Follow Us On

12

May

2024

Sunday

എഴുകുംവയല്‍ കുരിശുമലയെ ഇടുക്കി രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു

എഴുകുംവയല്‍ കുരിശുമലയെ ഇടുക്കി രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു
ഇടുക്കി: എഴുകുംവയല്‍ കുരിശുമലയെ ഇടുക്കി രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടന കേന്ദ്രമായി ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പ്രഖ്യാപിച്ചു. കുമ്പസാരിച്ച് ഒരുങ്ങി കുരിശുമലയില്‍ എത്തി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് തിരുസഭ നല്‍കുന്ന ആത്മീയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എഴുകുംവയല്‍ കുരിശുമലയിലേക്ക് ഇടുക്കി രൂപതയുടെ  നേതൃത്വത്തില്‍ നടത്തിയ രണ്ടാമത് കുരിശുമല തീര്‍ത്ഥാടനത്തില്‍വച്ചായിരുന്നു പ്രഖ്യാപനം നടത്തിയത്. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ആത്മീയ നേതൃത്വത്തില്‍ നടത്തിയ കാല്‍നട തീര്‍ത്ഥാടനത്തില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. രാവിലെ 4.30ന് പാണ്ടിപ്പാറയില്‍ നിന്നും ആരംഭിച്ച 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാല്‍നട തീര്‍ത്ഥാടനത്തിന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കി.
പാണ്ടിപ്പാറ, വെള്ളയാംകുടി, ഉദയഗിരി, തോപ്രാംകുടി എന്നീ സ്ഥലങ്ങളില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടനങ്ങള്‍ രാവിലെ 8:30ന് വെട്ടിക്കാമറ്റം കവലയില്‍ എത്തിച്ചേര്‍ന്നു. നൂറുകണക്കിന് വിശ്വാസികളാണ് ഓരോ സ്ഥലങ്ങളില്‍നിന്നും തീര്‍ത്ഥാടനത്തിന്റെ ഭാഗമാ യത്. വെട്ടിക്കമറ്റത്തുനിന്നും ആരംഭിച്ച സംയുക്ത തീര്‍ത്ഥാടനം ഒമ്പതു മണിക്ക് മലയടിവാരത്തില്‍ എത്തിച്ചേര്‍ന്നു.
കൊടും ചൂടിനെ അവഗണിച്ചും ആയിരക്കണക്കിന് വിശ്വാസികള്‍ തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നത് വിശ്വാസത്തിന്റെ സാക്ഷ്യമായി മാറി. മലമുകളില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നാല്പതാം വെള്ളിയുടെ സന്ദേശവും സമാപന ആശീര്‍വാദവും നല്‍കി.
 തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടുക്കി രൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, മോണ്‍. ജോസ് കരിവേലിക്കല്‍, ഫാ. ജോസഫ് തച്ചുകുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായി.
എഴുകുംവയല്‍ പള്ളിയുടെ വികാരി ഇനിമുതല്‍ കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തിന്റെ റെക്ടര്‍ എന്നായിരിക്കും അറിയപ്പെടുന്നത്. ഫാ. ജോര്‍ജ് പാട്ടത്തേക്കുഴിയാണ് പ്രഥമ റെക്ടര്‍. നോമ്പുകാലം തീരുന്നതുവരെയും തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഏപ്രില്‍ ഏഴിനാണ് കുരിശുമല തിരുനാള്‍ ആഘോഷിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?