മനാഗ്വ/നിക്കരാഗ്വ: നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഗവണ്‍മെന്റിന്റെ കത്തോലിക്ക വിരുദ്ധ നടപടികളുടെ തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധനയ്ക്കായി സമര്‍പ്പിച്ച് ധ്യാനാത്മക ജീവിതം നയിക്കുന്ന ‘പൂവര്‍ ക്ലെയര്‍’ കന്യാസ്ത്രീമാരെ മനാഗ്വയിലെയും ചൈനാന്‍ഡേഗയിലെയും അവരുടെ കോണ്‍വെന്റുകളില്‍ നിന്ന് പുറത്താക്കി. കാര്യമായ മുന്നറിയിപ്പൊന്നും കൂടാതെയാണ് ഇരു കോണ്‍വെന്റുകളിലുമായി കഴിഞ്ഞിരുന്ന മുപ്പതോളം കന്യാസ്ത്രിമാരെ പുറത്താക്കിയത്. കോണ്‍വെന്റില്‍ നിന്ന് വളരെ കുറച്ച് സ്വകാര്യ വസ്തുക്കള്‍ മാത്രമേ എടുക്കാന്‍ മാത്രമേ സന്യാസിനിമാരെ അനുവദിച്ചുള്ളൂവെന്നും പ്രാദേശിക മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. 2023-ല്‍ നിക്കരാഗ്വന്‍ ഗവണ്‍മെന്റ് ഈ സന്യാസിനിസഭയുടെ നിയമപരമായ പദവി റദ്ദാക്കിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി തിരുവസ്ത്രങ്ങളും തിരുവോസ്തിയും നിര്‍മിച്ചുകൊണ്ടാണ് അവര്‍ അനുദിന ചിലവുകള്‍ നിര്‍വഹിച്ചിരുന്നത്.
രാജ്യത്തെ കത്തോലിക്കാ സഭയും വിശ്വാസികളും നേരിടുന്ന ആഴത്തിലുള്ള പ്രതിസന്ധിക്ക് അടിവരയിട്ടുകൊണ്ട് 50 വര്‍ഷമായി നിക്കരാഗ്വയില്‍ ശുശ്രൂഷ ചെയ്തിരുന്ന നിഷ്പാദുക കര്‍മലീത്ത സന്യാസിമാരും തങ്ങളുടെ സേവനം അവസാനിപ്പിക്കുന്നതായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ദൈവവിളികളുടെ കുറവിനൊപ്പം ഭരണകൂട പീഡനമാണ് സന്യാസ സഭയുടെ തീരുമാനത്തിന് പിന്നിലെന്ന് പ്രാദേശിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
2018-ല്‍, ഒര്‍ട്ടേഗയുടെ ഭരണത്തിനെതിരെ വ്യാപകമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മുതലാണ് സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചു എന്നാരോപിച്ച് കത്തോലിക്കാ വിരുദ്ധ നടപടികളിലേക്ക് ഒര്‍ട്ടേഗ ഭരണകൂടം നീങ്ങിയത്.
നിരവധി സന്യാസ-സന്യാസിനി സഭകളെയും നിക്കരാഗ്വയിലെ നാല് ബിഷപ്പുമാരെയും അടക്കം നിക്കരാഗ്വന്‍ സഭയിലെ അഞ്ചിലൊന്ന് വൈദികരെയും ഇതിനോടകം ഭരണകൂടം പുറത്താക്കിക്കഴിഞ്ഞു. ക്ലേശകരമായ ഈ നിമിഷങ്ങളില്‍, ദൈവം നമ്മില്‍ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കാതെവരുമ്പോഴും ദൈവത്തിന്റെ കരുതലും കാരുണ്യവും സംശയിക്കാതിരിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നതായി നിക്കരാഗ്വന്‍ വിശ്വാസികള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. അജപാലകരുടെ കുറവ് നിക്കരാഗ്വന്‍ വിശ്വാസികള്‍ക്ക് ലഭിക്കേണ്ട അജപാലന ശുശ്രൂഷകളിലും വിദ്യാഭ്യാസം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലും വലിയ വിടവ് സൃഷ്ടിച്ചിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *