ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS
വാക്കുകള്‍ക്കൊരു പ്രത്യേക ശക്തിയുണ്ട്, മനുഷ്യബന്ധങ്ങളെ വിളക്കി ചേര്‍ക്കാനും അറുത്തു മുറിക്കാനും കഴിയുന്നത് വാക്കുകള്‍ കൊണ്ട് മാത്രമാണ്… വാക്കുകള്‍ അത്രമേല്‍ ശക്തമാണ്.
ഇ. സന്തോഷ് കുമാറിന്റെ പുസ്തകത്തിന്റെ പേര് ‘വാക്കുകള്‍’ എന്നാണ്. പരസ്പരം സ്‌നേഹിച്ചിരുന്നവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ പതിനഞ്ച് വര്‍ഷങ്ങളുടെ മറനീക്കി കൂടിക്കാഴ്ചക്കിറങ്ങുമ്പോള്‍ അവിടെ വാക്കുകള്‍ എങ്ങനെയാവും പ്രവഹിക്കുക…അവര്‍ എങ്ങനെയാവും സംസാരിക്കുക. വാക്കുകളെക്കാളും ഉപരിയായി മൗനം പൊഴിഞ്ഞിറങ്ങിയ ആ നേരത്തെക്കുറിച്ച് നേര്‍ത്ത വിഷാദ ചുവയുള്ള സംഗീതം പോലെ ആസ്വാദകന്റെ ഉള്ളിലേക്കിരച്ചു കയറുന്ന തണുത്ത കാറ്റുപോലെ… മൗനത്തിന്റെ തീവ്രഭാവങ്ങളെ കുറിച്ച് വിവരിക്കുന്ന നോവലാണ് ഇ. സന്തോഷ് കുമാറിന്റെ ‘വാക്കുകള്‍’. മനോഹരമാണ് നോവല്‍.
എന്നാല്‍ ചിലപ്പോള്‍ അതിലും ശക്തമായ പ്രഹരം നല്‍കാന്‍ കഴിയുന്നത് മൗനത്തിനാണ്. മൗനം എന്നത് ഒരുപാട് വികാരങ്ങളുടെ അടിയൊഴുക്കുകള്‍ നിറഞ്ഞ ഭാവമാണ്. പ്രതിഷേധത്തിന്റെ, പരിഭവത്തിന്റെ, സമ്മതത്തിന്റെ, കുസൃതിയുടെ, വേദനയുടെ, അങ്ങനെ ഒരായിരം സംവേദനങ്ങളുടെ ഭാവ തലമാണ് മൗനം. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം റോസിലിനും അശോകും തമ്മില്‍ വീണ്ടും കാണുമ്പോള്‍ വാക്കുകള്‍ അനസ്യൂതം ഒഴുകുന്നതിന് പകരം റോസ്‌ലിന്‍ മൗനിയാകുന്നു. വിഷാദച്ചുവയുള്ള ഒരു പാട്ടിന്റെ വരികള്‍ ഓര്‍ത്തുപാടാനാകാതെ നേര്‍ത്ത നിയോണ്‍ ലൈറ്റിന്റെ വെളിച്ചത്തില്‍ പളുങ്കുപാത്രം താഴെ വീണുടഞ്ഞതുപോലെ ആ ഹോട്ടല്‍ മുറിയില്‍ വെച്ച് വീണ്ടും വാക്കുകള്‍ അവളില്‍ നിന്നും ചിതറി പോകുന്നു. ആത്മഗതത്തിന്റെ രൂപത്തിലാണ് ‘വാക്കുകള്‍’ എന്ന നോവലിന്റെ ആഖ്യാനം നടത്തിയിട്ടുള്ളത്.
റോസ്‌ലിന്റെ മാനസിക തലത്തിലൂടെ താളം തെറ്റിയ വൈകാരിക ജീവിതാനുഭവത്തിന്റെ ഉയര്‍ച്ച താഴ്ചകളെ അവതരിപ്പിച്ചുകൊണ്ട്, തന്റെ പ്രതിസന്ധിഘട്ടത്തിലെ സഹായിയായ അശോകിനോടൊപ്പമുള്ള റോസിലിന്റെ മനോഗതങ്ങള്‍ വായനക്കാര്‍ കാണുന്നുണ്ട്. മഴയുടെ തണുപ്പ് ശരീരത്തിലേക്ക് പടരുന്നതുപോലെ മനോഹരമായ ആ ബന്ധത്തെ മുറുക്കിപ്പിടിച്ചുകൊണ്ട് റോസ്‌ലിന്‍ നിശ്വസിക്കുന്നത് സൂക്ഷ്മമായി ഇ. സന്തോഷ് കുമാര്‍ നോവലില്‍ അടയാളപ്പെടുത്തുമ്പോള്‍, ‘വാക്കുകള്‍’ മനോഹരമാകുന്നത് ആസ്വാദ ഹൃദയത്തില്‍ ഒരു നൊമ്പരം അവശേഷിപ്പിച്ചു കൊണ്ടാണ്…
നമ്മള്‍ കൂടുതല്‍ മുറിവേറ്റത് എപ്പോഴാണ്..? നമ്മള്‍ ശൂന്യരായി നിന്നുപോയത് എപ്പോഴാണ്..? ഓര്‍ത്തു നോക്കിയിട്ടുണ്ടോ..?
ഒന്നോര്‍ത്തെടുക്കുന്നത് നന്നാവും. ജീവിതത്തില്‍ മുറിവുകള്‍ ആഴത്തില്‍ തൊടുന്നത് വാക്കുകള്‍ കൊണ്ടാണ്. വാക്കുകളേക്കാള്‍ മറ്റെന്താണ് അത്രമേല്‍ നമ്മളെ മുറിപ്പെടുത്തുന്നത്. ചിലരുടെ വാക്കുകള്‍ ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്ന് നമ്മള്‍ കരകയറിയിട്ടില്ല എന്നതാണ് സത്യം. ജീവിതത്തിന്റെ നന്മ തിന്മകളുടെ ഏറ്റവും നല്ല Tool വാക്കുകളാണ്. വാക്കുകള്‍ തൊടുത്തുവിടുന്നത് തന്നെയല്ലേ ലോകത്തുള്ള സകല കലഹങ്ങളും, യുദ്ധങ്ങള്‍ പോലും. ചില മൗനങ്ങളും അങ്ങനെ തന്നെ. ചിലരുടെ മൗനത്തില്‍ നമ്മള്‍ ആഴത്തിലേക്ക് വീണു പോകുന്നു. കാരണം നമ്മള്‍ കാത്തിരിക്കുന്നത് അവരുടെ വാക്കുകള്‍ക്കു വേണ്ടിയാണ്. നമ്മളെ ഉയിര്‍പ്പിക്കുന്ന വാക്കുകള്‍. കേള്‍ക്കാത്ത ഒരായിരം ശബ്ദങ്ങള്‍ ഇവിടെ കറങ്ങി തിരിയുമ്പോള്‍, എന്തു കേള്‍ക്കണം ആരെ കേള്‍ക്കണം.. എന്നൊക്കെയുള്ളത് ഒരു തിരഞ്ഞെടുപ്പാണ്. കേള്‍ക്കാന്‍ ആരുമില്ലാതെ വാക്കുകള്‍ കൊതിക്കുന്നുണ്ട്.
ഞാന്‍ നിലത്ത് വീണ് കരഞ്ഞു തുടങ്ങി.
എനിക്ക് മീതെ ഒരത്തിവൃക്ഷം.
ഞാനിങ്ങനെയൊക്കെ ദൈവത്തോട് കരഞ്ഞു.
‘ദൈവമേ, എത്രകാലം നിന്റെ രോഷമെന്നെ തേടിയെത്തും. ദാ ഈ നിമിഷം എന്റെ അഭിശപ്ത ജന്മത്തിന് നീയൊരു വിരാമമിട്ടിരുന്നുവെങ്കില്‍..’
ഒരു രോദന പ്രക്രിയയിലൂടെ ഞാന്‍ കടന്നുപോകുമ്പോള്‍ ഒരു കുഞ്ഞിന്റെ സ്വരം ഞാന്‍ കേട്ടു. ഒരു കളിപ്പാട്ടിന്റെ താളത്തില്‍. ‘എടുത്തു വായിക്കു… എടുത്തു വായിക്കു…’
പെട്ടന്ന് എന്റെ മനസിലേക്കൊരു വെളിച്ചം വീണു. കളിക്കുന്ന കുട്ടികളുടെ പാട്ടുകളില്‍ ഇതുപോലൊരു വരി ഞാനിതിനു മുമ്പൊരിക്കലും കേട്ടിട്ടേയില്ല.
ഞാന്‍ എഴുന്നേറ്റു. ഇപ്പോള്‍ ഈ ശബ്ദം ഒരു ദൈവിക മര്‍മ്മരമായി തന്നെ എനിക്ക് വെളിപ്പെട്ടു തുടങ്ങി. അതെന്നെ വേദഗ്രന്ഥമെടുത്ത് വായിക്കാന്‍ പ്രേരിപ്പിച്ചു.
ഒരു ബൈബിളെടുത്ത് ഞാന്‍ തുറന്നു വായിച്ചു. ‘രാത്രി കഴിയാറായി. പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍ നമുക്ക് അന്ധകാരത്തിന്റെ പ്രവര്‍ത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം. പകലിന് യോജിച്ച വിധം നമുക്ക് പെരുമാറാം….’ (റോമ 13:12)
ഞാന്‍ വായന അവസാനിപ്പിച്ചു. കൂടുതല്‍ വായിക്കേണ്ട ആവശ്യമില്ല. എന്റെ ഹൃദയം പ്രകാശം കൊണ്ടു നിറഞ്ഞു. അത് സംശയത്തിന്റെ അന്ധകാരത്തെ മായിച്ചു കളഞ്ഞു. മനസ് ശാന്തമായി.
(വിശുദ്ധ അഗസ്റ്റിന്‍, എന്റെ കുമ്പസാരം)
വിശുദ്ധ അഗസ്റ്റിനെ ഓര്‍ക്കുമ്പോഴും വായിക്കുമ്പോഴും മനസില്‍ വരുന്നത്, വാക്കുകളെപ്പറ്റിയാണ്. ആ മനുഷ്യന്‍ ഇങ്ങനെയായത് വാക്കുകള്‍ കൊണ്ടല്ലേ… മുറിവുകള്‍ ഉണക്കിയ വാക്കുകള്‍ കൊണ്ട്. അയാള്‍ക്കത് കേള്‍ക്കാന്‍ പറ്റി. അയാള്‍ കേട്ടത് വചനമാണ്. ആരും കേള്‍ക്കാന്‍ ഇല്ലാത്തവര്‍ക്കുള്ളതെല്ലാം അതിലുണ്ട്. കേള്‍ക്കാത്ത ശബ്ദമായി ഒരായിരം വാക്കുകള്‍ നമുക്ക് ചുറ്റുമുണ്ട്. ഇനിയും കേള്‍ക്കാന്‍ പറ്റാത്ത വാക്കുകള്‍ നമുക്ക് മീതെ വട്ടം കറങ്ങുന്നുണ്ട്. വാക്കുകള്‍ അങ്ങനെയുമാണ്. ഒരു ജന്മത്തെ മുഴുവന്‍ വിശുദ്ധമാക്കുന്ന സുകൃതങ്ങളായി അത് രൂപപ്പെടും. സൗഖ്യത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള മരുന്നായി അത് നമുക്കു വേണ്ടി കാത്തിരിക്കും. ‘എടുത്തു വായിക്കു… എടുത്തു വായിക്കു…’
Leave a Comment
Your email address will not be published. Required fields are marked with *