ന്യൂഡല്‍ഹി: ഭാരതത്തിലെ നെല്ലൂര്‍, വെല്ലൂര്‍, ബഗദോഗ്ര, വസായി എന്നീ നാലു രൂപതകള്‍ക്ക് മാര്‍പാപ്പ പുതിയ മെത്രാന്മാരെ നിയമിച്ചു. മഹാരാഷ്ട്രയിലെ വസായ് ബിഷപ്പായി ഫാ. ഡോ. തോമസ് ഡിസൂസയെയും തമിഴ്‌നാട്ടിലെ വെല്ലൂര്‍ ബിഷപ്പായി ആംബ്രോസ് പിച്ചൈമുത്തുവിനെയും ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ബിഷപ്പായി ആന്റണി ദാസ് പിള്ളയെയും പാപ്പ നിയമിച്ചു. ഇതോടൊപ്പം നേപ്പാളിലെ അപ്പസ്‌തോലിക് വികാരിയായിരുന്ന ബിഷപ്പ് പോള്‍ സിമിക്കിനെ ബാഗ്‌ഡോഗ്രയിലെ ബിഷപ്പായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
1970 മാര്‍ച്ച് 23 ന് വസായ് രൂപതയിലെ ചുല്‍നെയില്‍ ജനിച്ച തോമസ് ഡിസൂസ ഗോരേഗാവിലെ സെന്റ് പയസ് എക്‌സ് കോളേജില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1998 ഏപ്രില്‍ 18ന് വസായ് രൂപത വൈദികനായി. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നിരവധി അജപാലന ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ച അദ്ദേഹം 2019 മുതല്‍, നന്ദഖലിലെ സെന്റ് ജോസഫ് ഹൈസ്‌കൂള്‍, ജൂനിയര്‍ കോളേജ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1966 മെയ് 3ന് തമിഴ്‌നാട്ടിലെ ചെയ്യൂരില്‍ ജനിച്ച പിച്ചൈമുത്തു ചെന്നൈയിലെ സേക്രഡ് ഹാര്‍ട്ട് സെമിനാരിയില്‍ വൈദികപഠനം നടത്തി. പിന്നീട് റോമിലെ സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി. 1993 മാര്‍ച്ച് 25ന് നിയമിതനായ അദ്ദേഹം സേക്രഡ് ഹാര്‍ട്ട് സെമിനാരിയില്‍ അസിസ്റ്റന്റ് പാസ്റ്റര്‍, പ്രൊഫസര്‍, വൈസ് റെക്ടര്‍, ചിംഗിള്‍പുട്ട് വികാരി ജനറല്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1973 ഓഗസ്റ്റ് 24 ന് ഡോണകൊണ്ടയില്‍ ജനിച്ച ആന്റണി ദാസ് പിള്ളി സെന്റ് ജോണ്‍സ് റീജിയണല്‍ സെമിനാരിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കുകയും റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാനിയാന യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോഗ്മാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. 2000 ഏപ്രില്‍ 24ന് നെല്ലൂര്‍ രൂപത ബിഷപ്പിന്റെ സെക്രട്ടറി, ഗുഡലൂര്‍, സെന്റ് ജോണ്‍സ് മൈനര്‍ സെമിനാരി റെക്ടര്‍, ഡോഗ്മാറ്റിക് തിയോളജി പ്രൊഫസര്‍ തുടങ്ങി വിവിധ ചുമതലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1963 ഓഗസ്റ്റ് 7ന് ഡാര്‍ജിലിംഗ് രൂപതയിലെ ഗിറ്റ്ഡബ്ലിങ്ങില്‍ ജനിച്ച സിമിക്ക് റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാനിയാന യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഡാര്‍ജിലിംഗ് രൂപതയ്ക്ക് വേണ്ടി 1992 ഏപ്രില്‍ 9ന് വൈദികനായി നിയമിതനായ അദ്ദേഹം നാംചി പബ്ലിക് സ്‌കൂളിലെ ഹോസ്റ്റല്‍ പ്രീഫെക്റ്റ്, സുറുക്കിലെ സെന്റ് മൗറീസ് വികാരി, മോണിംഗ് സ്റ്റാര്‍ കോളേജിലെ സേക്രഡ് സ്‌ക്രിപ്ച്ചര്‍ പ്രൊഫസര്‍ തുടങ്ങി നിരവധി റോളുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014ല്‍ നേപ്പാളിലെ അപ്പസ്‌തോലിക് വികാരിയായി നിയമിതനായ ബിഷപ്പ് സിമിക്ക് അതേ വര്‍ഷം തന്നെ മെത്രാഭിഷേകം സ്വീകരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *