കോയമ്പത്തൂര്‍: ജബല്‍പൂരില്‍ കത്തോലിക്കാ വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ നടന്ന അക്രമങ്ങളും കയ്യേറ്റവും പ്രതിഷേധാര്‍ഹമാണെന്ന് രാമനാഥപുരം രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ട്. വൈദികരെയും സന്യസ്തരെയും ചില തീവ്രവാദികളും ദേശവിരുദ്ധഘടകങ്ങളും ആവര്‍ത്തിച്ച് ലക്ഷ്യംവയ്ക്കുകയും പീഡിപ്പിക്കുകയും ആരാധന നടത്തുവാനുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ദുഃഖകരമാണ്.
മതന്യൂനപക്ഷങ്ങള്‍ക്കുനേരെ നടത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ന്യൂനപക്ഷ ക്ഷേമമന്ത്രിയും ചേര്‍ന്ന് അടിയന്തരമായി സ്വീകരിക്കണം.
എല്ലാ വിശ്വാസീസമൂഹങ്ങള്‍ക്കും നീതി, സമാധാനം, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ഭാരതത്തിന്റെ അഭിമാനമായ ജനാധിപത്യം, മതേതരത്വം, ബഹുസ്വരത, മതസൗഹാര്‍ദം എന്നിവ ലോകത്തിന് മാതൃകയായി ഉയര്‍ത്തിക്കാട്ടേണ്ടതുമാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ലോകതതിന്റെ മുന്നില്‍ നമ്മുടെ രാജ്യത്തിന്റെ യശസിന് കളങ്കംചാര്‍ത്തുന്നതും മനുഷ്യത്വത്തിന് നിരക്കാത്തതുമാണ്. വേദന അനുഭവിക്കുന്ന വിശ്വാസീസമൂഹത്തിന് മാര്‍ ആലപ്പാട്ട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *