻ എന്നിവരാണ് 2022 ഡിസംബർ 28 ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. അവരുടെ കടയിൽ ഇടയ്ക്ക് ജോലിക്ക് പോകുമായിരുന്നു പെൺകുട്ടി. നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കപ്പെട്ട അവൾ ഫെബ്രുവരി 17 മുതൽ, ആക്രമണത്തിനിരയായ വനിതകളുടെ സംരക്ഷണകേന്ദ്രത്തിലായിരുന്നു. വീട്ടിൽ പോകണമെന്ന് അവൾ വ്യക്തമാക്കിയതിനെ തുടർന്നാണ് അവളുടെ മോചനത്തിന് കോടതി ഉത്തരവിട്ടത്.
കേസ് അവസാനിച്ചെങ്കിലും പെൺകുട്ടിയുടെ കുടുംബത്തിന് നേരെയുള്ള വധഭീഷണി അവസാനിച്ചില്ലെന്ന് മറിയം ബീബി പറയുന്നു. മകളെ തട്ടിക്കൊണ്ടുപോയതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നതിനുള്ള പ്രതികാരമായാണ് ബഷാരത് കൊല്ലപ്പെട്ടതെന്ന് ഹ്യൂമൻ റൈറ്റ്‌സ് ഫോക്കസ് പാക്കിസ്ഥാൻ പ്രസിഡന്റ് നവീദ് വാൾട്ടർ ചൂണ്ടിക്കാട്ടി. കൊലപാതകത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം അക്രമങ്ങൾ നിരോധിക്കാൻ നിയമനിർമാണം നടത്തണമെന്ന്, പെൺകുട്ടിയുടെ മോചനത്തിനായി കുടുംബത്തെ സഹായിച്ച മനുഷ്യാവകാശ പ്രവർത്തകൻ റോബിൻ ഡാനിയൽ ആവശ്യപ്പെട്ടു. ‘പെൺകുട്ടിയ മോചിപ്പിച്ചതിനാലാണ് ബഷാരത്ത് മസിഹ് കൊല്ലപ്പെട്ടത്. മകൾക്ക് നീതി ചോദിച്ച പിതാവ് കൊല്ലപ്പെടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നത് അത്യന്തം നടുക്കമുളവാക്കുന്നു.’
ഫോട്ടോ ക്യാപ്ഷൻ: ആദ്യ ചിത്രം കൊല്ലപ്പെട്ട ബഷാരത് മസിഹ്, രണ്ടാമത്തേത് ഫയൽ ചിത്രം.
Leave a Comment
Your email address will not be published. Required fields are marked with *