Follow Us On

18

October

2024

Friday

ഈ ‘ഒരുമിച്ചുള്ള ജീവിതം’ നമുക്ക് നല്ലതോ?

ഈ ‘ഒരുമിച്ചുള്ള ജീവിതം’  നമുക്ക് നല്ലതോ?

ഡോ. ജോസ് ജോണ്‍ മല്ലികശ്ശേരി

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കോഴിക്കോട് പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ യുവതിയും ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന ചെറുപ്പക്കാരനും നടത്തിയ, വര്‍ഷങ്ങള്‍ നീണ്ട ലിവിങ് ടുഗെതെര്‍ കൊലപാതകത്തിലെത്തിയത് എല്ലാ പത്രങ്ങളും വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതാണല്ലോ. തിരുവനന്തപുരം സ്വദേശികളായ ഈ ജോഡി, കോഴിക്കോട്ട് ഒരു വാടകവീട്ടിലാണ് ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ താമസിച്ചത്; അവരുടെ വീട്ടുകാരും നാട്ടുകാരും അറിയാതെ. യുവതി ഉന്നതകുലജാതയും യുവാവ് പട്ടികജാതിക്കാരനും. സ്വസമുദായത്തില്‍നിന്ന് നല്ല ഒരു ആലോചന വന്നപ്പോള്‍ യുവതി വീട്ടുകാരോട് കല്യാണത്തിന് സമ്മതം അറിയിച്ചു. കല്യാണം ഒക്കെ ഉറപ്പിച്ച് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ ലിവിങ് ടുഗെതെര്‍കാരന്‍ യുവതിയെ പെരിയാറ്റിലേക്ക് തള്ളിയിട്ടു. യുവതി മരിച്ചു; യുവാവ് ജയിലിലുമായി.

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ്, എന്റെ പരിചയത്തിലുള്ള ഒരു ചെറുപ്പക്കാരന്‍, ഐഐടി ബിരുദധാരി, ബാംഗ്ലൂരില്‍ അരക്കോടിയിലധികം വാര്‍ഷിക ശമ്പളം വാങ്ങിയിരുന്നവന്‍; എട്ട് വര്‍ഷം ലിവിങ് ടുഗെതെര്‍ നടത്തിയ വടക്കെ ഇന്ത്യക്കാരി പെണ്ണ് ‘തേച്ചേച്ച് ‘ പോയതിന്റെ ഡിപ്രെഷന്‍ മാറ്റാന്‍ ജോലിയും കളഞ്ഞ് കഞ്ചാവടിച്ച് നടക്കുന്നതുകണ്ടു. പ്രയോഗികതയിലേക്കെത്തുമ്പോള്‍, ‘ബ്രോ ഡാഡി’ സിനിമയിലെ ലിവിങ് ടുഗെതെര്‍ എത്തിച്ചേരുന്ന ശുഭപര്യവസാനം ഒട്ടുംതന്നെ സംഭവിക്കാറില്ല എന്ന് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

‘ഗ്ലോബലൈസേഷന്‍’ എന്ന വാക്ക് തിയഡോര്‍ ലെവിറ്റ് എന്ന അമേരിക്കന്‍ ധനതത്വ ശാത്രജ്ഞന്‍ 1983-ല്‍ പരിചയപ്പെടുത്തിയെങ്കിലും, 1990 കളുടെ തുടക്കത്തില്‍, ഗോര്‍ബച്ചേവ് റഷ്യയില്‍ നടപ്പാക്കിയ ‘പെരിസ്‌ട്രോയിക്ക’ എന്ന് അറിയപ്പെട്ട സാമൂഹിക സാമ്പത്തിക പരിഷ്‌കരണങ്ങളും ‘ഗ്ലാസ്‌നോസ്റ്റ്’ എന്ന് പേരിട്ടു വിളിച്ച വ്യക്തി സ്വതന്ത്ര്യത്തിന്റെ വലിയ പുനഃസ്ഥാപനവും ആണ് ഈ വാക്കിന് പ്രസക്തി നേടിക്കൊടുത്തത്. ഇരുപതാം നൂറ്റാണ്ട് മനുഷ്യ ചരിത്രത്തില്‍ സംഭവ ബഹുലമാവുന്നത് രണ്ടു ലോക മഹാ യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു എന്നതിലേറെ, അതിബൃഹത്തായ ശാസ്ത്രീയ പുരോഗതി കൊണ്ടും, അതിന്റെ പരിണതിയില്‍ എത്തിച്ചേര്‍ന്ന ഇന്‍ഫര്‍മേഷന്‍ സാങ്കേതിക വിദ്യയിലെ അഭൂതപൂര്‍വമായ കുതിച്ചു ചാട്ടവും കൊണ്ടാണ്. ഒരേ കാലഘട്ടത്തില്‍ സംഭവിച്ച ഗ്ലോബലൈസേഷനും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ‘പ്രളയവും’ ചേര്‍ന്ന് ലോകത്തിലെ മനുഷ്യര്‍ തമ്മിലുള്ള അകലം ഇല്ലാതാക്കുകയും, ‘ഗ്ലോബല്‍ വില്ലേജ്’ അഥവാ ഭൂമിയിലെ മനുഷ്യര്‍ മുഴുവന്‍ ഒരു വില്ലേജില്‍ എന്നപോലെ സമീപസ്ഥരാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും അനുബന്ധ മേഖലകളിലും കോടിക്കണക്കിന് തൊഴിലവസരങ്ങള്‍, ബൃഹത്തായ ശമ്പളത്തോടെ, ലോകത്തെമ്പാടും സൃഷ്ടിക്കപ്പെട്ടതിന്റെ അലയൊലികള്‍ നമ്മുടെ കേരളത്തിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലൊക്കെ ധാരാരാളം എഞ്ചിനീയറിംഗ് കോളേജുകള്‍ കൂണുപോലെ മുളച്ച് പൊന്തി. മലയാളി വിദ്യാര്‍ത്ഥികള്‍ ഈ അവസരം നന്നായി പ്രയോജനപ്പെടുത്തി. എഞ്ചിനീയറിംഗ് ബിരുദം മറ്റു സര്‍വകലാശാല ബിരുദങ്ങളെക്കാള്‍ സര്‍വസാധാരണമായി. ധാരാളം ചെറുപ്പക്കാര്‍, വലിയ ശമ്പളത്തോടെ, ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍, പ്രത്യേകിച്ചും ബാംഗ്ലൂരില്‍ നിയമിതരായി. മാസാമാസം കയ്യില്‍ എത്തിപ്പെടുന്ന സമാനതകളില്ലാത്ത വലിയ വരുമാനവും, ഗ്ലോബലൈസേഷന്റെ ഭാഗമായി പരിചിതമാക്കിയ പാശ്ചാത്യ സംസ്‌കാരവും ചെറുപ്പക്കാരില്‍ വളരെയേറെപ്പേരുടെ അനിയന്ത്രിതമായ ജീവിത രീതികള്‍ക്ക് കാരണമായി ഭവിച്ചു. പാശ്ചാത്യരാജ്യങ്ങളില്‍മാത്രം കേട്ടുപോന്നിട്ടുള്ള, അവിവാഹിതരായ ആണും പെണ്ണും ഒന്നിച്ചു ജീവിക്കുന്ന, ‘ലിവിങ് ടുഗെതെര്‍’ എന്ന് വിളിക്കുന്ന ഒരു പ്രസ്ഥാനവും അക്കൂട്ടത്തില്‍ എത്തിപ്പെട്ടതാണ്. മാതാപിതാക്കളുടെയും കുടുംബക്കാരുടെയും പരിചയക്കാരുടെയും കാഴ്ചവെട്ടത്തുനിന്ന് അകലത്തിലായതിനാലും, സാമ്പത്തികമായി സ്വാശ്രയത്വം ഉള്ളതിനാലും, നിര്‍ഭയമായി ഇത്തരം ദുഃസ്വാതന്ത്ര്യ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ ചിലരെങ്കിലും ധാര്‍ഷ്ട്യം കാട്ടി.

ഓരോ നാടിനും, സഹസ്രാബ്ദങ്ങളിലൂടെ വികസിച്ചുവന്ന ഒരു സാംസ്‌കാരിക പാരമ്പര്യമുണ്ടാവും. അത് കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ക്ക് വിധേയമാവുമ്പോഴും ദേശത്തിനൊത്ത രീതിയിലാണ് അത് സംഭവിക്കുക. പാശ്ചാത്യ സംസ്‌കാരത്തിലെ സത്യസന്ധതയോ, വാഗ്ദാനങ്ങള്‍ പാലിക്കുന്ന രീതിയോ, സമയനിഷ്ഠയോ ഒന്നും നമുക്ക് പരിചയമില്ല. ക്രിസ്തീയ മൂല്യങ്ങള്‍ തന്നെയാണ് അവരുടെ സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ ചാലകശക്തി ആയി പ്രവര്‍ത്തിച്ചത്. മതം ഏതുതന്നെ ആയാലും നമ്മുടെ സംസ്‌കാരം ഭാരതീയമാണ്. ‘പ്രണയത്തിലും യുദ്ധത്തിലും ചതി ആവാം’ എന്ന ഭാരതീയ സംസ്‌കൃതിയിലെ ന്യായപ്രമാണം രക്തത്തിലുള്ളവരാണ് നാം. വിവാഹത്തിലേര്‍പ്പെടേണ്ട വ്യക്തികള്‍ തീര്‍ത്തും പരിചിതരായിരിക്കണം എന്ന കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തി, സായിപ്പ് സ്വന്തം സംസ്‌കാരത്തിന്റെ പിന്‍ബലത്തില്‍ നടത്തുന്ന ലിവിങ് ടുഗെതെര്‍ എവിടെ, ആരെപ്പറ്റിക്കണം എന്ന് നോക്കിനടക്കുന്ന നമ്മുടെ നാട്ടിലെ മനുഷ്യരുടെ ലിവിങ് ടുഗെതെര്‍ എവിടെ ?! നമ്മുടെ നാട്ടില്‍ ഇത് പച്ച വ്യഭിചാരത്തിനപ്പുറത്തേക്ക് ഒന്നുമല്ലെന്ന് ധാരാളം ഉദാഹരണങ്ങള്‍ തെളിയിക്കുന്നു.

ക്രൈസ്തവ രീതിയില്‍ ചിന്തിക്കുമ്പോള്‍ അവിവാഹിതരായ യുവതീയുവാക്കളുടെ ഇത്തരം സഹജീവിതം വലിയ തിന്മയാണ്. പരിശുദ്ധാത്മാവിന്റെ വാസസ്ഥലമാണ് മാമ്മോദീസ സ്വീകരിച്ച ഒരു വ്യക്തിയുടെ ശരീരം. ശരീരം ദൈവാലയമാണെന്ന് പറഞ്ഞത് ഈശോനാഥന്‍ തന്നെയാണല്ലോ. സര്‍വ ഐശ്വര്യങ്ങളെയും ഇല്ലാതാക്കുന്ന തിന്മയാണ് വ്യഭിചാരം. ജീവന്റെ ഉടമസ്ഥനായ ദൈവം, ജീവന്റെ തുടര്‍ച്ചയില്‍ പങ്കുചേരുവാനായി, മനുഷ്യന് നല്‍കിയ വിശുദ്ധ ദാനമാണ് ലൈംഗികത. അതിന്റെ ദുര്‍വിനിയോഗം ദൈവത്തെ നിരാകരിക്കുന്നതിന് തുല്യമായ അഹന്തയാണ്. സര്‍വ ദൈവകൃപയും മാഞ്ഞുപോകും, ഇത്തരം ദുര്‍വൃത്തിയില്‍ ഏര്‍പ്പെടുന്നവരില്‍ നിന്ന്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?