Follow Us On

30

December

2025

Tuesday

2025 – ല്‍ വാര്‍ത്തകളില്‍ ഇടം നേടിയ പ്രമുഖരായ ക്രൈസ്തവര്‍

2025 –  ല്‍ വാര്‍ത്തകളില്‍ ഇടം നേടിയ പ്രമുഖരായ ക്രൈസ്തവര്‍

വിശ്വാസവുമായി ബന്ധപ്പെട്ട ഒട്ടനവധി സംഭവങ്ങള്‍ ഓര്‍മയില്‍ അവശേഷിപ്പിച്ചുകൊണ്ടാണ് പ്രത്യാശയുടെ ജൂബിലി വര്‍ഷമായി സഭ ആചരിച്ച 2025 വിട പറയുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണവും, പുതിയ മാര്‍പാപ്പയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പും അപ്രതീക്ഷിതമെന്ന് വിശേഷിപ്പിക്കാവുന്ന ലിയോ 14 -ാമന്‍ പാപ്പയുടെ തിരഞ്ഞെടുപ്പുമൊക്കെയായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങള്‍. ഗാസയിലെ ജനങ്ങള്‍ക്കൊപ്പം യുദ്ധത്തിന്റെ നടുവിലും ക്രിസ്തുവിന്റെ സാന്നിധ്യമായി ഗാസയില്‍ നിലകൊണ്ട ഏക കത്തോലിക്ക ഇടവകയ്ക്കും അവിടുത്തെ ഇടവക വികാരിക്കും വിശ്വാസികള്‍ക്കും വേണ്ടി ലോകമെമ്പാടുനിന്നുമുയര്‍ന്ന പ്രാര്‍ത്ഥനകള്‍ പൂവണിയുന്നതിനും ഗാസയിലെ സ്ഥിതി ശാന്തമാകുന്നതിനും 2025 സാക്ഷ്യം വഹിച്ചു.
നൈജീരിയ പോലുള്ള രാജ്യങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളും സുഡാനടക്കം നിരവധി രാജ്യങ്ങളില്‍ നടക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ഇരകളാക്കപ്പെടുന്നുവരുടെ നിലവിളികളും 2025-ന്റെ നൊമ്പരമായി അവശേഷിക്കുന്നു. 2025-ല്‍ വാര്‍ത്തകളില്‍ ഇടം നേടിയ പ്രമുഖരായ ക്രൈസ്തവരെക്കുറിച്ചുളള ലഘുവിവരണം ചുവടെ ചേര്‍ക്കുന്നു

1. ഫ്രാന്‍സിസ് മാര്‍പാപ്പ (1936 – 2025): ആഗോള കത്തോലിക്കാ സഭയുടെ 266-ാമത്തെ മാര്‍പാപ്പയായ ഫ്രാന്‍സിസ് പാപ്പ 2025 ഏപ്രില്‍ 21-ാം തിയതി (ഈസ്റ്റര്‍ തിങ്കള്‍)  88-ാം വയസിലാണ് ലോകത്തോട് വിടപറഞ്ഞത്.  ജനങ്ങളോടു ചേര്‍ന്ന് നിന്നുകൊണ്ടുള്ള അജപാലന ശൈലിയും ദരിദ്രരോടുള്ള കരുണയും അദ്ദേഹത്തിന്റെ പേപ്പസിയെ വേറിട്ടതാക്കി. 2025-ലെ ‘പ്രത്യാശയുടെ ജൂബിലി വര്‍ഷം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പാപ്പയുടെ വിയോഗം.

