Follow Us On

23

February

2025

Sunday

ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തില്‍ പുതിയ സന്യാസ സമൂഹം ദൈവവചന പ്രഘോഷണം നാലാമത്തെ വ്രതം

ഫാ. ഡൊമിനിക്  വാളന്മനാലിന്റെ നേതൃത്വത്തില്‍  പുതിയ സന്യാസ സമൂഹം ദൈവവചന പ്രഘോഷണം നാലാമത്തെ വ്രതം

കുമളി: അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറും പ്രസിദ്ധ വചനപ്രഘോഷകനുമായ ഫാ. ഡൊമിനിക് വാളന്മനാലിന് ലഭിച്ച പരിശുദ്ധാത്മ പ്രേരണയില്‍ സ്ഥാപിതമായ ഡോട്ടേഴ്‌സ് ഓഫ് ഡിവൈന്‍ ഗ്രേസ് (ദൈവകൃപയുടെ പുത്രിമാര്‍-DDG) പുതിയ താപസ സന്യാസ സമൂഹം കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള സീറോ മലബാര്‍ സഭയിലെ sui iuris monastry ആയി ഉയര്‍ത്തപ്പെട്ടു.

മൊണസ്ട്രിയിലെ പ്രഥമ അംഗങ്ങളായി നവസന്യാസ പരിശീലനം പൂര്‍ത്തിയാക്കിയ ഏഴു പേരുടെ ആദ്യ വ്രത വാഗ്ദാനവും സഭാവസ്ത്ര സ്വീകരണവും കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകര്‍മികത്വത്തില്‍ മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ചാപ്പലില്‍ നടന്നു. കാഞ്ഞിരപ്പള്ളി രൂപതാ ചാന്‍സിലര്‍ ഫാ. കുര്യന്‍ താമരശേരി തിരുക്കര്‍മ്മങ്ങളുടെ ആരംഭത്തില്‍ ആശ്രമസ്ഥാപനത്തെ സംബന്ധിച്ചുള്ള ഡിക്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറല്‍ ഫാ. ജോസഫ് വെള്ളമറ്റം, ആശ്രമ സ്ഥാപകന്‍ ഫാ. ഡൊമിനിക്ക് വാളന്മനാല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
2022 ജൂണ്‍ 13 ന് പബ്ലിക് അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ ഫെയ്ത്ഫുള്‍ ( Public Association of Christian Faithful) ആയി ആരംഭിച്ച ഡോട്ടേഴ്‌സ് ഓഫ് ഡിവൈന്‍ ഗ്രേയ്‌സ് താപസ സന്യാസ സമൂഹം, അതിന്റെ വളര്‍ച്ചയുടെ അടുത്ത ഘട്ടമായ Mona-stery Sui iuris of Eparchial Right എന്ന പദവിയിലിലേക്കു ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്.

പൗരസ്ത്യ താപസപാരമ്പര്യത്തിലും കര്‍മ്മലീത്ത, ബനഡിക്‌ടൈന്‍ സംയുക്ത ആധ്യാത്മികതയിലും വേരൂന്നിയാണ് ഡോട്ടേഴ്‌സ് ഓഫ് ഡിവൈന്‍ ഗ്രേയ്‌സ് തങ്ങളുടെ നിയമാവലിക്കും ജീവിതക്രമത്തിനും രൂപം നല്‍കിയിരിക്കുന്നത്. അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ വ്രതങ്ങള്‍ക്കു പുറമെ ദൈവവചന പ്രഘോഷണം നാലാമത്തെ വ്രതമായി സ്വീകരിച്ചു സഭയുടെ സുവിശേഷ ശുശ്രൂഷയ്ക്ക് വേണ്ടി ജീവിതാന്തം താപസ ജീവിതത്തിലൂടെ ആത്മസമര്‍പ്പണം ചെയ്യുന്നവരാണ് ദൈവകൃപയുടെ പുത്രിമാര്‍.

ഈ കാലയളവില്‍ സന്യാസ പരിശീലനത്തിന് നേതൃത്വം നല്‍കിയത് സിഎംസി കാഞ്ഞിരപ്പള്ളി അമല പ്രൊവിന്‍സിന്റെ മുന്‍ പ്രൊവിന്‍ഷ്യലും സന്യാസ പരിശീലകയുമായ സിസ്റ്റര്‍ ആനി ബെന്‍സിറ്റയാണ്. ഇന്ത്യയിലും വിദേശത്തുമായി ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ഏഴ് പേരാണ് നവസന്യാസ പരിശീലനത്തിന് ശേഷം പ്രഥമ വ്രത വാഗ്ദാനം നടത്തി ആശ്രമത്തിന്റെ ആദ്യ അംഗങ്ങളായി തീര്‍ന്നത്. നിരവധി വൈദികരും സമര്‍പ്പിതരും വിശ്വാസികളും തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?