ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)
1 സാമുവല്‍ 16-ാം അധ്യായത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ കുറിക്കട്ടെ: കര്‍ത്താവ് സാമുവലിനോട് പറഞ്ഞു: ഇസ്രായേലിന്റെ രാജത്വത്തില്‍നിന്ന് സാവൂളിനെ ഞാന്‍ തള്ളിക്കളഞ്ഞിരിക്കുന്നു. കുഴലില്‍ തൈലം നിറച്ച് പുറപ്പെടുക. ഞാന്‍ നിന്നെ ബെത്‌ലഹേംകാരനായ ജസെയുടെ അടുത്തേക്ക് അയക്കും. അവന്റെ ഒരു മകനെ ഞാന്‍ രാജാവായി നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ സാമുവല്‍ പ്രവാചകന്‍ ജറുസലേമില്‍ എത്തി. ജസെയെയും പുത്രന്മാരെയും സാമുവല്‍ ബലിയര്‍പ്പണത്തിന് ക്ഷണിച്ചു. ജസെയുടെ ഓരോ പു്രതന്മാരെ കണ്ടപ്പോഴും പ്രവാചകന് തോന്നി, ഇവനെയായിരിക്കും കര്‍ത്താവ് തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ കര്‍ത്താവ് അതെല്ലാം തള്ളിക്കളഞ്ഞു. ജസെ തന്റെ ഏഴ് പുത്രന്മാരെ സാമുവലിന്റെ മുമ്പില്‍ ഹാജരാക്കി. സാമുവല്‍ ജസെയോട് പറഞ്ഞു: ഇവരില്‍ ആരെയും കര്‍ത്താവ് തിരഞ്ഞെടുത്തിട്ടില്ല.
നിന്റെ പുത്രന്മാര്‍ എല്ലാവരും ആയോ എന്ന് പ്രവാചകന്‍ ചോദിച്ചു. ജസെ പറഞ്ഞു: ഇനി ഇളയമകനുണ്ട്, അവന്‍ ആടുകളെ മേയ്ക്കാന്‍ പോയിരിക്കുകയാണ്. അവനെ ആളയച്ചു വരുത്താന്‍ സാമുവല്‍ ആവശ്യപ്പെട്ടു. അങ്ങനെ അവനെ വിളിച്ചുകൊണ്ടുവന്നു. അവന്‍ സാമുവലിന്റെ മുമ്പില്‍ വന്നപ്പോള്‍ കര്‍ത്താവ് പറഞ്ഞു: എഴുന്നേറ്റ് അവനെ അഭിഷേകം ചെയ്യുക. തിരഞ്ഞെടുക്കപ്പെട്ടവന്‍ അവന്‍തന്നെ. അങ്ങനെ സാമുവല്‍ ദാവീദിനെ രാജാവായി അഭിഷേകം ചെയ്തു. ആരും വിചാരിച്ചയാളെ അല്ല കര്‍ത്താവ് തിരഞ്ഞെടുത്തത്. അപ്പന്‍ അടക്കം ആരും ദാവീദ് രാജാവാകാന്‍ കൊള്ളുമെന്ന് വിശ്വസിച്ചില്ല. ആകാരവടിവും ബാഹ്യലക്ഷണങ്ങളും നോക്കി അവര്‍ മറ്റ് മക്കളെയാണ് രാജാവാകാന്‍ കൊള്ളുമെന്ന് പറഞ്ഞത്. എന്നാല്‍ കര്‍ത്താവിന്റെ തിരഞ്ഞെടുപ്പുരീതിയും മാനദണ്ഡവും വ്യത്യസ്തമായിരുന്നു. കര്‍ത്താവ് ദാവീദിനെ തിരഞ്ഞെടുത്തു. ദാവീദ് ദീര്‍ഘകാലം ഭരണം നടത്തി. ഇസ്രായേലിനെ സുരക്ഷിതമായി സംരക്ഷിച്ചു.
സീറോ മലബാര്‍ സഭയുടെ സിനഡ് നടക്കുമ്പോള്‍, ആര് മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെടും എന്ന വലിയ ചര്‍ച്ചകളും അഭിപ്രായ പ്രകടനങ്ങളുമെല്ലാം ഉണ്ടായി. ധാരാളം വാര്‍ത്തകള്‍ വന്നു. രണ്ടോ മൂന്നോ പിതാക്കന്മാരുടെ പേരുകളെ ചുറ്റിപ്പറ്റിയായിരുന്നു ചര്‍ച്ചകള്‍. അവരില്‍ത്തന്നെ ഒരാളുടെ പേര് വളരെ ഉറപ്പോടുകൂടി മാധ്യമങ്ങള്‍ പ്രവചിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ മനുഷ്യരുടെ എല്ലാ പ്രവചനങ്ങളും തെറ്റി. എന്നാല്‍ റാഫേല്‍ തട്ടില്‍ പിതാവിനെയാണ് കര്‍ത്താവ് തിരഞ്ഞെടുത്തത്. ആത്മീയ ശുശ്രൂഷകളുമായി ഓടിനടക്കുന്ന കാര്യത്തില്‍ തട്ടില്‍ പിതാവിനെപോലെ ശുഷ്‌കാന്തി വേറെ ആരില്‍ കാണാന്‍ പറ്റും? ഷംഷാബാദ് എന്ന വലിയ രൂപതയില്‍ വിവിധ പ്രവര്‍ത്തനങ്ങളുമായി ഓടിനടക്കുന്നിടത്തുനിന്നാണ് കര്‍ത്താവ് അദ്ദേഹത്തെ വിളിച്ചുകൊണ്ടുവന്ന് അഭിഷേകം ചെയ്ത് സീറോ മലബാര്‍ സഭാധ്യക്ഷന്റെ പീഠത്തില്‍ ഇരുത്തിയത്.
ഈ കാലഘട്ടത്തില്‍ സഭയെ നയിക്കാന്‍ ദൈവം തിരഞ്ഞെടുത്തത് റാഫേല്‍ തട്ടില്‍ പിതാവിനെയാണ്. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യന്‍ അദ്ദേഹമാണെന്ന് ദൈവത്തിന് മനസിലായി. അങ്ങനെ അദ്ദേഹം തിരഞ്ഞെടുക്കപ്പെടാനുള്ള സാഹചര്യം ദൈവം ഒരുക്കി. റാഫേല്‍ തട്ടില്‍ പിതാവിന് അഭിനന്ദനവും പ്രാര്‍ത്ഥനയും വിജയാശംസകളും നേരുന്നു. തട്ടില്‍ പിതാവ് തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത വന്നപ്പോള്‍ പൊതുവെ വിശ്വാസികളില്‍ ഒരു ആശ്വാസവും തൃപ്തിയും പ്രത്യാശയും രൂപപ്പെട്ടതായി പലരുടെയും സംസാരം, ശരീരഭാഷ, മുഖഭാവം എന്നിവയില്‍നിന്നും ചര്‍ച്ചകളില്‍നിന്നും മനസിലായി. അതിന് ചില കാരണങ്ങളുണ്ട്.
ഒന്നാമതായി, പിതാവിനെപ്പറ്റി ജനഹൃദയങ്ങളില്‍ ഒരു ചിത്രം കിടപ്പുണ്ട്; ഒരു നല്ല ചിത്രം. വിനയത്തോടെ ജീവിക്കുന്നയാള്‍, എല്ലാവരോടും സ്‌നേഹവും പരിഗണനയും കാണിക്കുന്ന ആള്‍, ആര്‍ക്കും ഭയംകൂടാതെ സമീപിക്കാവുന്ന ഒരാള്‍, പാവങ്ങളോട് കരുണ കാണിക്കുകയും കരുണ കാണിക്കാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരാള്‍, സുവിശേഷപ്രസംഗത്തിന് വലിയ പരിഗണന നല്‍കുന്ന ഒരാള്‍, വലിയൊരു വചനപ്രഘോഷകന്‍, ഭിന്നിപ്പിക്കുന്നതിനുപകരം ഒന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍, വിവിധ ഉത്തരവാദിത്വങ്ങള്‍ വഹിച്ച് അനുഭവസമ്പത്തും ഭരണപരിചയവും ഉള്ള ഒരാള്‍, കുറച്ചൊക്കെ ലോകം കണ്ടിട്ടുള്ള ഒരാള്‍, സാധാരണ ജനങ്ങളുടെ യഥാര്‍ത്ഥ ജീവിതക്ലേശങ്ങള്‍ കണ്ടും കേട്ടും നന്നായി മനസിലാക്കിയിട്ടുള്ള ഒരാള്‍, അങ്ങനെ പലതും.
അതുകൊണ്ട് തട്ടില്‍ പിതാവ് അധികാരത്തില്‍ വന്നതില്‍ വിശ്വാസികള്‍ തൃപ്തരാണ്; സന്തോഷമുള്ളവരാണ്; പ്രത്യാശയുള്ളവരാണ്. അവരുടെ ഈ തൃപ്തിയും സന്തോഷവും പ്രത്യാശയും നിലനില്‍ക്കുന്ന വിധത്തില്‍ പുതിയ ഇടയന്‍ പ്രവര്‍ത്തിക്കും എന്ന് വിശ്വസിക്കുകയും പിന്തുണയും പ്രാര്‍ത്ഥനയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. സീറോ മലബാര്‍ സഭയ്ക്ക് ഒരു പുതിയ മുഖം നല്‍കാന്‍ പുതിയ ഇടയന് കഴിയട്ടെ. പിതാക്കന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും വിശ്വാസികള്‍ക്കും ഒരു പുതിയ ദര്‍ശനവും ഉന്നതമായ കാഴ്ചപ്പാടുകളും നല്‍കാന്‍ പുതിയ ഇടയന് കഴിയട്ടെ. എത്രയോ കാലമായി സീറോ മലബാര്‍ സഭ, ഒന്നുമല്ലാത്ത കാര്യങ്ങള്‍ക്കായി സമയം കളയുന്നു; എന്നിട്ട് പരസ്പരം ഭിന്നിച്ച് കഴിയുന്നു.
പുതിയ പിതാവിന് ഈ കുരുക്ക് അഴിച്ച് സഭയെ ഐക്യപ്പെടുത്തുന്നതിനും മേല്‍പറഞ്ഞതുപോലെ ആത്മീയവും ഭൗതികവുമായ പുരോഗതിയിലേക്ക് ജനതയെ നയിക്കുന്നതിനും കഴിയട്ടെ. ഈ ദര്‍ശനം സഭ മുഴുവന്‍ ഏറ്റെടുക്കണം. പിതാവിന് പിന്തുണയും സഹകരണവും പ്രാര്‍ത്ഥനയും നല്‍കണം.
ചുരുക്കട്ടെ, സീറോമലബാര്‍ സഭയുടെ ദുഷ്‌പേരിന്റെ കാലം കഴിയട്ടെ. സഭ കൂടുതല്‍ ഉണര്‍ന്ന് പ്രശോഭിക്കട്ടെ. പിതാക്കന്മാരും വൈദികരും സമര്‍പ്പിതരും വിശ്വാസികളും ഒന്നായിച്ചേര്‍ന്ന് ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു ഉന്നതമായ, കൂട്ടായ്മയായി രൂപപ്പെടട്ടെ. സഭയുടെ മുഖം പ്രശോഭിക്കട്ടെ! ഈ വരുന്ന വര്‍ഷങ്ങള്‍ അതിനായി നമുക്ക് ഉപയോഗിക്കാം.
Leave a Comment
Your email address will not be published. Required fields are marked with *