Follow Us On

25

December

2024

Wednesday

പപ്പുവ ന്യൂഗനിയിലെ ‘ശാന്തി’യുടെ സദ്വാര്‍ത്ത

പപ്പുവ ന്യൂഗനിയിലെ  ‘ശാന്തി’യുടെ സദ്വാര്‍ത്ത

 

രഞ്ജിത് ലോറന്‍സ്
 

”ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ നിന്റെ പട്ടം ഇവിടെ വച്ചായിരിക്കും. മരിച്ചുകഴിഞ്ഞാല്‍ ദൈവത്തിന്റെ ഇഷ്ടം.” 1996-ല്‍ ഫിലിപ്പിന്‍സിലേക്ക് വൈദികപഠനത്തിനായി പോകാനൊരുങ്ങിയ ശാന്തി ചാക്കോ പുതുശേരിയോട് സാക്ഷാല്‍ വിശുദ്ധ മദര്‍ തെരേസ പറഞ്ഞ വാക്കുകളാണിത്.
ഇതുപറഞ്ഞ പിറ്റേവര്‍ഷം 1997-ല്‍ മദര്‍ തെരേസ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. എന്നാല്‍ മദറുമായുള്ള ശാന്തിയച്ചന്റെ ബന്ധമറിയാമായിരുന്ന മദറിന്റെ പിന്‍ഗാമി സിസ്റ്റര്‍ നിര്‍മല പട്ടത്തിന്റെ സമയമാകുമ്പോള്‍ പറയണമെന്നും അത് മദര്‍ തെരേസയുടെ മഠത്തില്‍വച്ച് നടത്താമെന്നും ശാന്തിയോട് ചട്ടം കെട്ടി. കാനന്‍ നിയമപ്രകാരം മഠത്തില്‍വച്ച് പൗരോഹിത്യ സ്വീകരണം നടത്താനുള്ള അനുവാദം സാധാരണ നല്‍കാറില്ല. 1999-ല്‍ പട്ടത്തിന്റെ സമയമായപ്പോള്‍ അത് മദര്‍ തെരേസയുടെ മഠത്തില്‍വച്ച് നടത്താനുള്ള അനുവാദം തേടി കൊല്‍ക്കത്ത ആര്‍ച്ചുബിഷപ്പായിരുന്ന ഹെന്റി ഡിസൂസയെയാണ് സമീപിച്ചത്. ശാന്തിയച്ചനും മദര്‍ തെരേസയും തമ്മിലുള്ള ബന്ധം നന്നായി അറിയാമായിരുന്ന വ്യക്തിയായിരുന്നു ആര്‍ച്ചുബിഷപ്. ”ശാന്തിയെ മകനെപ്പോലെ മദര്‍ കൊണ്ടുനടന്നതല്ലേ, അതുകൊണ്ട് ഇത് അനുവദിക്കുകയാണ്” എന്നാണ് പിതാവ് അന്ന് പറഞ്ഞത്. 1999-ല്‍ മദര്‍ തെരേസയുടെ കബറിട ചാപ്പലില്‍വച്ച് പൗരോഹിത്യം സ്വീകരിച്ച ഫാ. ശാന്തി ചാക്കോ പുതുശേരി ഈ വര്‍ഷം പൗരോഹിത്യ സ്വീകരണത്തിന്റെ രജതജൂബിലി ആഘോഷിക്കുകയാണ്. പപ്പുവ ന്യൂഗനിയിലെ ഗോത്രജനവിഭാഗത്തിന്റെ ഇടയില്‍ അവരിലൊരാളായി ജീവിച്ചുകൊണ്ട് മദറിന്റെ കാലടികള്‍ പിന്തുടരുകയാണിന്ന് ഫാ. ശാന്തി.

നടുക്കടലിലെ അപകടം

ദ്വീപുകളുടെ സമുച്ചയമായ പപ്പുവ ന്യൂഗനിയിലെ പ്രധാന യാത്രാവാഹനമാണ് സ്പീഡ് ബോട്ടുകള്‍. പപ്പുവ ന്യു ഗനിയയില്‍ മിഷനറിയായ ഫാ. ശാന്തി ചാക്കോ പുതുശേരി ഒരിക്കല്‍ സ്പീഡ് ബോട്ടില്‍ യാത്ര ചെയ്യുന്ന സമയത്ത്, ബോട്ടിന്റെ എഞ്ചിന്‍ കടലിന്റെ നടുവില്‍വച്ച് നിന്നുപോയി. തുടര്‍ന്ന് ഇവരുടെ ബോട്ട് തിരമാലകളില്‍പ്പെട്ട് ആഴക്കടലിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. ഫാ. ശാന്തിയും സഹയാത്രികരും മരണം മുന്നില്‍ക്കണ്ട നിമിഷങ്ങളായിരുന്നു അത്. ഫാ. ശാന്തിയും അവരുടെ ഇടവകയില്‍ വരാനിരിക്കുന്ന പുതിയ വികാരി യച്ചനും രണ്ട് സിസ്റ്റേഴ്‌സും രണ്ട് കാറ്റക്കിസ്റ്റും ബോട്ട് ഓടിക്കുന്ന ബോട്ടിന്റെ സ്‌കിപ്പറുമായിരുന്നു ആ ബോട്ടിലുണ്ടായിരുന്നത്.
ബോട്ടിന്റെ സ്‌കിപ്പര്‍ കണ്ണാടിയില്‍ക്കൂടെ ലൈറ്റ് പ്രതിഫലിപ്പിച്ച് സമീപ ദ്വീപുകളിലെയോ ബോട്ടുകളിലെയോ ആരുടെയെങ്കിലും ശ്രദ്ധ ലഭിക്കാന്‍ ശ്രമിച്ചെങ്കിലും മണിക്കൂറുകളോളം ആരും അറിഞ്ഞില്ല. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ആ മിഷനറിമാര്‍ ദൈവത്തോട് ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിച്ചു. അവരുടെ പ്രാര്‍ത്ഥനകള്‍ വിഫലമായില്ല. ഏകദേശം ആറു മണിക്കൂറുകള്‍ക്കുശേഷം ഒരു ചൈനീസ് ഫിഷിംഗ് ബോട്ടിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അവര്‍ ഫാ. ശാന്തിയെയും സഹയാത്രികരെയും രക്ഷിച്ചു. എന്നാല്‍ ആ ഫിഷിംഗ് ബോട്ടിലുണ്ടായിരുന്ന ആര്‍ക്കും ഇംഗ്ലീഷ് വശമില്ലായിരുന്നു. അവര്‍ എത്തിച്ച ദ്വീപില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ മൂന്ന് ദിവസത്തോളം കഴിഞ്ഞശേഷമാണ് രൂപതയില്‍നിന്നുള്ള ബോട്ടെത്തി ഇവരെ അവിടെനിന്ന് രക്ഷിച്ചത്.

അപ്രതീക്ഷിത ആക്രമണം

ഇവിടെയുള്ള ഗോത്രജനത നാം ചെയ്തത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വളരെ രൂക്ഷമായി പ്രതികരിക്കുന്നവരാണ്. വളരെ വേദനാജനകമായ ഒരനുഭവത്തിലൂടെയാണ് ശാന്തി അച്ചന്‍ ഈ സത്യം തിരിച്ചറിഞ്ഞത്. ശാന്തി അച്ചന്‍ പപ്പുവ ന്യൂഗനിയില്‍ സേവനം ചെയ്തിരുന്ന ഹൈസ്‌കൂളില്‍നിന്ന് ചാരായം വാറ്റി കുടിച്ചതിന്റെ പേരില്‍ നാല് കുട്ടികളെ പുറത്താക്കിയിരുന്നു. ഒരു ദിവസം വൈകുന്നേരം ഈ നാല് കുട്ടികളും തോക്കും കത്തിയും കോടാലിയുംപോലുള്ള മാരകായുധങ്ങളുമായി ഇവരോട് പ്രതികാരം ചെയ്യുന്നതിനായി വന്നു. അന്ന് സുപ്പീരിയര്‍ അച്ചനെ കിട്ടാത്തതിനാല്‍ ഇവര്‍ ശാന്തി അച്ചന്റെ നേര്‍ക്കാണ് അവരുടെ ദേഷ്യം മുഴുവന്‍ തീര്‍ത്തത്. ആ ആക്രമണത്തില്‍ കാലില്‍ വെടിയേറ്റതുള്‍പ്പടെ ദേഹമാസകലം പരിക്കുകളേറ്റെങ്കിലും ദൈവകൃപയാല്‍ അച്ചന് ജീവഹാനി ഉണ്ടാകാതെ രക്ഷപെട്ടു. മറ്റ് മുറിവുകള്‍ ഉണങ്ങിയെങ്കിലും അതിന്റെ ട്രോമ അച്ചനെ വേട്ടയാടി. കത്തിയുമായി പോകുന്നവരെ കണ്ടാല്‍ ദേഹം മുഴുവന്‍ വിറയ്ക്കുന്ന അവസ്ഥയിലൂടെ അച്ചന്‍ കടന്നുപോയി. ഇവിടെയുള്ള ജനങ്ങള്‍ എവിടെ പോയാലും അവരുടെ കൈയില്‍ കത്തിയോ കോടാലിയോ കാണും. ഈ സാഹചര്യത്തില്‍ തിരിച്ച് ഇറ്റലിയിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ പോകാനുള്ള അനുവാദം അധികാരികള്‍ നല്‍കിയെങ്കിലും അവിടെ തന്നെ തുടരാനായിരുന്നു അച്ചന്റെ തീരുമാനം.
അങ്ങനെ ഒരു ദിവസം സക്രാരി തുറന്ന് ദിവ്യകാരുണ്യ ഈശോയുടെ മുമ്പില്‍ കരഞ്ഞുകൊണ്ട് അച്ചന്‍ ഇങ്ങനെ പരാതി പറഞ്ഞു, ”ഈ സംഭവത്തിലൂടെ നീ എന്നെ പറ്റിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. നീ എന്തുകൊണ്ടാണ് ഇത് ചെയ്തത്.” ആ ചോദ്യത്തിന് ഉത്തരമായി ഇടിമുഴക്കംപോലെ ഒരു ശബ്ദമാണ് അച്ചന്‍ കേട്ടത്. വിശുദ്ധ മത്തായിയുടെ സുവിശേഷം പത്താം അധ്യായം എടുത്ത് വായിക്കാനുള്ള വ്യക്തമായ നിര്‍ദേശമായിരുന്നു അത്. പ്രാര്‍ത്ഥനാപൂര്‍വം ആ അധ്യായം വായിച്ചതോടെ എല്ലാ വിഷമങ്ങളും വിട്ടുപോയി.

ഇതാണ് പപ്പുവ ന്യൂഗനി
ഓഷ്യാന ഭൂഖണ്ഡത്തിലെ സമ്പന്ന രാജ്യങ്ങളായ ഓസ്‌ട്രേലിയക്കും ന്യൂസിലാന്‍ഡിനുംപുറമെ അധികം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന നിരവധി ദ്വീപു രാജ്യങ്ങളിലൊന്നാണ് പപ്പുവ ന്യൂ ഗനി. ഒരുകാലത്ത് നരഭോജികളായിരുന്ന ഇവിടുത്തെ ജനതയെ മിഷനറിമാരുടെ സാന്നിധ്യമാണ് അതില്‍നിന്നൊക്കെ പിന്തിരിപ്പിച്ച് കുറെയൊക്കെ മാറ്റം വരുത്തിയത്. എന്നാല്‍ ഇന്നും ഇവിടെയുള്ള 95 ശതമാനം കുട്ടികളും 12-ാം ക്ലാസിനുള്ളില്‍ സ്‌കൂള്‍ പഠനം നിര്‍ത്തും. മതിയായ വിദ്യാഭ്യാസം നേടാത്തതുകൊണ്ട് തന്നെ ഇവരുടെ ജോലിസാധ്യതകള്‍ വിരളമാണ്. മരിജ്വാന പോലുള്ള മയക്കുമരുന്നുകളുടെയും മദ്യത്തിന്റെയും ഉപയോഗം ഇവരുടെ ഇടയില്‍ വ്യാപകമാണ്. ആസൂത്രിതമായ മോഷണവും കൊള്ളയും തൊഴിലായി സ്വീകരിക്കുന്ന യുവജനങ്ങളും കുറവല്ല. കത്തോലിക്ക മിഷനറിമാര്‍ ഇതിനൊരു മാറ്റം വരുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഗവണ്‍മെന്റ് തലത്തില്‍ നിന്നുള്ള പിന്തുണ കുറവാണ്. ഇവിടുത്തെ യുവജനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിന്റെ ഫലമായി സ്വര്‍ണം ഉള്‍പ്പെടെയുള്ള ധാതുക്കളും പെട്രോളിയവും മറ്റ് പ്രകൃതിസമ്പത്തുംകൊണ്ട് സമൃദ്ധമായ ഈ രാജ്യത്തിന്റെ സമ്പത്ത് വിദേശശക്തികള്‍ കൊള്ളയടിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

 

നാലാം ക്ലാസില്‍ എടുത്ത തീരുമാനം

ഇരിങ്ങാലക്കുട രൂപതയിലെ കോട്ടാറ്റ് സെന്റ് ആന്റണീസ് ഇടവകാംഗങ്ങളായ ചാക്കോ-അന്നമ്മ ദമ്പതികളുടെ മൂത്ത മകനായി 1965 ജൂലൈ മൂന്നിനാണ് ശാന്തി ചാക്കോ പുതുശേരിയുടെ ജനനം. നാലാം ക്ലാസില്‍വച്ച് എഫ്‌സിസി സന്യാസിനിയായ സിസ്റ്റര്‍ ബര്‍ലിന്റ പറഞ്ഞു കൊടുത്ത ഫ്രാന്‍സിസ് അസീസിയുടെയും ക്ലാര പുണ്യവതിയുടെയും ജീവിതകഥ വൈദികനാകാനുള്ള ആഗ്രഹത്തിന്റെ വിത്ത് പാകി. അന്ന് ആ കഥ കേട്ട് ആ ബാലന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വലുതാകുമ്പോള്‍ താന്‍ ഒരു വൈദികനാകുമെന്ന് ആ നാലാം ക്ലാസുകാരന്‍ അന്ന് ഹൃദയത്തില്‍ കോറിയിട്ടു. പ്രീഡിഗ്രി കഴിഞ്ഞ് ഇടവകയില്‍ മതബോധന അധ്യാപകനായി പഠിപ്പിക്കുമ്പോഴും ജീസസ് യൂത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും പിന്നീട് നവീകരണരംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ അവസരങ്ങളിലുമെല്ലാം ആ ആഗ്രഹം ആളിക്കത്തി. ഇരിങ്ങാലക്കുട രൂപതയിലെ ജീസസ് യൂത്തിലെ കോര്‍ ഗ്രൂപ്പ് മെമ്പറായും തുടര്‍ന്ന് രൂപതയിലെ ജീസസ് യൂത്തിന്റെ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു.
തുടര്‍ന്ന് ആത്മീയപിതാവിന്റെ നിര്‍ബന്ധപ്രകാരം ശാന്തി കൊല്‍ക്കത്തയില്‍ പോയി മദര്‍ തെരേസയെ കണ്ടു. ശാന്തിയോട് അവിടെ താമസിക്കാനാണ് മദര്‍ നിര്‍ദേശിച്ചത്. അങ്ങനെ മദര്‍ തെരേസയുടെ നിര്‍ദേശപ്രകാരം അല്മായനായിട്ട് ഫിലോസഫി കൊല്‍ക്കത്ത മോര്‍ണിംഗ് സ്റ്റാര്‍ കോളേജിലും ദൈവശാസ്ത്രം പുനെ ജ്ഞാനദീപ പൊന്തിഫിക്കല്‍ അത്തനേയത്തിലും പഠിച്ചു.

പപ്പുവ ന്യുഗനിയിലെ പ്രവര്‍ത്തനങ്ങള്‍

പിഐഎംഇ (പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫോറിന്‍ മിഷന്‍സ്) എന്ന അപ്പസ്‌തോലിക സഭയില്‍ ചേര്‍ന്ന ഫാ. ശാന്തി 1999 നവംബര്‍ 18-ാം തിയതി മദര്‍ തെരേസയുടെ മഠത്തില്‍വച്ച് തിരുപ്പട്ടം സ്വീകരിച്ചു. 2000 ജനുവരി മൂന്നാം തിയതിയാണ് ഫാ. ശാന്തി പപ്പുവ ന്യു ഗനിയില്‍ എത്തുന്നത്. അലോത്താവു രൂപതയിലായിരുന്നു ആദ്യ നിയമനം. അലോത്താവു രൂപതയിലെ 18 ഇടവകകള്‍ 18 ദ്വീപുകളാണ്. ഓരോ ഇടവകയിലേക്കും ബോട്ടില്‍ മാത്രമേ എത്താനാകൂ. ഇവിടെ ഹൈസ്‌കൂളിലും ആശുപത്രിയിലും നടത്തിയ സേവനത്തിന് പുറമെ ഇടവകയിലെ 170 ഓളം യുവജനങ്ങളുടെ രൂപീകരണത്തിലും ഫാ. ശാന്തി ശ്രദ്ധ കേന്ദ്രീകരിച്ചു.
ഫാ. ശാന്തി ശുശ്രൂഷ ചെയ്ത ദ്വീപില്‍ കറന്റില്ലായിരുന്നു. ചേന, ചേമ്പ്, മധുരക്കിഴങ്ങ്, മീന്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഭക്ഷണം. കപ്പയും ചേനയും നമ്മുടെ നാട്ടിലെ പോലെ വൃത്തിയാക്കി പാകംചെയ്യുന്ന രീതിയില്ല. ഒന്നോ രണ്ടോ കഷണമായി മുറിച്ച് വെറുതെ പുഴുങ്ങും. ഇത്തരത്തിലുള്ള ചേനയുടെയോ കപ്പയുടെയോ ഒരു കഷണമാവും ഉച്ചഭക്ഷണം. മീനാണെങ്കിലും ചെതുമ്പലൊന്നും കളയാതെ വെറുതെ വേവിക്കുകയാണ് ചെയ്യുന്നത്. ഈ ഭക്ഷണരീതിയോട് ഫാ. ശാന്തിയും ഇണങ്ങിച്ചേര്‍ന്നിരിക്കുന്നു.
മൂന്ന് വര്‍ഷത്തെ ആ ഇടവകയിലെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം രൂപതയുടെ ആദ്യ ഫുള്‍ടൈം യൂത്ത് കോ-ഓര്‍ഡിനേറ്ററായി ഫാ. ശാന്തിയെ നിയമിച്ചു. തുടര്‍ന്നുള്ള നാല് വര്‍ഷക്കാലം 18 ഇടവകകളും സന്ദര്‍ശിച്ച് യൂത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ലീഡര്‍ഷിപ്പ് ട്രെയിനിംഗ്, സ്‌കില്‍സ് ട്രെയിനിംഗ്, വിശ്വാസപരിശീലനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. നൂറുകണക്കിന് കുട്ടികളുടെ തുടര്‍വിദ്യാഭ്യാസത്തിനുവേണ്ട സാഹചര്യമൊരുക്കുവാന്‍ അച്ചന്റെ കരങ്ങള്‍ ദൈവം ഉപയോഗിച്ചു. കൂടാതെ 400 യുവജനങ്ങളെ ഒരുമിച്ചുചേര്‍ത്ത് അലോത്താവു യൂക്കരിസ്റ്റിക്ക് കണ്‍വന്‍ഷനും 2005-ല്‍ നടത്തി. നാല് വര്‍ഷം യുവജനങ്ങളുടെ രൂപതാതലത്തിലുള്ള കോ-ഓര്‍ഡിനേറ്റായി ശുശ്രൂഷ ചെയ്തു.
പിന്നീട് ആറ് വര്‍ഷക്കാലം പപ്പുവ ന്യൂ ഗനിയുടെയും സോളമന്‍ ഐലന്റിന്റെയും ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ അല്മായര്‍ക്കും യുവജനങ്ങള്‍ക്കുംവേണ്ടിയുള്ള കമ്മീഷന്‍ സെക്രട്ടറിയായും ശുശ്രൂഷ ചെയ്തു. ഈ ആറുവര്‍ഷവും പപ്പുവ ന്യു ഗനിയിലെ 19 രൂപതകള്‍ സന്ദര്‍ശിക്കാനും രൂപത കോ-ഓര്‍ഡിനേറ്റേഴ്‌സിനെ ഒന്നിച്ചു ചേര്‍ത്ത് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും യുവജനനയം രൂപീകരിക്കുവാനും സാധിച്ചു.

മാര്‍പാപ്പയുടെ അധികാരമുള്ള വൈദികന്‍

2016 ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ വര്‍ഷത്തില്‍ പപ്പുവ ന്യൂ ഗനിയില്‍ നിന്ന് അഞ്ച് മിഷനറിമാരെ കരുണയുടെ മിഷനറിമാരായി തിരഞ്ഞെടുത്തു. അതിലൊരാളായിരുന്നു ഫാ. ശാന്തി. മാര്‍പാപ്പക്ക് മാത്രം മോചിക്കാനധികാരമുള്ള അഞ്ച് പാപങ്ങള്‍ മോചിക്കാനുള്ള പ്രത്യേക അവകാശം കരുണയുടെ മിഷനറിമാര്‍ക്ക് നല്‍കിയിരുന്നു. 2025 ജൂബിലവര്‍ഷത്തോടനുബന്ധിച്ചും കരുണയുടെ മിഷനറിമാര്‍ക്ക് ഈ അവകാശം പുതുക്കി നല്‍കിയിട്ടുണ്ട്. കൂടാതെ കുമ്പസാരവും ദിവ്യകാരുണ്യഭക്തിയും പ്രോത്സാഹിപ്പിക്കാനുള്ള പ്രത്യേക ഉത്തരവാദിത്വവും കരുണയുടെ മിഷനറിമാരില്‍ നിക്ഷിപ്തമാണ്.
ആ വര്‍ഷം എല്ലാ രൂപതകളില്‍ നിന്നുമുള്ള യുവജനങ്ങള്‍ക്കായി വലിയൊരു കണ്‍വന്‍ഷന്‍ ഫാ. ശാന്തിയുടെ നേതൃത്വത്തില്‍ നടത്തി. അവിടെയും വലിയൊരു ദൈവാനുഭവം ഫാ. ശാന്തിയെ കാത്തിരിപ്പുണ്ടായിരുന്നു. ഭക്ഷണവും താമസവും മറ്റ് ചിലവുകളുമുള്‍പ്പടെ കണ്‍വന്‍ഷന് ഏകദേശം 80,000 ഡോളര്‍ ചെലവുണ്ട്. സ്വിസര്‍ലാന്‍ഡില്‍ നിന്നൊരു അഭ്യുദയകാംക്ഷിയാണ് ആ പണം വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ അവിചാരിതമായി പണം വാഗ്ദാനം ചെയ്ത വ്യക്തി മരണമടഞ്ഞു. അതോടെ കണ്‍വന്‍ഷന്റെ നടത്തിപ്പ് അനിശ്ചിതത്വത്തിലായി. രാത്രിയും പകലും സക്രാരിയുടെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ച ഫാ. ശാന്തിയുടെ മുമ്പില്‍ ദൈവം ഒരു വഴി തുറന്നു. ഓസ്‌ട്രേലിയയില്‍ വച്ച് പരിചയപ്പെട്ട ഒരു മലയാളിയിലൂടെയാണ് ദൈവം അന്ന് പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കിയത്. 80,000 ഡോളര്‍ നല്‍കി ആ മലയാളി, അച്ചനെ സഹായിച്ചു. പ്രകടമായ ദൈവിക അടയാളമായിരുന്നു ആ സംഭവം.
മാതാപിതാക്കള്‍ രോഗബാധിതരായതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ഫാ. ശാന്തി താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോ സ് ഇഞ്ചനാനിയിലിന്റെ അഭ്യര്‍ത്ഥനപ്രകാരം രൂപതയിലെ വൈദികര്‍ക്കും യുവജനങ്ങള്‍ക്കും മതബോധകര്‍ക്കും സന്യസ്തര്‍ക്കും വേണ്ടിയുള്ള രൂപീകരണത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു. മാതാപിതാക്കളുടെ മരണത്തിന് ശേഷം പപ്പുവ ന്യൂ ഗനിയിലെ റബാവുള്‍ അതിരൂപതയിലേക്ക് തിരിച്ചെത്തിയ ശാന്തിയച്ചന്‍ ഇപ്പോള്‍ അതിരൂപതയുടെ ഡയറക്ടര്‍ ഫോര്‍ ഓണ്‍ഗോയിംഗ് ഫോര്‍മേഷന്‍ ആന്‍ഡ് സ്പിരിച്വല്‍ റിന്യൂവലായി സേവനം ചെയ്യുന്നു.

മരിക്കാത്ത ഓര്‍മകള്‍

വിശുദ്ധ മദര്‍ തെരേസ വ്യക്തിപരമായി ഏറെ സ്‌നേഹത്തോടെ തന്നെ കരുതിയ അനുഭവങ്ങള്‍ ഇന്നും നിധിപോലെ ഫാ. ശാന്തി സൂക്ഷിക്കുന്നു. ക്ലരീഷ്യന്‍ വൈദികരുടെ കൂടെയായിരുന്നു ഫാ. ശാന്തി കുറച്ചുകാലം താമസിച്ചിരുന്നത്. അന്ന് ക്ലരീഷ്യന്‍ സഭയുടെ വലിയൊരു ചടങ്ങില്‍ പങ്കെടുക്കുവാന്‍ ശാന്തി ഫോണിലൂടെ പറഞ്ഞതിന്റെ പേരില്‍ മാത്രം മദര്‍ തെരേസ നേരിട്ട് വന്ന സംഭവം സഭാധികാരികളെ പോലും അത്ഭുതപ്പെടുത്തി. ആ ചടങ്ങില്‍ പങ്കെടുത്തശേഷം തിരികെപോകാന്‍ നേരം ആ ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന റെക്ടര്‍ അച്ചനോട് മദര്‍ ഇപ്രകാരം പറഞ്ഞു, ”ഞാന്‍ ഇവിടെ വന്നത് ശാന്തിയെ സന്തോഷിപ്പിക്കുന്നതിനാണ്. കാരണം, ശാന്തിയുടെ വിചാരം, ഞാന്‍ ശാന്തിക്ക് വേണ്ടി വെറുതെ റെക്കമെന്‍ഡേഷന്‍ എഴുത്തുകള്‍ നല്‍കുക മാത്രമേ ചെയ്യുകയുള്ളൂവെന്നാണ്.” തുടര്‍ന്ന് ശാന്തിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞശേഷമാണ് മദര്‍ അന്ന് മടങ്ങിയത്.

ക്രിസ്മസിന്റെ തിളക്കം

ക്രിസ്മസിനോടനുബന്ധിച്ച് ദൈവാലയത്തിലുള്ള ചടങ്ങുകളില്‍ പങ്കെടുക്കുമെന്നല്ലാതെ വീടുകളില്‍ നക്ഷത്രം തൂക്കുകയോ പുല്‍ക്കൂട് നിര്‍മിക്കുകയോ എന്തിനേറെ ഒരു നേരം പ്രത്യേക വിഭവങ്ങള്‍ തയാറാക്കുകയോ ചെയ്യുന്ന രീതി ഇവിടുത്തെ ജനങ്ങള്‍ക്കില്ല. ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നുവെങ്കിലും കാടിനോടും കാട്ടുമൃഗങ്ങളോടും ചേര്‍ന്നുള്ള ജീവിതശൈലി ഇന്നും പിന്തുടരുന്ന ഇവര്‍ക്ക് ക്രൈസ്തവികമായ ആചാരങ്ങള്‍ ഇന്നും അന്യമാണ്. നാട്ടില്‍നിന്ന് കുറെ നക്ഷത്രങ്ങള്‍ വരുത്തിയാലോ എന്ന് ശാന്തിയച്ചന്‍ ആലോചിച്ചിരുന്നെങ്കിലും അതിനുവേണ്ട ചെലവിനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ മറ്റ് പല അത്യാവശ്യകാര്യങ്ങള്‍ക്കായും ആ പണം ഉപയോഗിക്കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു.
എങ്കിലും അച്ചന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ഇവിടെ പുല്‍ക്കൂടുണ്ടാക്കും, മുളകൊണ്ട് നക്ഷത്രവും. ഇതൊന്നും ഇവിടുത്തെ ജനത വേഗം അംഗീകരിക്കുകയോ സ്വീകരിക്കുകയോ ഇല്ലെങ്കിലും കാലക്രമത്തില്‍ പുല്‍ക്കൂടും നക്ഷത്രവും അവര്‍ വീടുകളില്‍ നിര്‍മിച്ചുതുടങ്ങും എന്നു തന്നെയാണ് ശാന്തിയച്ചന്‍ പ്രതീക്ഷിക്കുന്നത്. കാട്ടുപന്നിയെയോ പന്നിയെലിയുടെ വിഭാഗത്തില്‍പ്പെടുന്ന വലിയ എലിയെയോ കംഗാരുവുമായി സാമ്യമുള്ള വാളാബി എന്ന മൃഗത്തെയോ കിട്ടിയില്ലെങ്കില്‍ ഈ ക്രിസ്മസിന് ഇവിടെ മാംസാഹാരമൊന്നും ഉണ്ടാവുകയില്ല. എങ്കിലും ക്രിസ്തുവിന്റെ സുവിശേഷം ഇവരുടെ ജീവിതത്തെ പ്രകാശപൂരിതമാക്കുന്നതിന് ക്ഷമാപൂര്‍വം സാക്ഷ്യംവഹിക്കുന്നതിന്റെയും അതിന് ഉപകരണമായി മാറുന്നതിന്റെയും സന്തോഷം തിരുപ്പട്ടത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ മിഷനറിയുടെ ക്രിസ്മസിനെ തിളക്കമുളളതാക്കി മാറ്റുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?