യുദ്ധകലുഷിതവും, വെറുപ്പും വിഭാഗീയതയും നിറഞ്ഞതുമായ അന്തരീക്ഷം നിലനില്‍ക്കുന്ന ലോകത്തില്‍ മാനവ സാഹോദര്യത്തിന്റെ സന്ദേശം പകരുന്ന ഇംഗ്ലീഷ് കവിതകളുടെ സമാഹാരമാണ് അറിയപ്പെടുന്ന നോവലിസ്റ്റും കവിയുമായ അഭിലാഷ് ഫ്രേസറുടെ പുതിയ പുസ്തകമായ FATHER. അമേരിക്കയിലെ ഒറിഗണ്‍ സ്റ്റേറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപ്ഫ് ആന്‍ഡ് സ്റ്റോക്ക് പബ്ലിഷേഴ്‌സ് (Wipf and Stock Publisher) ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മനുഷ്യരെ തമ്മിലകറ്റുന്ന വെറുപ്പിനും വിഭാഗീയതയ്ക്കും ഒരു ഔഷധമേയുള്ളൂ, അത് സാഹോദര്യത്തില്‍ അധിഷ്ഠിതമായ സ്‌നേഹമാണ്. ഈ സാഹോദര്യത്തിന്റെ ആധാരമാകട്ടെ, ഒരേ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളെന്ന വിശ്വാസവും ബോധ്യവും. സകല മനുഷ്യരെയും സമസ്ത ജീവജാലങ്ങളെയും ഉദാത്തമായൊരു സാഹോദര്യത്തിന്റെ കൂടാരത്തിലേക്ക് ക്ഷണിക്കുന്ന കവിതകളുടെ സമാഹാരമാണ് ഫാദര്‍.
ദൈവത്തെ പിതാവായി സ്വീകരിക്കുമ്പോള്‍ സകല ജീവിജാലങ്ങളും നമ്മുടെ സഹോദരങ്ങളായി മാറുന്നു എന്ന വി. ഫ്രാന്‍സിസ് അസ്സീസിയുടെ ദര്‍ശനം തന്നെയാണ് ഈ കവിതകളുടെ ആത്മാവ്. ഈ സമാഹാരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും ദീര്‍ഘവുമായ കവിതയുടെ പേര് ഫാദര്‍ എന്നു തന്നെയാണ്. സ്വന്തം പിതാവായ പീറ്റര്‍ ബെര്‍ണാഡിനാല്‍ പരിത്യജിക്കപ്പെട്ട്, പിതാവിന്റെ എല്ലാ സമ്പത്തും തിരിച്ചു നല്‍കി, ഉടുത്തിരുന്ന വസ്ത്രം പോലും തിരികെ ഏല്‍പിച്ച്, നഗ്നനായി നില്‍ക്കുന്ന ഫ്രാന്‍സിസിന്റെ നിലവിളിയും പ്രാര്‍ത്ഥനയും ചിന്തകളും ഇംഗ്ലീഷ് സാഹിത്യത്തിലെ ഡ്രമാറ്റിക്ക് മോണോലോഗ് എന്ന സങ്കേതം ഉപയോഗിച്ച് അനാവരണം ചെയ്യുന്ന കവിതയാണ് ഇത്. നഗ്നനായ തന്നെ സ്‌നേഹവാത്സല്യങ്ങളുടെ വസ്ത്രം ധരിപ്പിക്കണമേ എന്ന് പിതാവായ ദൈവത്തോട് ഫ്രാന്‍സിസ് യാചിക്കുകയാണ്. ദൈവം സൃഷ്ടിച്ച പ്രകൃതി തന്നെ ഫ്രാന്‍സിസിന് ഉടയാട ആയിത്തീരുന്നു!
ചരിത്രത്തിലെ ഈ സംഭവങ്ങള്‍ക്കപ്പുറം ഈ കവിതയ്ക്ക് ആഴമായ ആത്മീയ മാനങ്ങള്‍ കണ്ടെത്താന്‍ കഴിയും. ദൈവവിശ്വാസം നഷ്ടപ്പെട്ട്, പ്രകൃതിയില്‍ നിന്ന് മുറിച്ചു മാറ്റപ്പെട്ട്, ആത്മീയവും ആന്തരികവുമായ നഗ്നതയില്‍, തിന്മകളുടെയും സങ്കടങ്ങളുടെയും മഴയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ആധുനിക മനുഷ്യന് സൗഖ്യത്തിന്റെ വസ്ത്രം ദൈവവും പ്രകൃതിയുമാണെന്ന ദര്‍ശനം ഈ കവിത അവതരിപ്പിക്കുന്നു. ദൈവം ചേര്‍ത്തു പിടിക്കുമ്പോള്‍, പ്രകൃതിയിലേക്ക് മടങ്ങുമ്പോള്‍ മനുഷ്യന്‍ ഏദന്‍ തോട്ടത്തിലേത് പോലെ സൗഖ്യമുള്ളവനും സന്തോഷമുള്ളവനുമായി തീരുന്നു. അവിടെ മനുഷ്യന്റെ വസ്ത്രം ദൈവത്തിന്റെ വാത്സല്യവും പ്രകൃതിയും തന്നെയാണല്ലോ.
മഴയത്തൊരു സൂര്യന്‍ (Sun in the Rain) എന്ന മറ്റൊരു കവിത, ക്രിസ്തു മരിച്ച മഴയുള്ള രാത്രിയില്‍ തനിച്ചിരുന്ന്, ആ കാരുണ്യം ഓര്‍മിക്കുന്ന പാപിനിയായ സ്ത്രീയുടെ ഓര്‍മകളിലൂടെയുള്ള ഒരു സഞ്ചാരമാണ്. എല്ലാവരും കല്ലുകളുമായി നിരന്ന ആ ദിവസം കരുണയുടെ സൂര്യനായി ക്രിസ്തു അരികില്‍ വന്ന് ചാരത്തിരുന്നു. ന്യായാധിപനും കുറ്റവാളിയും ഒരേ തട്ടില്‍. കരുണയുടെ ഒരു മഴപ്പെയ്ത്തില്‍ അവളുടെ ഉള്ളിലെ പൊടിയും പാപങ്ങളും കഴുകി പോകുന്നു. മഴയില്‍ പൊടി കഴുകിപ്പോയ അന്തരീക്ഷത്തില്‍ സ്‌നേഹം സൂര്യനായി തെളിയുന്നു. അപരനെ കുറ്റം വിധിക്കുന്ന സംസ്‌കാരം വര്‍ദ്ധിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ കവിത കരുണയുടെ കാഴ്ചയാകുന്നു.
മറ്റൊരു കവിത ക്രിസ്തുവിന്റെ പാദുകങ്ങളെ കുറിച്ചാണ്. നിത്യതയില്‍ നിന്ന് ഭൂമിയിലേക്ക് ഇറങ്ങി വരാന്‍ ക്രിസ്തു ഉപയോഗിച്ച തുകല്‍ച്ചെരുപ്പ് എന്നത് എഴുത്തുകാരന്റെ ഭാവനയാണ്. എന്നാല്‍ ഈ ചെരുപ്പ് രക്ഷാകര ചരിത്രത്തിലൂടെ നടന്നു പോയ ദൈവത്തിന് തന്റെ സഞ്ചാരങ്ങളുടെ പ്രതീകമാകുന്നു. മനുഷ്യന്‍ സഞ്ചരിച്ച വഴികളിലെ പൊടിയും അഴുക്കും സ്വയം ഏറ്റു വാങ്ങിയ ചെരുപ്പ്. മനുഷ്യര്‍ക്കൊപ്പം നടന്ന ചെരുപ്പ്. നിത്യതയില്‍ നിന്നിറങ്ങി കാലത്തിലൂടെ നടന്നു പോയ ഈ ചെരുപ്പ് മനുഷ്യപാപങ്ങള്‍ സ്വയം ഏറ്റെടുത്ത ക്രിസ്തുവിന്റെ പ്രതീകമാകുന്നു.
ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ രാത്രിയില്‍ പത്രോസിന്റെ അനുതാപവിവശമായ മനസ്സിലൂടെ സഞ്ചരിക്കുന്ന കവിതയാണ് ഒരു പാറയുടെ മിഴിനീര്‍ (Tears of a Rock). ക്രിസ്തുവിന്റെ മിഴികളില്‍ നിന്നു പ്രസരിക്കുന്ന പ്രഭാ രശ്മികളേറ്റ് വജ്രമായി രൂപാന്തരപ്പെടുന്ന ഒരു പാറയുടെ കഥ. ഒപ്പം നടന്ന ഗലീലിയന്റെ ഓര്‍മകള്‍ ആ പാറയെ പൊള്ളിക്കുന്നു, ഉരുക്കുന്നു. പിളര്‍ന്ന പാറയിലൂടെ ആ രാത്രിയില്‍ ഗുരുവിന്റെ നോട്ടം ആത്മാവില്‍ ചെന്നു തറയ്ക്കുന്നു. ഗുരുവിന്റെ സ്‌നേഹത്തിന്റെയും നന്മകളുടെ ഓര്‍മകളില്‍ ശിഷ്യന്‍ അനുതാപത്താല്‍ നീറുന്നു. കവിത വായിച്ചു കഴിയുമ്പോള്‍ ഇത് ഓരോ മനുഷ്യന്റെയും കഥയാകുന്നു. ഗുരുവിന്റെ സ്‌നേഹം മറന്ന ഓരോ ശിഷ്യന്റെയും കഥ.
തകര്‍ന്ന സ്വപ്‌നങ്ങളുടെ പൊട്ടക്കിണറ്റില്‍ ഏകാകിയായി കിടക്കുമ്പോള്‍ ചില തിരിച്ചറിവുകളിലേക്ക് നടക്കുന്ന പഴയ നിയമത്തിലെ ജോസഫും, തണുത്തുറഞ്ഞ മനുഷ്യക്കടലില്‍ ചോര്‍ന്നൊലിക്കുന്ന ജീവിതത്തോണി ഇറക്കുന്ന രക്തസ്രാവക്കാരിയും എല്ലാം അഭിലാഷിന്റെ കവിതയ്ക്ക് വിഷയമാകുന്നു. പരിശുദ്ധ കന്യാമറിയം ഗബ്രിയേല്‍ ദൂതന്റെ സ്വര്‍ഗദൂത് ഏറ്റു വാങ്ങുന്ന മുഹൂര്‍ത്തവും മറ്റൊരു കവിതയ്ക്ക് വിഷയമാകുന്നു. മഞ്ഞു മൂടിയ ജാലകത്തിലേക്ക് നോക്കി നില്‍ക്കുന്ന മേരി എന്ന യഹൂദപ്പെണ്‍കുട്ടി, ജനാലയിലെ മഞ്ഞില്‍ ഇസ്രായേലിന്റെ യാത്രകളുടെ ഭൂപടം വായിക്കുന്നു. രക്ഷകനിലേക്കുള്ള യാത്രകള്‍ അവസാനം അവള്‍ സ്വന്തം ജീവിതത്തില്‍ തന്നെ കണ്ടെത്തുന്നു.
സാഹിത്യകൃതികള്‍ രചിക്കാന്‍, മനുഷ്യന് ആത്മസൗഖ്യത്തിന്റെ സന്ദേശം നല്‍കാന്‍ കെല്പുള്ള അക്ഷയ ഖനിയാണ് ബൈബിള്‍ എന്ന് ഓര്‍മപ്പെടുത്തുന്ന പുസ്തകമാണ് ഫാദര്‍. ആധുനിക മനുഷ്യന്റെ ഏറ്റവും ആഴമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ഔഷധം സ്വര്‍ഗസ്ഥനായ ഒരേയൊരു പിതാവിന്റെ തണലിലേക്ക് ചേര്‍ന്നു നില്‍ക്കുകയാണ് എന്നതാണ് ഈ പുസ്തകത്തിന്റെ ഈടുറ്റ ദര്‍ശനം.
ആമസോണ്‍, ബാര്‍ണെസ് ആന്‍ഡ് നോബിള്‍ എന്നിവ ഉള്‍പ്പെടെ പ്രധാനപ്പെട്ട എല്ലാ ഇ-കോമേഴ്‌സ് സൈറ്റുകളിലൂടെയും ആഗോളതലത്തില്‍ ഈ പുസ്തകം ലഭ്യമാണ്.
Leave a Comment
Your email address will not be published. Required fields are marked with *