റോം: തങ്ങളുടെ പരിചരണം ആവശ്യമുള്ളവരോട് കാണിക്കുന്ന അടുപ്പത്തിനും ആര്‍ദ്രതയ്ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ പ്രസിദ്ധീകരിച്ച പാപ്പയുടെ ത്രികാലജപ സന്ദേശത്തിലാണ് വോളണ്ടിയര്‍മാരുടെ ലോക ജൂബിലിയില്‍ പങ്കെടുക്കാനെത്തിയ 25,000ഓളം വരുന്ന സ്ത്രീപുരുഷന്‍മാര്‍ക്ക് പാപ്പ നന്ദി പ്രകടിപ്പിച്ചത്. റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാപ്പയുടെ നില ക്രമേണ മെച്ചപ്പെട്ട് വരുകയാണ്.
മറ്റുള്ളവരെ സേവിച്ചുകൊണ്ട് യേശുവിനെ അനുഗമിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മാര്‍പ്പാപ്പ നന്ദി പറഞ്ഞു. തെരുവുകളിലും വീടുകളിലും കഴിയുന്ന, രോഗികള്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും തടവിലാക്കപ്പെട്ടവര്‍ക്കും ഔദാര്യത്തോടെയും പ്രതിബദ്ധതയോടും സന്നദ്ധപ്രവര്‍ത്തകര്‍ ചെയ്യുന്ന സഹായം മുഴുവന്‍ സമൂഹത്തിനും പ്രതീക്ഷ നല്‍കുന്നതായി പാപ്പ പറഞ്ഞു. ദാരിദ്ര്യത്തിന്റെയും ഏകാന്തതയുടെയും മരുഭൂമികളിലെ ചെറിയ ആംഗ്യങ്ങള്‍പോലും ദൈവത്തിന്റെ സ്വപ്‌നമായ പൂന്തോട്ടത്തില്‍ ഒരു പുതിയ മാനവികത പൂക്കാന്‍ സഹായിക്കുന്നതായി പാപ്പ തുടര്‍ന്നു.
ലാഭം മാത്രം മാനദണ്ഡമാക്കിയ കമ്പോള യുക്തിക്ക് അടിമപ്പെട്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ സന്നദ്ധപ്രവര്‍ത്തനം പ്രതീക്ഷയുടെ അടയാളമാണ്. രോഗികളെ പരിചരിക്കുന്നവര്‍ ‘കര്‍ത്താവിന്റെ സാന്നിധ്യത്തിന്റെ അടയാള’ മാണെന്ന് പറഞ്ഞ പാപ്പ ജെമെല്ലി ഹോസ്പിറ്റലില്‍ തന്നെ പരിചരിക്കുന്ന ഡോക്ടര്‍മാരോടും മെഡിക്കല്‍ സ്റ്റാഫംഗങ്ങളോടും പ്രത്യേക നന്ദി രേഖപ്പെടുത്തി. നീണ്ട ആശുപത്രി വാസത്തിനിടയില്‍, സേവനത്തിന്റെയും പരിചരണത്തിന്റെ ആര്‍ദ്രത താന്‍ അനുഭവിച്ചറിയുന്നുണ്ടെന്നും രോഗികള്‍ക്ക് ഇത് ആവശ്യമാണെന്നും പാപ്പ പറഞ്ഞു. വേദനയുടെ രാത്രിയിലേക്ക് ഒരു ചെറിയ വെളിച്ചം കൊണ്ടുവരുന്ന, പ്രതികൂല സാഹചര്യങ്ങളില്‍ അകപ്പെടുന്നവരെ അനുഗമിക്കുന്ന ‘ആര്‍ദ്രതയുടെ അത്ഭുത’മാണ് വോളണ്ടിയര്‍മാരെന്ന് പാപ്പ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *