ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവും കാമില രാജ്ഞിയും ഏപ്രില്‍ 8-ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും. മുന്‍ നിശ്ചയിച്ചപ്രകാരം ഏപ്രില്‍ 7-10 വരെ ബ്രിട്ടീഷ് രാജകുടുംബം ഇറ്റലി സന്ദര്‍ശിക്കും. അതേസമയം ഒരു മാസത്തിലധികമായി ആശുപത്രിയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയും ചാള്‍സ് മൂന്നാമന്‍ രാജവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വത്തിക്കാന്‍ പ്രതികരിച്ചിട്ടില്ല.
ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമേ, രാജാവും രാജ്ഞിയും സിസ്‌റ്റൈന്‍ ചാപ്പലില്‍ ‘സൃഷ്ടിയുടെ പരിചരണം’ എന്ന വിഷയത്തില്‍ നടക്കുന്ന എക്യുമെനിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ കുറിപ്പില്‍ പറയുന്നു. നവോത്ഥാനത്തിന് മുമ്പ് ഇംഗ്ലീഷ് രാജാക്കന്മാര്‍ക്ക് പ്രത്യേക ബന്ധമുണ്ടായിരുന്ന വിശുദ്ധ പൗലോസിന്റെ ബസിലിക്കയും ചാള്‍സ് രാജാവ്് സന്ദര്‍ശിക്കും. രാജാവിന്റെ റോയല്‍ ക്വയര്‍ ഗ്രൂപ്പും വിന്‍സറിലെ സെന്റ് ജോര്‍ജ് ചാപ്പലിലെ ഗായകസംഘവും വിശുദ്ധ പൗലോസിന്റെ ബസിലിക്കയിലും സിസ്‌റ്റൈന്‍ ചാപ്പലിലെ ശുശ്രൂഷയിലും ഗാനങ്ങള്‍ ആലപിക്കും.
ബ്രിട്ടനില്‍ നിന്നും മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുമുള്ള സെമിനാരിവിദ്യാര്‍ത്ഥികളുമായി ചാള്‍സ് മൂന്നാമന്‍ രാജാവും മനുഷ്യക്കടത്തും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമവും തടയാന്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സുപ്പീരിയേഴ്സ് ജനറലിലെ സന്യാസിമാരുമായി കാമില രാജ്ഞി യും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരുമായി രാജകുടുംബം കൂടിക്കാഴ്ച നടത്തും. പിന്നീട് ഇറ്റാലിയന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ചാള്‍സ് മൂന്നാമന്‍ രാജാവ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബ്രിട്ടീഷ് രാജാവായി മാറും.
Leave a Comment
Your email address will not be published. Required fields are marked with *