വത്തിക്കാന്‍ സിറ്റി: വിശുദ്ധ പാദ്രെ പിയോയുമായി അടുത്ത ബന്ധം പുലര്‍ത്തിയവരില്‍ ജീവിച്ചിരുന്ന അവസാന വ്യക്തികളിലൊരാളായിരുന്ന ഫാ. ജോണ്‍ ഔറിലിയ അന്തരിച്ചു.അമേരിക്കയിലെ ഡെലവെയറിലുള്ള വില്‍മിംഗ്ടണ്‍ സെന്റ് ഫ്രാന്‍സിസ് അസീസി ആശ്രമത്തില്‍ ജനുവരി 13-നായിരുന്നു അന്ത്യം. ആധുനിക സഭയിലെ ഏറ്റവും വലിയ മിസ്റ്റിക്കുകളില്‍ ഒരാളായ പാദ്രെ പിയോയുടെ സെക്രട്ടറിയായി പൗരോഹിത്യജീവിതത്തിന്റെ ആദ്യ നാളുകളില്‍ അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്നു. വിശുദ്ധ പാദ്രെ പിയോയുടെ ശരീരത്തിലെ പഞ്ചക്ഷതങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ അസാധാരണമായ എളിമയെക്കുറിച്ചും അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. 2024-ല്‍ പുറത്തിറങ്ങിയ ‘Dearest Soul: A Spiritual Journey with Padre Pio’ എന്ന പുസ്തകം വിശുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ സമാഹാരമാണ്.
1940 ഡിസംബര്‍ 8-ന് ഇറ്റലിയിലെ മൊണ്ടെമാരാനോയിലാണ ജോണ്‍ ഔറിലിയ ജനിച്ചത്. കപ്പൂച്ചിന്‍ സന്യാസ സഭയില്‍ ചേര്‍ന്ന അദ്ദേഹം 1966-ല്‍ പൗരോഹിത്യം സ്വീകരിച്ചു.തന്റെ പൗരോഹിത്യ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ വിശുദ്ധ പാദ്രെ പിയോയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കാന്‍ അദ്ദേഹത്തിന് നിയോഗം ലഭിച്ചു. വിശുദ്ധന്റെ ജീവിതത്തിലെ അവസാന കാലഘട്ടത്തില്‍ (1967-68) അദ്ദേഹത്തിന്റെ കൂടെയായിരിക്കാനുള്ള അപൂര്‍വ ഭാഗ്യമാണ് ഇതിലൂടെ ഫാ. ഔറിലിയ്ക്ക് ലഭിച്ചത്. ഇറ്റലിയില്‍ നിന്നും അമേരിക്കയിലേക്ക് എത്തിയ അദ്ദേഹം തുടര്‍ന്ന് നോര്‍ത്ത് ന്യൂജേഴ്സിയിലെ ഇറ്റാലിയന്‍ സമൂഹത്തിനിടയിലാണ് ആദ്യം പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ശേഷം ദീര്‍ഘകാലം ഒരു ഇടവകയുടെ വികാരിയായും പ്രവര്‍ത്തിച്ചു.
















Leave a Comment
Your email address will not be published. Required fields are marked with *