സ്‌പെയിനിലെ ഒരു സാധാരണ ക്രിസ്തീയ കുടുംബം. അവിടെ സ്‌നേഹവും പ്രാര്‍ത്ഥനയും നിറഞ്ഞുനിന്നിരുന്ന അന്തരീക്ഷത്തിലായിരുന്നു ജോസ് മരിയ അല്‍സീനയുടെ ബാല്യം. എന്നാല്‍ പന്ത്രണ്ടാം വയസില്‍ അവന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചുകൊണ്ട് ഒരു സംഭവമുണ്ടായി. അവന്റെ പ്രിയപ്പെട്ട അനിയത്തി, ഒന്നര വയസുകാരി മെര്‍സിഡസ് മരണത്തെ മുഖാമുഖം കണ്ട അവസ്ഥയിലൂടെ കടന്നുപോയി. ശ്വാസം കിട്ടാതെ പിടയുന്ന അനിയത്തിയെ കണ്ടപ്പോള്‍ ജോസ് മരിയയുടെ ഉള്ളുലഞ്ഞു. അവന്‍ നേരെ ഓടിയത് മുറിയിലെ മാതാവിന്റെ രൂപത്തിന് മുന്നിലേക്കായിരുന്നു. വിതുമ്പിക്കൊണ്ട് അവന്‍ പറഞ്ഞു: ‘അമ്മേ, എന്റെ അനിയത്തിയെ മാത്രം എനിക്ക് തിരിച്ച് തരൂ… അവള്‍ക്ക് സുഖമായാല്‍ എന്റെ ജീവിതം ഞാന്‍ ദൈവത്തിന് നല്‍കാം, ഞാന്‍ ഒരു വൈദികനാകാം.’
ആ കുഞ്ഞിന്റെ നിഷ്‌കളങ്കമായ പ്രാര്‍ത്ഥന സ്വര്‍ഗം കേട്ടു. പക്ഷേ ദൈവം കരുതിവെച്ച ഉത്തരം മറ്റൊന്നായിരുന്നു. മെര്‍സിഡസ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു, പക്ഷേ അവളുടെ ചലനശേഷി എന്നന്നേക്കുമായി നഷ്ടപ്പെട്ടു. ശരീരം തളര്‍ന്നെങ്കിലും അവളുടെ മുഖത്തെ പുഞ്ചിരി മാത്രം മാഞ്ഞില്ല. സുഖം പ്രാപിക്കാനായി കുടുംബം ഒന്നടങ്കം വര്‍ഷാവര്‍ഷം ലൂര്‍ദിലേക്ക് തീര്‍ത്ഥാടനം നടത്തി. ചക്രക്കസേരയിലിരിക്കുന്ന അനിയത്തിയെ നോക്കി പലപ്പോഴും ജോസ് മരിയ നൊമ്പരപ്പെട്ടു.യൗവനത്തിലേക്ക് കടന്നപ്പോള്‍, മറ്റേതൊരു യുവാവിനെയും പോലെ പ്രണയവും ദാമ്പത്യവും അവനും സ്വപ്‌നം കണ്ടു. അപ്പോഴൊക്കെ കുട്ടിക്കാലത്തെ ആ വാഗ്ദാനം ഒരു ഓര്‍മ്മപ്പെടുത്തലായി ഉള്ളില്‍ വന്നു. ഒരിക്കല്‍ ലൂര്‍ദിലെ ആ പുണ്യഭൂമിയില്‍ വെച്ച് അവന്‍ ആകാശത്തേക്ക് നോക്കി ചോദിച്ചു: ‘ദൈവമേ, അന്ന് തന്ന വാക്ക് പാലിക്കാന്‍ ഞാന്‍ തയാറാണ്. പക്ഷേ, നീ എന്തുകൊണ്ട് അവളെ സുഖപ്പെടുത്തിയില്ല? ഇത്രയും വേദനകള്‍ക്കിടയിലും അവള്‍ എങ്ങനെയാണ് ഇങ്ങനെ ചിരിക്കുന്നത്?’
ആ ചോദ്യത്തിനുള്ള ഉത്തരം അവന്റെ സഹോദരി മെര്‍സിഡസിന്റെ കണ്ണുകളില്‍ തന്നെ ഉണ്ടായിരുന്നു. താന്‍ ഒരുപാട് സ്‌നേഹിക്കപ്പെടുന്നുണ്ടെന്ന ബോധ്യമായിരുന്നു അവളുടെ ആനന്ദം. ശാരീരികമായ പരിമിതികളല്ല, മറിച്ച് ദൈവത്തിന്റെയും കുടുംബത്തിന്റെയും സ്‌നേഹമാണ് ഒരാളെ പൂര്‍ണനാക്കുന്നതെന്ന് ജോസ് മരിയ തിരിച്ചറിഞ്ഞു. ‘മറ്റുള്ളവരുടെ ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ വെളിച്ചം നിറയ്ക്കുക’-എന്നതാണ് ഒരു പുരോഹിതന്റെ ധര്‍മമെന്ന് ആ സഹോദരി തന്റെ നിശബ്ദതയിലൂടെ അവനെ പഠിപ്പിച്ചു.
അങ്ങനെ ജോസ് പതിനെട്ടാം വയസില്‍ സെമിനാരിയുടെ പടികയറി. പഠനം പൂര്‍ത്തിയാക്കി പുരോഹിതനായി അഭിഷിക്തനായ ആ ധന്യമുഹൂര്‍ത്തത്തില്‍, ചക്രക്കസേരയിലിരുന്ന തന്റെ സഹോദരിക്ക് ആദ്യമായി വിശുദ്ധ കുര്‍ബാന നല്‍കുമ്പോള്‍ ജോസ് മരിയയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അന്ന് ആ കുഞ്ഞുബാലന്‍ ചോദിച്ചതുപോലെയല്ല ദൈവം അത്ഭുതം പ്രവര്‍ത്തിച്ചത്. അനിയത്തിയെ പൂര്‍ണ്ണമായി സുഖപ്പെടുത്തുന്നതിന് പകരം, അവളുടെ രോഗത്തിലൂടെ ഒരു വൈദികനെ ലോകത്തിന് നല്‍കുക എന്നതായിരുന്നു ദൈവനിശ്ചയമെന്ന് വിശ്വസിക്കുകയാണ് ജോസ്.
















Leave a Comment
Your email address will not be published. Required fields are marked with *