സിസ്റ്റര്‍ ടെസി ജേക്കബ് (SSpS)
സിസ്റ്റര്‍ ടെസി ജേക്കബ് (SSpS) കഴിഞ്ഞ 17 വര്‍ഷമായി ഒഡീഷയില്‍ മിഷനറിയായി സേവനം ചെയ്യുന്നു. മീഡിയാ & കമ്മൃൂണിക്കേഷന്‍സ് കോ-ഓര്‍ഡിനേറ്ററായി സേവനം ചെയ്യുന്നതോടൊപ്പം ഭൂവനേശ്വറിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്നു.
ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ ഒഡീഷയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വികസനമെന്നത് ഒരു സ്വപ്‌നം മാത്രമായിരുന്ന കാലത്താണ് ആദിവാസി ഗോത്ര മേഖലയായ സാമ്പല്‍പ്പൂരില്‍ 1884-ല്‍ ബ്രിട്ടീഷ് മിലിറ്ററിയുടെ ചാപ്ലിനായി ആദ്യ മിഷനറിയായ ഫാ. ഫെര്‍നസ് എസ്.ജെ എന്ന ഈശോസഭാ വൈദികന്‍ എത്തുന്നത്. ഫാ. ഫെര്‍നെസും തുടര്‍ന്നെത്തിയ മിഷനറിമാരും ഒഡീഷയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചു. 1973-ല്‍ ഒഡീഷയിലെ റൂര്‍ക്കേലയുടെ പ്രാന്തപ്രദേശമായ ബൊണ്ടമുണ്ട എന്ന ആദിവാസി ഗോത്രവര്‍ഗ മേഖലയിലാണ് സിസ്റ്റേഴ്‌സ് സേര്‍വെന്റ്‌സ് ഓഫ് ദി ഹോളിസ്പിരിറ്റ് സന്യാസിനി സമൂഹം ഒഡീഷയിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. 1973-ലെ അവികസിത ഒഡീഷ, പട്ടിണിയുടെ, പകര്‍ച്ചവ്യാധികളുടെ, നിരക്ഷരതയുടെ, ശുചിത്വമില്ലായ്മയുടെ ഒരു ദയനീയ മുഖചിത്രമാണ് നമുക്ക് നല്‍കുക. ഞങ്ങളുടെ സിസ്റ്റേഴ്‌സ് ബൊണ്ടമുണ്ടയില്‍ താമസം തുടങ്ങിയ അതേ വര്‍ഷമാണ് റൂര്‍ക്കേലയില്‍ സ്റ്റീല്‍ പ്ലാന്റിന് തുടക്കംകുറിച്ചത്. വ്യവസായവല്‍ക്കരണം വന്നതോടെ നിര്‍ധനരായ അനേകം ആദിവാസികള്‍ കുടിയൊഴിപ്പിക്കപ്പെട്ടു. ബൊണ്ടമുണ്ടയിലേക്ക് കുടിയേറിയ അവരുടെ സംരക്ഷണം ഞങ്ങള്‍ ഏറ്റെടുത്തു.
പകര്‍ച്ചവ്യാധികളുടെ നാട്ടില്‍, ഒന്നുമില്ലാത്ത ഈ അവസ്ഥയിലാണ് ആദ്യ ഡിസ്പന്‍സറിക്ക് തുടക്കംകുറിക്കുന്നത്. മലേറിയാ, സൂര്യാഘാതം, കോളറാ, ക്ഷയം, ത്വക്ക് രോഗങ്ങള്‍ എന്നിങ്ങനെ നിരവധി ജനങ്ങളുടെ ജീവനെടുക്കുന്ന രോഗങ്ങള്‍, എല്ലാ വര്‍ഷവും ഇവിടെ സര്‍വസാധാരണമാണ്. പോഷകങ്ങളടങ്ങിയ ആഹാരത്തിന്റെ അഭാവം, ശുചിത്വമില്ലായ്മ എന്നിവ ജനങ്ങളെ അതിവേഗം രോഗികളാക്കി മാറ്റുന്നു. രോഗം വന്നാല്‍ ആശുപത്രികളില്‍ പോകണം എന്ന അറിവ് ഇവര്‍ക്കില്ലായിരുന്നു. അനേകം കിലോമീറ്ററുകള്‍ സിസ്റ്റേഴ്‌സ് കാല്‍നടയായി ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് രോഗികളുടെ വീടുകളില്‍ പോയി ചികിത്സ നല്‍കി. ജനങ്ങളുടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്താന്‍ തയ്യല്‍പ്പണി, സോപ്പ് നിര്‍മാണം, തുടങ്ങിയ തൊഴിലുകള്‍ അവരെ പഠിപ്പിച്ചു. ഒരു കുടുംബിനി വീട്ടില്‍ എങ്ങനെ ശുചിത്വം കാക്കണമെന്നും ശുചിത്വത്തോടുകൂടി എങ്ങനെ ഭക്ഷണം പാകം ചെയ്യാമെന്നും തൊഴില്‍ പരിശീലനത്തോടൊപ്പം സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണവും നല്‍കി. പ്രായമാകുന്ന പെണ്‍കുട്ടികളെ പണത്തിനുവേണ്ടി വില്‍ക്കുന്ന സമ്പ്രദായം ഇവിടെ നിലവിലിരുന്നു. അതിന് പരിഹാരമായി പെണ്‍കുട്ടികളെ സ്വയംപര്യാപ്തരാക്കുന്നതിന് ആവശ്യമായ തൊഴില്‍ പരിശീലനം നല്‍കി.
വയര്‍നിറയെ ഭക്ഷിക്കാന്‍ കൊതിച്ച ദിനങ്ങള്‍
ഗോമാഡി, കഹൂപ്പാനി എന്നീ കുഗ്രാമങ്ങളിലും ഞങ്ങളുടെ സെന്റര്‍ തുടങ്ങി. ഈ സ്ഥലങ്ങളെല്ലാം നഗരത്തില്‍നിന്ന് 100 ലധികം കിലോമീറ്ററുകള്‍ അകലെയാണ്. മണിക്കൂറുകളോളം നടന്നുവേണം ഇവിടെ എത്താന്‍. ഈ കുഗ്രാമങ്ങളിലെ പാവപ്പെട്ട മനുഷ്യരോടുകൂടി അവരുടെ സംസ്‌കാരം ഉള്‍ക്കൊണ്ട് അവരെപ്പോലെതന്നെ ജീവിക്കാന്‍ ഞങ്ങള്‍ക്കും കഴിഞ്ഞുവെന്നതാണ് ഞങ്ങളുടെ വിജയമന്ത്രം. തദ്ദേശീയര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികള്‍ നടപ്പിലാക്കി. അതോടെ പ്രേഷിത രംഗത്ത് പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഫലങ്ങള്‍ കണ്ടു. ഹോളിസ്പിരിറ്റ് സമൂഹത്തിലേക്ക് 100 ലധികം തദ്ദേശീയ പെണ്‍കുട്ടികള്‍ കടന്നുവന്നു.
ആദ്യകാലങ്ങളില്‍ ഇവിടെ സേവനം ചെയ്തിരുന്ന സീനിയേഴ്സ് ആയ സിസ്റ്റര്‍മാരുടെ ത്യാഗനിര്‍ഭരമായ സേവനങ്ങള്‍ ഒരിക്കലും മറക്കാനാവില്ല. വയര്‍നിറയെ ആഹാരം കഴിക്കാന്‍ പോലുമില്ലാത്ത കാലത്ത് അവര്‍ ഇവിടുത്തെ ജനങ്ങള്‍ക്കുവേണ്ടി അഹോരാത്രം കഷ്ടപ്പെട്ടു. ഒരു ഗ്ലാസ് പാല്‍ച്ചായ കുടിക്കാന്‍ കൊതിച്ചിട്ടുള്ള ദിനങ്ങള്‍… വേണ്ടത്ര ഭക്ഷണമില്ല… പക്ഷേ ആര്‍ക്കും പരിഭവമില്ല. കുന്നുകളും ചേരികളും ഇടവഴികളും കയറി ഇറങ്ങിയുള്ള ഭവനസന്ദര്‍ശനങ്ങളില്‍ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിസ്റ്റേഴ്‌സ് മുന്നിട്ടിറങ്ങി. അങ്ങനെ ഓടിനടന്ന് ജോലി ചെയ്ത അനേകം മിഷനറിമാരുടെ വിയര്‍പ്പിന്റെ ഫലമാണ് ഇന്ന് ജനങ്ങളുടെ സംസ്‌കാരത്തിലെ പ്രകടമായ പുരോഗതി. തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെ ആദിവാസികളുടെ ജീവിതത്തില്‍ വിശ്വാസപരവും ധാര്‍മികവുമായ വളര്‍ച്ച ഉണ്ടായി.
‘ഡോട്രിന്‍ സിസ്റ്റര്‍’ സേവനത്തിന്റെ പ്രതീകം
നാടിന്റെ പുരോഗതിയില്‍ വളരെ സുപ്രധാന പങ്ക് വഹിക്കുന്നവരാണ് നേഴ്‌സുമാര്‍. ഈ ഗ്രാമങ്ങളിലേക്ക് ഡോക്ടര്‍ന്മാര്‍ വരാറില്ല. അതുകൊണ്ട് ‘ഡോട്രിന്‍ സിസ്റ്റര്‍’ എന്ന് നേഴ്‌സുമാരെ നാട്ടുകാര്‍ വിളിപ്പേരിട്ട് വിളിക്കും. പ്രകൃതിയോട് അനുരൂപപ്പെട്ട് പ്രാചീനശൈലിയില്‍ പച്ചിലകളും അവരുടേതായ ടോണിക്കുകളും രോഗശമനത്തിന് അവര്‍ ഉപയോഗിക്കും. എല്ലാറ്റിലും ഉപരിയായി അവരുടെ വിശ്വാസത്തിന്റെ ആഴങ്ങളില്‍ വളരെ ശക്തിയുള്ള മരുന്നായി അവര്‍ ഉപയോഗിക്കുന്നത് ‘ഹന്നാന്‍ വെള്ളം’ ആണ്. വിശുദ്ധ ജലത്തിലൂടെ ധാരാളം സൗഖ്യങ്ങള്‍ സംഭവിക്കാറുണ്ട്. അതിനുള്ള ഉത്തമ ഉദാഹരണമാണ് സിസ്റ്റര്‍ ലിസായുടേത്. ഒരു ഡോക്ടറുടെ സാന്നിധ്യം അനിവാര്യമായ വളരെ സങ്കീര്‍ണമായ പ്രസവങ്ങളില്‍ പോലും സിസ്റ്റര്‍ ഏക ആശ്രയമായ ദൈവത്തെ വിളിച്ച് മുട്ടിപ്പായി പ്രാര്‍ത്ഥിച്ച് ഹന്നാന്‍ വെള്ളം തളിച്ച് വിട്ടാല്‍ എല്ലാ വിഷമവും മാറും എന്നതാണ് അനേകരുടെ അനുഭവം.
ഫലം ചൂടിയ പ്രവര്‍ത്തനങ്ങള്‍
തദ്ദേശിയരായ സിസ്റ്റേഴ്‌സില്‍ പലര്‍ക്കും ഗവണ്‍മെന്റ് തലങ്ങളില്‍ നിയമനം ലഭിച്ചു. പലരും അധ്യാപനരംഗത്തേക്ക് കടന്നുവന്നു. കൂടാതെ കുഞ്ഞുങ്ങളുടെ ട്യൂഷന്‍, ആഹാരം, ശുചിത്വം, വസ്ത്രധാരണം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ശ്രദ്ധിച്ചുകൊണ്ട് ഒരമ്മയുടെ സ്ഥാനത്ത് നിന്ന് കുട്ടികളുടെ സമഗ്രവളര്‍ച്ചയ്ക്കായി ഇവര്‍ അത്യധ്വാനം ചെയ്യുന്നു. പ്രാദേശിക ഭാഷയില്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിക്കതും ഇന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. ഒറ്റമുറി വീടുകളില്‍ തുടക്കമിട്ട ഡിസ്‌പെന്‍സറികള്‍ പലതും ആശുപത്രികളായി. ആദ്യകാലത്ത് മണ്ണ് കുഴച്ച് കെട്ടിയുണ്ടാക്കിയ പള്ളികള്‍ ഇന്ന് വാര്‍ക്ക കെട്ടിടങ്ങളിലേക്ക് വഴിമാറി.
പീഡനങ്ങള്‍ വളമാക്കി
1999-ല്‍ പതിനായിരത്തോളം ജീവനുകള്‍ കവര്‍ന്ന സൂപ്പര്‍ സൈക്ലോണ്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് അനേകനാള്‍ ദുരിതാശ്വാസ ക്യാമ്പിലെ ദുരിതപൂര്‍ണമായ അവസ്ഥയില്‍ ജനങ്ങളോടൊപ്പം താമസിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ നേതൃത്വം നല്‍കി. വിശ്രമമോ ഉറക്കമോ ശരിയായ ആഹാരം പോലുമില്ലാതെ ജോലി ചെയ്ത ദിവസങ്ങളായിരുന്നു അത്. ഒഡീഷയിലെ ക്രൈസ്തവരുടെ ജീവിതത്തിലെ കണ്ണീരിന്റെ ദിനങ്ങളായിരുന്നു ലോകത്തെ മുഴുവന്‍ ഞെട്ടിച്ച കാണ്ടമാലിലെ കലാപം.
ഞങ്ങളുടെ സിസ്റ്റേഴ്‌സിനോ സ്ഥാപനങ്ങള്‍ക്കോ ഒരു പ്രശ്‌നവും ഉണ്ടായില്ല. കാരണം ഞങ്ങള്‍ ഒഡീഷയുടെ പടിഞ്ഞാറന്‍ പ്രദേശത്തായിരുന്നു. കാണ്ടമാലിലെ ലഹളകളില്‍ പരിക്കേറ്റവരെ ഭൂവനേശ്വറിലുള്ള ഞങ്ങളുടെ ഹോസ്പിറ്റലിലാണ് ചികിത്സയ്ക്കായി കൊണ്ടു വന്നത്. കൂടാതെ ദുരിതാശ്വാസക്യാമ്പില്‍ മറ്റാരേയും അടുപ്പിക്കാത്ത സാഹചര്യത്തില്‍ ഞങ്ങളുടെ സിസ്റ്റേഴ്‌സ് സിവില്‍ ഡ്രസ് ധരിച്ച് സേവനത്തിന് പോയി. കാണ്ടമാല്‍ കലാപത്തെ തുടര്‍ന്ന് പഠനാവസരങ്ങള്‍ നഷ്ടപ്പെട്ട 25 ലധികം കുട്ടികളെ ഞങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത് പഠിപ്പിച്ചു. മറ്റ് പ്രദേശങ്ങളിലെന്നപോലെതന്നെ പീഡനങ്ങള്‍ നടന്ന ഒഡീഷയുടെ മണ്ണില്‍ ക്രൈസ്തവരുടെ എണ്ണം ഇന്ന് അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
വിജയ രഹസ്യം
ഹോളിസ്പിരിറ്റ് സിസ്റ്റേഴ്‌സിനോട് പൊതുവേ ആളുകള്‍ക്ക് വളരെ നല്ല സമീപനമാണ് ഉള്ളത്. അതിന്റെ പ്രധാന കാരണം ജനങ്ങളോടൊത്തുള്ള ഞങ്ങളുടെ ജീവിതരീതിയാണ്. സാധാരണ സ്ത്രീകളുടെ പോലുള്ള കളര്‍ സാരികളും ചുരിദാറും ധരിച്ച് അവരിലൊരാളായി ജീവിക്കുന്നു. വളരെ സൗഹാര്‍ദപരമായി ജനങ്ങളോട് സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടാനും ദൈവവിളികളുടെ വര്‍ധനവിന് പോലും കാരണമാകുന്നു. ഒഡീഷയിലെ പ്രവര്‍ത്തനങ്ങള്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വിദ്യാഭ്യാസം, ആരോഗ്യമേഖല, സോഷ്യല്‍ & പാസ്റ്ററല്‍ വര്‍ക്കുകള്‍, ഫാമിലി അപ്പസ്‌തോലേറ്റ്, യുവജനപ്രസ്ഥാനങ്ങള്‍ എന്നിങ്ങനെ ബഹുമുഖങ്ങളായ രംഗങ്ങളില്‍ കൂടുതല്‍ ഒരുക്കത്തോടും സജീവമായും ഇടപെടലുകള്‍ നടത്താനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിക്കഴിഞ്ഞു.
ദൈവത്തിന്റെ കൈയൊപ്പ്
അലച്ചിലുകളുടെയും കഷ്ടപ്പാടുകളുടെയും കഠിനാധ്വാനത്തിന്റെയും 50 സുവര്‍ണ വത്‌സരങ്ങളാണ് കഴിഞ്ഞുപോയത്. പിന്തിരിഞ്ഞ് നോക്കുമ്പോള്‍ ഒഡീഷക്ക് മൂല്യാധിഷ്ഠിതമായ ഒരു മുഖച്ഛായ നേടിയെടുക്കുന്നതില്‍ ഹോളിസ്പിരിറ്റ് സിസ്റ്റേഴ്‌സിന്റെ പങ്കാളിത്വം വളരെ വലുതാണ്.
സമഗ്ര മേഖലയിലും കാതലായ പരിവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ അത് ദൈവത്തിന്റെ കൈയൊപ്പ് ഞങ്ങള്‍ക്ക് കിട്ടിയതുകൊണ്ടു മാത്രമാണ്.പ്രാകൃതജീവിത ശൈലികളില്‍നിന്നും പരിഷ്‌കൃതജീവിതക്രമങ്ങളിലേക്ക് അല്‍പ്പമെങ്കിലും പരിണാമം ജനങ്ങള്‍ക്ക് വന്നിട്ടുണ്ടെങ്കില്‍ ഒന്നുമില്ലായ്മയില്‍നിന്നും ദൈവാശ്രയത്തോടെയുള്ള കഠിനാധ്വാനത്തിന് ദൈവം തന്ന സദ്ഫലങ്ങള്‍ മാത്രം.
Leave a Comment
Your email address will not be published. Required fields are marked with *