ഇടുക്കി: കൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച് ജെ.ബി കോശി കമ്മീഷന് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീ കരിക്കണമെന്നും ബന്ധപ്പെട്ട കൈസ്തവ വിഭാഗങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമേ അതിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാവൂ എന്നും ഇടുക്കി രൂപത വൈദിക സമിതി ആവശ്യപ്പെട്ടു.
ഇടുക്കി രൂപതാ കേന്ദ്രത്തില്‍ ചേര്‍ന്ന വൈദിക സമിതി യോഗത്തിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്. 2020 നവംബര്‍ 5ന് നിയോഗിക്കുകയും 2023 മെയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത കമ്മീഷന് റിപ്പോര്‍ട്ടിനെക്കുറിച്ചാണ് നാം ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.
കൈസ്തവരുടെ വിദ്യാഭ്യാസ, സാമ്പത്തിക, പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനാണ് കമ്മീഷന് ശ്രമിച്ചതെങ്കിലും രണ്ടര വര്‍ഷത്തിനു ശേഷവും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. ഉള്ളടക്കം സര്‍ക്കാരിനറിയാം; കൈസ്തവര്ക്കോ പൊതുസമൂഹത്തിനോ അറിയുകയുമില്ല. എന്നിട്ടും റിപ്പോര്‍ട്ടിലെ ശിപാര്ശകളി ലേറെയും നടപ്പാക്കിക്കഴിഞ്ഞെന്നും ബാക്കി ഉടനെ ശരിയാ ക്കുമെന്നുമുള്ള സര്‍ക്കാര്‍ വാദം വിചിത്രമാണ്.
നിയമസഭാ ഇലക്ഷന് വിജ്ഞാപനത്തിന് മുമ്പ് കമ്മീഷന് റിപ്പോര്‍ട്ട് പൂര്‍ണമായും പ്രസിദ്ധീകരിക്കണം. ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി കൈസ്തവര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതും രാജ്യത്ത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതും ഏറെ അപലപനീയമാണെന്ന് യോഗം വിലയിരുത്തി.
നിയമസഭ തിരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് എത്തി നില്ക്കുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ നില പാടുകള്‍ വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ രൂപത മീഡിയ കമ്മീഷന് ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് പ്രമേയം അവതരിപ്പിച്ചു.
വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്, മോണ്‍. അബ്രഹാം പുറയാറ്റ്, മോണ്‍. ജോസ് നരിതൂക്കില്‍, രൂപതാ ചാന്‍സലര്‍ റവ. ഡോ. മാര്ട്ടിന് പൊന്‍പനാല്‍ എന്നിവര്‍ സംസാരിച്ചു.
















Leave a Comment
Your email address will not be published. Required fields are marked with *