വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭ ‘പ്രത്യാശയുടെ ജൂബിലി വര്‍ഷമായി’ ആചരിച്ച 2025-ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടത് 17 മിഷനറിമാര്‍. ഫിദെസ് വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട്പ്രകാരം 2000-മാണ്ട് മുതല്‍ ഇതുവരെ വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന മിഷനറിമാരുടെയും അജപാലന പ്രവര്‍ത്തകരുടെയും സംഖ്യ 626 ആയി. വെല്ലുവിളികളുടെ നടുവിലും തങ്ങള്‍ ഏറ്റെടുത്ത ദൗത്യത്തില്‍ ഉറച്ചുനിന്ന വൈദികര്‍, കന്യാസ്ത്രീകള്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, അല്മായര്‍ എന്നിവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
മിഷനറിമാര്‍ക്ക് ഏറ്റവും അപകടകരമായ മേഖലയായി ആഫ്രിക്ക തുടരുന്നു. ഈ വര്‍ഷം കൊല്ലപ്പെട്ട 17 പേരില്‍ 10 പേരും ആഫ്രിക്കയിലാണ്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ നൈജീരിയയിലും – വിഭൂതി ബുധനാഴ്ച അക്രമികള്‍ വധിച്ച ഫാ. സില്‍വസ്റ്റര്‍ ഒകെചുക്വു, ഒരു കുടുംബവഴക്ക് പരിഹരിക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ട ഫാ. ഗോഡ്‌ഫ്രെ ചുക്‌വുമ ഒപാരാക്വെ, ഫാ. മാത്യു ഇയാ, യുവ സെമിനാരി വിദ്യാര്‍ത്ഥികളായ ആന്‍ഡ്രൂ പീറ്റര്‍, ഇമ്മാനുവല്‍ അലാബി എന്നിവര്‍. ബുര്‍ക്കിന ഫാസോയില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ സായുധ സംഘം കൊലപ്പെടുത്തിയ കാറ്റക്കിസ്റ്റുകളായ മത്തിയാസ് സോംഗോ, ക്രിസ്റ്റ്യന്‍ ടിയന്റ്ഗയെ, കെനിയയില്‍ കൊല്ലപ്പട്ട ഫാ. അലോയിസ് ചെറുയട്ട് ബെറ്റും, സിയറ ലിയോണില്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫാ. ലൂക്കാ ജോമോ എന്നിവരാണ് ആഫ്രിക്കയില്‍ ഈ വര്‍ഷം ജീവന്‍ കവര്‍ന്നെടുക്കപ്പെട്ട മറ്റ് മിഷനറിമാര്‍. കഴിഞ്ഞ വര്‍ഷം നൈജീരിയയില്‍ കൊല്ലപ്പെടുകയും എന്നാല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാതെ പോവുകയും ചെയ്ത ഫാ. തോബിയാസ് ചുക്ക്വുജേക്വു ഒകോന്‍ക്വോയെയും ഈ വര്‍ഷത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹെയ്തിയില്‍ സായുധ സംഘത്തിന്റെ ആക്രമണത്തിലാണ് സിസ്റ്റര്‍ ഇവാനെറ്റ് ഒനേസയര്‍, സിസ്റ്റര്‍ ജീന്‍ വോള്‍ട്ടയര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. മെക്‌സിക്കോയില്‍ കാണാതായ ഫാ. ബെര്‍ട്ടോള്‍ഡോ പാന്റലിയോണ്‍ എസ്ട്രാഡയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുഎസിലെ കന്‍സാസില്‍ പള്ളിമേടയില്‍ വെച്ച് ഫാ. അരുള്‍ കാരസാല എന്ന വൈദികനും വെടിയേറ്റു മരിച്ചിരുന്നു.
മ്യാന്‍മറിലെ ആഭ്യന്തര യുദ്ധത്തിനിടെ ക്രൂരമായി കൊല്ലപ്പെട്ട ഫാ. ഡൊണാള്‍ഡ് മാര്‍ട്ടിന്‍ യെ നൈങ് വിന്‍ ആണ് ഏഷ്യയിലെ പ്രധാന രക്തസാക്ഷി. ഫിലിപ്പീന്‍സില്‍ വെടിയേറ്റ് മരിച്ച അധ്യാപകനായ മാര്‍ക്ക് ക്രിസ്റ്റ്യന്‍ മലാക്ക, പോളണ്ടിലെ പള്ളിമേടയില്‍ ശ്വാസം മുട്ടിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഫാ. ഗ്രിസെഗോര്‍സ് ഡൈമെക എന്നിവരും ഈ പട്ടികയിലുണ്ട്. ക്രിസ്തുവിനെ ലോകത്തിന് നല്‍കുന്ന ശുശ്രൂഷയ്ക്കിടയില്‍ ജീവന്‍ നല്‍കിയ ഈ 17 പേരും പ്രത്യാശയുടെ വലിയ സാക്ഷ്യങ്ങളായി നിലകൊള്ളുന്നു.
















Leave a Comment
Your email address will not be published. Required fields are marked with *