കോഴിക്കോട്: കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലിയാഘോഷിച്ചു. കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിച്ചു. കര്‍ദിനാള്‍മാര്‍, ആര്‍ച്ചുബിഷപുമാര്‍, ബിഷപുമാര്‍ എന്നിവര്‍ സഹകാര്‍മികരായി. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ദിവ്യബലി മധ്യേ സന്ദേശം നല്‍കി. ഇടയശുശ്രൂഷയുടെ തെളിമയാര്‍ന്ന നന്മയും ശ്രേഷ്ഠതയുമാണ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ മുഖമുദ്രയെന്ന് മാര്‍ ക്ലീമിസ് ബാവ പറഞ്ഞു. വിസ്മയിപ്പിക്കുന്ന ദൈവത്തിന്റെ വാത്സല്യത്തിന്റെ മുദ്രകളാണ് അദ്ദേഹം പേറുന്നത്. ചക്കാലക്കല്‍ പിതാവിനെ പോലെ സ്‌നേഹത്തിന്റെ ആഴപ്പെടലാണ് ദൈവം ആഗ്രഹിക്കുന്നത്. എല്ലാ പ്രവര്‍ത്തനങ്ങളും ദൈവത്തിനു സമര്‍പ്പിക്കുന്ന ആത്മീയ ശ്രേഷ്ഠനാണ് ബിഷപ് ചക്കാലയ് ക്കലന്നും ക്ലിമീസ് ബാവ പറഞ്ഞു.
എല്ലാവരെയും ചേര്‍ത്തുപിടിക്കുന്നതാണ് ചക്കാലക്കല്‍ പി താവിന്റെ രീതിയെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. മെത്രാഭിഷേക രജതജൂബിലി ആഘോഷ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീര്‍ഘായുസോടെ ഇനിയും ചക്കാലയ്ക്കലിന് പ്രകാശം ചൊരിയാന്‍ കഴിയട്ടെയെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. ഭാരതത്തിലെ എല്ലാ മെത്രാന്‍മാരുടെ പേരിലും രജതജൂബിലി ആശംസ അറിയിക്കുന്നതായി സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
ആര്‍ച്ചുബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഡോ. തോമസ് ജെ. നെറ്റോ, മാര്‍ ജോസഫ് പാംപ്ലാനി, ഡോ. തോമസ് മാര്‍ കൂറിലോസ്, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപുമാരായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ഡോ. അലക്‌സ് വടക്കുംതല, ഡോ. പോള്‍ ആന്റണി മുല്ലശേരി, ഡോ. ജോസഫ് മാര്‍ തോമസ്, ഡോ. പീറ്റര്‍ അബിര്‍ അന്തോണിസ്വാമി, മാര്‍ ജോസ് പൊരുന്നേടം, ഡോ. സെബാസ്റ്റ്യന്‍ തെക്കേ ത്തേച്ചേരില്‍, ഡോ. ജയിംസ് ആനാംപറമ്പില്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ. ജോസഫ് കാരിക്കാശേരി, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ ജോസഫ് പാണ്ടരശേരിയില്‍, ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് തുടങ്ങിയവര്‍ക്കു പുറമെ വൈദികരും സന്യസ്തരും അല്മായരും അടക്കം വന്‍ ജനാവലി ജൂബിലി ആഘോഷ ചടങ്ങില്‍ പങ്കെടുത്തു. കോഴിക്കോട് രൂപതാ വികാരി ജനറാള്‍ മോണ്‍. ജന്‍സന്‍ പുത്തന്‍വീട്ടില്‍ സ്വാഗതം ആംശസിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *