വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ 2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെ 4476 ക്രൈസ്തവര്‍ ക്രൈസ്തവ വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടതായി വിവിധ രാജ്യങ്ങളല്‍ അരങ്ങേറുന്ന ക്രൈസ്തവപീഡനം നിരീക്ഷിക്കുന്ന ‘ഓപ്പണ്‍ ഡോര്‍സ്’ പുറത്തിറക്കിയ ‘വേള്‍ഡ് വാച്ച് ലിസ്റ്റ്’ റിപ്പോര്‍ട്ട്. ക്രൈസ്തവ ദൈവാലയങ്ങള്‍ക്ക് നേരെ 7,000 ആക്രമണങ്ങളും ക്രൈസ്തവരുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ക്കും കടകള്‍ക്കും നേരെ 28,000 ആക്രമണങ്ങള്‍ നടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2024-ല്‍ വിശ്വാസത്തിന്റെ പേരില്‍ ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ട രാജ്യമായ നൈജീരിയയില്‍ 3,100 ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും 2,830 ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. 2024-ല്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ അറസ്റ്റിലായത് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു – 2,176 പേര്‍. ഏറ്റവുമധികം ക്രൈസ്തവ ദൈവാലയങ്ങള്‍ ആക്രമണത്തിനിരയായ റുവാണ്ടയില്‍ 4,000 ദൈവാലയങ്ങള്‍ ആക്രമണത്തിനിരയായി.
2024-ല്‍ ഓപ്പണ്‍ ഡോര്‍സ് നിരീക്ഷണവിധേയമാക്കിയ നൂറോളം രാജ്യങ്ങളില്‍ ക്രൈസ്തവ പീഡനം വര്‍ധിച്ചതായും 13 രാജ്യങ്ങളില്‍ ക്രൈസ്തവ പീഡനം ‘തീവ്രമായ തലങ്ങളില്‍’ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകമെമ്പാടുമുള്ള 38 കോടി ക്രൈസ്തവര്‍ കഴിഞ്ഞവര്‍ഷം വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയരായി – ഏഴില്‍ ഒരു ക്രിസ്ത്യാനി എന്ന തോതില്‍. ക്രൈസ്തവ വിശ്വാസികള്‍ ഏറ്റവുമധികം ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉത്തര കൊറിയയാണ് മുന്‍പന്തിയില്‍. സൊമാലിയ, യെമന്‍, ലിബിയ, സുഡാന്‍, എറിത്രിയ, നൈജീരിയ, പാകിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് യഥാക്രമം ക്രൈസ്തവപീഡനം രൂക്ഷമായി നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ തുടര്‍ന്ന് വരുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *