Follow Us On

23

November

2024

Saturday

സ്ത്രീയുടെ സന്തോഷം കുടുംബത്തിന്റെ ആരോഗ്യം

സ്ത്രീയുടെ സന്തോഷം  കുടുംബത്തിന്റെ ആരോഗ്യം

നിഷ ജോസ്
(ലേഖിക കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റാണ്)

ഏഴ് വയസുകാരിയായ മകളുടെ പെരുമാറ്റത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് അജിത്തും സോണിയയും (പേരുകള്‍ സാങ്കല്പികം) കൗണ്‍സിലിംഗിന് എത്തുന്നത്. കുഞ്ഞിന്റെ പെരുമാറ്റത്തില്‍ വന്ന അസാധാരണ മാറ്റങ്ങളെക്കുറിച്ചുള്ള വിശകലനം ഒടുവില്‍ എത്തിനിന്നത് സോണിയയുടെ അമിതമായ മാനസിക സമ്മര്‍ദ്ദത്തിലാ ണ്. പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനത്തിലെ Amcademic Coordinator ആയി ജോലി ചെയ്തിരുന്ന സോണിയയ്ക്ക് ജോലിയുടെയും വീട്ടിലെ ഉത്തരവാദിത്വങ്ങളുടെയും ഭാരം ഒരുമിച്ച് താങ്ങാന്‍ കഴിയാതെ വന്നു. അജിത് സ്‌നേഹമുള്ള വ്യക്തി ആയിരുന്നെങ്കിലും സോണിയയെ മനസിലാക്കാനും ആവശ്യമായ പിന്തുണ നല്‍കാനുമുള്ള ബോധ്യങ്ങളില്ലായിരുന്നു.

തന്റെ മാനസിക സമ്മര്‍ദ്ദം മുഴുവന്‍ സോണിയ അറിയാതെ തന്നെ മകളുടെ മേല്‍ തീര്‍ത്തു തുടങ്ങി. എല്ലാത്തിനും ദേഷ്യം, പൊട്ടിത്തെറി, ഉച്ചത്തിലുള്ള ശകാരങ്ങള്‍, നിസാര കാര്യങ്ങള്‍ക്ക് അടിക്കുക അങ്ങനെ പലതും. ഒടുവില്‍ കുഞ്ഞ് മാതാപിതാക്കള്‍ക്കെതിരെ പ്രതികരിച്ചു തുടങ്ങി. അനുസരണക്കേടും വാശിയും വഴക്കുകളും നിയന്ത്രണാതീതമായി. ഒടുവില്‍ കുഞ്ഞിന് കൗണ്‍സിലിംഗ് കൊടുക്കുന്നതിന് പകരം അജിത്തും സോണിയയും തങ്ങള്‍ക്ക് കൗണ്‍സിലിംഗ് വേണം എന്ന തീരുമാനത്തില്‍ എത്തി.

ഈ പറഞ്ഞ ദമ്പതികളുടെ പേരുകളും മറ്റ് വിവരങ്ങളും സങ്കല്പികമാണ്. എങ്കിലും അവരുടെ പ്രശ്‌നം അനേകം പേരില്‍ കണ്ടിട്ടുള്ള യാഥാര്‍ത്ഥ്യമാണ്. ലോകമെമ്പാടും നടന്നതുപോലെ തന്നെ ഭാരതത്തിലും ജോലി സ്ഥലങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം, വളരെ വേഗത്തില്‍ ഉയര്‍ന്നുകൊണ്ടാണിരിക്കുന്നത്. ഈ വര്‍ധനവ് ലിംഗസമത്വത്തിലും സ്വാതന്ത്ര്യത്തിലും ഉള്ള ഒരു കുതിച്ചുയരല്‍ തന്നെ ആയിരിക്കുമ്പോഴും ഇവിടെ സ്ത്രീകള്‍ നേരിടുന്ന മാനസിക, സാമൂഹിക വെല്ലുവിളികള്‍ ധാരാളമാണ്.

ലിംഗഭേദവും വിവേചനവും
എല്ലാത്തരം പുരോഗമന ചിന്തകളും നിലനില്‍ക്കുമ്പോഴും നമ്മുടെ സമൂഹത്തിന്റെ പരമ്പരാഗത സ്ത്രീ പുരുഷ സങ്കല്പങ്ങളും പ്രതീക്ഷകളും (Gender role Expectations) ഇപ്പോഴും സ്ത്രീകള്‍ക്ക് ഭാരമാകുന്നു എന്നുതന്നെ പറയാം. ഇത് ജോലി സ്ഥലങ്ങളിലെ വിവേചനങ്ങള്‍ക്കും മാറ്റിനിര്‍ത്തലുകള്‍ക്കും കാരണമാകുന്നു.
വേതനത്തിലുള്ള വ്യത്യാസം, കുറഞ്ഞ വേതനം സ്ത്രീകള്‍ നേരിടുന്ന അത്തരം ഒരു വിവേചനമാണ്. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് 2019 ല്‍ നടത്തിയ പഠനം പറയുന്നത് ഇന്ത്യന്‍ നഗരങ്ങളിലെ സ്ത്രീകള്‍ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, സ്ഥാനം എന്നിവയിലെല്ലാം തത്തുല്യരായിരുന്നിട്ടും പുരുഷന്മാരെക്കാള്‍ 20% കുറവ് സമ്പാദിക്കുന്നു എന്നാണ്.

നേതൃത്വത്തിലേക്കും ഉയര്‍ന്ന സ്ഥാനങ്ങളിലേക്കും പരിഗണിക്കപ്പെടുന്നതിലും, സ്ഥാനക്കയറ്റം ലഭിക്കുന്നതിലും സ്ത്രീകള്‍ ഇപ്പോഴും തഴയപ്പെടുന്നു, വിവേചനം നേരിടുന്നു. 2019 ലെ  India skills Report അനുസരിച്ച് സീനിയര്‍ മാനേജ്‌മെന്റ് സ്ഥാനങ്ങളില്‍ എത്തുന്ന സ്ത്രീകളുടെ നിരക്ക് വെറും 15 ശതമാനം മാത്രമാണ്.

മാതൃത്വത്തോടുള്ള വിവേചനം (Materntiy Discrimination)

ഇത്രവര്‍ഷത്തേക്ക് ഗര്‍ഭം ധരിക്കാന്‍ പാടില്ല എന്ന കരാറില്‍ മാത്രം ജോലി നല്‍കുന്ന സ്ഥാപനങ്ങളും, ഗര്‍ഭിണികളായവര്‍ക്ക് ജോലി നല്‍കാത്ത സ്ഥാപനങ്ങളുമുണ്ട്. International Labour Organizarion 2019 ല്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയില്‍ 41 % സ്ത്രീകളും, തങ്ങളുടെ ഗര്‍ഭധാരണ സമയത്ത് അല്ലെങ്കില്‍ പ്രസവാവധിയുടെ കാര്യത്തില്‍ വലിയ വിവേചനങ്ങള്‍ നേരിട്ടതായാണ്. ഗര്‍ഭധാരണത്തിന്റെ പേരില്‍ സ്ഥാനക്കയറ്റങ്ങള്‍ നിഷേധിക്കപ്പെടുന്നവരും, ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരും ജോലി തന്നെ നഷ്ടപ്പെടുന്നവരും ഉണ്ട്.

തുടക്കത്തില്‍ പറഞ്ഞ സോണിയയുടെ പ്രശ്‌നം ജോലിയും ജീവിതവും തമ്മിലുള്ള ബാലന്‍സ് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ്. ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ മിക്കപ്പോഴും ബഹുമുഖ റോളുകളും ഉത്തരവാദിത്വങ്ങളും കൈകാര്യം ചെയ്യുന്നവരാണ്. ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്വങ്ങളും വീട്ടിലെ ജോലികളും എല്ലാം ചേര്‍ന്ന് ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം സ്ത്രീകളെ പ്രതികൂലമായി ബാധിക്കാറുണ്ട്.
വിഷാദത്തിനും ആകുലതക്കും പലവിധ ശാരീരിക രോഗങ്ങള്‍ക്കും ഇത് കാരണം ആകുന്നു. മനോജന്യരോഗങ്ങള്‍ ഇവരില്‍ സാധാരണമാകാം. എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റി വരുമ്പോള്‍ തങ്ങള്‍ക്ക് വേണ്ടി (for self care) ഒരല്പം സമയംപോലും മാറ്റിവയ്ക്കാന്‍ കഴിയാതെ വരുന്നത് കാലാന്തരത്തില്‍ സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

ലൈംഗിക അതിക്രമങ്ങള്‍

ജോലി സ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന ശരീരികവും ലൈംഗികവുമായ അതിക്രമങ്ങള്‍ ഇന്നും ഒരു പ്രധാന പരിഗണന അര്‍ഹിക്കുന്ന വിഷയം ആണ്. ഇന്ത്യന്‍ ബാര്‍ അസോസിയേഷന്റെ വെളിപ്പെടുത്തലില്‍ നമ്മുടെ രാജ്യത്തെ 38% ഉദ്യോഗസ്ഥകളായ സ്തീകളും തങ്ങള്‍ ജോലിസ്ഥലത്ത് വമൃമാൈലി േഅനുഭവിച്ചിട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. എന്നാല്‍ ഈ ശതമാനം യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ വളരെ താഴെയാണത്രേ. ഭയവും അപമാനവും മൂലം പുറത്തുപറയാന്‍ മടിക്കുന്ന ഒരു വലിയ വിഭാഗം ഉണ്ട്.

സ്ത്രീകള്‍ ജോലി ചെയ്യുന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ആത്മാഭിമാനത്തിനും ജീവിതത്തിന് കൂടുതല്‍ അര്‍ഥവും ലക്ഷ്യവും നല്‍കുന്നതിനും സഹായകമാണ്. ജോലി ചെയ്യുന്ന സ്ത്രീകള്‍ അല്ലാത്തവരെക്കാള്‍ ജീവിതത്തില്‍ സന്തുഷ്ടരും സംതൃപ്തരും ആയിരിക്കും എന്നും പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ മേല്‍പറഞ്ഞ സാഹചര്യങ്ങള്‍ ഗൗരവമായി പരിഗണിക്കുകയും കൂടുതല്‍ സുരക്ഷിതമായ അന്തരീക്ഷം തൊഴില്‍ ഇടങ്ങളിലും സമൂഹത്തിലും സൃഷ്ടിക്കപ്പെടുകയും വേണം. മാതൃത്വം കൂടുതല്‍ മാനിക്കപ്പെടണം. മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും കൂടുതല്‍ പിന്തുണ നല്‍കണം. മാതൃത്വത്തിന്റെ പേരില്‍ അവസരങ്ങളും സ്ഥാനങ്ങളും നിഷേധിക്കപ്പെടുന്ന അവസ്ഥകള്‍ മാറണം. സര്‍വ്വോപരി കുടുംബങ്ങളില്‍ ഉത്തരവാദിത്വങ്ങളും ജോലികളും പങ്കുവയ്ക്കപ്പെടണം. ഒരു കുടുംബത്തിലെ സ്ത്രീയുടെ, അമ്മയുടെ സന്തോഷം ആ കുടുംബത്തിന്റെ മുഴുവന്‍ സന്തോഷമാണ്. അവളുടെ ആരോഗ്യം കുടുംബത്തിന്റെ മുഴുവന്‍ ആരോഗ്യവുമാണ്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?