ജനീവ: ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട് ഗാസയിൽ മൂവായിരത്തഞ്ഞൂറോളം കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യുനിസെഫിന്റെ വക്താവ് ജെയിംസ് എൽഡർ. പത്ത് ലക്ഷത്തോളം കുട്ടികൾ ജലദൗർലഭ്യം മൂലം വൈഷമ്യം അനുഭവിക്കുന്നുണ്ടെന്നും ജനീവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. സംഘർഷങ്ങൾ ആരംഭിച്ചപ്പോൾ മുതൽ തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികളെ സ്വാതന്ത്രരാക്കുന്നതിനായി ഗാസാ മുനമ്പിൽ വെടിനിറുത്തലിന് ആഹ്വാനം ചെയ്തുവെന്നും കുട്ടികളെ കൊലപ്പെടുത്തരുതെന്ന് മറ്റ് പ്രസ്ഥാനങ്ങൾക്കൊപ്പം
തങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്നും ജെയിംസ് എൽഡർ പറഞ്ഞു.
സംഘർഷങ്ങൾ രണ്ടാഴ്ച പിന്നിട്ടപ്പോൾ നൂറുകണക്കിന് കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായിരുന്നു. നിലവിൽ മൂവായിരത്തഞ്ഞൂറോളം കുട്ടികൾ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നതെന്നും ജെയിംസ് എൽഡർ വ്യക്തമാക്കി. ഈ സംഖ്യ ഭീതിതമാംവിധം വർദ്ധിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ഗാസ കുട്ടികളുടെ ശ്മശാനമായി മാറിയെന്നും, മറ്റുള്ളവർക്ക് അതൊരു നരകമായിത്തീർന്നെന്നും കൂട്ടിച്ചേർത്തു. ഗാസയിൽ ജലലഭ്യത ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. പ്രതിദിന ജല ഉൽപാദനത്തിന്റെ അഞ്ചു ശതമാനം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും, നിർജ്ജലീകരണം മൂലം കുട്ടികൾ, പ്രത്യേകിച്ച് ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾ മരണത്തിനടുത്താണ് .
ഗാസാ മുനമ്പിലെ കുട്ടികൾ കടുത്ത മാനസിക സംഘർഷങ്ങൾ നേരിടുന്നുണ്ടെന്ന് ഓർമിപ്പിച്ച എൽഡർ, നിലവിലെ ഇസ്രായേൽ-പാലസ്തീൻ സംഘർഷങ്ങൾക്ക് മുൻപുതന്നെ എട്ടു ലക്ഷത്തോളം കുട്ടികൾക്ക് മാനസിക-സാമൂഹ്യസഹായം ആവശ്യമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ഗാസയിൽ ഏതാണ്ട് പതിനൊന്ന് ലക്ഷത്തോളം കുട്ടികളാണുള്ളത്. അവരെയോർത്തെങ്കിലും അടിയന്തിര വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്ന് യൂനിസെഫ് വക്താവ് ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *