Follow Us On

23

November

2024

Saturday

ദൈവപരിപാലനയുടെ 20 വര്‍ഷങ്ങള്‍

ദൈവപരിപാലനയുടെ  20 വര്‍ഷങ്ങള്‍

ജോസഫ് മൈക്കിള്‍

20-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇടുക്കി രൂപതയുടെ നാള്‍വഴികളിലൂടെ ഒരു സഞ്ചാരം. ഇടുക്കിയുടെ ചരിത്രത്തെ രണ്ടായിട്ടായിരിക്കും വരുംകാല ചരിത്രകാരന്മാര്‍ വിഭജിക്കാന്‍ സാധ്യത. 2003ന് മുമ്പും അതിനുശേഷവും. കോതമംഗലം രൂപത വിഭജിച്ച് 2003 മാര്‍ച്ച് രണ്ടിനാണ് ഇടുക്കി രൂപത നിലവില്‍വന്നത്. 2023 ല്‍ ഇടുക്കി രൂപത 20-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ നാടിന്റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയുടെ കഥകളാണ് പറയാനുള്ളത്. ജാതി-മതവ്യത്യാസങ്ങളില്ലാതെ ഒരു ജനതയുടെ ജീവിതത്തെ അത്രമാത്രം സ്വാധീനിക്കുവാന്‍ രൂപതയ്ക്ക് കഴിഞ്ഞിരിക്കുന്നു. ജനങ്ങളുടെ പ്രതിസന്ധിഘട്ടങ്ങളില്‍ അവരെ ചേര്‍ത്തുപിടിക്കാന്‍ കഴിഞ്ഞ രൂപതാനേതൃത്വം ഉണ്ടായിരുന്നു.

കസ്തൂരിരംഗന്‍-ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ക്ക് എതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ മുതല്‍ 2018ലെ പ്രളയത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും മുമ്പില്‍ പകച്ചുപോയ അനേകരെ സാധാരണജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ രൂപത കൂടെ ഉണ്ടായിരുന്നു. സാമ്പത്തിക സഹായവും വീടും ഭൂമിയുമായി അനേകര്‍ക്ക് താങ്ങായി. രൂപത നേരിട്ടും ഇടവകകളുടെ നേതൃത്വത്തിലും പലവിധത്തിലുള്ള സഹായങ്ങള്‍ ഒരുക്കി. ആ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാന്‍ അനേകര്‍ മുമ്പോട്ടുവന്നു. സ്വന്തം ഭൂമിയില്‍നിന്ന് പത്തു സെന്റുവീതം പലരും വിട്ടുനല്‍കി. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് മനോഹരമായ ഭവനങ്ങള്‍ ഉയര്‍ന്നു.

പ്രതിസന്ധിഘട്ടങ്ങളില്‍ ഒപ്പം

2020-21 കാലം ലോകം ഭയന്നുവച്ച കോവിഡിന്റെ സമയമായിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ എല്ലാവരും ഭയപ്പെട്ടപ്പോള്‍ ഇടുക്കിയിലെ വൈദികരും യുവജനങ്ങളും ചേര്‍ന്ന് കോവിഡ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് രൂപീകരിച്ചു. ഹൈറേഞ്ചില്‍നിന്നും ഉണ്ടായ ഈ ധീരമായ ചുവടുവെപ്പ് മറ്റു രൂപതകള്‍ക്കും സംഘടനകള്‍ക്കും മാതൃകയായി മാറി. കോവിഡ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് നൂറോളം കോവിഡ് മൃത സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി, മറ്റൊരു പ്രതിസന്ധിഘട്ടത്തില്‍ക്കൂടി ജനങ്ങളോടൊപ്പം ചേര്‍ന്നുനിന്നു. ഇപ്പോഴും സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥയിലാണ് ഇടുക്കി രൂപത. അത്തരമൊരു കാലത്തും 2020ല്‍ അരുണാചല്‍ മിഷന്‍ ഏറ്റെടുത്തത് ദൈവപരിപാലനയില്‍ മാത്രം ആശ്രയിച്ചുള്ള ഒരു എടുത്തുചാട്ടമായിരുന്നു. ആ വിശ്വാസത്തെ ദൈവം മാനിച്ചതിന്റെ അനുഭവങ്ങളും രൂപതയ്ക്ക് പറയാനുണ്ട്.

കുടിയേറ്റ ജനതയുടെ സംരക്ഷകന്‍

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്ന ഇടുക്കി രൂപത പശ്ചിമഘട്ട മലനിരകളാല്‍ ചുറ്റപ്പെട്ട് പ്രകൃതിഭംഗിയാല്‍ ഏറെ അനുഗ്രഹിക്കപ്പെട്ട പ്രദേശമാണ്. കര്‍ഷകരും സാധാരണക്കാരുമായ ആളുകള്‍ അധിവസിക്കുന്ന മലയോരത്ത് ഒരു പുതിയ രൂപതയെ വളര്‍ത്തിയെടുക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. എന്നാല്‍ വിശ്വാസത്തിന് ആഴമേറിയ വേരോട്ടമുള്ള ഹൈറേഞ്ചിന്റെ മണ്ണില്‍ ദൈവത്തില്‍ ആശ്രയിച്ചു മുന്നേറിയപ്പോള്‍ ദൈവം സ്വര്‍ഗം തുറന്ന് അനുഗ്രഹിക്കുന്നതുപോലെ ദ്രുതഗതിയിലായിരുന്നു വളര്‍ച്ച. 76 വൈദികരും 85 ഇടവകകളും 32 മിഷന്‍ സ്റ്റേഷനുമായി ആരംഭിച്ച ഇടുക്കി രൂപത 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 105 ഇടവകകളും 52 മിഷന്‍ സ്റ്റേഷനുകളും 215 വൈദികരും രണ്ട് ലക്ഷത്തില്‍പരം വിശ്വാസികളുമുള്ള വലിയൊരു കുടുംബമായി മാറിയിരിക്കുന്നു.

ഹൈറേഞ്ചിന്റെ പുത്രന്‍ ഭാഗ്യസ്മരണാര്‍ഹനായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലായിരുന്നു ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍. സാധാരണക്കാരായ ജനത്തിന്റെ ശബ്ദമായിരുന്നു പിതാവ്. ഹൈറേഞ്ച് ജനതയെ കയ്യേറ്റക്കാരായി ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അതിനെ ശക്തമായി പ്രതിരോധിക്കാന്‍ അദ്ദേഹം മുമ്പിലുണ്ടായിരുന്നു. കൃത്യമായ നിലപാടുകള്‍ സ്വീകരിച്ച് കര്‍ഷക ജനതയെ സംഘടിതരായി നിലനിര്‍ത്താന്‍ മാര്‍ ആനിക്കുഴിക്കാട്ടിലിനു കഴിഞ്ഞു. ഹൈറേഞ്ച് എന്നും ഭൂസമ്പന്ധമായ പ്രശ്‌നങ്ങളാല്‍ കലുഷിതമായിരുന്നു. പട്ടയ പ്രശ്‌നങ്ങളിലും ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്ക് നടുവിലും ജനങ്ങളെ ഒരുമിച്ചു നിര്‍ത്തി അവരുടെ ആശങ്കകള്‍ അധികാരികളുടെ മുമ്പില്‍ എത്തിക്കാന്‍ ആനിക്കുഴിക്കാട്ടില്‍ പിതാവിന് കഴിഞ്ഞു. ഇല്ലായ്മകളുടെ നടുവില്‍ വിശ്വാസത്തെ ജീവിതത്തോട് ചേര്‍ത്തുവച്ച് രൂപതയുടെ ആത്മീയ-ഭൗതിക വളര്‍ച്ചയ്ക്കുവേണ്ടി കൃത്യമായ പദ്ധതികള്‍ക്ക് അദ്ദേഹം രൂപം നല്‍കി.

പുതിയ ഇടയന്‍

അജപാലന ദൗത്യത്തില്‍ ഇനിയും വൈദികര്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്നുകണ്ട് ദൈവവിളിയുടെ വളക്കൂറുള്ള ഇടുക്കിയുടെ മണ്ണില്‍ 2003 ജൂണ്‍ 9ന് രൂപത മൈനര്‍ സെമിനാരി ആരംഭിച്ചു. തടിയംപാട് ഇപ്പോള്‍ നിലവിലുള്ള മൈനര്‍ സെമിനാരി 2006 ജനുവരി 5നാണ് ആശീര്‍വദിച്ചത്. 2005 മെയ് 8ന് വാഴത്തോപ്പില്‍ രൂപതാ കത്തീഡ്രല്‍ ദൈവാലയത്തിന്റെ ശിലാസ്ഥാപനം നടത്തി. 2012 ഒക്ടോബര്‍ 27ന് ഹൈറേഞ്ചിലെ പുതിയ തലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ തുറന്ന് നല്‍കി രാജമുടിയില്‍ മാര്‍ സ്ലീവാ കോളേജ് ഉദ്ഘാടനം ചെയ്തു. 2014 നവംബര്‍ 10ന് ഹൈറേഞ്ചിലെ വിശ്വാസികളുടെ അഭിമാന മുയര്‍ത്തി വിശ്വാസ ഗോപുരമായി വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ദൈവാലയം കൂദാശ ചെയ്തു.

2018 ജനുവരി 12 മറ്റൊരു ചരിത്ര മുഹൂര്‍ത്തമായിരുന്നു. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവ് വിരമിക്കുന്ന സാഹചര്യത്തില്‍, കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന മെത്രാന്മാരുടെ സിനഡ് ഇടുക്കി രൂപതയ്ക്ക് പുതിയ ഇടയനെ കണ്ടെത്തി. ഇടുക്കി രൂപതയുടെ വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന നെല്ലിക്കുന്നേല്‍ ജോണ്‍ അച്ചന്‍ ഇടുക്കി രൂപതയുടെ നിയുക്ത മെത്രാനായി പ്രഖ്യാപിക്കപ്പെട്ടു. ഏപ്രില്‍ 5ന് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മെത്രാഭിഷേകവും മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ യാത്രയയപ്പും നടന്നു. ഹൈറേഞ്ചിലെ വിശ്വാസസമൂഹം അത്യന്തം പ്രതീക്ഷയോടും വിശ്വാസത്തോടും കൂടി പുതിയ ഇടയനെ വരവേറ്റു.

2018ലെ പ്രളയത്തിന്റെ ഓര്‍മകള്‍

2018 ഓഗസ്റ്റ് 15 മുതലുള്ള ദിവസങ്ങളില്‍ കേരളത്തില്‍ ഉണ്ടായ മഹാപ്രളയം ഇടുക്കിയിലും ഏറെ ദുരിതങ്ങള്‍ വിതച്ചു. ഉരുളുകള്‍പൊട്ടി, വീടുകളും കൃഷിയിടങ്ങളും വരുമാന മാര്‍ഗങ്ങളും നഷ്ടപ്പെട്ടു. അനേകര്‍ ദുരിതാശ്വാസ ക്യാമ്പുകളിലായി. ആളുകള്‍ വല്ലാതെ ഭയപ്പെട്ടുപോയ കാലമായിരുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പിതാവിന്റെ നേതൃത്വത്തില്‍ വൈദികരും സമര്‍പ്പിതരും അല്മായരും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചു. രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഹൈറേഞ്ച് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഓരോ ഇടവകയിലെയും വൈദികരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു.

പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതെങ്കിലും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ഇടവകകള്‍ ഉണ്ടായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ സഹായം എത്തിച്ചു. തുടര്‍ന്ന് വീടുകള്‍ നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിദേശ ഏജന്‍സികളുടെയും ഇന്ത്യയിലെ പല രൂപതകളുടെയും സഹായത്തോടെ വീടുകള്‍ നിര്‍മിച്ചു നല്‍കി. പുതുക്കി പണിയുന്നതിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനും സഹായം നല്‍കി. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കുമാത്രമല്ല, തകര്‍ന്നുവീഴാറായ വീടുകള്‍ ഉണ്ടായിരുന്ന നിരവധി പേര്‍ക്ക് ഇടവകകളുടെ നേതൃത്വത്തില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കി. ഒരു വര്‍ഷക്കാലം ആ പ്രവര്‍ത്തനങ്ങള്‍ നീണ്ടുനിന്നു. 2020 മെയ് 1 രൂപതയെ ഏറെ കണ്ണീരിലാഴ്ത്തിയ ദിനമായിരുന്നു. അന്നേദിവസം പുലര്‍ച്ചെ പ്രിയങ്കരനായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവ് ദിവംഗതനായി.

അരുണാചല്‍ മിഷന്‍

ഷംസാബാദ് രൂപത സ്ഥാപിതമായതിനെ തുടര്‍ന്ന് മിഷന്‍ ആഭിമുഖ്യം സീറോമലബാര്‍ സഭയില്‍ ഉണ്ടായി. എല്ലാ രൂപതകളും ഏതെങ്കിലുമൊക്കെ മിഷനുകള്‍ ഏറ്റെടുക്കണമെന്നുമൊക്കെയുള്ള ചര്‍ച്ചകള്‍ സിനഡില്‍ ഉയര്‍ന്നുവന്നിരുന്നു. ആ വലിയ ബോധ്യത്തില്‍ നിന്നായിരുന്നു 2020 ഒക്ടോബര്‍ 22ന് അരുണാചല്‍മിഷന്‍ ഇടുക്കി രൂപത ഏറ്റെടുത്തത്. സാഹസികമായിരുന്നു ആ തീരുമാനം. ഇപ്പോള്‍ എട്ടു വൈദികരും അഞ്ച് സമര്‍പ്പിതരും അരുണാചല്‍ മിഷനില്‍ ശ്രദ്ധേയമായ ശുശ്രൂഷകള്‍ നടത്തിവരുന്നു. പരിശുദ്ധ മാതാവിന്റെ നാമധേയത്തിലാണ് മിഷന്‍. പ്രതികൂലമായ സാഹചര്യങ്ങളാണെങ്കിലും ദൈവപരിപാലനയില്‍ ആശ്രയിച്ചു മുമ്പോട്ടുപോകുന്നു. അരുണാചലിലെ ഇറ്റാനഗര്‍ രൂപതയോടും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

വടക്കന്‍ ഹൈറേഞ്ചിന്റെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ നിറംപകര്‍ന്ന് 2018ല്‍ രാജകുമാരിയില്‍ സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂള്‍ ആരംഭിച്ചു. 2022 ഡിസംബര്‍ 8ന് രാജാക്കാട് സെന്റ് ജോസഫ് ഫോര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. വൈദിക പരിശീലനത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി പ്രേഷിതാഭിമുഖ്യവും ആത്മീയ നിറവുമുള്ളവരായി വരുംതലമുറയിലെ വൈദികരെ വാര്‍ത്തെടുക്കുകയാണ് സെന്ററിന്റെ ലക്ഷ്യം.
മാര്‍ത്തോമ്മാ കുരിശിന് പ്രതിഷ്ഠിതമായ ഇടുക്കി രൂപത ബാലാരിഷ്ടതകള്‍ പിന്നിട്ട് യൗവനത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. വിശുദ്ധ തോമാശ്ലീഹായുടെ ജീവിത സാക്ഷ്യവും ആദര്‍ശ ധീരതയും ഉള്‍ക്കൊണ്ട് വിശ്വാസ ജീവിതം ആരംഭിച്ച പഴയ തലമുറയുടെ കലര്‍പ്പില്ലാത്ത ആത്മീയ ജീവിതമാണ് ഹൈറേഞ്ചിന്റെ പുണ്യം.

പ്രതിസന്ധികളിലേക്കല്ല, സാധ്യതകളിലേക്കാണ് നോക്കുന്നത്

ദൈവപരിപാലന അനുഭവിച്ചറിഞ്ഞ അവസരങ്ങളായിട്ടാണ് കഴിഞ്ഞ 20 വര്‍ഷങ്ങളെ കാണുന്നതെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. അവിഭക്ത കോതമംഗലം രൂപതയിലെ വൈദികരാണ് ഹൈറേഞ്ചിന്റെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചത്. ദൈവാലയങ്ങളും സ്‌കൂളുകളും സ്ഥാപിക്കപ്പെട്ടത് ഇടുക്കി രൂപതയുടെ സ്ഥാപനത്തിന് മുമ്പായിരുന്നു. ഈ പ്രദേശത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ ദ്രുതഗതിയില്‍ വളര്‍ച്ച ഉണ്ടായി. ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ കാലത്ത് പുതിയൊരു ഉണര്‍വ് ഉണ്ടാക്കാന്‍ കഴിഞ്ഞു. സഭയുടെ സാന്നിധ്യം എല്ലാ രംഗത്തും കൂടുതല്‍ ദൃശ്യമായി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഗവണ്‍മെന്റിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധിച്ചു.

അരുണാചല്‍ മിഷന്‍ വലിയ റിസ്‌കായിരുന്നു. ഇത്രയും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് തുടക്കത്തില്‍ ധാരണയില്ലായിരുന്നു. എന്നാല്‍, ദൈവകൃപയാല്‍ എല്ലാം നല്ലരീതിയില്‍ നടക്കുന്നു. അതുവഴി സാമ്പത്തിക മേഖലയില്‍വരെ അനുഗ്രഹിക്കപ്പെട്ട അനുഭവങ്ങളാണ് പറയാനുള്ളത്. അതിനുശേഷം ഇടവകാംഗങ്ങള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ മിഷനെ സഹായിക്കണമെന്ന് ഓര്‍മിപ്പിച്ച് കത്തുകള്‍ നല്‍കുന്നുണ്ട്. അമ്പരപ്പിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് വിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. നാളത്തെ കാര്യങ്ങള്‍ എങ്ങനെ നടക്കുമെന്നതിനെകുറിച്ച് ആകുലപ്പെടുന്നില്ല. ദൈവം തരുമെന്ന ബോധ്യത്തിലാണ് മുന്നോട്ടുപോകുന്നത്. ഒറ്റയടിക്കുള്ള വളര്‍ച്ചയ്ക്കു പകരം ക്രമാനുഗതമായ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. പ്രതിസന്ധികളിലേക്കല്ല, സാധ്യതകളിലേക്കാണ് നോക്കുന്നതെന്ന് മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?