2. ലിയോ 14-ാമന്‍ മാര്‍പാപ്പ (കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്): 2025 മെയ് 8-ന് കത്തോലിക്കാ സഭയുടെ  തലവനായി ലിയോ 14-ാമന്‍ എന്ന പേരില്‍ കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘകാലം പെറുവില്‍ മിഷനറിയായി പ്രവര്‍ത്തിച്ച പരിചയവും മാര്‍പാപ്പയാകുന്ന ആദ്യ യുഎസ് പൗരനെന്ന ചരിത്രനേട്ടവും ഈ പേപ്പസിയെ അടയാളപ്പെടുത്തുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലടികള്‍ പിന്തുടരുമ്പോഴും സ്വതസിദ്ധമായ ശൈലിയില്‍ പ്രശ്‌നങ്ങളെ സമീപിക്കുന്ന ലിയോ പാപ്പയെ ഏറെ പ്രതീക്ഷയോടെയാണ് വിശ്വാസികള്‍ ഉറ്റുനോക്കുന്നത്.

3. വിശുദ്ധ കാര്‍ലോ അക്യൂട്ടിസ് (1991 -2006): 15-ാം വയസില്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച, ജീന്‍സും ടീഷര്‍ട്ടും ധരിച്ച കാര്‍ലോ അക്യൂട്ടിസ് ആധുനിക ലോകത്തെ വിശുദ്ധിയുടെ പ്രതീകമായി നിലകൊള്ളുന്നു.  കാര്‍ലോ അക്യൂട്ടിസിനെ 2025 സെപ്റ്റംബര്‍ 7-ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. മില്ലെനിയല്‍ തലമുറയില്‍ നിന്ന് വിശുദ്ധ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് കാര്‍ലോ. ‘ദൈവത്തിന്റെ ഇന്‍ഫ്‌ളുവന്‍സര്‍’ എന്നറിയപ്പെടുന്ന കാര്‍ലോ, ഇന്റര്‍നെറ്റിലൂടെ വിശ്വാസം പ്രചരിപ്പിക്കുന്നതിലും ദിവ്യകാരുണ്യഭക്തിയിലും യുവജനങ്ങള്‍ക്ക് മാതൃക നല്‍കുന്നു.

4. ചാര്‍ളി കിര്‍ക്ക് (1993 -2025) അമേരിക്കയിലെ പ്രമുഖ വലതുപക്ഷ ആക്ടിവിസ്റ്റും ‘ടേണിങ് പോയിന്റ് യുഎസ്എ’ സ്ഥാപകനുമായ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകം  വിശ്വാസ ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.  2025 സെപ്റ്റംബറില്‍ യൂട്ടാ വാലി സര്‍വകലാശാലയില്‍ നടന്ന ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ക്രിസ്ത്യന്‍ നാഷണലിസത്തിന്റെ ശക്തനായ വക്താവായിരുന്ന അദ്ദേഹം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തി. ചാര്‍ളി മുന്നോട്ടുവച്ച കത്തോലിക്ക മൂല്യങ്ങളും  അദ്ദേഹത്തിന്റെ കൊലപാതകിക്ക് മാപ്പ് നല്‍കിയ ഭാര്യ എറിക്ക കിര്‍ക്കിന്റെ നടപടിയും അനേകം യുവജനങ്ങള്‍ക്ക് വിശ്വാസജീവിത്തിലേക്ക് മടങ്ങിവരാനും വിശ്വാസത്തെ പുല്‍കാനും പ്രചോദനമായി.

5. കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല:  ജറുസലേമിലെ പുതിയ ലാറ്റിന്‍ പാത്രിയാര്‍ക്കീസായ ഇദ്ദേഹം വിശുദ്ധ നാട്ടില്‍ സമാധാനത്തിനായി നടത്തിയ ഇടപെടലുകളിലൂടെ 2025-ല്‍ ലോകശ്രദ്ധ നേടി. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ബന്ദികള്‍ക്ക് പകരമായി തന്നെ വിട്ടുനല്‍കാന്‍ അദ്ദേഹം തയാറായ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ക്രൈസ്തവരുടെ സംരക്ഷണത്തിനായി ഉറച്ച നിലപാടുകളെടുത്ത പാത്രിയാര്‍ക്കീസ് പല തവണ ഗാസയിലെ ഏക കത്തോലിക്ക ഇടവക സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

6. ബിഷപ് മാര്‍ക്ക് സെയ്റ്റ്സ്: അമേരിക്കയിലെ എല്‍ പാസോ രൂപതയുടെ ബിഷപ്പായ മാര്‍ക്ക് സെയ്റ്റ്സ് കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായി നടത്തിയ പോരാട്ടങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 2025 ഒക്ടോബറില്‍ അദ്ദേഹത്തിന് ‘പാക്‌സ് ക്രിസ്റ്റി ഇന്റര്‍നാഷണല്‍ സമാധാന പുരസ്‌കാരം’ ലഭിച്ചു. അഭയാര്‍ത്ഥികള്‍ക്കായി അതിര്‍ത്തികളില്‍ പ്രാര്‍ത്ഥനകള്‍ നയിക്കുകയും അവര്‍ക്കെതിരായ രാഷ്ട്രീയ നീക്കങ്ങളെ വിമര്‍ശിക്കുകയും ചെയ്ത അദ്ദേഹം കുടിയേറ്റക്കാരെ യേശുവിനെപ്പോലെ കരുതി സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.

7. മൈക്കല്‍ ഇസ്‌കന്ദര്‍: പ്രശസ്തമായ ‘ഹൗസ് ഓഫ് ഡേവിഡ്’ എന്ന പരമ്പരയില്‍ ദാവീദ് രാജാവായി അഭിനയിച്ച ഈജിപ്ഷ്യന്‍-അമേരിക്കന്‍ നടനാണ് മൈക്കല്‍ ഇസ്‌കന്ദര്‍. 2025 ഓഗസ്റ്റില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതായുള്ള അദ്ദേഹത്തിന്റെ  വെളിപ്പെടുത്തല്‍ സിനിമാ-ക്രൈസ്തവ ലോകത്ത് വലിയ വാര്‍ത്തയായി. ദാവീദ് രാജാവിന്റെ വേഷം ചെയ്തത് തന്റെ ആത്മീയ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് വിശ്വാസിയായ അദ്ദേഹത്തിന്, മാന്‍ഹട്ടനിലെ സെന്റ് പാട്രിക്‌സ് കത്തീഡ്രല്‍ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ ആത്മീയ അനുഭവമാണ് കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവരുവാന്‍ പ്രേരണയായത്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശ്വാസയാത്ര പങ്കുവയ്ക്കുന്ന അദ്ദേഹത്തിന്റെ ഗാനങ്ങളും അഭിമുഖങ്ങളും 2025-ല്‍ തരംഗമായി മാറി.

8. ആന്‍ഡ്രിയ ബോസെല്ലി– അന്ധതയെ അതിജീവിച്ച് ലോകപ്രശസ്ത ഗായകനായി മാറിയ ആന്‍ഡ്രിയ ബോസെല്ലി 2025-ലെ വത്തിക്കാനില്‍ നടന്ന ചടങ്ങുകളിലെ ശ്രദ്ധേയമായ സാന്നിധ്യമായി. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന ‘മനുഷ്യസാഹോദര്യത്തിന്റെ ലോക സമ്മേളനത്തിന്റെ’ സമാപനത്തില്‍ നടന്ന ചരിത്രപ്രസിദ്ധമായ ‘ഗ്രേസ് ഫോര്‍ ദി വേള്‍ഡ്’ എന്ന കച്ചേരിയില്‍ ബൊസെല്ലി സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഗാനമാലപിച്ചു. അദ്ദേഹത്തിന്റെ പ്രകടനം ലക്ഷക്കണക്കിന് ആളുകളെ സ്വാധീനിച്ചു. ലിയോ 14-ാമന്‍ മാര്‍പാപ്പ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ ലൗഡാറ്റോ സി വില്ലേജ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ചടങ്ങിലും ആന്‍ഡ്രിയ ബോസെല്ലിയുടെ പരിപാടി ഉള്‍പ്പെടുത്തിയിരുന്നു. സംഗീതത്തിലൂടെ വിശ്വാസത്തിന്റെ സന്ദേശം നല്‍കുന്ന അദ്ദേഹത്തിന്റെ ജീവിതം അനേകരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?