Follow Us On

01

April

2025

Tuesday

മാളയ്ക്ക് അനുഗ്രഹമായി ‘നിര്‍മ്മല്‍ മരിയ’

മാളയ്ക്ക് അനുഗ്രഹമായി  ‘നിര്‍മ്മല്‍ മരിയ’

അമലോത്ഭവ സഭയുടെ ഇന്ത്യയിലെ മൂന്നാമത്തെ കോണ്‍വെന്റായ നിര്‍മല്‍ മരിയ കോണ്‍വെന്റ് കോട്ടപ്പുറം രൂപതയിലെ മാള കുരുവിലശേരി ഇടവകയില്‍ സ്ഥാപിതമായി. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയില്‍ തോന്നയ്ക്കല്‍ ശാസ്തവട്ടത്ത് സാന്റാബിയാട്രീസ് കോണ്‍വെന്റാണ് അമലോത്ഭവ സഭയുടെ കേരളത്തിലെ ആദ്യ കോണ്‍വെന്റ്.

1489 – ല്‍ സ്‌പെയിനിലെ ടൊലേഡോ പട്ടണത്തിലാണ് അമലോത്ഭവ സഭ (the Order of the Immaculate Conception) സ്ഥാപിതമാകുന്നത്. പോര്‍ച്ചുഗലിലെ കാംപോ മയോറില്‍ 1426 ല്‍ ജനിച്ച ബിയാട്രീസ് ദേ സില്‍വ ആണ് ഒഐസി സഭാസ്ഥാപിക. ഈ പുണ്യാത്മാവ് 1447 ല്‍ പോര്‍ച്ചുഗലിലെ ഇസബെല്‍ രാജ്ഞിയോടൊപ്പം സ്‌പെയിനില്‍ എത്തുന്നു. കൊട്ടാരത്തില്‍വച്ച് സഹനങ്ങളുടെ നടുവില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് ഓര്‍ഡര്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ സഭയ്ക്ക് ജന്മം നല്‍കാന്‍ ആവശ്യപ്പെടുന്നു. കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനയുടെയും മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം പരിശുദ്ധ അമ്മയുടെ സഭ തുടങ്ങുന്നു.

പരിശുദ്ധ അമ്മയുടെ അമലോത്ഭവ സത്യം 1854 ല്‍ തിരുസഭ വിശ്വാസ സത്യമായി അംഗീകരിച്ചുള്ളൂ. എങ്കിലും 500 വര്‍ഷങ്ങള്‍ക്കുമുമ്പേ ഈ അമലോത്ഭവ രഹസ്യം ധ്യാനിക്കുന്നതിലും ദിവ്യകാരുണ്യം ആരാധിക്കുന്നതിലും പ്രാര്‍ത്ഥനയിലും പരസ്‌നേഹ പ്രവര്‍ത്തികളിലും ഒഐസി സമൂഹങ്ങള്‍ വളര്‍ന്നുവന്നു.
1492 ല്‍ പരിശുദ്ധ അമ്മ തന്റെ വിശ്വസ്തപുത്രിയായ ബിയാട്രീസിനെ നിത്യസമ്മാനത്തിനായി വിളിച്ചു. 12 അംഗങ്ങളാണ് ബിയാട്രീസ് മരിക്കുമ്പോള്‍ സഭയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ സ്വര്‍ഗത്തില്‍ ഇരുന്ന് ദൈവവിളികളുടെ റോസാപ്പൂക്കള്‍ വിശുദ്ധ ബിയാട്രീസ് വിതറാന്‍ തുടങ്ങി.
ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറില്‍ കൂടുതല്‍ ഭവനങ്ങളും രണ്ടായിരത്തോളം അംഗങ്ങളുമുണ്ട്. പ്രാര്‍ത്ഥനയിലും പരിത്യാഗത്തിലും കൂട്ടായ്മയിലും സഭ വളരാന്‍ തുടങ്ങി. ധാരാളം യുവതികള്‍ അമലോത്ഭവ സഭയിലേക്ക് കടന്നുവന്നു. പരിശുദ്ധ അമ്മയുടെ സ്തുതിക്കായി സഭ വളര്‍ന്നുകൊണ്ടിരിക്കുന്നു.

ദൈവത്തെ ധ്യാനിക്കുക എന്നതാണ് അമലോത്ഭവ സഭയുടെ പ്രേഷിതദൗത്യം. സഭാംഗങ്ങള്‍ പ്രാര്‍ത്ഥനയും നിശബ്ദതയും വഴിയായി ദൈവത്തെ ജനത്തിന് വെളിപ്പെടുത്തുന്നു. കൂടാതെ ത്യാഗങ്ങള്‍വഴി ദൈവവചനത്തിന്റെ ശുശ്രൂഷകരെ ശക്തിപ്പെടുത്തിക്കൊണ്ട് തിരുസഭയുടെ അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നു.
1976 ഒക്‌ടോബര്‍ മൂന്നാം തിയതി പോള്‍ ആറാമന്‍ മാര്‍പാപ്പ ബിയാട്രീസിനെ വിശുദ്ധ എന്നു നാമകരണം ചെയ്തു. പ്രാര്‍ത്ഥനാജീവിതത്തിലൂടെ തിരുസഭയ്ക്കും ദൈവജനത്തിനുംവേണ്ടി ജീവിതം സമര്‍പ്പിക്കുവാന്‍ യുവതികളെ സ്വാഗതം ചെയ്യുന്ന സഭ ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ബെല്‍ജിയം, ഇന്ത്യ എന്നിവിടങ്ങളിലായി വളര്‍ന്നുകൊണ്ടിരിക്കുന്നു.കുരുവിലശേരിയില്‍ പുതുതായി നിര്‍മിച്ച നിര്‍മല്‍ മരിയ കോണ്‍വെന്റിന്റെ ആശീര്‍വദം കോട്ടപ്പുറം ബിഷപ് ഡോ. അബ്രോസ് പുത്തന്‍വീട്ടില്‍ നിര്‍വഹിച്ചു.

ലോകത്തെ വിശുദ്ധീകരിക്കാനുള്ള ശ്രേഷ്ഠമായ വിളിയാണ് സന്യാസമെന്നും അവര്‍ പ്രകാശഗോപുരങ്ങളായി ജ്വലിക്കണമെന്നും ദിവ്യബലിമധ്യേയുള്ള സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ദൈവവിളി കുറയുന്ന ഇക്കാലത്ത് നിശബ്ദതയില്‍ ഈശോയെ കണ്ടുമുട്ടുന്ന ഈ സമൂഹം പ്രാര്‍ത്ഥനയുടെ കാവല്‍മാലാഖമാരാണ്. അനുസരണമെന്ന പുണ്യത്തിലൂടെ, കുരിശിന്റെ വഴികളിലൂടെ, ഞാന്‍ ദൈവത്തിന്റേതാണെന്ന ബോധ്യത്തോടെ ചരിക്കുന്ന ഈ സമൂഹമെന്നും ദേശത്തിന് അനുഗ്രഹമാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. മറിയം നല്ല ഭാഗം തിരഞ്ഞെടുത്തതുപോലെ ജീവിതം ദൈവത്തിന് സമര്‍പ്പിച്ച ഇവര്‍ ദൈവസ്വരം ശ്രവിച്ച് അനുഗ്രഹീതരാകട്ടെ എന്നും ബിഷപ് ആശംസിച്ചു.കുരുവിലശേരി ഇടവക വികാരി ഫാ. ആന്റോസ് പുത്തന്‍വീട്ടില്‍, ഫാ. അഗസ്റ്റിന്‍ പുതിയേടത്തുചാലില്‍ ഒസിഡി, ഫാ. മാത്യു തെക്കേല്‍ ഒസിഡി, റവ. ഡോ. മരിയ മൈക്കിള്‍, കോട്ടക്കല്‍ സ്‌നേഹഗിരി ആശ്രമങ്ങളിലെ വൈദികര്‍, ഇലന്തിക്കര മെര്‍സിഡേരിയാസ് വൈദികര്‍ തുടങ്ങി നിരവധി വൈദികരും സിസ്റ്റേഴ്‌സും പങ്കെടുത്തു. സിസ്റ്റര്‍ ഷീന മാടവന ഒഐസി നന്ദി പറഞ്ഞു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?