Follow Us On

24

November

2024

Sunday

ക്രൈസ്തവര്‍ക്ക് സാമൂഹ്യവിലക്ക് തുടരുന്നു

ക്രൈസ്തവര്‍ക്ക് സാമൂഹ്യവിലക്ക് തുടരുന്നു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ഗരാന്‍ജി വില്ലേജിലെ ആദിവാസി ക്രൈസ്തവര്‍ക്ക് സാമൂഹികവിലക്കിന്റെ ഭാഗമായി ജോലിയും കൂലിയും നിഷേധിക്കുന്നതായി പരാതി. ഒമ്പത് ക്രൈസ്തവ കുടുംബങ്ങള്‍ ജില്ലയിലെ മുതിര്‍ന്ന റവന്യു അധികാരിക്ക് ജോലി ചെയ്യുവാനുള്ള അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് പരാതി എഴുതി നല്‍കി. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിലാണ് അവര്‍ക്ക് ജോലി നിഷേധിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഗ്രാമത്തലവനായ ഗോപാല്‍ ദുഗ്ഗയാണ് മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീം വഴിയുള്ള ജോലി അവര്‍ക്ക് നിരാകരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

”ഈ കുടുംബങ്ങളും അപ്രഖ്യാപിത വിലക്കാണ് നേരിടുന്നത്. അവര്‍ക്ക് അവിടെ ജീവിക്കാന്‍ കഴിയുന്നില്ല. ബഹിഷ്‌ക്കരിച്ച് അവിടെ നിന്ന് ഓടിക്കുകയാണ് അവരുടെ ലക്ഷ്യം ”ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാല്‍ പറയുന്നു. നേരത്തെ നാരായണപുരയില്‍ ക്രൈസ്തവര്‍ക്കെതിരെ വലിയ തോതിലുള്ള അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. അതിനെത്തുടര്‍ന്ന് അനേകം പേര്‍ അവിടെനിന്നും പലായാനം ചെയ്തു. നേരിട്ടുള്ള അക്രമം കഴിഞ്ഞ് അവര്‍ക്ക് ജോലി നിഷേധിച്ചുകൊണ്ട് അവരെ പുറത്താക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തികച്ചും ദൗര്‍ഭാഗ്യകരമാണ് ഇത്തരം സംഭവങ്ങള്‍. ക്രൈസ്തവരെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ ഛത്തീസ്ഗഡ് ഗവണ്‍മെന്റ് ഒരു നടപടിയും എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദുമതമൗലികവാദികള്‍ പറയുന്നത് ക്രൈസ്തവര്‍ മതം മാറ്റുന്നു എന്നാണ്‌. എന്നാല്‍ ശരിക്കും അവരാണ് മറ്റുള്ളവരെ തങ്ങളുടെ മതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റവന്യു അധികാരികള്‍ക്ക് പരാതി നല്‍കാന്‍ ധീരത കാണിച്ച ആദിവാസി ക്രൈസ്തവരെ ഇന്ത്യന്‍ കാത്തലിക് ബിഷപ്‌സ് കമ്മീഷന്‍ ഫോര്‍ ട്രൈബല്‍ അഫയേര്‍സ് സെക്രട്ടറി ഫാ. നിക്കോളാസ് ബാര്‍ല അഭിനന്ദിച്ചു.

ജില്ല ഭരണൂകുടം അവര്‍ക്ക് ജോലി ചെയ്യുവാനുള്ള അധികാരം പുനസ്ഥാപിച്ചുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നാരായണപുരയിലെ ക്രൈസ്തവര്‍ക്ക് സാധാരണ ജോലികള്‍പോലും നിഷേധിക്കുകയാണെന്ന് ക്രൈസ്തവ നേതാക്കള്‍ പറയുന്നു. സാമൂഹിക ബഹിഷ്‌ക്കരണത്തെത്തുടര്‍ന്ന് നാരായണപുരയിലെയും കോണ്‍ടാഗോണ്‍ ജില്ലയിലെയും 300 ലേറെ ക്രൈസ്തവ കുടുംബങ്ങള്‍ക്ക് അവരുടെ നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നിരുന്നു. മതമൗലികവാദികളുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണ ക്രൈസ്തവരെ ആട്ടിപ്പായിക്കുന്നതിന് ഉണ്ടെന്നുളളതാണ് വസ്തുതയെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?