സമകാലിക ഇന്ത്യാ ചരിത്രത്തില്‍ വിഴിഞ്ഞം തുറമുഖസമരത്തിന് സ്ഥാനം നല്‍കിയ അമരക്കാരന്‍, കടലോരമക്കളുടെ ജന്മാവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അവരോടൊപ്പംനിന്ന നല്ല ഇടയന്‍, പിന്മാറ്റമല്ല മുന്നേറ്റമാണ് വളര്‍ച്ചയുടെ വിജയമന്ത്രമെന്ന് ജീവിതത്തിലൂടെ പഠിച്ച് മുന്നേറുന്ന ആത്മീയാചാര്യന്‍. തിരുവനന്തപുരം പുതിയതുറ ഇടവകയില്‍ ജസയ്യന്‍ നെറ്റോയുടെയും ഇസബെല്ലാ നെറ്റോയുടെയും മകനായി 1964 ഡിസംബര്‍ 29-ന് ജനനം. 1989 ഡിസംബര്‍ 19-ന് മാതൃരൂപതയ്ക്കായി വൈദികപട്ടം സ്വീകരിച്ചു. 2022 മാര്‍ച്ച് 19-ന് സ്വന്തം രൂപതയുടെ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ അധ്യക്ഷന്‍ ഡോ.തോമസ് ജെ.നെറ്റോ പിതാവ് സണ്‍ഡേ ശാലോമിനോടു മനസുതുറക്കുന്നു.
? തിരുവനന്തപുരം അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഉത്തരവാദിത്വം ഏറ്റെടുത്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണല്ലോ, കഴിഞ്ഞ വര്‍ഷം തൃപ്തികരമായിരുന്നോ.
• വെല്ലുവിളികളെ നേരിടുമ്പോഴാണല്ലോ വിശ്വാസജീവിതത്തില്‍ കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ സാധിക്കുന്നത്. അപ്രതീക്ഷിതമായി മെത്രാന്‍പദവി ലഭിച്ചതും നിയോഗിക്കപ്പെട്ട രൂപത അഭിമുഖീകരിച്ച പ്രശ്‌നങ്ങളെ അതിജീവിച്ചതുമൊക്കെ വിലയിരുത്തുമ്പോള്‍ എനിക്ക് കഴിഞ്ഞ വര്‍ഷം തൃപ്തികരമായിരുന്നു.
? ദൈവവിളിയിലേക്ക് പ്രവേശിക്കാന്‍ ഏതെങ്കിലും വ്യക്തിയോ സാഹചര്യമോ പ്രേരകമായിട്ടുണ്ടോ.
• ചെറുപ്പത്തില്‍ വീട്ടില്‍വച്ച് ദൈവാലയ തിരുക്കര്‍മങ്ങള്‍ അനുകരിക്കുമായിരുന്നു. ഇതു കണ്ട മാതാപിതാക്കന്മാരും സഹോദരങ്ങളും ബന്ധുമിത്രാദികളുമൊക്കെ നീ ഒരച്ചനാകുമെന്ന് പറഞ്ഞിരുന്നു. ചെറുപ്പംമുതലേ വൈദികരെ എനിക്ക് ഇഷ്ടമായിരുന്നു. അവരൊക്കെ എന്നെ പ്രചോദിപ്പിച്ചിരുന്നിരിക്കണം. ദൈവവിളി ക്യാമ്പിലൂടെ സെലക്ഷന്‍ കിട്ടി സെമിനാരിയിലെത്തിയപ്പോള്‍ വീട്ടില്‍ പോകണമെന്നായി. ഇപ്പോള്‍ അങ്ങനെയൊക്കെ തോന്നും, കുറച്ചു കഴിയുമ്പോള്‍ അതു മാറിക്കൊള്ളുമെന്ന് ഉപദേശിച്ചത് സീനിയേഴ്‌സായിരുന്നു. ഫിലോസഫി കഴിഞ്ഞപ്പോഴാണ് ദൈവവിളി പരിശോധിക്കാന്‍ ഒരു വര്‍ഷം വീട്ടില്‍ പോയി നില്‍ക്കാമെന്നു ചിന്തിച്ചത്. അന്നത്തെ റെക്ടറായിരുന്ന സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ പിതാവാണ് അപ്പോഴെന്നെ ധൈര്യപ്പെടുത്തിയത്.
? മെത്രാഭിഷേകം മാര്‍ച്ച് 19ന് നടത്തിയത് യൗസേപ്പ് പിതാവിനോടുള്ള ഇഷ്ടം കൊണ്ടായിരുന്നോ.
• എന്റെ പിതാവ് കടല്‍പണിക്ക് പോകുന്നതിനുമുമ്പ് യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കുന്നത് നിത്യവുമുള്ള കാഴ്ചയായിരുന്നു. യൗസേപ്പിതാവിനോടുള്ള എന്റെ ഇഷ്ടം ആരംഭിച്ചത് അങ്ങനെയാകാം. മെത്രാനാകാനുള്ള റോമിന്റെ തീരുമാനം അറിയിച്ച നുണ്‍ഷ്യോ രണ്ടു തിയതികള്‍കൂടി ആവശ്യപ്പെട്ടിരുന്നു. പ്രഖ്യാപന തിയതി ഫെബ്രുവരി രണ്ടിന് തീരുമാനിച്ചു. അത് ഈശോയുടെ സമര്‍പ്പണതിരുനാള്‍ ദിനവും എന്റെ മുന്‍ഗാമി സൂസപാക്യം പിതാവിന്റെ സ്ഥാനാരോഹണദിനവും ആയിരുന്നു. മെത്രാഭിഷേകം മാര്‍ച്ച് 19-ന് യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തിലും നിശ്ചയിച്ചു.
? 140 ദിവസത്തെ അതിജീവനസമരത്തെക്കുറിച്ചുള്ള അഭിപ്രായം.
• വിഴിഞ്ഞം സമരം ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശസംരക്ഷണ പോരാട്ടമായിരുന്നു. അവരുടെ അതിജീവനത്തിനുള്ള പരിശ്രമങ്ങളായിരുന്നു. രൂപതയിലെ മുഴുവന്‍ വൈദികരും സന്യസ്തരും അല്മായരും ഒരേ വികാരത്തോടെ അണിചേര്‍ന്നു എന്നതാണ് ഈ സമരത്തിന്റെ പ്രത്യേകത. അതു ഞങ്ങളുടെ ശേഷിക്കും കഴിവിനും അപ്പുറമായ കാര്യമായിരുന്നു. സംഘടനാബലവും കഴിവുമുള്ള പലര്‍ക്കും കഴിയാത്ത ദൗത്യമായിരുന്നു ഞങ്ങള്‍ ഏറ്റെടുത്തത്. കേരളത്തിലെ വളരെ ദരിദ്രമായ രൂപതയാണ് എന്റേത്. ഒത്തിരി നല്ല മനുഷ്യര്‍ ഇതിന്റെ ഉദ്ദേശ്യശുദ്ധി മനസിലാക്കി ഞങ്ങളെ സഹായിക്കാനെത്തി. രാഷ്ട്രീയക്കാര്‍പോലും സത്യാവസ്ഥ മനസിലാക്കിയെങ്കിലും അവരുള്‍പ്പെടുന്ന പാര്‍ട്ടിയുടെ താല്‍പര്യം സംരക്ഷിക്കേണ്ടതിനാലാവണം പലര്‍ക്കും സമര രംഗത്തുവരാന്‍ കഴിയാതെപോയത്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ഭരണചക്രം തിരിക്കുന്നവരെ മനസിലാക്കാനായി. നടപ്പിലാക്കിയ പരിഹാരങ്ങളില്‍ ഞങ്ങള്‍ തൃപ്തരല്ലെങ്കിലും 140 ദിവസത്തെ പിന്മാറ്റമില്ലാതെയുള്ള പോരാട്ടംകൊണ്ട് ഞങ്ങളുടെ ആവശ്യങ്ങള്‍ അധികാരികളെ ബോധ്യപ്പെടുത്താനായതാണ് നേട്ടം. അവസാനഘട്ടമായപ്പോഴേക്കും ആസൂത്രിത അക്രമങ്ങളും പ്രകോപന നടപടികളും ഭിന്നത ഉളവാക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഞങ്ങളെ വരുതിയിലാക്കാന്‍ എഫ്‌സിആര്‍എ ലൈസന്‍സുപോലും റദ്ദാക്കി. ഇപ്പോഴും ഇതിലൊന്നും ഞങ്ങള്‍ തളരുന്നില്ല.
? വര്‍ഗീയതയെ മുതലെടുക്കുന്ന രാഷ്ട്രീയ നയങ്ങളില്‍ സഭ ചാഞ്ചാടുന്നുണ്ടോ.
• വര്‍ഗീയ ശക്തികളുടെ സ്വകാര്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നമ്മുടെ സഭാദര്‍ശനങ്ങളെയും സുവിശേഷമൂല്യങ്ങളെയും ആരുടെ മുന്നിലും അടിയറ വയ്‌ക്കേണ്ട കാര്യമില്ലല്ലോ. ആരെങ്കിലും ചാഞ്ചാടുന്നതായി തോന്നുന്നുണ്ടെങ്കില്‍ അതൊക്കെ അവരവരുടേതായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ചാഞ്ചാടുന്നതായി കരുതിയാല്‍ മതി. സഭയ്ക്ക് – ലത്തീന്‍ സഭയ്ക്ക് അതിന്റെ ആവശ്യമില്ല.
? കേരളസഭയിലെ അനൈക്യം വര്‍ധിക്കുന്നതായുള്ള ആരോപണങ്ങളെ പിതാവ് എങ്ങനെ വിലയിരുത്തുന്നു.
• വാര്‍ത്താ മാധ്യമങ്ങളിലൂടെ കാണാനിടയായ സംഭവങ്ങളെക്കുറിച്ചാണെങ്കില്‍ സുവിശേഷമൂല്യങ്ങളുടെയോ സഭാ ദര്‍ശനങ്ങളുടെയോ അരൂപിക്ക് നിരക്കാത്തതാണ് അവയെന്നു വ്യക്തമാണല്ലോ. അനുരഞ്ജനവും രമ്യതയും ഇവിടെ ആരും ചിന്തിക്കുന്നേയില്ല. പരസ്പരം കേള്‍ക്കുന്നതും എതിര്‍പക്ഷത്ത് നീതിയുണ്ടെങ്കില്‍ അത് അംഗീകരിക്കുന്നതുമാണ് സഭയുടെ രീതി. ഹാര്‍ഡ് ആന്റ് ഫാസ്റ്റ് ശൈലി സഭാസമീപനത്തില്‍ ഇല്ലാത്ത കാര്യങ്ങളാണ്. സാബത്ത് മനുഷ്യനുവേണ്ടിയാണെന്നുള്ള യേശുവചനത്തിന്റെ അരൂപി ഗ്രഹിക്കാത്തതാണ് ഭിന്നതയുടെ അടിസ്ഥാനകാരണം.
? യുവജനങ്ങള്‍ സഭയില്‍ നിന്നകലുന്ന സാഹചര്യങ്ങള്‍ എങ്ങനെ ഒഴിവാക്കാം.
• യുവജനങ്ങളുടെ കാര്യങ്ങളില്‍ സഭ ഇടപെടുന്നില്ല എന്നത് പൂര്‍ണമായും ശരിയല്ല. ഓരോ ഇടവകസമൂഹത്തിലും ഇതിനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്റെ നോട്ടത്തില്‍, നമ്മുടെ ജീവിതനിലവാരം, സാഹചര്യങ്ങള്‍, മൂല്യബോധം എല്ലാംതന്നെ മാറി. എല്ലാത്തരം പ്രലോഭനങ്ങള്‍ക്കും വഴിതിരിയലുകള്‍ക്കും പ്രേരിപ്പിക്കുന്ന ചിത്രങ്ങളും ചിത്രീകരണങ്ങളുമായിട്ടാണ് മൊബൈല്‍ ഫോണ്‍ കൈയിലിരിക്കുന്നത്. സാമൂഹിക മൂല്യഘടനയ്ക്കുതന്നെ മാറ്റം വന്നു. മാറിയ മൂല്യഘടന മനസിലാക്കാതെയും ഉള്‍ക്കൊള്ളാതെയും യുവജനങ്ങള്‍മാത്രം മാറണമെന്നു ശഠിക്കുന്നത് എങ്ങനെ ശരിയാകും? ഇവിടെ മാതൃക നല്‍കേണ്ട മാതാപിതാക്കന്മാരും മുതിര്‍ന്നവരും പലപ്പോഴും ദുര്‍മാതൃകയാകുന്നുണ്ടാകാം. നല്ല വിശ്വാസ സാക്ഷ്യമുള്ള യുവാക്കളില്ലേ? അതുപോലെ യുവജനങ്ങള്‍ ദൈവാലയത്തില്‍ വരുന്നില്ല എന്നു കരുതി അവര്‍ നഷ്ടപ്പെട്ടുപോയി എന്നു പറയാനാകില്ല. ഇവരെല്ലാം പ്രളയകാലത്തും കോവിഡുകാലത്തും ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പ്രവര്‍ത്തനങ്ങള്‍ സ്വന്തനിലയിലും കൂട്ടമായിട്ടും ചെയ്തില്ലേ? ദൈവാലയത്തില്‍ വരാത്ത മുതിര്‍ന്നവരുമില്ലേ? നഗരങ്ങളിലേക്കും വിദേശങ്ങളിലേക്കുമുള്ള കുടിയേറ്റങ്ങളും കുട്ടികളുടെ എണ്ണക്കുറവുമൊക്കെ ഇതിനുള്ള കാരണങ്ങളാണ്.
? വിശ്വാസപരിശീലനത്തിന്റെ പുതിയ രൂപങ്ങള്‍, സമീപനങ്ങള്‍ എന്തൊക്കെയാകണം.
• മാതൃകകളിലൂടെയാണ് വിശ്വാസം കൈമാറ്റം ചെയ്യപ്പെടേണ്ടത്. കുടുംബങ്ങളിലെ പ്രാര്‍ത്ഥനാജീവിതം, സ്‌നേഹാധിഷ്ഠിത പെരുമാറ്റം, അയല്‍പക്കബന്ധങ്ങളിലെ സജീവത എന്നിവയൊക്കെയാകണം നമ്മുടെ പരിശീലന വേദികള്‍. ദൈവാലയങ്ങളിലെ ആരാധനയും മതബോധനവും വിശ്വാസത്തിന് ആത്മീകവും താത്വികവുമായ അറിവ് പകരുന്നവയാണ്. കുട്ടികള്‍ക്ക് ക്രൈസ്തവമൂല്യങ്ങള്‍ പരിശീലിക്കാന്‍ പാകത്തിലുള്ള പാഠ്യക്രമങ്ങള്‍ ലഭ്യമാകണം. അതിനു സഹായകമായ കര്‍മ്മപരിപാടികളും രീതികളും ആവിഷ്‌കരിക്കണം. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളില്‍ ക്രിസ്തു എങ്ങനെ പ്രതികരിക്കും എന്നൊക്കെ പഠിക്കാനാകുമ്പോഴാണ് കാലഘട്ടത്തിനും ജീവിതസാഹചര്യങ്ങള്‍ക്കും അനുസൃതമായ വിശ്വാസപരിശീലനം സാധ്യമാകുകയുള്ളൂ.
? മതാന്തരസംവാദം, ക്രൈസ്തവസഭകളുടെ ഏകീകരണം എന്നിവയെ എങ്ങനെ കാണുന്നു.
• എല്ലാ മതങ്ങളിലും ഉള്‍പ്പെട്ടിരിക്കുന്നവര്‍ മനുഷ്യരാണെന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്. ഏതു സാഹചര്യത്തിലും സാഹോദര്യവും സഹവര്‍ത്തിത്തവും നിലനില്‍ക്കണം. മതാചാരങ്ങളും ആഘോഷങ്ങളും രാഷ്ട്രീയ പ്രചരണ വേദികളാകരുത്. അന്യമതസ്ഥനായ അയല്‍ക്കാരന്റെ ആഘോഷത്തില്‍ പങ്കെടുക്കുന്നതിലും അവരോടൊപ്പം സന്തോഷിക്കുന്നതിലും തെറ്റില്ല. അതിനെ മുതലെടുക്കാനായി ഫോട്ടോ പ്രസിദ്ധീകരിക്കുമ്പോഴാണ് അതിന്റെ മാനം മാറുന്നത്. നമ്മുടെ മാനുഷിക സൗഹൃദങ്ങളെയും ബന്ധങ്ങളെയും ദുരുപയോഗിക്കുകയും വര്‍ഗീയവര്‍ക്കരിക്കുകയും രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്യുന്നിടത്താണ് അപകടം പതിയിരിക്കുന്നത്. ഇതിനോടെനിക്ക് യോജിക്കാനാവില്ല.
? ബേസിക് ക്രിസ്റ്റ്യന്‍ കമ്മ്യൂണിറ്റികള്‍ പ്രയോജനകരങ്ങളാണോ. അവയുടെ ഘടനയും പ്രവര്‍ത്തനവും വിവരിക്കാമോ.
• സഭ ഒരു കൂട്ടായ്മയാണെന്നു പങ്കുവയ്ക്കുന്ന സമൂഹങ്ങളാണ് ബിസിസികള്‍. വലിയ ഇടവകയില്‍ എല്ലാവര്‍ക്കും എല്ലാവരെയും കാണാനും പരിഗണിക്കാനും കരുതാനുമാകില്ല. എന്നാല്‍ ചെറുസമൂഹങ്ങളാകുമ്പോള്‍ ഈ പരിഗണനയും ശ്രദ്ധയും കരുതലും എല്ലാവര്‍ക്കും ലഭ്യമാക്കാനാകും. ഞങ്ങളുടെ രൂപതയില്‍ 32 വര്‍ഷമായി ഈ സംവിധാനം വിജയകരമായി നടക്കുന്നു. ഇവിടെ അല്മായരാണ് ഇടവക പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കുവഹിക്കുന്നത്. രണ്ടുവര്‍ഷത്തിലൊരിക്കല്‍ ബിസിസി നേതൃത്വം മാറുന്നു. ജനാധിപത്യക്രമത്തിലാണ് പ്രവര്‍ത്തനവും നടപടിക്രമങ്ങളും. ഒരു കുടുംബക്കാരോ, പ്രത്യേക സമൂഹത്തിലുള്ളവരോ അല്ല, കഴിവുള്ള ആര്‍ക്കും നേതൃത്വത്തിലേക്ക് കടന്നുവരാം. ഇന്നു സംസ്ഥാനത്ത് ശക്തമായ കുടുംബശ്രീ കൂട്ടായ്മകള്‍ ആരംഭിക്കാനുള്ള പ്രചോദനം ബിസിസികളായിരുന്നു എന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.
? വൈദികാന്തസിലേക്ക് അര്‍ത്ഥികള്‍ കുറയുന്നതിനൊരു പരിഹാരം.
• കുടുംബത്തില്‍ കുട്ടികളുടെ എണ്ണം കുറയുന്നതൊരു പ്രധാന കാരണമാണ്. സാമൂഹിക ക്രമങ്ങളില്‍ വരുന്ന വ്യതിയാനങ്ങള്‍ എല്ലാവരെയും ഒന്നുപോലെ ബാധിക്കുന്നവയാണല്ലോ. അഭ്യസ്തവിദ്യരായ പലരും ദൈവവിളി സ്വീകരിക്കാന്‍ വരുന്നത് വളരെ നല്ലകാര്യമാണ്. ഓരോരുത്തരുടെയും ജീവിത ലക്ഷ്യം എന്തായിരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവരവര്‍ക്കാണല്ലോ. അതിനെ സ്വാധീനിക്കാന്‍ സമര്‍പ്പണ ജീവിതത്തിലുള്ളവരുടെ മാതൃകയാണ് പ്രേരകമാകേണ്ടത്.
ഈ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതും അര്‍ത്ഥപൂര്‍ണവുമാണെന്ന് ബോധ്യമുള്ളവര്‍ എങ്ങനെയായാലും എത്തിച്ചേരും. ഇങ്ങനെയുള്ളവരെ തടസപ്പെടുത്താനുള്ള സാഹചര്യങ്ങളും നിലനില്‍ക്കുന്നു. എന്റെ രൂപതയില്‍ ആവശ്യമായ ദൈവവിളിയുണ്ട്. ഓരോ വര്‍ഷവും മൈനര്‍ സെമിനാരിയില്‍ ചേരാന്‍ വരുന്നവരെ എല്ലാവരെയും സ്വീകരിക്കാനാകുന്നില്ല.
? വൈദികര്‍ വിവാഹിതരായാല്‍ ദൈവവിളി വര്‍ധിക്കുമോ.
• കത്തോലിക്കാസഭയില്‍ അങ്ങനെയൊരു ചിന്തയില്ല. വിവാഹിതരാകാനുള്ളവര്‍ക്ക് അതിനുള്ള സാഹചര്യമുണ്ടല്ലോ. കത്തോലിക്കാസഭയിലെ വൈദികനാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കത്തോലിക്കാസഭയുടെ നിയമങ്ങള്‍ അനുസരിക്കാതെ പറ്റില്ലല്ലോ.
? സ്ത്രീകള്‍ അവഗണിക്കപ്പെടുകയും അവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സഭയുടെ നിലപാടെന്താണ്.
• സ്ത്രീകളെ തുല്യ അവകാശികളായിട്ടാണല്ലോ സഭ കാണുന്നത്. അവരുടെ അവകാശങ്ങള്‍ മാനിക്കുക, മനസിലാക്കുക, ബോധവല്‍ക്കരണത്തിലൂടെ എല്ലാവരെയും ഉദ്ബുദ്ധരാക്കുക എന്നീ കാര്യങ്ങളാണ് ചെയ്യേണ്ടത്. ഇടവക കമ്മിറ്റികളില്‍ പുരുഷന്മാര്‍ മാത്രമായിരുന്ന സാഹചര്യങ്ങളൊക്കെ മാറി. ഇപ്പോള്‍ 33% സ്ത്രീകള്‍ക്കായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ചില ഇടവകകളില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കാണ് ഭൂരിപക്ഷം. സ്ത്രീധനവിഷയം സ്ത്രീത്വത്തിനെതിരായ തിന്മയാണ്. മകന്റെ ഭാര്യ കൂടുതല്‍ കൊണ്ടുവരണമെന്നു പറയുന്നത് മകന്റെ അമ്മയാണ്. ഇത്തരം സാമൂഹിക നിലപാടുകള്‍ക്കാണ് മാറ്റം വരുത്തേണ്ടത്. ഇത്തരം സാഹചര്യങ്ങളാണ് ഒഴിവാക്കേണ്ടത്. മാന്യത, അവകാശം എന്നിവയെല്ലാം തുല്യമാണ്. എന്നാല്‍ പ്രായോഗികതലത്തില്‍ അവയൊന്നും നിലനില്‍ക്കുന്നില്ല. വിവാഹച്ചെലവ് കുറച്ച് അത് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്നത് സ്ത്രീത്വം മാനിക്കപ്പെടാന്‍ കാരണമാകും.
Leave a Comment
Your email address will not be published. Required fields are marked with *