ഹൈദരാബാദ്: പാവപ്പെട്ടവരുടെ മനുഷ്യാന്തസും അവകാശങ്ങളും കാത്തുസൂക്ഷിക്കമെന്ന ആഹ്വാനവുമായി ഹൈദ്രാബാദ് ആര്‍ച്ചുബിഷപ് അന്തോണി പൂള. വത്തിക്കാന്‍ ഡികാസ്റ്ററി ഫോര്‍ ദ ഡോക്ട്രിന്‍ ഓഫ് ദ ഫെയത്ത് പ്രസിദ്ധീകരിച്ച ഡിഗ്നിറ്റാറ്റിസ് ഇന്‍ഫിനിറ്റ എന്ന ഡോക്യുമെന്റില്‍ പാവപ്പെട്ടവരെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്തെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും വത്തിക്കാന്‍ രേഖ ചര്‍ച്ചാവിഷയമായ പശ്ചാത്തലത്തിലാണ് അദ്ദേഹം പാവപ്പെട്ടവരുടെ അന്തസിനെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും പങ്കുവെച്ചത്.
ഇന്നും ഇന്ത്യയിലെ പാവപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും മനുഷ്യത്വരഹിതമായ അവസ്ഥയില്‍ കഴിയാന്‍ നിര്‍ബന്ധിക്കപ്പെടുന്നുവെന്നതിന്റെ സാമൂഹ്യവും സാംസ്‌ക്കാരികവും മതപരവുമായ ചിന്താധാരകളെ നേരിടേണ്ടതുണ്ടെന്നും അതാണ് ഈ രേഖ ഓര്‍മപ്പെടുത്തുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ആഗോളമാധ്യമങ്ങളും ഇന്ത്യയിലെ പത്രങ്ങളും ജെന്‍ഡര്‍ തിയറി, സെക്‌സ് ചെയ്ഞ്ച് തുടങ്ങിയവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും ഈ രേഖ അതിലും ഉപരിയായ കാര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ദാരിദ്യം, മൈഗ്രേഷന്‍, അക്രമം, മനുഷ്യക്കടത്ത് തുടങ്ങിയ വിഷയങ്ങളെല്ലാം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സത്വര ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്.
നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ദശലക്ഷക്കണക്കിനാളുകള്‍ക്ക് അവരുടെ മനുഷ്യമഹത്വം നിഷേധിക്കപ്പെട്ടിരിക്കുന്നു. അവര്‍ പട്ടിണിയിലും ചൂഷണത്തിലും വിവേചനത്തിനും ഇരയാണ്. വിദ്യാഭ്യാസവും അടിസ്ഥാന ആരോഗ്യസേവനങ്ങളും അവകാശങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.
ഈ രേഖ ഇന്ത്യന്‍ സഭയോട് ആവശ്യപ്പെടുന്നത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന വിടവിനെക്കുറിച്ചും, രക്ഷപ്പെടുവാനും അതിജീവിക്കുവാനുമായി കുടിയേറുന്നവരെക്കുറിച്ചും, അക്രമങ്ങള്‍ സാധാരണവത്ക്കരിക്കുന്നതിനെക്കുറിച്ചും സമൂഹത്തില്‍ ജീവന് വിലകല്‍പ്പിക്കാത്തവരെക്കുറിച്ചും ചിന്തിക്കുവാനാണ്; ആര്‍ച്ചുബിഷപ് ചൂണ്ടിക്കട്ടി.
ഇന്ത്യയിലെ പാവപ്പെട്ടവരുടെ ദാരിദ്യത്തിന്റെയും അനീതിയുടെയും അക്രങ്ങളുടെയും അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തുവാനും ചര്‍ച്ചചെയ്യുവാനും അവരുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും ഈ രേഖ നമ്മെ ക്ഷണിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *