Follow Us On

19

April

2025

Saturday

അല്മായ പ്രേഷിത മുന്നേറ്റങ്ങളില്‍ സഭ കൂടെയുണ്ട്: മാര്‍ റാഫേല്‍ തട്ടില്‍

അല്മായ പ്രേഷിത മുന്നേറ്റങ്ങളില്‍ സഭ കൂടെയുണ്ട്: മാര്‍ റാഫേല്‍ തട്ടില്‍
കാക്കനാട്: അല്മായര്‍ വ്യക്തിപരമായും സംഘടിതമായും നടത്തിക്കൊണ്ടിരിക്കുന്ന പ്രേഷിത മുന്നേറ്റങ്ങളില്‍ സഭ കൂടെയുണ്ടെന്നു മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍സഭയുടെ സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള കമ്മീഷന്റെ നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ മിഷന്‍ ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ആലോചനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭാരതം മുഴുവനിലുമുള്ള സഭയുടെ വളര്‍ച്ചയ്ക്ക് അല്മായ മിഷനറിമാരുടെ പങ്ക് വളരെ വലുതാണെന്നും, ആത്മപ്രേരണയില്‍ വ്യക്തികള്‍ തനിയെ തുടങ്ങിവച്ചതും പിന്നീടു വളര്‍ന്നു വലുതായതുമായ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് മേജര്‍ ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു.
വ്യക്തി-കുടുംബം-ഇടവക-രൂപത-സഭ എന്നീ തലങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനം എങ്ങനെയെല്ലാം ക്രമപ്പെടുത്താമെന്നും ശക്തിപ്പെടുത്താമെന്നും അനുഭവസാക്ഷ്യങ്ങളുടെ വെളിച്ചത്തില്‍ പങ്കുവെക്കുകയും മുന്നോട്ടുള്ള കര്‍മ്മപരിപാടികള്‍ക്ക് രൂപംനല്‍കുകയും ചെയ്തു. ഇപ്പോള്‍ നടത്തുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളുടെ തനിമ നഷ്ട്ടപ്പെടുത്താതെതന്നെ സീറോമലബാര്‍സഭയുടെ അല്മായ പ്രേഷിതപ്രസ്ഥാനം സംഘടിപ്പിക്കാന്‍ വേണ്ട നിര്‍ദേശങ്ങളും അതിനാവശ്യമായ മാര്‍ഗരേഖയും ചര്‍ച്ചചെയ്തു. സീറോമലബാര്‍ അല്മായ മിഷനറി പ്രസ്ഥാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മെയ് 5-ന് സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നടത്താന്‍ യോഗം തീരുമാനിച്ചു.
സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കമ്മീഷന്‍ അംഗങ്ങളായ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ സിഎംഐ, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍, അല്മായ പ്രേഷിത ശുശ്രൂഷകരുടെ പ്രതിനിധികളായ സെബാസ്റ്റ്യന്‍ തോമസ്, പ്രഫ. ആലിസ്‌കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
കമ്മീഷന്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ മെര്‍ലിന്‍ ജോര്‍ജ് എംഎസ്എംഐ എന്നിവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?