Follow Us On

25

November

2024

Monday

ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും മാര്‍ കൂവക്കാടിന്റെയും ഛായാചിത്രങ്ങളുമായി അലീന

ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും മാര്‍ കൂവക്കാടിന്റെയും ഛായാചിത്രങ്ങളുമായി അലീന
മണിമല: മാര്‍ ജോര്‍ജ്ജ് കൂവക്കാട് മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ അലീനയും സന്തോഷത്തിന്റെ നിറുകയിലാണ്. താന്‍ വരച്ച മാര്‍ കൂവക്കാടിന്റെ ചിത്രം അദ്ദേഹം സ്നേഹപൂര്‍വ്വം കൈപ്പറ്റുകയും തന്നെ അനുഗ്രഹിക്കുകയും ചെയ്തത് അലീനക്ക് മറക്കാനാവില്ല. കൂടാതെ മാര്‍പാപ്പയുടെ ചിത്രം വരച്ചത് അദ്ദേഹത്തെ ഏല്‍പ്പിച്ചു.
നിരവധി പ്രശസ്തരുടെ ഛായാചിത്രങ്ങള്‍ ഇതിനകം വരച്ചുകഴിഞ്ഞു. പലതും അവര്‍ക്ക് സമ്മാനമായി നല്‍കുവാന്‍ സാധിച്ചു എന്നത് അലീനക്ക് സന്തോഷകരമായ ഓര്‍മയാണ്. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ഫ്രാന്‍സിസ് പാപ്പ, പെരുന്തോട്ടം പിതാവ്, പവ്വത്തില്‍ പിതാവ്, തറയില്‍ പിതാവ്, ഉമ്മന്‍ ചാണ്ടി എന്നിവര്‍ അവയില്‍ ചിലതുമാത്രം. സംസ്ഥാന സര്‍ക്കാരിന്റെ ഉജ്വല ബാല്യപുരസ്‌കാരവും അലീനയെ തേടിയെത്തിയിട്ടുണ്ട്. താന്‍ വരച്ച 2000 ഓളം ചിത്രങ്ങളുള്ള വലിയ ശേഖരം അലീന നിധിപോലെ കാത്തുസൂക്ഷിക്കുന്നു.
ചങ്ങനാശേരി അതിരൂപതയിലെ മുണ്ടത്താനം ഇടവകയിലെ പരത്തമല റെജിയുടെയും റെനിയുടെയും മൂന്ന് പെണ്‍മക്കളില്‍ ഇളയവളാണ് അലീന. ചെറുപ്പം മുതല്‍ക്കേ ചിത്രരചനയില്‍ പ്രത്യേക താല്‍പര്യമുണ്ടായിരുന്നു അലീനക്ക്. പഠിച്ച മുണ്ടത്താനം ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലും, നെടുംകുന്നം സെന്റ്. ജോണ്‍സ് ബാപ്റ്റിസ്റ്റ് സ്‌കൂളിലും ലഭിച്ച അവസരങ്ങളും പ്രോത്സാഹനവും, അലീനയിലെ കലാകാരിയെ ഉണര്‍ത്തി.
പ്ലസ് ടു കഴിഞ്ഞപ്പോള്‍ മുമ്പോട്ടുള്ള വഴി ഏതെന്നു സംശയത്തിലായി. പലരും നേഴ്സിംഗ് എന്ന് ഉപദേശിച്ചു. പക്ഷേ, വരകളും നിറങ്ങളുമാണ് തന്റെ ലോകം എന്ന് അലീന ഉറപ്പിച്ചിരുന്നു. ഇനി എന്ത്. ഒരു നിശ്ചയമില്ലാതിരുന്ന സമയത്താണ് ബന്ധുവായ ജോസുകുട്ടി കുട്ടംപേരൂരിന്റെ നിര്‍ദ്ദേശ പ്രകാരം ഡോ. റൂബിള്‍ രാജിന്റെ ഉപദേശം തേടുന്നത്. അദ്ദേഹ ത്തിന്റെ അഭിപ്രായമനുസരിച്ച് പ്രശസ്തമായ ബറോഡാ എം.എസ് യൂണിവേഴ്സിറ്റിയില്‍ ബി.എ ഫൈനാര്‍ട്ട്സ് തിരഞ്ഞെടുത്തു (എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് പ്രവേശനം ലഭിച്ചത്). ഇപ്പോള്‍ അവിടെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. തുടര്‍പഠനം സാധിക്കുമെങ്കില്‍ വിദേശത്തു നടത്തണമെന്നാണ് അലീനയുടെ ആഗ്രഹം.
അലീന തന്റെ പഠനവും ചിത്രരചനയും തുടരുകയാണ്. അറിയപ്പെടുന്ന ഒരു ചിത്രകാരിയാകുക എന്നതാണ് അലീനയുടെ സ്വപ്നം.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?