ജോസഫ് മൂലയില്‍
സംസ്ഥാനത്തെ വിവിധ റോഡുകളില്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാറമകളെ (എഐ) കുറിച്ചുള്ള വാര്‍ത്തകള്‍ ഈ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഭാവിയില്‍ സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട വരുമാനമാര്‍ഗങ്ങളിലൊന്നായി ഈ ക്യാമറകള്‍ മാറാനുള്ള സാധ്യതകളുമുണ്ട്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകളുടെ ചിത്രങ്ങളും, റോഡുകളിലെ കുഴികളില്‍ വീണ് അപകടം സംഭവിക്കുന്ന യാത്രക്കാരുടെയും വാഹനങ്ങളുടെയും ചിത്രങ്ങളും ക്യാമറയില്‍ ലഭിക്കുമോ എന്നറിയില്ല. ഇനി കുഴിയില്‍ വീഴുന്നവരുടെ പേരില്‍ അപകടകരമായി വാഹനം ഓടിച്ചു എന്ന കുറ്റം ചുമത്തി പിഴ ഈടാക്കുമോ എന്നും നിശ്ചയമില്ല. റോഡുകളിലൂടെ ‘പറക്കുംതളികയിലെ താമരാക്ഷന്‍പിള്ള’ മോഡലില്‍ പുകപറത്തിക്കൊണ്ടുപോകുന്ന വാഹനങ്ങളെ കാണാറുണ്ട്. അവരുടെ കയ്യിലും പുക സര്‍ട്ടിഫിക്കറ്റ് ഉണ്ടാകുമെന്നതാണ് അതിശയകരം. പുക ഉണ്ടെങ്കിലും കുഴപ്പമില്ല, പുകസര്‍ട്ടിഫിക്കറ്റ് മതി എന്ന ശൈലിയാണ് ആദ്യം മാറേണ്ടത്.
എച്ചും എട്ടും താരങ്ങള്‍
ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടണമെന്നതില്‍ തര്‍ക്കമില്ല. അതില്‍ വരുത്തുന്ന വീഴ്ചകളാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങള്‍. അമിത വേഗവും നിയമംതെറ്റിച്ചുള്ള ഓവര്‍ടേക്കിംഗും നമ്മുടെ റോഡുകളില്‍ കാണുന്ന സ്ഥിരം കലാപരിപാടികള്‍തന്നെ. പോലീസിനെ അല്ലെങ്കില്‍ ക്യാമറകള്‍ കാണുമ്പോള്‍മാത്രം മര്യാദക്കാരായി മാറുന്നവരാണ് വാഹനം ഓടിക്കുന്ന മലയാളികളില്‍ അധികവും. ആദ്യം മാറ്റം വരേണ്ടത് ഡ്രൈവിംഗ് പരിശീലനരീതികളിലാണ്. എച്ചും എട്ടും (ഫോര്‍ വീലര്‍, ടുവീലര്‍) എടുക്കാന്‍ പഠിച്ചാല്‍ ലൈസന്‍സിലേക്കുള്ള ദൂരം പകുതി കുറഞ്ഞുകഴിഞ്ഞു. ഡ്രൈവിംഗ് സ്‌കൂളുകാരുടെ പ്രത്യേക മാറ്റങ്ങള്‍ വരുത്തിയിരിക്കുന്ന വാഹനങ്ങളില്‍ പരിശീലനം നേടുന്ന ആര്‍ക്കും ഇതു സാധിക്കും. ഡ്രൈവിംഗ് ലൈസന്‍സ് കയ്യില്‍ കിട്ടുന്ന ഉടനെ എത്ര പേര്‍ക്ക് വാഹനം ഓടിക്കാന്‍ കഴിയുന്നുണ്ട്? ഇവിടുത്തെ ഡ്രൈവിംഗ് ടെസ്റ്റിന്റെ രീതിതന്നെ കാലഹരണപ്പെട്ടതാണ്.
റോഡുനിയമങ്ങള്‍ പാലിക്കുന്നതില്‍ മലയാളികള്‍ക്ക് പൊതുവെ ഒരു വിമുഖതയുണ്ട്. റോഡില്‍ കയറിനിന്ന് സംസാരിച്ചുനില്ക്കുന്നവര്‍ നമ്മുടെ ടൗണുകളിലെയും ഗ്രാമങ്ങളിലെയും സ്ഥിരം കാഴ്ചയാണ്. ഗതാഗത നിയമങ്ങള്‍ ചെറിയ ക്ലാസുകള്‍ മുതല്‍ കുട്ടികളുടെ പാഠ്യഭാഗങ്ങളില്‍ ഉള്‍പ്പെടുത്തണം. റോഡുനിയമങ്ങള്‍ കുട്ടികളെ പഠിപ്പിച്ചാല്‍ അവര്‍ ആദ്യം ചോദിക്കാന്‍ സാധ്യതയുള്ളത് റോഡുകളിലെ കുഴികളെക്കുറിച്ചായിരിക്കും എന്നൊരു അപകടമുണ്ട്. റോഡിന്റെ വലതുവശം ചേര്‍ന്ന് നടക്കണമെന്ന് പഠിപ്പിക്കുമ്പോള്‍ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടതെന്ന കാര്യം നമ്മള്‍ അവരെ പഠിപ്പിക്കുന്നില്ല.
സ്‌കൂട്ടര്‍ വിറ്റ് കാര്‍ വാങ്ങിക്കോളൂ
ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുന്നതിനൊപ്പം കുട്ടികളെ സ്‌കൂളില്‍ അയക്കാനും നേഴ്‌സറിയില്‍ വിടാനുമൊക്കെ ടൂവീലറുകളില്‍ കുടുംബസമേതം യാത്രചെയ്യുന്നത് കേരളത്തിലെ സാധാരണ കാഴ്ചകളാണ്. അതിനും ഏതായാലും പിടിവീണുകഴിഞ്ഞിരിക്കുന്നു. ഒരു കാര്‍ അവര്‍ക്കു താങ്ങാന്‍ കഴിയാത്തതിനാലാണ് ടൂവീലറുകളെ ആശ്രയിക്കുന്നത്. കുട്ടികളുടെ സുരക്ഷിതത്വം നോക്കേണ്ടതല്ലേ എന്നൊരു ചോദ്യമുണ്ട്.
അപകടങ്ങളുടെ കണക്കെടുത്താല്‍ കുട്ടികളുമായി സഞ്ചരിക്കുന്ന ടൂവീലറുകള്‍ അപകടത്തില്‍പ്പെടുന്നത് വളരെ കുറവാണ്. അത്രയും ശ്രദ്ധിച്ചാണ് വാഹനം ഓടിക്കുന്നതെന്ന് ചുരുക്കം. ഇനി ആ കുട്ടികളെ ഓട്ടോറിക്ഷകളില്‍ അയച്ചാല്‍ എന്തു സുരക്ഷിതത്വമാണ് വാഗ്ദാനം ചെയ്യാന്‍ കഴിയുക? ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്ന വാഹനങ്ങള്‍ ഓട്ടോറിക്ഷകളല്ലേ? 100 കിലോമീറ്ററിലധികം വേഗതയില്‍ വാഹനം പറപ്പിക്കുന്നവരെയും രണ്ടു വയസുള്ള കുഞ്ഞുമായി സ്‌കൂട്ടറില്‍ പോകുന്ന കുടുംബത്തെയും ഒരുപോലെ കാണരുത്.
കേരളത്തിലെ റോഡുനിര്‍മാണങ്ങള്‍ പലപ്പോഴും അശാസ്ത്രീയമാണ്. തറനിറപ്പില്‍നിന്നും അര അടിയിലധികം ഉയര്‍ന്നുനില്‍ക്കുന്ന റോഡുകളുണ്ട്. വളവുകളില്‍ അപ്രതീക്ഷിതമായി സൈഡ് കൊടുക്കേണ്ടിവരുമ്പോഴോ, നിയമംതെറ്റിച്ച് കയറിവരുന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചാലോ ഉയര്‍ന്നുനില്ക്കുന്ന റോഡില്‍ നിന്നും സൈഡിലേക്കിറങ്ങി അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. പ്രത്യേകിച്ച്, രാത്രികാലങ്ങളില്‍.
