Follow Us On

24

November

2024

Sunday

പഞ്ചാബ്-രാജസ്ഥാന്‍ മിഷന്‍ സുവര്‍ണ ജൂബിലി നിറവില്‍

പഞ്ചാബ്-രാജസ്ഥാന്‍ മിഷന്‍  സുവര്‍ണ ജൂബിലി നിറവില്‍

ചണ്ഡീഗഡ്: ഫാ. ബസേലിയൂസ് പാണാട്ട് 1931 ല്‍ മൂക്കന്നൂരില്‍ സ്ഥാപിച്ച ചെറുപുഷ്പ സന്യാസസഭയുടെ ക്രിസ്തുജ്യോതി പ്രൊവിന്‍സിന്റെ പഞ്ചാബ് – രാജസ്ഥാന്‍ മിഷന്‍ സുവര്‍ണ ജൂബിലി നിറവില്‍. ജൂബിലി ആഘോപരിപാടികള്‍ പഞ്ചാബിലെ കോട്ട്ഷമീര്‍ ലിറ്റില്‍ ഫ്ലവർ സീറോ മലബാര്‍ കത്തോലിക്കാ ദൈവാലയത്തിലും ശ്രീ മുക്‌സര്‍ സാഹിബിലെ ലിറ്റില്‍ ഫ്ലവർ കത്തോലിക്കാ ദൈവാലയത്തിലുമായി സംഘടിപ്പിച്ചു.

ഫരീദാബാദ് രൂപത ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡല്‍ഹി അതിരൂപത ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജോസ് തോമസ് കുട്ടോ, ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ആഗ്‌നെലോ റുഫിനോ ഗ്രേഷ്യസ്, ഷിംല-ചണ്ഡീഗഡ് രൂപത മെത്രാന്‍ ഡോ. ഇഗ്‌നേഷ്യസ് മസ്‌ക്രീഹെന്‍സ്, ഗോരഖ്പൂര്‍ രൂപതാ മെത്രാന്‍ മാര്‍ തോമസ് തുരുത്തിമറ്റം, ഫരീദാബാദ് രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ചെറുപുഷ്പ സഭ സുപ്പീരിയര്‍ ജനറല്‍ ഡോ. ജോജോ വരകുകാലായില്‍, ക്രിസ്തുജ്യോതി പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഡോ. സാജു കൂത്തോടിപുത്തന്‍പുരയില്‍, വിവിധ സന്യാസ-സന്യാസിനി സമൂഹങ്ങളുടെ മേലധികാരികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

1969 ല്‍ ഭോപ്പാല്‍ അതിരൂപതയിലും 1970 ല്‍ വാരണാസി രൂപതയിലും 1973 ല്‍ ജലന്ധര്‍ രൂപതയിലും ആരംഭിച്ച ചെറുപുഷ്പ സഭയുടെ പ്രേഷിത പ്രവര്‍ത്തനം വിവിധ കര്‍മ്മമണ്ഡലങ്ങളിലൂടെ അനേകായിരങ്ങള്‍ക്ക് ആത്മീയ ചൈതന്യം പ്രദാനം ചെയ്യുന്നു.
അഞ്ചു പതിറ്റാണ്ടു മുമ്പ് ജലന്ധര്‍ രൂപതയുമായുള്ള കരാര്‍ പ്രകാരം പഞ്ചാബിലെ ശ്രീ മുക്‌സര്‍സാഹിബ് ജില്ലയില്‍ ആദ്യകാല മിഷനറിമാര്‍ ഡൊമിനിക് കോക്കാട്ട് (ഗോരഖ്പൂര്‍ രൂപതയുടെ പ്രഥമമെത്രാന്‍), ബ്രൂണോ പഴൂപറമ്പില്‍, ജോണ്‍ കുടിലില്‍, ജോസഫ് ചാത്തനാട്ട് എന്നിവര്‍ സേവനങ്ങള്‍ ആരംഭിച്ചു.
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് ആദ്യമായി ഒരു ആശുപത്രിയും സ്‌കൂളും ആരംഭിച്ചു. 1982 ല്‍ രാജസ്ഥാനിലേക്കും സഭ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിപ്പിച്ചു.

ആശുപത്രികളും ഡിസ്‌പെന്‍സറികളും ആതുരസേവനരംഗത്ത് മാറ്റങ്ങള്‍ വരുത്തിയതിനൊപ്പം അംഗന്‍വാടികളും സ്‌കൂളുകളും ഉന്നത വിദ്യാഭ്യാസരംഗത്തെ പുതിയ കാല്‍വയ്പ്പുകളും വിദ്യാഭ്യാസരംഗത്തെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുവാന്‍ സഹായിച്ചു. സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അനാഥാലയങ്ങള്‍, ഫോസ്റ്റര്‍ ഹോംസ്, കുഷ്ഠരോഗ പുനരധിവാസ കേന്ദ്രങ്ങള്‍ എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ സഭ ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ന് 32 മിഷന്‍ കേന്ദ്രങ്ങളില്‍ 60 വൈദികര്‍ സേവനം ചെയ്യുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?