Follow Us On

31

October

2024

Thursday

സകല വിശുദ്ധരുടെ തിരുനാളിനെതിരെ പൈശാചിക ആഘോഷങ്ങള്‍: കെസിബിസി ജാഗ്രത കമ്മീഷന്റെ മുന്നറിയിപ്പ്

സകല വിശുദ്ധരുടെ തിരുനാളിനെതിരെ പൈശാചിക ആഘോഷങ്ങള്‍: കെസിബിസി ജാഗ്രത കമ്മീഷന്റെ മുന്നറിയിപ്പ്

സകല വിശുദ്ധരുടെയും തിരുന്നാള്‍ ദിനത്തോടനുബന്ധിച്ച് അതിന്റെ തലേദിവസം നടത്തുന്ന ആചരണത്തെ വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളാക്കി മാറ്റുന്നതിനെതിരെ ജാഗ്രത വേണമെന്നു കെസിബിസി ജാഗ്രത കമ്മീഷന്‍. നവംബര്‍ ഒന്ന് സകല വിശുദ്ധരുടെയും തിരുന്നാള്‍ ദിനത്തോടനുബന്ധിച്ച് അതിന്റെ തലേദിവസം നടത്തുന്ന ആചരണം (All Hallows Eve) ലക്ഷ്യമാക്കിയിരുന്നത് വിശുദ്ധരുടെ മാതൃകകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള വിചിന്തനവും ധ്യാനവുമായിരുന്നെങ്കില്‍, അത്തരമൊരു പവിത്രമായ ആചരണത്തിന്റെ കച്ചവടവല്‍ക്കരണം വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ടെന്ന് ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സാത്താനിക വേഷഭൂഷാദികളും മുഖമൂടികളും ചേഷ്ഠകളും അനുകരിച്ചുകൊണ്ടുള്ള ആഘോഷപരിപാടികളാണ് പലയിടങ്ങളിലും ഹാലോവീന്‍ ദിനത്തോടനുബന്ധിച്ച് കണ്ടുവരുന്നത്.

ആ മാതൃകയില്‍ സമീപകാലത്താണ് കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ പ്രത്യേകിച്ച് കോളേജുകളില്‍ ഹാലോവീന്‍ ദിനാഘോഷം കണ്ടുതുടങ്ങിയത്. അര്‍ത്ഥമറിയാതെ വിദ്യാര്‍ഥികള്‍ നടത്തുന്ന ആഘോഷങ്ങളില്‍ അവഹേളനപരമായ രീതിയില്‍ സമര്‍പ്പിത വസ്ത്രങ്ങളും പൈശാചിക മുഖമൂടികളും മറ്റും ധരിച്ചുകൊണ്ടുള്ള പ്രകടനങ്ങള്‍ കാണാറുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഹാലോവീന്‍ ദിനമായ ഒക്ടോബര്‍ 31 ന് കേരളത്തിലെ ചില കോളേജുകളില്‍ അരങ്ങേറിയ ആഘോഷപരിപാടികള്‍ ക്രൈസ്തവ വിരുദ്ധതയുടെ അരങ്ങേറ്റമായി മാറുകയും വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. സന്യാസത്തെയും പൗരോഹിത്യത്തെയും അവഹേളിക്കുന്നതും പൈശാചികതയെ ദ്യോതിപ്പിക്കുന്നതുമായ വേഷവിധാനങ്ങളും നൃത്ത നൃത്യങ്ങളും ഹാലോവീന്‍ ആഘോഷങ്ങളുടെ മറവില്‍ അരങ്ങേറുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയാത്തതാണ്.

പങ്കെടുക്കുന്നവരിലും കാഴ്ചക്കാരിലും തെറ്റായ അഭിമുഖ്യങ്ങള്‍ ജനിപ്പിക്കാനിടയുള്ള ഹാലോവീന്‍ ആഘോഷങ്ങളില്‍നിന്ന് യുവജനങ്ങളും കുട്ടികളും അകന്നുനില്‍ക്കണമെന്ന മുന്നറിയിപ്പുകള്‍ പലപ്പോഴായി നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നതായി കാണാറുണ്ട്. ക്രൈസ്തവ സമൂഹവും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. കത്തോലിക്കാ വിശ്വാസത്തെയും, ക്രൈസ്തവ മൂല്യങ്ങളെയും കളങ്കപ്പെടുത്തുന്നതൊന്നും നമ്മുടെ വിദ്യാലയങ്ങളില്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ ആഹ്വാനം ചെയ്തു.

ഹാലോവീന്‍ ദിനത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കെസിബിസി ജാഗ്രത കമ്മീഷന്‍ 2022 ല്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

ക്രൈസ്തവ സ്ഥാപനങ്ങള്‍ ക്രിസ്തീയ മൂല്യങ്ങളും വിശ്വാസവും കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാകണം: കെസിബിസി ജാഗ്രത കമ്മീഷന്‍

ലോകത്തിന് ഉപ്പും ഭൂമിക്ക് പ്രകാശവുമാകാനുള്ള ക്രൈസ്തവന്റെ വിളിയുടെ തുടര്‍ച്ചയാണ് സഭയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളും ഇടപെടലുകളും. സ്‌നേഹത്തിലും നന്മയിലും സത്യത്തിലും അടിയുറച്ച് സുവിശേഷം പകര്‍ന്നു കൊടുക്കുകയാണ് ക്രൈസ്തവ സ്ഥാപനങ്ങളുടെ അടിസ്ഥാന ലക്ഷ്യം. ധാര്‍മ്മിക നിലപാടുകളിലും മൂല്യങ്ങളിലും അടിയുറച്ചതും, പരസ്പരാദരവോടും സാഹോദര്യത്തോടും വ്യാപരിക്കുന്നതുമായ തലമുറകളെ വാര്‍ത്തെടുക്കാന്‍ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അതുപോലെതന്നെ, വിശ്വാസജീവിതത്തിന്റെ ഭാഗമായ ആരാധനക്രമം, പൗരോഹിത്യം, സന്യാസം, കൂദാശകള്‍, സഭയുടെ പ്രബോധനങ്ങള്‍ തുടങ്ങിയവ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ സഭാ സ്ഥാപനങ്ങളില്‍ പൂര്‍ണ്ണമായി ഒഴിവാക്കപ്പെടേണ്ടതാണ്.

ക്രിസ്തീയ വിശ്വാസജീവിതത്തിനും ധാര്‍മ്മിക കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമായ ആഘോഷങ്ങളും ആശയങ്ങളും പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതാണ്. സ്‌കൂള്‍, കോളേജ് മാനേജ്‌മെന്റുകള്‍ ഇത്തരം കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. ഞായറാഴ്ച ആചരണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മതബോധനം തുടങ്ങിയ വിഷയങ്ങളിലെ സഭയുടെ നിലപാടുകള്‍ കാത്തുസൂക്ഷിക്കുകയും, അതുവഴി ഈ കാലഘട്ടത്തിലെ മൂല്യച്യുതികള്‍ക്കും ധാര്‍മ്മിക അപചയത്തിനുമെതിരായി പ്രതിരോധ വലയം തീര്‍ക്കുകയും ചെയ്യാന്‍ സഭാസ്ഥാപനങ്ങള്‍ സവിശേഷ ഉത്തരവാദിത്വം പുലര്‍ത്തേണ്ടതാണ്. സുവിശേഷ മൂല്യങ്ങളുടെ പ്രഘോഷണത്തിലും ഉപവിയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തന ശൈലിയിലും കത്തോലിക്കാ സ്ഥാപനങ്ങളുടെ അനന്യത കാത്തുസൂക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ വിട്ടുവീഴ്ച കൂടാതെ പ്രതിജ്ഞാബദ്ധരാകണം.

കെസിബിസി ജാഗ്രത കമ്മീഷന്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?