പ്രധാനമന്ത്രിക്കും ഫൈന്‍
അശാസ്ത്രീയമായി നിര്‍മിച്ചിരിക്കുന്ന ഹംബുകള്‍ക്ക് അപകടങ്ങളില്‍ വലിയ റോളുണ്ട്. മുന്നറിയിപ്പ് ചിഹ്നങ്ങളും വെളിച്ചവുമില്ലാത്ത ഭാഗങ്ങളില്‍ ഹംബുകള്‍ ഉണ്ടാകുമെന്ന് ആര്‍ക്കെങ്കിലും ഊഹിക്കാന്‍ കഴിയുമോ? കേരളത്തിലെ ദേശീയപാതകളിലും സംസ്ഥാനപാതകളിലും ഹംബുകള്‍ക്കുപകരം സ്പീഡ് ബ്രേയ്ക്കറുകള്‍ കാണാറുണ്ട് (കാറുകളില്‍ സഞ്ചരിക്കുന്നവരുടെ നടുവൊടിക്കുന്ന രീതിയില്‍). പലയിടങ്ങളിലും മുന്നറിയിപ്പു ബോര്‍ഡുകളും ഇല്ല. ക്യാമറകളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്ന മൊബൈല്‍ ആപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെന്ന് കേട്ടു. സത്യമാണോ എന്നറിയില്ല. ഹംബുകളെപ്പറ്റിയും സ്പീഡ് ബ്രേക്കറിനെക്കുറിച്ചും ഉയര്‍ന്നുനില്ക്കുന്ന റോഡുകളെക്കുറിച്ചും മുന്നറിയിപ്പു നല്‍കുന്ന മൊബൈല്‍ ആപ്പുകള്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചുപോകുകയാണ്.
എല്ലാം കുറ്റമറ്റതാക്കിയിട്ടേ ക്യാമറകള്‍ സ്ഥാപിക്കാവൂ എന്നൊന്നും പറയുന്നില്ല. എങ്കിലും വേഗത സംബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ ക്യാമറയുള്ള എല്ലാ റോഡുകളിലും അത്യാവശ്യമാണ്. അഞ്ചര ലക്ഷം വിലയുള്ള ഒരു കാര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഏതാണ്ട് 60,000 രൂപ ടാക്‌സായി സംസ്ഥാന ഗവണ്‍മെന്റ് ഈടാക്കുന്നുണ്ട്. പക്ഷേ, മിനിമം സൗകര്യങ്ങള്‍പ്പോലും ഏര്‍പ്പെടുത്തുന്നില്ല. ക്യാമറകള്‍ പൊതുജനങ്ങളെ പ്രബുദ്ധരാക്കാന്‍വേണ്ടി ഉള്ളതാണ്. ഒരു നിയമവും ബാധകമല്ലെന്ന രീതിയില്‍ മന്ത്രിമാരും പോലീസും കെഎസ്ആര്‍ടിസിയുമൊക്കെ നമ്മുടെ കണ്‍മുമ്പിലൂടെ ഇനിയും ചീറിപ്പാഞ്ഞുകൊണ്ടിരിക്കും. ആ സമയം കണ്ണടയ്ക്കാനുള്ള പ്രത്യേക ചിപ്പുകള്‍ വല്ലതും ക്യാമറകളില്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമല്ലേ എന്തും സംഭവിക്കാം.
ട്രാഫിക് നിയമം തെറ്റിച്ചതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് 100 പൗണ്ട് പിഴ അടച്ചത് ഏതാനും മാസങ്ങള്‍ക്കുമുമ്പായിരുന്നു. ഓടുന്ന കാറിന്റെ പിന്‍സീറ്റിലിരുന്നുള്ള വീഡിയോയില്‍ അദ്ദേഹം സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നതായിരുന്നു കുറ്റം. ഋഷി സുനക്കിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ വീഡിയോ വന്ന ഉടനെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തനിക്കു പറ്റിയ വീഴ്ചയുടെ പേരില്‍ അദ്ദേഹം പരസ്യമായി മാപ്പുചോദിച്ചു. ബ്രിട്ടീഷ് പോലീസ് അവിടുത്തെ പ്രധാനമന്ത്രിക്കു നോട്ടീസ് അയച്ചു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ട്രാഫിക് നിയമം തെറ്റിച്ചെന്ന പേരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പിഴ ചുമത്തിക്കൊണ്ട് ഒരു നോട്ടീസ് അയച്ചാല്‍ ആ ഉദ്യോഗസ്ഥന്റെ അവസ്ഥ എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരായി മാറുന്ന കാലത്തിനായി നമ്മള്‍ എത്ര കാലം കാത്തിരിക്കണം? ക്യാമറകള്‍ കാണുമ്പോള്‍ മാത്രം നമ്മുടെ നാട്ടില്‍ ആളുകള്‍ നിയമം പാലിക്കുകയും അല്ലാത്തപ്പോള്‍ തെറ്റിക്കുകയും ചെയ്യുന്നതെന്നു ചോദിച്ചാല്‍ നിയമം അനുസരിക്കുന്നതൊരു സംസ്‌കാരമായി ഇവിടെ മാറിയിട്ടില്ലെന്നതാണ് പ്രധാന കാരണം.
Leave a Comment
Your email address will not be published. Required fields are marked with *