മാനന്തവാടി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു സംസ്ഥാന പട്ടികജാതി -പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു. ദുരന്ത ബാധിതരുടെ അക്കൗണ്ടിലേക്ക് 9500 രൂപ വീതം കത്തോലിക്കാ സഭ നല്‍കുന്നതിന്റെ ഉദ്ഘാടനം മാനന്തവാടി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുത്തുവരുകയാണെന്നും കത്തോലിക്കാ സഭ അടക്കം സഹകരിക്കുവാന്‍ തയാറായ മുഴുവന്‍ പങ്കാളികളെയും ഉള്‍പ്പെടുത്തി മാതൃകാപരമായ രീതിയില്‍ സമയബന്ധിതമായി പുനരധിവാസം പൂര്‍ത്തിയാക്കു മെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തില്‍ മാനന്തവാടി രൂപതാ സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം അധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യ, കേരള സോഷ്യല്‍ സര്‍വീസ് ഫോറം, കാത്തലിക് റിലീഫ് സര്‍വ്വീസ് മാനന്തവാടി, ബത്തേരി, കോഴിക്കോട്, താമരശേരി എന്നീ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങള്‍ എന്നിവ വഴി ആയിരക്കണക്കിന് കുടുംബങ്ങളെ സഹായിക്കുവാന്‍ സാധിച്ചു എന്ന് മാര്‍ താരാമംഗലം പറഞ്ഞു.
കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജോളി പുത്തന്‍പുര, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, മാനന്തവാടി രൂപതാ പ്രൊക്യൂറേറ്റര്‍ ഫാ. ജോസ് കൊച്ചറക്കല്‍, കാരിത്താസ് ഇന്ത്യ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി ഫെര്‍ണാണ്ടസ്, കാത്തലിക് റിലീഫ് സര്‍വ്വീസ് സൗത്ത് ഇന്ത്യ ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ജോമി ജോസഫ്, വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍, ശ്രേയസ് ബത്തേരി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലുങ്കല്‍, ജീവന എക്‌സിക്യൂട്ടിവ് ഡയറക്ര്‍ ഫാ. ആല്‍ബര്‍ട്ട് വി.സി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *