Follow Us On

17

May

2024

Friday

യുദ്ധം

യുദ്ധം

മനുഷ്യനെ സൃഷ്ടിക്കുന്നതിനുമുമ്പ് ദൈവം അവനുവേണ്ടിയൊരുക്കിയ സ്വപ്നക്കൂടിനെക്കുറിച്ച് പറഞ്ഞാണ് തിരുവെഴുത്തിന്റെ ഒന്നാം പാഠം തുടങ്ങുക. ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നതിനെക്കുറിച്ചും അവന് പാര്‍ക്കേണ്ട ആവാസവ്യവസ്ഥയുടെ ക്രമങ്ങളെക്കുറിച്ചുമൊക്കെ എത്രയധികം ശ്രദ്ധ ഇതില്‍ ചെലുത്തുന്നുണ്ട്. സത്യത്തില്‍ മനുഷ്യനെയും അവന്റെ കാലാവസ്ഥയെയും രൂപീകരിക്കുന്നതില്‍ എത്ര വലിയ ‘ദൈവികശ്രദ്ധ’ ആവശ്യമുണ്ട്. ഇന്ന് അങ്ങനെയൊരു ലക്ഷ്യമല്ല വാസ്തവത്തില്‍ നമുക്കുള്ളത്. വ്യവസായിയാകാനും ധനികനാകാനും ഉന്നതപദവി നേടാനും ധൂര്‍ത്തനാകാനും എളുപ്പമുള്ള കാലം. ദരിദ്രനാകാനും കടക്കാരനാകാനും അതിലുമെളുപ്പമായ കാലം. മനുഷ്യനാവുക എന്നതുമാത്രമാണ് ഏറ്റവും ആയാസകരം. അത് ചരിത്രത്തില്‍ എപ്പോഴും അങ്ങനെതന്നെയാണെന്നു കരുതേണ്ടിവരും. കാരണം പില്‍ക്കാലത്ത് ദൈവംതന്നെ ഇറങ്ങിവന്നുവല്ലോ മനുഷ്യനാവാന്‍!

മനുഷ്യന്‍ ദുരിതമാക്കപ്പെട്ട ഒരു പുഴയാണെന്ന് സരതുഷ്ട്ര പറഞ്ഞുവച്ചു. എന്നാല്‍ സുഗന്ധവാഹിനിയായിരുന്ന ഒരു ചരിത്രം നമുക്കുണ്ടായിരുന്നു. വെളിച്ചമുണ്ടാകട്ടെ എന്ന കല്പനയില്‍ തുടങ്ങുന്ന ചരിത്രം. വിഷലിപ്തവും തമസ്‌ക്കരിക്കപ്പെട്ടതുമായ വര്‍ത്തമാന പരിസരങ്ങളെ സര്‍ഗാത്മകമായി പുതുക്കിപ്പണിയുന്നതിനുള്ള ഉത്തരവാദിത്വം വ്യക്തിപരമായും സാമൂഹികമായും നമുക്കുണ്ട്. സ്വന്തമഹത്വം അന്വേഷിച്ചുള്ള യാത്രകളില്‍ നാം നഷ്ടപ്പെടുത്തുന്നത് ദൈവമഹത്വമാണ്. ദൈവമഹത്വം അന്വേഷിക്കുമ്പോള്‍തന്നെ നാം കേള്‍ക്കുന്നുണ്ട്, ‘ആകാശങ്ങള്‍ ദൈവത്തിന്റെ മഹത്വത്തെ അറിയിക്കുന്നുവെന്ന്.’

ആദിയില്‍ ആകാശമുണ്ടാകുന്നു. ആശിക്കുന്നതിനെല്ലാം ഇടം നല്‍കുന്നത് ആകാശമെന്ന് ഭാരതം വിശദീകരിക്കുന്നു. ഒപ്പം ബാഹ്യമായ ഒരാകാശവും (space) ആന്തരികമായ ഒരാകാശവും ഉണ്ടെന്നും പഠിപ്പിക്കുന്നു. ഘടാകാശവും മഹാകാശവുംപോലെ. പുറത്തുള്ള സ്‌പേസാണ് നമ്മുടെ ആകൃതി നിര്‍ണയിക്കുക. അകത്തെ സ്‌പേസാണ് നമ്മുടെ പ്രകൃതം നിശ്ചയിക്കുക. ഒരു കുടം നിര്‍മിക്കുന്നത് Something + Nothing ചേര്‍ത്താണ് എന്നതും ചേര്‍ത്തുവായിക്കേണ്ടതാണ്. പ്രയാണം ചെയ്യുന്നവനാണ് പ്രാണന്‍. ആന്തരികാകാശവും ബാഹ്യാകാശവും തമ്മില്‍ ശ്വാസോച്ഛ്വാസത്തിലൂടെ നിരന്തര സമ്പര്‍ക്കത്തിലാണ്. ആകാശത്തിലൂടെ പ്രാണന്‍ കടക്കുമ്പോഴാണ് പ്രകാശമുണ്ടാവുന്നതത്രേ.

ചിദാകാശം (inner space) സ്വന്ത ഇഷ്ടങ്ങളാല്‍ മലിനമാകുമ്പോള്‍ ദൈവമഹത്വം വെളിപ്പെടുത്തുന്ന മഹാകാശത്തോടുള്ള സംസര്‍ഗത്തില്‍നിന്ന് അകലുന്നു. അവന്റെ പ്രാണന് ബലം നഷ്ടപ്പെടുന്നു. ഉള്ളിലെ വെളിച്ചമണയുന്നു. സ്വന്തമഹത്വം അന്വേഷിക്കുന്ന ഓരോ ചലനങ്ങളിലും നാം നിരന്തരം ഏദനില്‍നിന്നും സ്വയം പുറത്താക്കപ്പെടുന്നു. വെളിച്ചത്തില്‍നിന്ന് അകലന്നു. ഇരുട്ടില്‍ പരസ്പരം കാണാനാവാതെയും തിരിച്ചറിയാനാവാതെയും വരുന്നു. തമ്മില്‍ കൂട്ടിയിടിക്കുന്നു. വ്യക്തികളും സമൂഹങ്ങളും പരസ്പരം ശണ്ഠ കൂടുന്നു. അപ്പോള്‍ അയല്‍രാജ്യം നമ്മുടെ ശത്രുരാജ്യമാകുന്നു. ചിലപ്പോള്‍ സ്വന്തരാജ്യത്തിലെ ജനങ്ങളും ശത്രുപക്ഷത്താകുന്നു. യുദ്ധശ്രുതികള്‍ കേട്ടുതുടങ്ങുന്നു. ഒടുവില്‍ യുദ്ധം തുടങ്ങുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?