ജോസഫ് മൈക്കിള്‍
പത്ത് സമര്‍പ്പിതര്‍ താമസിക്കുന്ന ഭവനത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു കിലോ അരിയോ എണ്ണയോ വിലകൊടുത്തു വാങ്ങിയിട്ടില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. വിശ്വാസത്തെ ജ്വലിപ്പിക്കുന്ന അനുഭവങ്ങളുടെ തുടക്കംമാത്രമാണ് ഇത്. മലയാളികള്‍ മിണ്ടാമഠമെന്നു (ആവൃതി മഠം) വിളിക്കുന്ന നിഷ്പാദുക കര്‍മ്മലീത്ത സന്യാസിനി സഭയുടെ ദൈവപരിപാലനയുടെ അനുഭവങ്ങള്‍ കേട്ടാല്‍ ആരുടെയും വിശ്വാസം വര്‍ധിക്കും. 21 സന്യാസിമാര്‍ക്കായി ഒരുക്കിയിട്ടുള്ള ആശ്രമം നിര്‍മിച്ചതിന്റെ മൂലധനം വിശ്വാസം മാത്രമായിരുന്നു. നാലു വര്‍ഷം മുമ്പ് പണികള്‍ ആരംഭിച്ച് അധികം കഴിയുന്നതിനുമുമ്പ് കോവിഡ് മഹാമാരി രംഗപ്രവേശനം ചെയ്തു. എല്ലാ മേഖലകളും സ്തംഭിച്ചു. എന്നാല്‍, ആശ്രമത്തിന്റെ പണികള്‍ തടസപ്പെട്ടില്ല, ദൈവം അതിനുള്ള വഴികള്‍ ഒരുക്കി. മെയ് ഒന്നിന് താമരശേരി രൂപതയിലെ കോടഞ്ചേരിക്കടുത്ത് ഈരൂടില്‍ ആവൃതി മഠം ആശീര്‍വദിക്കപ്പെടുമ്പോള്‍ വിശ്വാസത്തിന്റെ വഴികളില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കപ്പെടുകയാണ്.
2019-മെയ് 15-നാണ് താമരശേരിക്കടുത്തുള്ള കക്കാടംപൊയിലില്‍ താല്ക്കാലികമായി മിണ്ടാമഠം തുടങ്ങിയത്. ആര്‍ച്ചുബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി സ്ഥാപിച്ച എസ്.കെ.ടി സഭയുടെ അടഞ്ഞുകിടന്ന ഒരു അനാഥമന്ദിരം അവിടെ ഉണ്ടായിരുന്നു. ഒരു വര്‍ഷത്തേക്ക് ആ കെട്ടിടം ഉപയോഗിക്കാന്‍ നല്‍കി. ഒസിഡി വൈദികര്‍ ഈരൂട് രണ്ടേക്കര്‍ സ്ഥലം മഠത്തിന് നല്‍കി. സ്ഥലത്തിന്റെ പേരില്‍ ചില നിയമപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതിനാല്‍ അനിശ്ചിതത്വങ്ങള്‍ ഏറെയായിരുന്നു. പ്രശ്‌നങ്ങള്‍ വളരെ വേഗം പരിഹരിക്കപ്പെട്ടു. നിര്‍മാണം പൂര്‍ത്തിയായ ആശ്രമത്തിന്റെ ഒരു ഭാഗം 2022 ജൂലൈ 16-ന് വെഞ്ചരിച്ചിരുന്നു.
അനുവാദം വത്തിക്കാനില്‍നിന്നും
സീറോമലബാര്‍ സഭയിലെ ആദ്യത്തെ മിണ്ടാമഠം ആരംഭിക്കാന്‍ വത്തിക്കാനില്‍നിന്നും 2007 ഡിസംബറിലായിരുന്നു അനുവാദം ലഭിച്ചത്. ഭാഗ്യസ്മരണാര്‍ഹനായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ പ്രത്യേക താല്പര്യംകൊണ്ടാണ് അനുമതി ലഭിച്ചത്. അങ്ങനെ ആദ്യത്തെ മിണ്ടാമഠം മലയാറ്റൂരില്‍ നിലവില്‍വന്നു. മലയാറ്റൂരില്‍നിന്നുമാണ് താമരശേരിയില്‍ അടുത്ത ഭവനം ആരംഭിച്ചത്. താമരശേരിയിലേക്ക് പോരുന്നതിന്റെ തലേദിവസം വികാറസ് മദര്‍ ജോണ്‍സി മരിയ ഓഫ് ജീസസ് ക്രൂസിഫൈഡ് ഒസിഡിയെ കാണാന്‍ ഒരു കുടുംബം എത്തി. അവര്‍ പോകാന്‍ തുടങ്ങുമ്പോള്‍ താമരശേരിയില്‍ പുതിയ മഠം നിര്‍മിക്കുന്നതിനെക്കുറിച്ച് അവരോടു സൂചിപ്പിച്ചു.
കെട്ടിടത്തിന്റെ വിസ്തീര്‍ണം എത്രവരുമെന്നായിരുന്നു അവരുടെ ചോദ്യം. അതിനാവശ്യമായ മുഴുവന്‍ കല്ലും മണലും മെറ്റലും സ്‌പോണ്‍സര്‍ ചെയ്താണ് ആ കുടുംബം മടങ്ങിയത്. ഏതാണ്ട് 46 ലക്ഷം രൂപ. കെട്ടിടത്തിന്റെ സ്ട്രക്ച്ചര്‍ നിര്‍മിക്കുന്നതിന് സിമന്റും കമ്പിയും മാത്രമേ വിലകൊടുത്തു വാങ്ങേണ്ടിവന്നിട്ടുള്ളൂ. ബാക്കിയെല്ലാം അനേകരുടെ പങ്കുവയ്ക്കലുകളായിരുന്നു. മലയാറ്റൂരില്‍ ആശ്രമത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതിനുശേഷമായിരുന്നു ചാപ്പല്‍ നിര്‍മിച്ചത്. സാധാരണഗതിയില്‍ ചാപ്പലുകള്‍ അവസാനമാണ് നിര്‍മിക്കുന്നത്. ഈരൂടിലെ ആശ്രമത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ത്തന്നെ ആദ്യം ചാപ്പല്‍ നിര്‍മിക്കണമെന്ന് തീരുമാനമെടുത്തു. ആ തീരുമാനം മനസില്‍ ഉറപ്പിച്ച സമയംതന്നെ ഒരു സ്ത്രീ ചാപ്പലിന്റെ നിര്‍മാണച്ചെലവ് മുഴുവന്‍ ഏറ്റെടുക്കാന്‍ തയാറായി മുമ്പോട്ടുവന്നു.
കോവിഡ് കാലത്ത് ആരു സഹായിക്കും?
കോവിഡിന്റെ കാലത്ത് എല്ലാവര്‍ക്കും സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടു. ആരോടും ചോദിക്കാന്‍പോലും കഴിയാത്ത സാഹചര്യം. അങ്ങനെയിരിക്കുമ്പോള്‍ ഒരു ഫോണ്‍കോള്‍ സിസ്റ്ററിനെ തേടിയെത്തി. നേരത്തെ പരിചയം ഉണ്ടായിരുന്ന സ്ത്രീയായിരുന്നു അങ്ങേത്തലക്കല്‍. കുറെക്കാലമായി അവരുമായി ബന്ധം ഉണ്ടായിരുന്നില്ല. അവരുടെ ബന്ധുവിന്റെ ഫോണ്‍ നമ്പര്‍ നല്‍കിയിട്ട് സിസ്റ്ററിനോട് അവരെ വിളിക്കാന്‍ ആവശ്യപ്പെട്ടു. സിസ്റ്റര്‍ വിളിക്കുകയും ചെ യ്തു.
പിറ്റേന്നു അതിരാവിലെ അഞ്ചുമണിയായപ്പോള്‍ അവര്‍ തിരിച്ചുവിളിച്ചു. ഞങ്ങള്‍ സാമ്പത്തികമായി സഹായിക്കാമെന്നായിരുന്നു അവര്‍ പറഞ്ഞത്. പേരു വെളിപ്പെടുത്താന്‍ അവര്‍ക്ക് താല്പര്യവും ഉണ്ടായിരുന്നില്ല. ഇതുപോലുള്ള നിരവധി അനുഭവങ്ങള്‍ ഈ ആശ്രമത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കാനുണ്ട്. കോണ്‍ട്രാക്ടര്‍ക്ക് പണം നല്‍കേണ്ട സമയമാകുമ്പോള്‍ അക്കൗണ്ടിലേക്ക് ആരൊക്കെയോ പണം അയക്കുന്നു. അവരില്‍ ഒരു പരിചയവും ഇല്ലാത്തവരും ധാരാളം.
നിര്‍മാണത്തിന്റെ അവസാന കാലമായപ്പോള്‍ ചുറ്റുമതില്‍ കെട്ടുന്നതിനായി കല്ല് ആവശ്യമായി വന്നു. വിലകൊടുത്തു വാങ്ങാന്‍ കഴിയുന്ന സാമ്പത്തിക സ്ഥിതിയായിരുന്നില്ല. ലക്ഷങ്ങള്‍ വേണ്ടിവരുമായിരുന്നു. പണികള്‍ നടത്തിയിരുന്ന ഒരാള്‍ പറമ്പില്‍ മണ്ണിനടിയില്‍ കിടന്നിരുന്ന പാറ കണ്ടു. നേരത്തെ പാറപൊട്ടിച്ചിട്ട് അതിനു മുകളില്‍ മണ്ണ് നിറച്ചതായിരുന്നു. ചുറ്റുമതില്‍ നിര്‍മാണത്തിന് ആ കല്ലുകള്‍ ധാരാളമായിരുന്നു.
അംബാസിഡറാകാന്‍ ആഗ്രഹിച്ച ഫ്രഞ്ചുകാരി
അസാധാരണ ദൈവവിളികള്‍ ലഭിച്ചവരാണ് ഇവിടുത്തെ അംഗങ്ങളില്‍ എല്ലാവരുംതന്നെ. അങ്ങനെ ഒരാളാണ് ഫ്രാന്‍സില്‍നിന്ന് എത്തിയ സിസ്റ്റര്‍ മരി വിത്വ എന്ന മരിയ വിക്‌ടോറിയ ഓഫ് ദ ക്രോസ്. സിസ്റ്റര്‍ മലയാറ്റൂര്‍ മഠത്തില്‍നിന്നാണ് ഇവിടേക്കുവന്നത്. ഏഴ് വര്‍ഷമായി കേരളത്തില്‍ എത്തിയിട്ട്. റീ യൂണിയന്‍ ഐലന്റ് എന്ന ഫ്രഞ്ച് കോളനിയില്‍ ജനിച്ച സിസ്റ്ററിന് 19 വയസുവരെ വിശ്വാസവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പഠനത്തില്‍ മുമ്പിലായിരുന്ന മരി വിത്വ ഇന്റര്‍നാഷണല്‍ പൊളിറ്റിക്‌സില്‍ ബിരുദം നേടി. അംബാസിഡര്‍ ആകണമെന്നതായിരുന്നു ആഗ്രഹം. അവളുടെ ചെറുപ്പത്തില്‍ പിതാവു മരിച്ചു. ചേച്ചിയും അമ്മയും അടങ്ങുന്ന കുടുംബം പിന്നീട് പാരീസിലേക്ക് താമസം മാറ്റി. അവള്‍ക്ക് 19 വയസ് ആയപ്പോള്‍ അമ്മ മരിച്ചു.അമ്മയുടെ മരണമാണ് ആത്മാവിന്റെ വിലയെക്കുറിച്ച് ചിന്തിക്കാന്‍ കാരണമായത്. അതു മാനസാന്തരത്തിലേക്ക് നയിച്ചു. ഇന്ത്യയെപ്പറ്റി വിചാരിച്ചിരുന്നത് അന്ധവിശ്വാസികളുടെ രാജ്യം എന്നായിരുന്നു. ആര്‍സിലെ വിശുദ്ധ മരിയ വിയാനിയുടെ ദൈവാലയത്തില്‍ വച്ചാണ് കേരളത്തില്‍നിന്ന് എത്തിയ ഒരു സംഘം തീര്‍ത്ഥാടകരെ കണ്ടുമുട്ടിയത്. സീറോമലബാര്‍ ക്രമത്തിലെ കുര്‍ബാന ആദ്യമായി കണ്ടതും അന്നായിരുന്നു. അത് ഏറെ ആകര്‍ഷിച്ചു. ഇന്ത്യാക്കാര്‍ നന്നായി പ്രാര്‍ത്ഥിക്കുന്നവരാണെന്ന ബോധ്യം ലഭിച്ചു. അമ്മയുടെ മരണംകഴിഞ്ഞ് അധികം കഴിയുന്നതിനുമുമ്പ് പകല്‍ സയമത്ത് ദര്‍ശനംപോലെ ഒരു സ്വപ്‌നം കണ്ടു. മലയുടെ മുകളിലുള്ള ഒരു ആശ്രമമായിരുന്നു സ്വപ്‌നത്തില്‍ ദര്‍ശിച്ചത്.
മാനസാന്തരത്തിലേക്കു വന്ന മരി വിത്വ സൗത്ത് ഫ്രാന്‍സില്‍ മിണ്ടാമഠത്തില്‍ ചേര്‍ന്നു. കേരള എന്ന സ്വരം പലപ്പോഴും ചെവിയില്‍ മുഴങ്ങാന്‍ തുടങ്ങി. ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളമെന്ന് സുഹൃത്താണ് പറഞ്ഞുകൊടുത്തത്. കേരളത്തിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കത്തെഴുതി. ആദ്യമൊന്നും അധികാരികള്‍ അതിനെ അനുകൂലിച്ചില്ല. പിന്നീട് അതു ദൈവഹിതമാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടേക്കു സ്വീകരിച്ചത്.
പദവികള്‍ ഉപേക്ഷിച്ചവര്‍
വത്തിക്കാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് മിണ്ടാമഠങ്ങളെന്ന ആവൃതി മഠങ്ങള്‍. ധ്യാനാത്മക സമൂഹമാണ് ഇവര്‍. മഠത്തിനു പുറത്ത് ആക്ടീവായ പ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ലാതെ ദൈവവുമായി ഐക്യപ്പെട്ടു പ്രാര്‍ത്ഥനയുടെ നിറവില്‍ ജീവിക്കുന്നു. സീറോമലബാര്‍ സഭയിലെ രണ്ടാമത്തെ ആവൃതി മഠം താമരശേരി രൂപതയില്‍ എത്തിയത് ദൈവത്തിന്റെ മറ്റൊരു പദ്ധതിയായിരുന്നു. അതിലേക്ക് നയിച്ച വഴികള്‍ അത്ഭുതാവഹവും.
മലയാറ്റൂരാണ് ആദ്യ ആശ്രമം സ്ഥാപിക്കാന്‍ തിരഞ്ഞെടുത്തത്. അതിന്റെ മുന്നോടിയായി 2008 ജൂലൈ 12-ന് എറണാകുളം ജില്ലയിലെ വെണ്ണലയില്‍ താല്ക്കാലികമായി ആവൃതി മഠം ആരംഭിച്ചു. 2009 ഫെബ്രുവരി 21-നാണ് മലയാറ്റൂരിലെ മഠം ആശീര്‍വദിച്ചത്. സ്ഥാനമാനങ്ങളും സഭയിലെ പദവികളും ഉപേക്ഷിച്ചവരാണ് മിണ്ടാമഠങ്ങളിലെ എല്ലാവരും തന്നെ. സീറോമലബാര്‍ സഭയില്‍ മിണ്ടാമഠം ആരംഭിക്കുന്നതിന് ദൈവം ഉപകരണമാക്കിയത് മദര്‍ ജോണ്‍സിയെ ആയിരുന്നു. സിഎംസി സഭാംഗമായിരുന്ന സിസ്റ്റര്‍ തിയോളജില്‍ ലൈസന്‍ഷിയേറ്റ് ചെയ്യുന്നതിനായി അഞ്ചുവര്‍ഷം റോമില്‍ ഉണ്ടായിരുന്നു. അക്കാലത്താണ് മിണ്ടാമഠങ്ങളുമായി ബന്ധം ഉണ്ടായത്.
റോമിലെ പഠനകാലത്ത് നാല് മാസമൊക്കെ അവധിക്കാലം ഉണ്ടായിരുന്നു. ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ പ്രീ-ഫെക്ടിന് അപേക്ഷ നല്‍കി അവധിക്കാലങ്ങളില്‍ മിണ്ടാമഠങ്ങളില്‍ താമസിക്കാന്‍ തുടങ്ങി. റോമിലെ പഠനകാലത്ത് വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പയെ പല പ്രാവശ്യം കാണാന്‍ അവസരം ലഭിച്ചു. മാര്‍പാപ്പയുടെ പ്രൈവറ്റ് കുര്‍ബാനയില്‍ പങ്കുചേരാനും ഭാഗ്യമുണ്ടായി. തിരിച്ചുവന്ന് ഡെറാഡൂണില്‍ ശുശ്രൂഷ ചെയ്യുമ്പോള്‍ മിണ്ടാമഠത്തില്‍ ചേരാനുള്ള ആഗ്രഹം അറിയിച്ച് സഭാധികാരികള്‍ക്കും കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിനും കത്തുകള്‍ അയച്ചു. 1998-ല്‍ കൊല്ലം ജില്ലയിലെ കൊട്ടിയത്തുള്ള മിണ്ടാമഠത്തില്‍ ചേരാന്‍ അധികാരികളുടെ അനുവാദം ലഭിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സിസ്റ്ററിന് കാന്‍സര്‍ ബാധിച്ചു. മിണ്ടാമഠത്തില്‍നിന്നും തന്നെ തിരിച്ചയക്കുമോ എന്നൊരു ആശങ്ക സിസ്റ്റിന് ഉണ്ടായിരുന്നു. അതേസമയം രോഗത്തെ ഒരു കൃപയായിട്ടായിരുന്നു സിസ്റ്റര്‍ കണ്ടത്. ദൈവത്തിന്റെ അടുത്തേക്ക് പോകാമല്ലോ എന്ന ആഹ്ലാദം നിറഞ്ഞ ചിന്ത. ചികിത്സകൊണ്ട് രോഗം പൂര്‍ണമായി ഭേദമായി.
കൊട്ടിയത്തുനിന്നും തിരുവനന്തപുരത്ത് പുതിയ മഠം ആരംഭിക്കുന്നതിന്റെ ഉത്തരവാദിത്വം സിസ്റ്ററിന് ഏല്പിച്ചു. അവിടെ എല്ലാം നല്ല നിലയില്‍ മുമ്പോട്ടുപോകുമ്പോഴാണ് സീറോമലബാര്‍ സഭയില്‍ മിണ്ടാമഠം ആരംഭിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏല്ക്കാന്‍ വര്‍ക്കി വിതയത്തില്‍ പിതാവിന്റെ ക്ഷണം ലഭിക്കുന്നത്. ആദ്യം ആ നിര്‍ദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും അതു ദൈവഹിതമാണെന്ന തിരിച്ചറിഞ്ഞ് ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.
കേരളത്തിലെ ആദ്യ മിണ്ടാമഠം
കേരളത്തിലെ ആദ്യത്തെ മിണ്ടാമഠം ലത്തീന്‍ സഭയുടെ കീഴില്‍ 1932-ല്‍ കോട്ടയത്ത് ആരംഭിച്ചു. സ്‌പെയിനില്‍നിന്നും എത്തിയ സിസ്റ്റേഴ്‌സാണ് മഠം തുടങ്ങിയത്. ധാരാളം ദൈവവിളികള്‍ ലഭിച്ചു. അടുത്ത് തിരുവല്ലയില്‍, തുടര്‍ന്ന് കൊട്ടിയം, ഒഡീഷ, പിന്നെ തിരുവനന്തപുരത്ത് സിസ്റ്റര്‍ ജോണ്‍ സിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇപ്പോള്‍ 102 രാജ്യങ്ങളിലെ 830 മഠങ്ങളിലായി 12,000 അംഗങ്ങള്‍ ഉണ്ട്. ഓരോ മഠവും സ്വതന്ത്രമാണ്. മിനിമം ഒമ്പത് അംഗങ്ങളും പരമാവധി 21 പേരുമാണ് ഓരോ മഠത്തിലും ഉള്ളത്. ആവൃതി മഠങ്ങളില്‍ ചേര്‍ന്നാല്‍ ജീവിതാവസാനംവരെ അവിടെയാണ്. വോട്ടുചെയ്യാനും ചികിത്സയ്ക്കുമല്ലാതെ പുറത്തേക്ക് ഇറങ്ങില്ല. എല്ലാ മിണ്ടാമഠങ്ങളിലും ചാപ്പലുകളും സെമിത്തേരികളുമുണ്ട്. വലിയ ആഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍വരെ അവിടെയാണ് നടത്തുന്നത്.
പ്രവചനം യാഥാര്‍ത്ഥ്യമായപ്പോള്‍
ഒസിഡി സഭയുടെ ഡഫനിറ്റര്‍ ജനറല്‍ ആയിരുന്ന ഫാ. പാട്രിക് മൂത്തേരിയില്‍ 2009 മാര്‍ച്ചില്‍ മലയാറ്റൂരിലെ ആവൃതി മഠത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പ്രവചനസ്വരത്തോടെ പറഞ്ഞത്, ഇനി തുടങ്ങേണ്ടത് മലബാറില്‍ ആയിരിക്കണമെന്നായിരുന്നു. താമരശേരി രൂപതാംഗമായ ഒരു സിസ്റ്ററിന്റെ വ്രതവാഗ്ദാനത്തിന് പിറ്റേവര്‍ഷം താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിനെ ക്ഷണിച്ചു. അന്ന് ആമുഖപ്രഭാഷണം നടത്തിയത് ആശ്രമത്തിന്റെ സ്പിരിച്വല്‍ ഫാദര്‍ അഗസ്റ്റിന്‍ വാലുമ്മേല്‍ ഒസിഡി ആയിരുന്നു. താമരശേരി രൂപതയില്‍ ആയിരിക്കണം അടുത്ത ആശ്രമം ആരംഭിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളും. മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നല്‍കിയ സന്ദേശത്തില്‍ താമരശേരിയില്‍ മിണ്ടാമഠം ഉണ്ടാകുന്നതില്‍ താല്പര്യം പ്രകടിപ്പിച്ചു. തുടര്‍ന്ന് ആശ്രമാംഗങ്ങളെ നേരിട്ടു കണ്ടപ്പോഴും തന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു. മലയാറ്റൂരിലേക്ക് അസാധാരണമായ രീതിയില്‍ ധാരാളം ദൈവവിളികള്‍ ഉണ്ടായി. അങ്ങനെയാണ് താമരശേരി രൂപതയില്‍ ആശ്രമം ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ഇതിനിടയില്‍ റോമില്‍നിന്നും അനുവാദവും ലഭിച്ചു.
കാലടി തച്ചില്‍ കുടുംബത്തിലെ പരേതരായ ബ്രിജീത്ത-ലോനപ്പന്‍ ദമ്പതികളുടെ പത്തു മക്കളില്‍ നാലാമത്തെ മകളാണ് സിസ്റ്റര്‍ ജോണ്‍സി. സിസ്റ്ററിന്റെ സഹോദരി സിസ്റ്റര്‍ ട്രീസ ജോണ്‍ ഓഫ് ഇന്‍ഫന്റ് ജീസസ് ഈ ആശ്രമത്തിലുണ്ട്. എസ്എംഐ സമൂഹ ത്തില്‍നിന്നാണ് സിസ്റ്റര്‍ ട്രീസ ഇവിടെ എത്തിയത്.10-ാം ക്ലാസ് പരീക്ഷ കഴിഞ്ഞ് അവധിക്കാലത്ത് വിശുദ്ധ കൊച്ചുത്രേസ്യയുടെ ആത്മകഥയായ നവമാലിക വായിച്ചതാണ് സമര്‍പ്പിത ജീവിതം തിരഞ്ഞെടുക്കാന്‍ സിസ്റ്റര്‍ ട്രീസയെ പ്രേരിപ്പിച്ചത്.
സ്വാദേറിയ മാമ്പഴങ്ങള്‍
ചെറിയ ആഗ്രഹങ്ങളില്‍പ്പോലും ദൈവം ഇടപെട്ട നിരവധി അനുഭവങ്ങള്‍ മദര്‍ ജോണ്‍സിക്ക് പറയാനുണ്ട്. മലയാറ്റൂര്‍ മഠത്തില്‍ ആയിരുന്ന സമയത്ത് മാമ്പഴ കാലമായപ്പോള്‍ സിസ്റ്റേഴ്‌സ് ആരോ കുറച്ചു മാമ്പഴം കിട്ടിയിരുന്നെങ്കില്‍ കറിവയ്ക്കാമായിരുന്നല്ലോ എന്നു പറഞ്ഞു. അന്നു വൈകുന്നേരം ഗെയ്റ്റ് പൂട്ടാന്‍ ചെല്ലുമ്പോള്‍ ഒരു സഞ്ചി നിറയെ മാമ്പഴം അവിടെ ഉണ്ടായിരുന്നു. ആരെങ്കിലും വച്ചിട്ടു പോയതായിരിക്കുമെന്ന് അവര്‍ കരുതി. എന്നാല്‍, ആ മാമ്പഴക്കാലം തീരുംവരെ ദിവസവും പലവിധത്തിലുള്ള മാമ്പഴങ്ങള്‍ നിറഞ്ഞ സഞ്ചി അവിടെ ഉണ്ടാകുമായിരുന്നു. ദൈവം മാലാഖമാരുടെ കയ്യില്‍ കൊടുത്തുവിട്ടതാണോ, അതോ മാലഖമാരുടെ മുഖമുള്ള മനുഷ്യര്‍ കൊണ്ടുവന്നു വച്ചതാണോ അവയെന്ന് ഇപ്പോഴും നിശ്ചയമില്ല. സ്വാദിഷ്ടമായ മാമ്പഴങ്ങളുടെ രൂപത്തില്‍ ദൈവത്തിന്റെ കരുതല്‍ ഒരിക്കല്‍ക്കൂടി അവര്‍ രുചിച്ചറിഞ്ഞു. ആ രുചി ഒരിക്കലും മറക്കാനും കഴിയില്ല.
വെഞ്ചരിപ്പു കര്‍മ്മത്തിന്റെ നിറവിലായിക്കുമ്പോള്‍ ദൈവത്തിന്റെ കരുതലിനും കാരുണ്യത്തിനും നന്ദി പറയുകയാണ് സെന്റ് ജോസഫ് ക്ലോയ്‌സ്റ്റേര്‍ഡ് മഠത്തിലെ സന്യാസിനികള്‍. പ്രാര്‍ത്ഥനയുടെയും, ആവൃതിയിലെ നിശബ്ദതയില്‍ ദൈവത്തിനുള്ള പ്രത്യേക സമര്‍പ്പണത്തിന്റെയും മരുപ്പച്ചയായി ഈ കാര്‍മല്‍ നിലകൊള്ളുമ്പോള്‍ ദൈവത്തിന് അവരിലൂടെ ലോകത്തോട് പറയാനുള്ളത്-ദൈവത്തിനായുള്ള ദാഹം മനുഷ്യഹൃദയങ്ങളില്‍ എന്നും ഉണ്ടാകണമെന്നും അവിടുത്തെ അന്വേഷിക്കാന്‍ നാം തയാറാകണമെന്നുമാണ്.
Leave a Comment
Your email address will not be published. Required fields are marked with *