Follow Us On

02

May

2024

Thursday

ദൈവത്തിന്റെ സ്വന്തം നാട് അങ്ങനെതന്നെ നിലനില്ക്കണം

ദൈവത്തിന്റെ സ്വന്തം നാട് അങ്ങനെതന്നെ നിലനില്ക്കണം

ആഴ്ചകള്‍ക്കുമുമ്പ് അമേരിക്കയില്‍നിന്നും ഒരു സുഹൃത്തു വിളിച്ചു. വിശേഷങ്ങള്‍ പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചു, അമേരിക്കയാണോ കേരളമാണോ കൂടുതല്‍ ഇഷ്ടമായതെന്ന്. ഒരു നിമിഷംപോലും വൈകിയില്ല, ഉത്തരം വന്നു. നമ്മുടെ നാട് കഴിഞ്ഞിട്ടേ മറ്റൊരു രാജ്യം ഉള്ളൂ എന്നായിരുന്നു മറുപടി. ഇത്രയും ദൈവം കനിഞ്ഞ് അനുഗ്രഹിച്ച ഏതു ദേശമാണ് ഉള്ളത്? ഇവിടെ ജീവിക്കുമ്പോള്‍ തോന്നുന്ന അക്കരപച്ചകളാണ് ബാക്കിയെല്ലാം എന്നുകൂടി സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. ഇവിടുത്തെപ്പോലെ സംതൃപ്തി ലഭിക്കുന്ന മറ്റൊരു സ്ഥലവുമില്ലെന്ന മറുപടിയില്‍ സ്‌നേഹത്തിന്റെ സ്പര്‍ശനം ഉണ്ടായിരുന്നു. തിരക്കിലായതിനാല്‍ സംഭാഷണം അവസാനിപ്പിക്കാന്‍ തുടങ്ങിയ സുഹൃത്ത് കേരളത്തിന്റെ നന്മകളെക്കുറിച്ചുള്ള നിരവധി ഓര്‍മകള്‍ പങ്കുവച്ചതിനുശേഷമാണ് ഫോണ്‍ വച്ചത്.

ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് നാം കേരളത്തെക്കുറിച്ച് അഭിമാനത്തോടെ പറയുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം ആ വാചകം സ്വകാര്യ അഹങ്കാരമാണ് എന്നു വേണമെങ്കില്‍ പറയാം. എല്ലാ വിധത്തിലും അനുഗ്രഹിക്കപ്പെട്ട നാടാണ് കേരളം. ഭൂപ്രകൃതിയില്‍ തുടങ്ങി കാലാവസ്ഥയില്‍വരെ അതു
ദര്‍ശിക്കാന്‍ കഴിയും. എത്ര വലിയ അനുഗ്രഹങ്ങള്‍ ദൈവം നല്‍കിയാലും പരിപാലിക്കുന്നവര്‍ ജാത്രത പുലര്‍ത്തിയില്ലെങ്കില്‍ ചിലപ്പോള്‍ അതു നഷ്ടപ്പെട്ടെന്നു വരാം. മനോഹരമായ ഗ്ലാസ് ടംബ്ലര്‍ ശ്രദ്ധിച്ചുകൈകാര്യം ചെയ്തില്ലെങ്കില്‍ താഴെവീണ് ഒരു നിമിഷംകൊണ്ട് ഉടഞ്ഞുപോകും. അതുപോലെയാണ് ദേശത്തിന്റെ കാര്യവും.

പത്രങ്ങള്‍ വായിക്കുമ്പോഴും വാര്‍ത്തകള്‍ കാണുമ്പോഴും നമ്മെ ആശങ്കപ്പെടുത്തുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമായ നിരവധി വാര്‍ത്തകള്‍ ഉണ്ടാകാറുണ്ട്. പണ്ടുകാലങ്ങളില്‍ ഏതൊക്കെയോ ദേശങ്ങളില്‍ സംഭവിച്ചപ്പോള്‍ നാം അവിശ്വസനീയതയോടെ കേട്ട വാര്‍ത്തകള്‍ ചുറ്റുപാടും സംഭവിച്ചുകൊണ്ടിരിക്കുന്നു. വളരെ അകലെയൊന്നുമല്ല, നമ്മുടെ അയല്‍പക്കങ്ങളില്‍.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനാ ദാസ് എന്ന 25 വയസ് മാത്രം പ്രായമുള്ള യുവഡോക്ടര്‍ കുത്തേറ്റു മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ആ ദാരുണ സംഭവത്തിനു പിന്നില്‍ പലരുടെയും വീഴ്ചകള്‍ നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും. എന്തുതന്നെയാണെങ്കിലും ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഒരു കാര്യം നമ്മുടെ നാട്ടില്‍ നടന്നിരിക്കുന്നു. പൂര്‍ണമായും മനസിന്റെ താളം തെറ്റിയവരെ പാര്‍പ്പിക്കുന്ന മനോരോഗാശുപത്രികളില്‍നിന്നുപോലും ഡോക്ടര്‍മാരെ ആക്രമിച്ചു എന്ന വാര്‍ത്ത കേട്ടിട്ടുണ്ടോ എന്നുപോലും സംശയമുണ്ട്.

ഡോ. വന്ദനയുടെ ദാരുണ മരണത്തിന് പിന്നില്‍ ലഹരിക്ക് അടിമപ്പെട്ട ഒരാളായിരുന്നു എന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. പിന്നീട് അതിലേക്ക് ചര്‍ച്ചകള്‍ പോയില്ല. സമൂഹത്തെ ഏറ്റവുമധികം ബാധിച്ചിരിക്കുന്ന തിന്മയാണ് ലഹരി. മയക്കുമരുന്നുകള്‍ മാത്രമല്ല, മദ്യവും അവിടെ ഉണ്ട്. മദ്യത്തില്‍നിന്നാണ് പലരും മയക്കുമരുന്നുകളിലേക്ക് തിരിയുന്നത്. മയക്കുമരുന്നുകള്‍ക്ക് എതിരെ പ്രതികരിക്കുന്ന അനേകര്‍ മദ്യത്തിന്റെ കാര്യം വരുമ്പോള്‍ നിശബ്ദരാകുകയാണ്. കാരണം, മദ്യം വില്ക്കുന്നത് ഗവണ്‍മെന്റാണ്. അതില്‍നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ ഗവണ്‍മെന്റ് തയാറല്ല. അതിനാല്‍ത്തന്നെ പുതിയ മദ്യശാലകള്‍ തുറക്കാനും താല്പര്യമാണ്.

കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, സ്ത്രീ പീഡനങ്ങള്‍, മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗം, പെണ്‍കുട്ടികള്‍പ്പോലും മയക്കുമരുന്നുകളുടെ വിതരണക്കാരാകുന്നു, പെരുകിവരുന്ന വിവാഹമോചനങ്ങള്‍, അധാര്‍മ്മിക വഴികളിലൂടെയുള്ള സ്വത്തുസമ്പാദനം, സ്വവര്‍ഗ വിവാഹവും ഗര്‍ഭഛിദ്രവുമൊക്കെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാക്കിയുള്ള പുതിയ നിര്‍വചനങ്ങള്‍ തുടങ്ങി നമ്മെ സങ്കടപ്പെടുത്തുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ദൈവത്തിന്റെ സ്വന്തം നാടിന് ദിശാഭ്രംശം സംഭവിച്ചു തുടങ്ങിയിരിക്കുന്നു. അധാര്‍മിക സംസ്‌കാരം സമൂഹത്തെ പിടിമുറുക്കുന്നു.
എല്ലാക്കാലങ്ങളിലും അധാര്‍മികത സമൂഹത്തിലുണ്ട്. എന്നാല്‍, ഇപ്പോള്‍ അതിന്റെ ദംശങ്ങള്‍ കൂടുതല്‍ ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുന്നു.

തിന്മയിലേക്കുള്ള സഞ്ചാരത്തിന് ആകര്‍ഷണീയമായ പുറംചട്ടകള്‍ നല്‍കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചുകഴിഞ്ഞിരിക്കുന്നു. തെറ്റുകള്‍ ശരികളായി മാറുന്നു എന്നതാണ് ഏറ്റവും അപകടകരം. വളര്‍ന്നു വരുന്ന പുതിയ തലമുറ അതാണ് ശരിയെന്ന ചിന്തയിലേക്കു പോകും. പിന്നീട് അവരെ തിരുത്താന്‍ എളുപ്പമല്ല.
താല്ക്കാലിക ആനന്ദത്തിനും ലാഭങ്ങള്‍ക്കും വേണ്ടി മനഃസാക്ഷിയെ മറച്ചുപിടിക്കുന്ന പ്രവര്‍ത്തനങ്ങളോട് നമുക്ക് നോ പറയാം. അതു വരും തലമുറയോടും ദൈവം കനിഞ്ഞനുഗ്രഹിച്ച നാടിനോടുമുള്ള ഉത്തരവാദിത്വമായി കരുതണം. അതിന്റെ പേരില്‍ വരുന്ന നഷ്ടങ്ങള്‍ അഭിമാനമായി സ്വീകരിക്കാം. തെറ്റുകള്‍ എപ്പോഴും തെറ്റുകള്‍ തന്നെയാണ്. കരുത്തോടെ നില്ക്കാന്‍ തയാറായാല്‍ ദൈവം അതിനുള്ള ബലം തരുകതന്നെ ചെയ്യും. കൂരിരുളില്‍ അന്ധകാരത്തിന്റെ ഭാഗമായി മാറുമ്പോഴല്ല, അതിനെതിരെ ഒരു മെഴുതിരി തെളിക്കുമ്പോഴാണ് സാമൂഹ്യ ഉത്തരവാദിത്വം നിര്‍വഹിക്കുന്നവരും ദൈവത്തിന്റെ പ്രിയപ്പെട്ടവരുമായി മാറുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?