കാരക്കാസ്/വെനസ്വേല: വെനസ്വേലയിലെ സൈമണ്‍ ബൊളിവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൊളംബിയയിലെ ബൊഗോട്ടയിലേക്ക് പോകാനെത്തിയ കര്‍ദിനാളിന്റെ യാത്ര തടഞ്ഞ് വെനസ്വേലന്‍ അധികൃതര്‍. കാരക്കാസിലെ ആര്‍ച്ചുബിഷപ് എമരിറ്റസ് കര്‍ദിനാള്‍ ബാള്‍ട്ടസാര്‍ പോറാസിനെ തടഞ്ഞ അധികൃതര്‍ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടി റദ്ദാക്കുകയും ചെയ്തു. ആത്മീയ കൂട്ടായ്മയായ ഓര്‍ഡര്‍ ഓഫ് സെന്റ് ലാസറസിന്റെ ആത്മീയ സംരക്ഷകനായി കര്‍ദിനാളിനെ അവരോധിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കായി എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് തടഞ്ഞത്.
വിമാനത്താവള അധികൃതര്‍ കര്‍ദിനാളിനെ അപമാനിക്കുന്ന വിധത്തിലാണ് പെരുമാറിയതെന്ന് കര്‍ദിനാളിനൊപ്പം യാത്രയ്‌ക്കെത്തിയ ഗ്രാന്‍ഡ് പ്രിയര്‍ ഓഫ് ദി മിലിട്ടറി ആന്‍ഡ് ഹോസ്പിറ്റലര്‍ ഓര്‍ഡര്‍ ഓഫ് സെന്റ് ലാസറസ് ഓഫ് ജറുസലേം പങ്കുവച്ചു. ബൊഗോട്ടയില്‍ നിന്ന് മാഡ്രിഡിലേക്കും അവിടെ നിന്ന് ചടങ്ങ് നടക്കുന്ന ടോളിഡോയിലേക്കും പോകാനുമാണ് നിശ്ചയിച്ചിരുന്നത്. കര്‍ദിനാളിനൊപ്പം എത്തിയ ഗ്രാന്‍ഡ് പ്രിയര്‍ ജോസ് അന്റോണിയോ റോഡ്രിഗസിനും ഭാര്യയ്ക്കും യാത്രാമനുമതി ലഭിച്ചു.
കര്‍ദിനാള്‍ എന്ന നിലയിലുള്ള അന്തസ്സും കത്തോലിക്കാ സഭയുടെ രാജകുമാരന്‍ എന്ന നിലയിലുള്ള നയതന്ത്രപരമായ പ്രത്യേകാവകാശങ്ങളും പരിഗണിക്കാതെ മയക്കുമരുന്ന് മണക്കുന്ന നായ്ക്കളുടെ സഹായത്തോടെ, കര്‍ദിനാളിന്റെ സ്വകാര്യ വസ്തുക്കളും വസ്ത്രങ്ങളും പരിശോധിക്കുകയും അദ്ദേഹത്തിന്റെ ലഗേജ് വിമാനത്തില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ, പ്രത്യേകിച്ച് നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷന്റെ നഗ്‌നമായ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ ഒരു പരാതി ഫയല്‍ ചെയ്തിട്ടുണ്ട്. കര്‍ദിനാള്‍ ബാല്‍ത്തസാര്‍ പൊറാസിന്റെ നയതന്ത്രപരമായ പ്രത്യേകാവകാശങ്ങള്‍ നിരസിച്ചതിലുള്ള പ്രതിഷേധം വെനസ്വേലന്‍ അധികാരികളെ ഔപചാരികമായി അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വെനസ്വേലയിലെ ബിഷപ്പുമാര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ കര്‍ദിനാള്‍ പൊറാസ് സൈമണ്‍ ബൊളിവര്‍ വിമാനത്താവളത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിവരിച്ചു. പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍, തിരിച്ചറിയല്‍ സംവിധാനത്തില്‍ അദ്ദേഹം മരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നതായി ഇമിഗ്രേഷന്‍ പോലീസ് പറഞ്ഞു. തുടര്‍ന്ന് യാത്ര തടഞ്ഞ സൈനികര്‍ വിശ്രമമുറിയിലേക്ക് പോലും തന്നെ പിന്തുടര്‍ന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു. ഈ ക്രിസ്മസ് കാലത്ത് പുല്‍ത്തൊട്ടിയുടെ ബലഹീനതയിലും, സമാധാനത്തിലും അക്രമമില്ലാതെയും ദുരുപയോഗമില്ലാതെയും കെട്ടിപ്പടുക്കപ്പെട്ട സത്യത്തിന്റെ ദുര്‍ബലതയിലുമാണ് ശക്തി പ്രകടമാകുന്നതെന്ന് കര്‍ദിനാള്‍ സഹ ബിഷപ്പുമാരെ ഓര്‍മിപ്പിച്ചു.
ഒക്ടോബര്‍ 19 ന് വെനസ്വേലയിലെ ആദ്യ വിശുദ്ധരെ പഖ്യാപിക്കുന്നതിന് മുമ്പും ശേഷവുമുള്ള ദിവസങ്ങളില്‍, റോമില്‍ നിന്ന് രാജ്യത്തെ അസ്ഥിരമായ സാഹചര്യത്തെ കര്‍ദിനാള്‍ അപലപിച്ചതും പ്രത്യയശാസ്ത്രപരമായ കാരണങ്ങളാല്‍ തടങ്കലില്‍ വച്ചിരിക്കുന്ന ആയിരക്കണക്കിന് ആളുകളെ മോചിപ്പിക്കാന്‍ ആഹ്വാനം ചെയ്തതുമാണ് ഈ പ്രതികാര നടപടികള്‍ക്ക് വെനസ്വേലന്‍ അധികൃതരെ പ്രേരിപ്പച്ചതെന്ന് കരുതപ്പെടുന്നു.
















Leave a Comment
Your email address will not be published. Required fields are marked with *