അസീസി/ഇറ്റലി: വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററി ‘കാര്‍ലോ അക്യുട്ടിസ്: റോഡ്മാപ്പ് ടു റിയാലിറ്റി’, ഏപ്രില്‍ 27-29 തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഏപ്രില്‍ 27 നാണ് കത്തോലിക്കാ സഭയുടെ ആദ്യ ‘മില്ലേനിയല്‍’ വിശുദ്ധനായി കാര്‍ലോ ക്യുട്ടിസിനെ പ്രഖ്യാപിക്കുന്നത്. കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന തിയതിലാണ് ചിത്രവും റിലീസ് ചെയ്യുന്നത്. കാസില്‍ടൗണ്‍ മീഡിയ നിര്‍മിക്കുന്ന ചിത്രം ഫാതം ഇവന്റ്സ് വിതരണം ചെയ്യും.
‘റോഡ്മാപ്പ് ടു റിയാലിറ്റി’ അക്യൂട്ടിസിന്റെ ജീവിതത്തോടൊപ്പം ഡിജിറ്റല്‍ ലോകത്തിന്റെ വെല്ലുവിളികളെകുറിച്ച് യുവാക്കള്‍ക്ക് അദ്ദേഹം നല്‍കുന്ന പാഠങ്ങളും പര്യവേഷണം ചെയ്യുന്നു. അക്യൂട്ടിസിന്റെ കുടുംബം, സുഹൃത്തുക്കള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരുമായുള്ള ഇന്റര്‍വ്യൂകളും ലൈവ് ആക്ഷനും ആനിമേഷനും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
”ആളുകളെ ഓഫ്ലൈനിലേക്ക് നയിക്കാന്‍ അക്യൂട്ടിസ് ഓണ്‍ലൈനിലായിരുന്നു എന്നതാണ് സിനിമയിലെ ഒരു പ്രമേയം. ദിവ്യകാരുണ്യത്തിലേക്കും യഥാര്‍ത്ഥ കണ്ടുമുട്ടലുകളിലേക്കും ആളുകളെ തിരികെ നയിക്കാന്‍ അദ്ദേഹം ഓണ്‍ലൈനിലായിരുന്നു, ”എന്ന് സിനിമയുടെ സംവിധായകനും കാസില്‍ടൗണ്‍ മീഡിയയുടെ സ്ഥാപകനുമായ ടിം മോറിയാര്‍ട്ടി പറഞ്ഞു. ‘കാര്‍ലോയുടെ ജീവിതം വെര്‍ച്വല്‍ ലോകത്തിന്റെ വ്യതിചലനങ്ങളില്‍ നിന്ന് യഥാര്‍ത്ഥ ലോകത്തേക്കുള്ള ഒരു റോഡ് മാപ്പ് നല്‍കുന്നു. ‘സ്വര്‍ഗ്ഗത്തിലേക്കുള്ള ഹൈവേ’ ആയ ദിവ്യകാരുണ്യത്തോടുള്ള ഭക്തിയിലൂടെയാണ് കാര്‍ലോ ഇത് നിര്‍വഹിക്കുന്നത്,’ മൊറിയാര്‍ട്ടി കൂട്ടിച്ചേര്‍ത്തു.
കൗമാരക്കാരുടെ ജൂബിലിയോടനുബന്ധിച്ച് അക്യുട്ടിസിന്റെ വിശുദ്ധപദവി പ്രഖ്യാപനം ഏപ്രില്‍ 27-ന് ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ന് സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2006-ല്‍ അര്‍ബുദം ബാധിച്ച് മരിച്ച ഇറ്റാലിയന്‍ കൗമാരക്കാരനായ അക്യുട്ടിസ് കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ആദ്യ മില്ലേനിയലാണ്. ഏപ്രില്‍ 27ന് നടക്കുന്ന ചടങ്ങോടെ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ മില്ലേനിയലായി അക്യുട്ടിസ് മാറും.
Leave a Comment
Your email address will not be published. Required fields are marked with *