Follow Us On

22

December

2024

Sunday

നവീകരിച്ച നോട്രെഡാം കത്തീഡ്രല്‍ വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നു

നവീകരിച്ച നോട്രെഡാം കത്തീഡ്രല്‍ വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നു

പാരിസ്: അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ തീപിടുത്തത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പാരീസിന്റെ വിശ്വാസ-സാംസ്‌കാരി പൈതൃകത്തിന്റെ പ്രതീകമായ നോട്രെഡാം കത്തീഡ്രല്‍ വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി.  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് പുറമെ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ്, ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമാര്‍ സെലന്‍സ്‌കി തുടങ്ങിയ 40ഓളം രാഷ്ട്രതലവന്‍മാരും ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള ബിസിനസപ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ന്യൂയോര്‍ക്ക് കര്‍ദിനാള്‍ തിമോത്തി ഡോളന്‍, മാറോനൈറ്റ് പാത്രിയാര്‍ക്കീസ് ബെച്ചാറാ അല്‍ റായി എന്നിവരടക്കം 170 ബിഷപ്പുമാരും ചടങ്ങില്‍ പങ്കാളികളായി. ഭീകാരക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാക്രമീകരണങ്ങളോടെ നടന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട 1500 പേര്‍ മാത്രമാണ് പങ്കെടുത്തത്. കത്തീഡ്രലിന് പുറത്ത് 40,000 ത്തോളം പേര്‍ക്ക് സ്ഥലമൊരുക്കിയിരുന്നു.

ബൗര്‍ഡണ്‍ എന്ന് വിളിക്കുന്ന  നോട്രെഡാം കത്തീഡ്രലിലെ  മണികള്‍ പാരീസ് നഗരത്തില്‍ അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം  മുഴങ്ങിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങുകളുടെ ഭാഗമായി  കത്തീഡ്രലിന്റെ പ്രധാന കവാടത്തില്‍ പാരീസ് ആര്‍ച്ചുബിഷപ് ലോറന്റ് ഉള്‍റിച്ച് മൂന്ന് തവണ മുട്ടിയതോടെ ഗായഗസംഘം ആലപിച്ച സംഗീതത്തിന്റെ അകമ്പടിയോടെ വാതിലുകള്‍ തുറന്നു. ഫ്രാന്‍സിലെ സഭയുടെ നവീകരണത്തിന്റെ അടയാളമായി കത്തീഡ്രല്‍ വീണ്ടും തുറക്കുന്ന ചടങ്ങ്  മാറട്ടെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.  ഫ്രാന്‍സിന്റെ അപ്പസ്‌തോലിക്ക ന്യൂണ്‍ഷ്യേ ആര്‍ച്ചുബിഷപ് സെലസ്തീനോ മിഗ്ലിയോ റാണ് പാപ്പായുടെ സന്ദേശം വായിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ തീപിടുത്തത്തില്‍  കൂടുതല്‍ കേടുപാടുകളുണ്ടാകാതെ കത്തീഡ്രലിനെ സംരക്ഷിച്ച അഗ്നിശമനസേനാംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

തുടര്‍ന്ന് മാതാവിന്റെ അമലോത്ഭവതിരുനാള്‍ദിനം നടന്ന കത്തീഡ്രലിന്റെ നവീകരിച്ച അള്‍ത്താരയുടെ പ്രതിഷ്ഠാകര്‍മത്തിനും പ്രഥമ ദിവ്യബലിക്കും പാരിസ് ആര്‍ച്ചുബിഷപ് ലോറന്റ് ഉള്‍റിച്ച് മുഖ്യകാര്‍മികത്വം വഹിച്ചു. 170 ബിഷപ്പുമാരും ഏഴ് പൗരസ്ത്യ സഭകളുടെ പ്രതിനിധികളും സഹകാര്‍മികരായി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണും ഭാര്യ ബ്രിജിറ്റ് മക്രോണും ദൈവാലയത്തില്‍ മുന്‍നിരയില്‍ സന്നിഹിതരായിരുന്നു. മഴയെ അവഗണിച്ചും നൂറ് കണക്കിന് വിശ്വാസികള്‍ പുറത്ത് സ്ഥാപിച്ചിരുന്ന സ്‌ക്രീനുകള്‍ക്ക് മുമ്പില്‍ നവീകരിച്ച അള്‍ത്തായരയിലെ പ്രഥമ ദിവ്യബലിയില്‍ പങ്കുചേര്‍ന്നു. ഡിസംബര്‍ 16 വരെ കത്തീഡ്രല്‍ വിശ്വാസികള്‍ക്കായി വീണ്ടും തുറന്നുകൊടുത്തതിനോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ ഉണ്ടാകും. ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നരക്കോടിയോളം ജനങ്ങള്‍. നോട്രെഡാം കത്തീഡ്രല്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?