കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ റേഡിയോ 90 എഫ്.എം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള നാടിന് സമര്‍പ്പിച്ചു. ലോകത്തു നടന്ന പ്രധാന സംഭവങ്ങള്‍, ചരിത്രങ്ങള്‍ എന്നിവ പരിശോധിക്കുമ്പോള്‍ റേഡിയോയുടെ പങ്ക് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ കോളേജ് ഓഡി റ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അമല്‍ ജ്യോതിയുടെ മുന്‍ രക്ഷാധികാരി മാര്‍ മാത്യു അറക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. റേഡിയോ 90 കോളേജില്‍ വിഭാവനം ചെയ്യുന്നതില്‍ പ്രധാന പങ്കു വഹിച്ച കോളേജ് ഡയറക്ടര്‍ ഡോ. സെഡ്. വി ലാകപ്പറമ്പില്‍ റേഡിയോ 90യുടെ നാള്‍ വഴികള്‍ അവതരിപ്പിച്ചു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ചീഫ്‌വിപ്പ് ഡോ. എന്‍ ജയരാജ് എംഎല്‍എ, കോളേജ് മാനേജര്‍ ഫാ. മാത്യു പായ്ക്കാട്, പ്രിന്‍സിപ്പല്‍ ലില്ലിക്കുട്ടി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
കാഴ്ച പരിമിതര്‍ക്ക് വേണ്ടിയുളള കേട്ടറിവ് എന്ന പുതിയ റേഡിയോ പരിപാടിയുടെ ഉദ്ഘാടനവും, റേഡിയോ സംബന്ധിച്ച പുസ്തകത്തിന്റെ പ്രകാശനവും ഇതിനോടൊപ്പം നടന്നു. രാജ്യവ്യാപകമായി റേഡിയോ പ്രക്ഷേപണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അമല്‍ ജ്യോതി യിലും കഴിഞ്ഞ ഒരു വര്‍ഷമായി റേഡിയോ 90 യുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയായിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പൂര്‍ണ്ണ സജ്ജമായ പുത്തന്‍ റേഡിയോ സംവിധാ നമാണ് ഇപ്പോള്‍ നാടിനു സമര്‍പ്പിക്കപ്പെട്ടത്.
കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അധ്യാപകന്‍ ഫാ. സിജു ജോണ്‍ ആണ് റേഡിയോ 90 യുടെ സ്റ്റേഷന്‍ ഡയറക്ടര്‍, പ്രോഗ്രാം ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ മൂത്താനിക്കാട് തുടങ്ങി 12 ഓളം പേര്‍ റേഡിയോയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷിക്കാര്‍, സാധാരണക്കാര്‍, വനിതകള്‍, യുവാക്കള്‍, കുട്ടികള്‍, എന്നിവരുടെ ശബ്ദമാകുക, പ്രാദേശികമായ അറിവുകള്‍ പ്രോത്സാഹിപ്പിക്കുക, അറിവിനെ ആഘോഷമാക്കുക തുടങ്ങിയവയാണ് റേഡിയോ 90യുടെ ലക്ഷ്യങ്ങള്‍.
Leave a Comment
Your email address will not be published. Required fields are marked with *